scorecardresearch
Latest News

Mars Transit 2022 Astrological Predictions: ചൊവ്വ വക്രഗതിയിൽ… അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെ ഫലം

Mars Transit 2022 Astrological Predictions: മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് കൂറുകളിൽ ജനിച്ച 27 നാളുകാരുടെ ഫലങ്ങൾ

astrology, horoscope, ie malayalam

Mars Transit 2022 Astrological Predictions: 1198 തുലാം 27 ന്, 2022 നവംബർ 13 ന് ചൊവ്വ മിഥുനരാശിയിൽ നിന്നും വക്രഗതിയായി ഇടവത്തിലേക്ക് കടക്കുകയാണ്. ഇനി നാല് മാസക്കാലത്തിലധികം, 1198, കുംഭം 29 (2023 മാർച്ച് 13 ) വരെ ചൊവ്വ ഇടവത്തിൽ തുടരും. ഇപ്പോൾ മിഥുനക്കൂറിലെ മകയിരം നക്ഷത്രത്തിൽ സഞ്ചരിക്കുന്ന ചൊവ്വ തുലാം 27 (നവംബർ 13) മുതൽ ഇടവക്കൂറിലെ മകയിരത്തിൽ വക്രഗതിയായി സഞ്ചരിക്കും. വൃശ്ചികം 18 ന് (ഡിസംബർ 4 ന്) രോഹിണിയിലേക്ക് കടക്കും. കുംഭം 14 ന് ( 2023 ഫെബ്രുവരി 26 ന്) വീണ്ടും നേർ സഞ്ചാരമായി മകയിരത്തിലും സഞ്ചരിക്കുന്നു. ഇടവം രാശിയിലെ കാർത്തികയിലേക്ക് ചൊവ്വ വരുന്നില്ലെന്ന് സാരം. രോഹിണി, മകയിരം നക്ഷത്രമണ്ഡലങ്ങളിലാണ് ചൊവ്വ ഇനി സഞ്ചരിക്കാൻ പോകുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.

ഗ്രഹങ്ങളിൽ ഉദ്ദാമ പ്രകൃതിയാണ് ചൊവ്വ. ഗ്രഹലോകത്തിലെ സൈന്യാധിപൻ എന്നാണ് സങ്കല്പം. രണമണ്ഡലഭൈരവനും സമര ദുർജയനുമൊക്കെയായി ചൊവ്വയെ പ്രമാണ ഗ്രന്ഥങ്ങൾ വരച്ചുകാട്ടുന്നു. പാപഗ്രഹമായിട്ടാണ് ചൊവ്വയെ പരിഗണിക്കുന്നത് എന്നതും ഓർക്കണം. ഗ്രഹങ്ങളുടെ ലിംഗകല്പനയിൽ പുരുഷഗ്രഹവുമാണ് ചൊവ്വ. ‘കുജൻ’ എന്ന പേരിലാണ് ചൊവ്വ പ്രശസ്തൻ. അതിനാൽ ഗ്രഹനിലയിൽ ചൊവ്വയെ ‘കു’ എന്ന അക്ഷരം കൊണ്ട് രേഖപ്പെടുത്തുന്നു.

വക്രഗതിയിൽ സഞ്ചരിക്കുമ്പോൾ ചൊവ്വയുടെ ശക്തി ഇരട്ടിക്കുകയാണ് പതിവ്. നന്മയായാലും തിന്മയായാലും അധിക അളവിൽ അപ്പോൾ അനുഭവത്തിലെത്തും. ഇപ്പോൾ സഞ്ചരിക്കുന്ന മിഥുനം രാശിയിൽ തന്റെ ശത്രുവായ ബുധന്റെ വീടാകയാൽ ചൊവ്വയ്ക്ക് ബലക്ഷയമുണ്ട്.
ഇടവം രാശി ശുക്രന്റെ സ്വക്ഷേത്രമാണ്. ശുക്രനും ചൊവ്വയും സമന്മാരാണ് എന്നത്രെ ആചാര്യമതം. പ്രത്യേകിച്ച് ഗുണമോ ദോഷമോ ഇല്ലെന്നതാണ് അതിന്റെ അർത്ഥം.

