Mars Transit 2022 Astrological Predictions for Makam Pooram Uthram Atham Chithira Chothi Vishakam Anizham Thrikketta Stars: 1198 തുലാം 27 ന്, 2022 നവംബർ 13 ന് ചൊവ്വ മിഥുനരാശിയിൽ നിന്നും വക്രഗതിയായി ഇടവത്തിലേക്ക് കടക്കുകയാണ്. ഇനി നാല് മാസക്കാലത്തിലധികം, 1198, കുംഭം 29 (2023 മാർച്ച് 13 ) വരെ ചൊവ്വ ഇടവത്തിൽ തുടരും. ഇപ്പോൾ മിഥുനക്കൂറിലെ മകയിരം നക്ഷത്രത്തിൽ സഞ്ചരിക്കുന്ന ചൊവ്വ തുലാം 27 (നവംബർ 13) മുതൽ ഇടവക്കൂറിലെ മകയിരത്തിൽ വക്രഗതിയായി സഞ്ചരിക്കും. വൃശ്ചികം 18 ന് (ഡിസംബർ 4 ന്) രോഹിണിയിലേക്ക് കടക്കും. കുംഭം 14 ന് ( 2023 ഫെബ്രുവരി 26 ന്) വീണ്ടും നേർ സഞ്ചാരമായി മകയിരത്തിലും സഞ്ചരിക്കുന്നു.
ഇടവം രാശിയിലെ കാർത്തികയിലേക്ക് ചൊവ്വ വരുന്നില്ലെന്ന് സാരം. രോഹിണി, മകയിരം നക്ഷത്രമണ്ഡലങ്ങളിലാണ് ചൊവ്വ ഇനി സഞ്ചരിക്കാൻ പോകുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു… ഗ്രഹങ്ങളിൽ ഉദ്ദാമ പ്രകൃതിയാണ് ചൊവ്വ. ഗ്രഹലോകത്തിലെ സൈന്യാധിപൻ എന്നാണ് സങ്കല്പം. രണമണ്ഡലഭൈരവനും സമര ദുർജയനുമൊക്കെയായി ചൊവ്വയെ പ്രമാണ ഗ്രന്ഥങ്ങൾ വരച്ചുകാട്ടുന്നു. പാപഗ്രഹമായിട്ടാണ് ചൊവ്വയെ പരിഗണിക്കുന്നത് എന്നതും ഓർക്കണം. ഗ്രഹങ്ങളുടെ ലിംഗകല്പനയിൽ പുരുഷഗ്രഹവുമാണ് ചൊവ്വ. ‘കുജൻ’ എന്ന പേരിലാണ് ചൊവ്വ പ്രശസ്തൻ. അതിനാൽ ഗ്രഹനിലയിൽ ചൊവ്വയെ ‘കു’ എന്ന അക്ഷരം കൊണ്ട് രേഖപ്പെടുത്തുന്നു.
വക്രഗതിയിൽ സഞ്ചരിക്കുമ്പോൾ ചൊവ്വയുടെ ശക്തി ഇരട്ടിക്കുകയാണ് പതിവ്. നന്മയായാലും തിന്മയായാലും അധിക അളവിൽ അപ്പോൾ അനുഭവത്തിലെത്തും. ഇപ്പോൾ സഞ്ചരിക്കുന്ന മിഥുനം രാശിയിൽ തന്റെ ശത്രുവായ ബുധന്റെ വീടാകയാൽ ചൊവ്വയ്ക്ക് ബലക്ഷയമുണ്ട്. ഇടവം രാശി ശുക്രന്റെ സ്വക്ഷേത്രമാണ്. ശുക്രനും ചൊവ്വയും സമന്മാരാണ് എന്നത്രെ ആചാര്യമതം. പ്രത്യേകിച്ച് ഗുണമോ ദോഷമോ ഇല്ലെന്നതാണ് അതിന്റെ അർത്ഥം.
ചൊവ്വ നമ്മൾ ജനിച്ച കൂറിന്റെ (ജന്മരാശിയുടെ) മൂന്ന്, ആറ്, പതിനൊന്ന് എന്നീ ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ മാത്രമാണ് ഗുണപ്രദനാകുന്നത്. പത്തിൽ സഞ്ചരിക്കുമ്പോഴും മികവ് നൽകുമെന്നും പക്ഷമുണ്ട്. മറ്റ് ഭാവങ്ങളിൽ ദോഷഫലങ്ങളാണധികവും. ജന്മരാശിയിലും (ജനിച്ച കൂറിലും) എട്ടാമെടത്തും പന്ത്രണ്ടാമെടത്തും സഞ്ചരിക്കുമ്പോൾ ചൊവ്വയുടെ രൗദ്രം വർദ്ധിക്കുന്നു. ഫലങ്ങൾ കഠിനമായിത്തീരുകയാവും അനുഭവം.
