scorecardresearch
Latest News

ചൊവ്വ നീചരാശിയിലേക്ക്

Mars transit to Cancer 2023 Astrological Predictions: ചൊവ്വയുടെ കർക്കടകം രാശിയിലെ സഞ്ചാരം മേടം മുതൽ മീനം വരെ പന്ത്രണ്ട് കൂറുകളിലും അവയ്ക്കുള്ളിലായി വരുന്ന അശ്വതി മുതൽ രേവതി വരെ ഇരുപത്തിയേഴ് നക്ഷത്രങ്ങളിലും ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നു

astrology, horoscope, ie malayalam
ചൊവ്വ കർക്കടകം രാശിയിലേക്ക്

Mars transit to Cancer 2023 Astrological Predictions: 2023 മേയ് മാസം 10 ന് (1198 മേടം 26 ന്) ചൊവ്വ മിഥുനത്തിൽ നിന്നും കർക്കടകം രാശിയിലേക്ക് സംക്രമിക്കുന്നു. ജൂലായ് ഒന്നുവരെ (മിഥുനം 16 വരെ) അവിടെ തുടരുന്നു. കർക്കടകം ചൊവ്വയുടെ നീചരാശിയാകുന്നു. ഗ്രഹങ്ങൾക്ക് ഏറ്റവും ബലം കുറയുന്നത് അവരുടെ നീച രാശിയിലാണ്. ചൊവ്വയുടെ ബലഹാനി ദോഷശക്തിയായി മാറും എന്നാണ് സങ്കല്പം.

മേടവും വൃശ്ചികവും സ്വക്ഷേത്രം, അതിൽ തന്നെ മേടത്തിന് മൂലത്രികോണം എന്ന പ്രത്യേകതയുമുണ്ട്. മകരം രാശി ഉച്ചം. കർക്കടകം നീചവും. ഇങ്ങനെയാണ് ചൊവ്വയുടെ രാശിബന്ധം. ഉച്ചത്തിൽ ഏറ്റവും ബലം. മൂലത്രികോണത്തിൽ മുക്കാൽ ബലം. സ്വക്ഷേത്രത്തിൽ പകുതി ബലവും. നീചത്തിൽ ഒട്ടും ബലമില്ലാത്ത സ്ഥിതിയും. ശരാശരി 45 ദിവസമാണ് ചൊവ്വ ഓരോ രാശിയിലും സഞ്ചരിക്കാൻ എടുക്കുന്ന സമയം. പന്ത്രണ്ടു രാശികൾ ചുറ്റിവരാൻ ഒന്നരവർഷം ചൊവ്വയ്ക്ക് വേണം. ഇത്തവണ ഏതാണ്ട് 50 ദിവസത്തിലധികം ചൊവ്വ കർക്കടകത്തിൽ സഞ്ചരിക്കുന്നുണ്ട്.

ഗ്രഹങ്ങളുടെ കൂട്ടത്തിൽ പലതരം വിഭജനങ്ങൾ കാണാം. ചൊവ്വയെ ഒരു പാപഗ്രഹമായി കണക്കാക്കുന്നു. പുരുഷഗ്രഹം എന്ന വിഭാഗത്തിലും ചൊവ്വ ഉൾപ്പെടുന്നു. ഗ്രഹങ്ങളെ വ്യത്യസ്ത അക്ഷരങ്ങളിലാണ് രാശിചക്രത്തിൽ രേഖപ്പെടുത്തുക. ചൊവ്വയുടെ പ്രധാന നാമം ‘കുജൻ’ എന്നാണ്. അതിനാൽ രാശിചക്രത്തിൽ ആ വാക്കിന്റെ ആദ്യാക്ഷരമായ ‘കു’ എന്ന അക്ഷരം ചൊവ്വയെ കുറിക്കാൻ ഉപയോഗിക്കുന്നു.

ചൊവ്വയുടെ കർക്കടകം രാശിയിലെ സഞ്ചാരം മേടം മുതൽ മീനം വരെ പന്ത്രണ്ട് കൂറുകളിലും അവയ്ക്കുള്ളിലായി വരുന്ന അശ്വതി മുതൽ രേവതി വരെ ഇരുപത്തിയേഴ് നക്ഷത്രങ്ങളിലും ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നു, അനുഭവങ്ങൾ എന്തൊക്കെയാവും എന്ന അന്വേഷണമാണ് തുടർന്ന് അവതരിപ്പിക്കുന്നത്.