ചൊവ്വ നമ്മൾ ജനിച്ച കൂറിന്റെ (ജന്മരാശിയുടെ) മൂന്ന്, ആറ്, പതിനൊന്ന് എന്നീ ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ മാത്രമാണ് ഗുണപ്രദനാകുന്നത്. പത്തിൽ സഞ്ചരിക്കുമ്പോഴും മികവ് നൽകുമെന്നും പക്ഷമുണ്ട്. മറ്റ് ഭാവങ്ങളിൽ ദോഷഫലങ്ങളാണധികവും. ജന്മരാശിയിലും (ജനിച്ച കൂറിലും) എട്ടാമെടത്തും പന്ത്രണ്ടാമെടത്തും സഞ്ചരിക്കുമ്പോൾ ചൊവ്വയുടെ രൗദ്രം വർദ്ധിക്കുന്നു. ഫലങ്ങൾ കഠിനമായിത്തീരുകയാവും അനുഭവം. ഇക്കാര്യങ്ങൾ. മുൻ നിർത്തി മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് കൂറുകളിൽ ജനിച്ച 27 നാളുകാരുടെ ഫലങ്ങൾ വിചിന്തനം ചെയ്യുകയാണ് ഇവിടെ.

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം): ചൊവ്വ രണ്ടാമെടത്ത് സഞ്ചരിക്കുകയാണ്, അടുത്ത നാലുമാസക്കാലം. മേടം രാശിയുടെ നാഥൻ തന്നെയായ ചൊവ്വ രണ്ടാമെടത്ത് വരികയാൽ ധനപരമായി മെച്ചങ്ങളുണ്ടാകും. നിക്ഷേപങ്ങളിൽ നിന്നും ഭൂമിയിൽ നിന്നും ആദായം വർദ്ധിക്കുന്നതായിരിക്കും. എന്നാൽ ചിലരോട് കടുത്ത ഭാഷയിൽ സംസാരിക്കേണ്ടതായി വരാം. വാക്ക് കലഹത്തിന് മൂലകാരണമായേക്കാം. വിദ്യാഭ്യാസത്തിൽ ചെറിയ തോതിൽ പിന്നോട്ടു പോക്ക് ഉണ്ടായേക്കും. പ്രണയത്തിൽ ഇച്ഛാഭംഗം, ദാമ്പത്യത്തിൽ അപശ്രുതികൾ എന്നിവയും ചില സാധ്യതകളാണ്. ആരോഗ്യപരമായി ജാഗ്രത പുലർത്തേണ്ട കാലഘട്ടം കൂടിയാണ്. മക്കളുടെ കാര്യത്തിൽ ഉൽക്കണ്ഠകൾ ഉയരാം.

ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി മുഴുവൻ, മകയിരം 1,2 പാദങ്ങൾ): പന്ത്രണ്ടാം ഭാവാധിപനും ഏഴാം ഭാവാധിപനുമായ ചൊവ്വ ജന്മരാശിയിൽ സ്ഥിതി ചെയ്യുകയാണ്, ഇനി നാലുമാസക്കാലം. ചെറുതും വലുതും ആയ എല്ലാക്കാര്യങ്ങളിലും ശ്രദ്ധ വേണ്ടതുണ്ട്. പണച്ചെലവ് ക്രമാതീതമാകും. നിക്ഷേപങ്ങൾക്ക് ഉചിതമായ കാലമല്ല. എത്ര ഒഴിഞ്ഞാലും ചില വിവാദങ്ങളിൽ പെടാം. തർക്കം സ്വൈരം കെടുത്താം. ആരോഗ്യ പരിരക്ഷയിൽ അലംഭാവമരുത്. സാത്വികചിന്താഗതി വളർത്തുന്നതും ആത്മീയ സാധനകളിൽ മുഴുകുന്നതും ഗുണകരമായേക്കും. അനുരഞ്ജന ശ്രമങ്ങളിൽ വിജയം നേടും. വ്യാഴത്തിന്റെ പരിരക്ഷ ഇടവം രാശിക്കുണ്ടെന്നത് വേനലിലെ മഴ പോലെ ആശ്വാസകരമാണ്.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര മുഴുവൻ, പുണർതം 1,2,3 പാദങ്ങൾ): പതിനൊന്നാം ഭാവാധിപൻ ചൊവ്വ പന്ത്രണ്ടിലാണ്. ആകസ്മികമായ ചെലവുകൾ ഏർപ്പെടും. സഹോദരൻ, ഭൂമി, വ്യവഹാരം എന്നിവയിൽ നിന്നും വല്ല മനക്ലേശങ്ങളോ കഷ്ടനഷ്ടങ്ങളോ വരാം. ദീർഘയാത്രകൾ ചെയ്യാനിടയുണ്ട്. എന്നാൽ യാത്രാദുരിതം, ലക്ഷ്യ ഭ്രംശം, ഉദ്ദേശിച്ച നേട്ടങ്ങൾ കിട്ടാതെ വരിക എന്നിവയും സാധ്യതകൾ. ശത്രുക്കൾ അനുരജ്നത്തിനൊരുങ്ങും. കിട്ടാക്കടം കിട്ടാനുള്ള സാഹചര്യം തെളിയും. സഹപ്രവർത്തകരുടെ പിന്തുണയാൽ വലിയ നേട്ടങ്ങൾ സൃഷ്ടിക്കപ്പെടാം. ആരോഗ്യപരമായി കരുതൽ വേണം. വാഹനം ഉപയോഗിക്കുന്നവർ കൂടുതൽ ജാഗരൂകരാവണം.

