Mars transit to Cancer 2023 Astrological Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: 2023 മേയ് മാസം 10 ന് (1198 മേടം 26 ന്) ചൊവ്വ മിഥുനത്തിൽ നിന്നും കർക്കടകം രാശിയിലേക്ക് സംക്രമിക്കുന്നു. ജൂലായ് ഒന്നുവരെ (മിഥുനം 16 വരെ) അവിടെ തുടരുന്നു. കർക്കടകം ചൊവ്വയുടെ നീചരാശിയാകുന്നു. ഗ്രഹങ്ങൾക്ക് ഏറ്റവും ബലം കുറയുന്നത് അവരുടെ നീച രാശിയിലാണ്. ചൊവ്വയുടെ ബലഹാനി ദോഷശക്തിയായി മാറും എന്നാണ് സങ്കല്പം.
മേടവും വൃശ്ചികവും സ്വക്ഷേത്രം, അതിൽ തന്നെ മേടത്തിന് മൂലത്രികോണം എന്ന പ്രത്യേകതയുമുണ്ട്. മകരം രാശി ഉച്ചം. കർക്കടകം നീചവും. ഇങ്ങനെയാണ് ചൊവ്വയുടെ രാശിബന്ധം. ഉച്ചത്തിൽ ഏറ്റവും ബലം. മൂലത്രികോണത്തിൽ മുക്കാൽ ബലം. സ്വക്ഷേത്രത്തിൽ പകുതി ബലവും. നീചത്തിൽ ഒട്ടും ബലമില്ലാത്ത സ്ഥിതിയും. ശരാശരി 45 ദിവസമാണ് ചൊവ്വ ഓരോ രാശിയിലും സഞ്ചരിക്കാൻ എടുക്കുന്ന സമയം. പന്ത്രണ്ടു രാശികൾ ചുറ്റിവരാൻ ഒന്നരവർഷം ചൊവ്വയ്ക്ക് വേണം. ഇത്തവണ ഏതാണ്ട് 50 ദിവസത്തിലധികം ചൊവ്വ കർക്കടകത്തിൽ സഞ്ചരിക്കുന്നുണ്ട്.
ഗ്രഹങ്ങളുടെ കൂട്ടത്തിൽ പലതരം വിഭജനങ്ങൾ കാണാം. ചൊവ്വയെ ഒരു പാപഗ്രഹമായി കണക്കാക്കുന്നു. പുരുഷഗ്രഹം എന്ന വിഭാഗത്തിലും ചൊവ്വ ഉൾപ്പെടുന്നു. ഗ്രഹങ്ങളെ വ്യത്യസ്ത അക്ഷരങ്ങളിലാണ് രാശിചക്രത്തിൽ രേഖപ്പെടുത്തുക. ചൊവ്വയുടെ പ്രധാന നാമം ‘കുജൻ’ എന്നാണ്. അതിനാൽ രാശിചക്രത്തിൽ ആ വാക്കിന്റെ ആദ്യാക്ഷരമായ ‘കു’ എന്ന അക്ഷരം ചൊവ്വയെ കുറിക്കാൻ ഉപയോഗിക്കുന്നു.
ചൊവ്വയുടെ കർക്കടകം രാശിയിലെ സഞ്ചാരം അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നു, അനുഭവങ്ങൾ എന്തൊക്കെയാവും എന്ന അന്വേഷണമാണ് തുടർന്ന് അവതരിപ്പിക്കുന്നത്.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): രാശിനാഥൻ നാലാം ഭാവത്തിൽ നീചസ്ഥനാകയാൽ പൊതുവേ സുഖാനുഭവങ്ങൾ കുറയും. ആത്മവിശ്വാസം ഉലഞ്ഞേക്കും. മനസ്സിന് ഇടക്കിടെ പിരിമുറുക്കം അനുഭവപ്പെടാം. വസ്തു, വീട് എന്നിവ സംബന്ധിച്ച തർക്കങ്ങൾ ഉണ്ടാവാം. സഹോദരകാരകത്വവും ചൊവ്വയ്ക്കുള്ളതിനാൽ സോദരീസോദരന്മാരുമായുള്ള ബന്ധത്തിലും ചില ക്ലേശാനുഭവങ്ങൾ സംജാതമായിക്കൂടെന്നില്ല. വാഹനം, യന്ത്രം, വിദ്യുച്ഛക്തി എന്നിവ സൂക്ഷിച്ച് ഉപയോഗിക്കണം. അമ്മയുടെയും തന്റെയും ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത വേണം.
ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): ചൊവ്വ മൂന്നാമെടത്ത് സഞ്ചരിക്കുകയാൽ അനുകൂലഫലങ്ങൾക്കാവും മുൻതൂക്കം. സംഘടനകളിലും കൂട്ടണികളിലും നേതൃപദവി ലഭിക്കും. രാഷ്ട്രീയപ്രവർത്തകർക്ക് അണികളുടെ പിന്തുണയുണ്ടാവും. മുൻപ് ശ്രമിച്ചിട്ടും ലഭിക്കാത്തവ അല്പയത്നത്താൽ കൈവരും. കുടുംബാംഗങ്ങളുടെ ക്ഷേമത്തിനായി ചില നിബന്ധനകൾ മുന്നോട്ടുവെക്കും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. കച്ചവടം ലാഭകരമാവും. മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കുന്നതാണ്. പ്രതികൂല സാഹചര്യങ്ങളെ മന:ശക്തികൊണ്ടും കർക്കശ നിലപാടുകൾ കൊണ്ടും മറികടക്കുന്നതാണ്.
മിഥുനക്കൂറിന് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം മുക്കാൽ): രണ്ടാമെടത്തിലാണ് കുജന്റെ സഞ്ചാരം. തന്മൂലം വാക്കുകൾ പരുഷമാകാനിടയുണ്ട്. വിദ്യാഭ്യാസത്തിൽ പ്രതിബന്ധങ്ങൾ ഏർപ്പെടാം. രണ്ടാം രാശി മുഖത്തെ കാണിക്കുന്നു എന്നതിനാൽ മുഖരോഗങ്ങൾ ഇക്കാലയളവിൽ ഉപദ്രവിക്കാനിടയുണ്ട്. ധനവരവ് അല്പം പതുക്കെയായി എന്ന് വന്നേക്കാം. കാര്യതടസ്സങ്ങൾ പ്രവർത്തനോർജ്ജത്തെ പിൻവലിച്ചേക്കും. കുടുംബബന്ധങ്ങളിൽ സ്നേഹസ്പർശം കുറയുന്നതാണെന്ന് വരാം. ചൊവ്വ മിഥുനത്തിന്റെ പുത്രസ്ഥാനത്തേക്കും പിതൃസ്ഥാനത്തേക്കും നോക്കുന്നതിനാൽ മക്കളുടെ കാര്യത്തിൽ ശ്രദ്ധ വേണം. പിതാവിന്റെ ആരോഗ്യ കാര്യത്തിലും ജാഗ്രത ആവശ്യമാണ്.
കർക്കടകക്കൂറിന് പുണർതം നാലാം പാദം, (പൂയം, ആയില്യം): ചൊവ്വ ജന്മരാശിയിൽ സംക്രമിക്കുകയാണ്. ജന്മരാശിയിലെ പാപഗ്രഹസഞ്ചാരം മനക്ലേശങ്ങൾക്കും വ്യക്തിത്വ പ്രതിസന്ധിയിലേക്കും നയിക്കാം. ആത്മസംയമനം, സഹിഷ്ണുത എന്നിവ അനിവാര്യമാണ്. ഗൃഹത്തിൽ അനൈക്യം, ദാമ്പത്യ പ്രശ്നങ്ങൾ, രോഗദുരിതാദികൾ, കാര്യവിഘ്നം എന്നിവ ചില സാധ്യതകളാണ്. യാത്രകളിലും കൂട്ടുകച്ചവടത്തിലും ജാഗ്രതവേണം. നവസംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. ജാതകപരിശോധനയിൽ നിന്നും ദശാപഹാര ഛിദ്രാദികൾ അറിയുക. അവ അനുകൂലമെങ്കിൽ ചൊവ്വ സൃഷ്ടിക്കുന്ന ക്ലേശം കുറയുന്നതാണ്.