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): രാശിനാഥൻ നാലാം ഭാവത്തിൽ നീചസ്ഥനാകയാൽ പൊതുവേ സുഖാനുഭവങ്ങൾ കുറയും. ആത്മവിശ്വാസം ഉലഞ്ഞേക്കും. മനസ്സിന് ഇടക്കിടെ പിരിമുറുക്കം അനുഭവപ്പെടാം. വസ്തു, വീട് എന്നിവ സംബന്ധിച്ച തർക്കങ്ങൾ ഉണ്ടാവാം. സഹോദരകാരകത്വവും ചൊവ്വയ്ക്കുള്ളതിനാൽ സോദരീസോദരന്മാരുമായുള്ള ബന്ധത്തിലും ചില ക്ലേശാനുഭവങ്ങൾ സംജാതമായിക്കൂടെന്നില്ല. വാഹനം, യന്ത്രം, വിദ്യുച്ഛക്തി എന്നിവ സൂക്ഷിച്ച് ഉപയോഗിക്കണം. അമ്മയുടെയും തന്റെയും ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത വേണം.

ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): ചൊവ്വ മൂന്നാമെടത്ത് സഞ്ചരിക്കുകയാൽ അനുകൂലഫലങ്ങൾക്കാവും മുൻതൂക്കം. സംഘടനകളിലും കൂട്ടണികളിലും നേതൃപദവി ലഭിക്കും. രാഷ്ട്രീയപ്രവർത്തകർക്ക് അണികളുടെ പിന്തുണയുണ്ടാവും. മുൻപ് ശ്രമിച്ചിട്ടും ലഭിക്കാത്തവ അല്പയത്നത്താൽ കൈവരും. കുടുംബാംഗങ്ങളുടെ ക്ഷേമത്തിനായി ചില നിബന്ധനകൾ മുന്നോട്ടുവെക്കും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. കച്ചവടം ലാഭകരമാവും. മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കുന്നതാണ്. പ്രതികൂല സാഹചര്യങ്ങളെ മന:ശക്തികൊണ്ടും കർക്കശ നിലപാടുകൾ കൊണ്ടും മറികടക്കുന്നതാണ്.

മിഥുനക്കൂറിന് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം മുക്കാൽ): രണ്ടാമെടത്തിലാണ് കുജന്റെ സഞ്ചാരം. തന്മൂലം വാക്കുകൾ പരുഷമാകാനിടയുണ്ട്. വിദ്യാഭ്യാസത്തിൽ പ്രതിബന്ധങ്ങൾ ഏർപ്പെടാം. രണ്ടാം രാശി മുഖത്തെ കാണിക്കുന്നു എന്നതിനാൽ മുഖരോഗങ്ങൾ ഇക്കാലയളവിൽ ഉപദ്രവിക്കാനിടയുണ്ട്. ധനവരവ് അല്പം പതുക്കെയായി എന്ന് വന്നേക്കാം. കാര്യതടസ്സങ്ങൾ പ്രവർത്തനോർജ്ജത്തെ പിൻവലിച്ചേക്കും. കുടുംബബന്ധങ്ങളിൽ സ്നേഹസ്പർശം കുറയുന്നതാണെന്ന് വരാം. ചൊവ്വ മിഥുനത്തിന്റെ പുത്രസ്ഥാനത്തേക്കും പിതൃസ്ഥാനത്തേക്കും നോക്കുന്നതിനാൽ മക്കളുടെ കാര്യത്തിൽ ശ്രദ്ധ വേണം. പിതാവിന്റെ ആരോഗ്യ കാര്യത്തിലും ജാഗ്രത ആവശ്യമാണ്.