മകം മുതല്‍ തൃക്കേട്ട വരെയുള്ള നക്ഷത്രക്കാരുടെ ഫലം
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): വ്യാഴം എട്ടിൽ, രാഹു ഒമ്പതിൽ, ചൊവ്വ പത്തിൽ എന്നിങ്ങനെ വരികയാൽ മുൻസ്ഥിതിഗതികൾക്ക് വലിയ മാറ്റമൊന്നും ഉണ്ടാവുന്നില്ല. അധ്വാനം ഏറും. അതിന്റെ മൂല്യം ആരും മനസ്സിലാക്കണമെന്നില്ല. ശാരീരിക ക്ലേശം കൂടിയും കുറഞ്ഞുമിരിക്കും. മേലധികാരികളുടെ അപ്രീതിനേടും. തൊഴിലില്ലാത്തവർക്ക് ചെറിയ തൊഴിലെങ്കിലും ലഭിക്കാം. കച്ചവടക്കാർ തുനിയാതിരിക്കുന്നതാണ് അഭിലഷണീയം. ആത്മീയകാര്യങ്ങൾക്ക് വിഘ്നം വരാം. സാഹസകർമ്മങ്ങളിൽ നിന്നും പിന്തിരിയണം. പണച്ചെലവ് നിയന്ത്രിക്കേണ്ടിവരും.
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം മുഴുവൻ, ചിത്തിര 1,2 പാദങ്ങൾ): രാവും പകലും ഉള്ളതുപോലെ കോട്ടങ്ങളും നേട്ടങ്ങളും കൂടിക്കലരും. ആരോഗ്യപ്രശ്നങ്ങൾ വിഷമിപ്പിക്കാം. മുൻ തീരുമാനമനുസരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞെന്നും വരില്ല. സാമ്പത്തിക സ്ഥിതി ഗുരുതരമാവില്ല. ചില കടങ്ങൾ മടക്കാനാവും. ചെറുകിട തൊഴിലുകൾ ആദായകരമാവും. ദിവസവേതനക്കാർക്ക് ശമ്പളം ഉയരും. കുടുംബജീവിതത്തിൽ ചെറിയ സന്തോഷങ്ങൾ വന്നുചേരും.
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി മുഴുവൻ, വിശാഖം 1,2,3 പാദങ്ങൾ): അഷ്ടമരാശിയിലാണ് ചൊവ്വയുടെ സഞ്ചാരം. വിജയക്കുതിപ്പിന് മാന്ദ്യം വരാം. കപ്പിനും ചുണ്ടിനുമിടയിൽ ചില ഭാഗ്യങ്ങൾ വിട്ടുപോകാം. വാക്ക് , കലഹത്തിനോ നിന്ദയ്ക്കോ ഇടവരുത്താം. കിടപ്പുരോഗികൾ, ജീവിത ശൈലി രോഗത്താൽ ക്ലേശിക്കുന്നവർ എന്നിവർ കൂടുതൽ കരുതൽ കൈക്കൊള്ള ണ്ടതുണ്ട്. ഗൃഹനിർമ്മാണം ഇഴഞ്ഞേക്കും. സഹോദരരുമായി സ്വത്ത് തർക്കം ഉണ്ടാകാം. മറ്റു ഗ്രഹങ്ങളുടെ ആനുകൂല്യം ഉള്ളതിനാൽ പ്രശ്നങ്ങളെ മറികടക്കുന്നതായിരിക്കും. വാഹനം, വൈദ്യുതി, ആയുധം എന്നിവ ഏറ്റവും സൂക്ഷിച്ചുവേണം കൈകാര്യം ചെയ്യാൻ.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): ചൊവ്വ സപ്തമഭാവത്തിലാകയാൽ അവിവാഹിതരുടെ വിവാഹാലോചനകൾ നീളാം. പ്രണയത്തിൽ ഇച്ഛാഭംഗം വന്നേക്കാം. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ‘ego’ പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. പണവരവ് കൂടുമെങ്കിലും ചെലവും വർദ്ധിക്കാം. അശനശയന സുഖത്തിന് കുറവും, ദിനചര്യകൾക്ക് താളഭംഗവും വന്നേക്കും. കൂട്ടുകെട്ടുകൾ ദുർവാസനകളിലേക്ക് നയിക്കാതിരിക്കാൻ ശ്രദ്ധിക്കണം. യാത്രകൾ കൊണ്ട് നേട്ടങ്ങൾ സംഭവിക്കണമെന്നില്ല. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിചാരിച്ചത്ര തിളങ്ങാനാവില്ലെന്നതും ഒരു സാധ്യതയാണ്. വ്യാഴാനുകൂല്യം ഉള്ളത് ദുരിതശാന്തികരമാണ്.