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം): പതിനൊന്നിലെ ചൊവ്വ, പല നിലയ്ക്കും ഗുണപ്രദനാണ്. കുറച്ചുകാലമായി തടസ്സപ്പെട്ടിരുന്ന കാര്യങ്ങൾ പൂർത്തീകരിക്കപ്പെടും. ലക്ഷ്യസ്ഥാനത്തിൽ വേഗം ചെന്നെത്തും. ഭൂമിയിൽ നിന്നും വരുമാനം വർദ്ധിക്കും. തൊഴിലില്ലാത്തവർക്ക് പുതിയ ജോലി കിട്ടും. ഉദ്യോഗസ്ഥർക്ക് പദവികൾ ഉയരും. രാഷ്ട്രീയ പ്രവർത്തകർ മത്സരങ്ങളിൽ വിജയിക്കും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ തിളങ്ങാനാവും.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): വ്യാഴം എട്ടിൽ, രാഹു ഒമ്പതിൽ, ചൊവ്വ പത്തിൽ എന്നിങ്ങനെ വരികയാൽ മുൻസ്ഥിതിഗതികൾക്ക് വലിയ മാറ്റമൊന്നും ഉണ്ടാവുന്നില്ല. അധ്വാനം ഏറും. അതിന്റെ മൂല്യം ആരും മനസ്സിലാക്കണമെന്നില്ല. ശാരീരിക ക്ലേശം കൂടിയും കുറഞ്ഞുമിരിക്കും. മേലധികാരികളുടെ അപ്രീതിനേടും. തൊഴിലില്ലാത്തവർക്ക് ചെറിയ തൊഴിലെങ്കിലും ലഭിക്കാം. കച്ചവടക്കാർ തുനിയാതിരിക്കുന്നതാണ് അഭിലഷണീയം. ആത്മീയകാര്യങ്ങൾക്ക് വിഘ്നം വരാം. സാഹസകർമ്മങ്ങളിൽ നിന്നും പിന്തിരിയണം. പണച്ചെലവ് നിയന്ത്രിക്കേണ്ടിവരും.

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം മുഴുവൻ, ചിത്തിര 1,2 പാദങ്ങൾ): രാവും പകലും ഉള്ളതുപോലെ കോട്ടങ്ങളും നേട്ടങ്ങളും കൂടിക്കലരും. ആരോഗ്യപ്രശ്നങ്ങൾ വിഷമിപ്പിക്കാം. മുൻ തീരുമാനമനുസരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞെന്നും വരില്ല. സാമ്പത്തിക സ്ഥിതി ഗുരുതരമാവില്ല. ചില കടങ്ങൾ മടക്കാനാവും. ചെറുകിട തൊഴിലുകൾ ആദായകരമാവും. ദിവസവേതനക്കാർക്ക് ശമ്പളം ഉയരും. കുടുംബജീവിതത്തിൽ ചെറിയ സന്തോഷങ്ങൾ വന്നുചേരും.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി മുഴുവൻ, വിശാഖം 1,2,3 പാദങ്ങൾ): അഷ്ടമരാശിയിലാണ് ചൊവ്വയുടെ സഞ്ചാരം. വിജയക്കുതിപ്പിന് മാന്ദ്യം വരാം. കപ്പിനും ചുണ്ടിനുമിടയിൽ ചില ഭാഗ്യങ്ങൾ വിട്ടുപോകാം. വാക്ക് , കലഹത്തിനോ നിന്ദയ്ക്കോ ഇടവരുത്താം. കിടപ്പുരോഗികൾ, ജീവിത ശൈലി രോഗത്താൽ ക്ലേശിക്കുന്നവർ എന്നിവർ കൂടുതൽ കരുതൽ കൈക്കൊള്ള ണ്ടതുണ്ട്. ഗൃഹനിർമ്മാണം ഇഴഞ്ഞേക്കും. സഹോദരരുമായി സ്വത്ത് തർക്കം ഉണ്ടാകാം. മറ്റു ഗ്രഹങ്ങളുടെ ആനുകൂല്യം ഉള്ളതിനാൽ പ്രശ്നങ്ങളെ മറികടക്കുന്നതായിരിക്കും. വാഹനം, വൈദ്യുതി, ആയുധം എന്നിവ ഏറ്റവും സൂക്ഷിച്ചുവേണം കൈകാര്യം ചെയ്യാൻ.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): ചൊവ്വ സപ്തമഭാവത്തിലാകയാൽ അവിവാഹിതരുടെ വിവാഹാലോചനകൾ നീളാം. പ്രണയത്തിൽ ഇച്ഛാഭംഗം വന്നേക്കാം. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ‘ego’ പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. പണവരവ് കൂടുമെങ്കിലും ചെലവും വർദ്ധിക്കാം. അശനശയന സുഖത്തിന് കുറവും, ദിനചര്യകൾക്ക് താളഭംഗവും വന്നേക്കും. കൂട്ടുകെട്ടുകൾ ദുർവാസനകളിലേക്ക് നയിക്കാതിരിക്കാൻ ശ്രദ്ധിക്കണം. യാത്രകൾ കൊണ്ട് നേട്ടങ്ങൾ സംഭവിക്കണമെന്നില്ല. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിചാരിച്ചത്ര തിളങ്ങാനാവില്ലെന്നതും ഒരു സാധ്യതയാണ്. വ്യാഴാനുകൂല്യം ഉള്ളത് ദുരിതശാന്തികരമാണ്.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): ചൊവ്വ ആറാമെടത്താണ് സഞ്ചാരം. അനുകൂലഫലങ്ങൾക്കാവും മുൻതൂക്കം. നീണ്ടകാലമായി പിരിഞ്ഞു പോയിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനാവും. കർമ്മരംഗത്ത് വിജയിക്കും. ധനവരവ് അധികരിക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ നിഷ്പ്രഭമാക്കി മുന്നേറും. ആരോഗ്യ പരിശോധനകൾ ആശ്വാസം പകരും. കുടുംബത്തിൽ പുണ്യകർമ്മങ്ങൾ നടക്കും. മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കാനാവും.

മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): ആലോചനകൾ അധികമാവും. അതേസമയം പ്രവൃത്തികളിൽ മാന്ദ്യം ഭവിക്കുകയും ചെയ്യും. നിർബന്ധബുദ്ധി മൂലം ചില പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വരാം. കുട്ടികളുടെ കാര്യത്തിൽ വല്ല മനപ്രയാസങ്ങളും വന്നുചേർന്നേക്കാം. സാമ്പത്തിക അച്ചടക്കം വേണ്ട സമയമാണ്. കൊടുക്കൽ വാങ്ങലുകളിൽ നഷ്ടം വരാനിടയുണ്ട്. വൃദ്ധജനങ്ങൾ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. പ്രവാസികൾക്ക് നാട്ടിലെത്താൻ തടസ്സങ്ങളുണ്ടാവും.

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം മുഴുവൻ, പൂരുട്ടാതി 1,2,3 പാദങ്ങൾ): ദേഹസുഖം കുറയാം. മാനസികമായി പിരിമുറുക്കം ഉണ്ടാവും. ചില ഉറച്ച തീരുമാനങ്ങൾ കൈക്കൊള്ളും. വീടിന് അറ്റകുറ്റപ്പണി വേണ്ടിവരാം. വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഏറ്റവും ശ്രദ്ധ പുലർത്തേണ്ട കാലമാണ്. നിസ്സാരകാരണങ്ങളാൽ സുഹൃത്തുക്കളുമായി പിണങ്ങിയേക്കും. തറവാട് ക്ഷേത്രത്തിന്റെ ജീർണോദ്ധാരണത്തിൽ മുഴുകും. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്ത എത്താം. പ്രണയ ജീവിതത്തിലും ദാമ്പത്യത്തിലും അലോസരങ്ങൾ ഉയരാം. ധനപരമായി നേരിയതോതിലുള്ള നേട്ടങ്ങൾ പ്രതീക്ഷിക്കാം.

മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): കർമ്മമേഖല സമുജ്ജ്വലമാകും. പുതിയ പദ്ധതികൾ ആവിഷ്കരിക്കും. പ്രൊഫഷണലുകൾക്ക് കൂടുതൽ സമ്പാദിക്കാൻ സാഹചര്യം ഒരുങ്ങും. ഗാർഹിക രംഗം ഐശ്വര്യപൂർണമാകും. വിദ്യാർത്ഥികൾ പഠനത്തിൽ മികവ് തെളിയിക്കും. പഴയ കടങ്ങൾ വീട്ടാൻ സാധിക്കും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. പുതിയ ഉത്തരവാദിത്വങ്ങൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കും. സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരുടെ വിശ്വാസവും സ്നേഹവും നേടിയെടുക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണ്ട സമയം കൂടിയാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Mars transit 2022 astrological predictions