കർക്കടകക്കൂറിന് പുണർതം നാലാം പാദം, (പൂയം, ആയില്യം): ചൊവ്വ ജന്മരാശിയിൽ സംക്രമിക്കുകയാണ്. ജന്മരാശിയിലെ പാപഗ്രഹസഞ്ചാരം മനക്ലേശങ്ങൾക്കും വ്യക്തിത്വ പ്രതിസന്ധിയിലേക്കും നയിക്കാം. ആത്മസംയമനം, സഹിഷ്ണുത എന്നിവ അനിവാര്യമാണ്. ഗൃഹത്തിൽ അനൈക്യം, ദാമ്പത്യ പ്രശ്നങ്ങൾ, രോഗദുരിതാദികൾ, കാര്യവിഘ്നം എന്നിവ ചില സാധ്യതകളാണ്. യാത്രകളിലും കൂട്ടുകച്ചവടത്തിലും ജാഗ്രതവേണം. നവസംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. ജാതകപരിശോധനയിൽ നിന്നും ദശാപഹാര ഛിദ്രാദികൾ അറിയുക. അവ അനുകൂലമെങ്കിൽ ചൊവ്വ സൃഷ്ടിക്കുന്ന ക്ലേശം കുറയുന്നതാണ്.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): പന്ത്രണ്ടാം രാശിയിലേക്കാണ് ചൊവ്വയുടെ പ്രവേശം. ഭാഗ്യ, സുഖസ്ഥാനാധിപ ഗ്രഹം നീചത്തിലാകുന്നു എന്ന യാഥാർത്ഥ്യമുണ്ട്. പല നിലയ്ക്ക് ചെലവേറുന്ന കാലമാണ്. വസ്തുസംബന്ധിച്ച വ്യവഹാരപ്രേരണകൾ ഉണ്ടാകാം. സഹോദരരും തൽസ്ഥാനീയരും എതിർചേരിയിലാവാം. യാത്രകൾ കൂടുതലുണ്ടാകും. പാദരോഗങ്ങൾ വിഷമിപ്പിക്കാനിടയുണ്ട്. ദാമ്പത്യത്തിൽ ചില അലോസരങ്ങളെ നേരിടേണ്ടിവരാം. ജാതക പ്രകാരം നല്ല ദശയും അപഹാരവും ഒക്കെയാണെങ്കിൽ ദോഷം ലഘുകരിക്കപ്പെടും.

കന്നിക്കൂറിന് (ഉത്രം മുക്കാൽ, അത്തം, ചിത്തിര പകുതി): ചൊവ്വ പതിനൊന്നാം ഭാവത്തിലാണ് പ്രവേശിക്കുന്നത്. സ്വശക്തിയെക്കുറിച്ച് ബോധ്യം വരും. പ്രവർത്തനമേഖലയിൽ വിജയിക്കുന്നതാണ്. ധാരാളം പുതിയ അവസരങ്ങൾ വന്നുചേരും. കച്ചവടം ലാഭകരമായേക്കും. ദാമ്പത്യത്തിലെ സ്വരഭംഗങ്ങൾക്ക് അവസാനമാകുന്നതാണ്. ഭൂമിയിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. സഹോദരരുടെ പിന്തുണ കർമ്മഗുണമേകും. ഋണബാധ്യത പരിഹരിക്കാനുള്ള ശ്രമം പാർശ്വികമായി ലക്ഷ്യം കാണും. പ്രതികൂലതകളെ മറികടക്കും. മനസ്സന്തോഷത്തിന് പല കാര്യങ്ങളും വന്നെത്തും.

തുലാക്കൂറിന് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ): ചൊവ്വ പത്താം ഭാവത്തിൽ പ്രവേശിച്ചിരിക്കുകയാൽ കർമ്മരംഗത്ത് ചില അസ്വസ്ഥതകൾ പ്രത്യക്ഷപ്പെടാം. സാമ്പത്തികസ്ഥിതി പ്രതീക്ഷിച്ചത്ര ഉയരണമെന്നില്ല. ഉദ്യോഗസ്ഥർക്ക് അധികജോലിഭാരം ഉണ്ടായേക്കാം. കരാറുകളിൽ ഒപ്പിടും മുൻപ് പുനരാലോചന നടത്തുന്നത് ഉത്തമമായിരിക്കും. വ്യവഹാരങ്ങളിൽ ഏർപ്പെടാൻ കാലം അനുകൂലമല്ല. ഗൃഹനവീകരണം വിചാരിച്ചതിനെക്കാളും നീണ്ടുപോകാം. രാഷ്ട്രീയ മത്സരങ്ങളിലും പരീക്ഷകളിലും നേരിയ വിജയമാവും ഭവിക്കുക. ആയുധം, വൈദ്യുതി എന്നിവയുടെ ഉപയോഗത്തിൽ ജാഗ്രത കുറക്കരുത്.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): രാശ്യധിപനായ ചൊവ്വയ്ക്ക് ഭാഗ്യഭാവത്തിൽ നീചസ്ഥിതി വരികയാൽ ഭാഗ്യാനുഭവങ്ങൾ മങ്ങാം. കഴിവിനും പ്രയത്നത്തിനും അനുസരിച്ചുള്ള പ്രതിഫലം കിട്ടണമെന്നില്ല. ചില പ്രതികൂലതകളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ആത്മശക്തിയുടെ ശോഷണവും ഒരു സാധ്യതയാണ്. ഉപാസനകളിൽ വിഘ്നങ്ങളോ വിളംബമോ ഭവിച്ചേക്കാം. വൈകാരികക്ഷോഭം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ കരുതൽ വേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകളിൽ കരുതൽ അനിവാര്യം.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): അഷ്ടമത്തിലാണ് കുജസ്ഥിതി. ചില സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടി വരാം. അഞ്ചാം ഭാവാധിപനാകയാൽ മക്കളെച്ചൊല്ലി ഉൽക്കണ്ഠകൾ ഉയരാം. എത്ര പരിശ്രമിച്ചാലും കാര്യനിർവഹണം വേഗത്തിലാവില്ല. രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവർ കൂടുതൽ ശ്രദ്ധാലുക്കളാകണം. സാമ്പത്തികസ്ഥിതിയിൽ ചാഞ്ചല്യം വരാം. സാഹസങ്ങൾക്ക് മുതിരരുത്. മനോവാക്കർമ്മങ്ങളിൽ ഒരു പോലെ ജാഗ്രത വേണം. സ്വന്തം ഗ്രഹസ്ഥിതി അനുകൂലമെങ്കിൽ ദോഷം നാമമാത്രമാകാം.

മകരക്കൂറിന് (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി): മകരത്തിന്റെ സപ്തമ ഭാവത്തിലേക്കാണ് കുജസംക്രമണം. ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾ വരാം. പ്രണയ ബന്ധങ്ങളിലെ ഹൃദയൈക്യം നഷ്ടമാകാം. കൂട്ടുകച്ചവടത്തിൽ ഭിന്നപക്ഷങ്ങൾ തലപൊക്കുന്നതാണ്. ഭൂമി / വസ്തു ഇടപാടുകളിൽ അമളികളോ കൈനഷ്ടമോ വരാൻ സാധ്യതയുണ്ട്. സുഖാനുഭവങ്ങൾ തടസ്സപ്പെടാം. മാതാവിന്റെ ആരോഗ്യസ്ഥിതിയിൽ കൂടുതൽ ശ്രദ്ധ വേണം. ബന്ധുക്കളും സുഹൃത്തുക്കളും വാഗ്ദാനങ്ങളിൽ നിന്നും പിൻമാറിയേക്കും. ആരോഗ്യപരിശോധനകൾ മുടക്കരുത്.

കുംഭക്കൂറിന് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ): അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു സ്ഥാനത്തേക്കാണ് ചൊവ്വയുടെ മാറ്റം. പുതിയ പദവികൾ ലഭിക്കാം. ഉദ്യോഗത്തിൽ ഉയർച്ച, ശമ്പളവർദ്ധന ഇവയ്ക്ക് കാലം അനുകൂലമാണ്. എതിർപ്പുകളെ സഹജമായി തന്നെ മറികടക്കും. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്തയുണ്ടാവും. മുടങ്ങിക്കിടക്കുന്ന വസ്തുവ്യാപാരം നടന്നുകിട്ടാം. രോഗാദികളാൽ വലയുന്നവർക്ക് ആശ്വാസത്തിന്റെ ദിനങ്ങളാണ്. പരീക്ഷകളിൽ ഉന്നതവിജയം നേടും. ഉപരിപഠനത്തിന് ആശിച്ച വിഷയങ്ങളിൽ പ്രവേശനമുണ്ടാകും. ധനസ്ഥിതി മെച്ചപ്പെടുന്നതായിരിക്കും.

മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): വചനങ്ങൾക്ക് മാർദ്ദവം നഷ്ടപ്പെടും. കുടുംബജീവിതത്തിൽ ചില വൈകാരിക പ്രശ്നങ്ങൾ ഉയർന്നേക്കാം. മക്കളെച്ചൊല്ലി മനക്ലേശങ്ങൾ വരാനിടയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ കൃത്യത വേണം. ധനഭാഗ്യ സ്ഥാനാധിപന് നീചം വന്നിരിക്കുകയാൽ ലക്ഷ്യത്തിലെത്താൻ ഇരട്ടി അദ്ധ്വാനം ആവശ്യമായി വരും. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം. ചിന്താശീലം കാടുകയറും; കർമ്മശീലം മങ്ങുകയും ചെയ്യും. ഉൽകൃഷ്ടമായ ദശാപഹാരങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ക്ലേശഫലങ്ങൾ ലഘൂകരിക്കപ്പെടും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Mars transit to cancer 2023 astrological predictions