2023 മാർച്ച് 13 ന് (1198 കുംഭം 29 ന്) ചൊവ്വ മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നു. മേയ് 10 വരെ (മേടം 26 വരെ), ഏകദേശം രണ്ടുമാസത്തോളം മിഥുനത്തിൽ തുടരുകയുമാണ്. ചൊവ്വയുടെ ശത്രുഗ്രഹമായ ബുധന്റെ സ്വക്ഷേത്രമാണ് മിഥുനം. അതിനാൽ ചൊവ്വയ്ക്ക് മിഥുനത്തിൽ കുറച്ച് ബലഹാനിയുണ്ട്. അത് ഫലത്തെ സ്വാധീനിക്കും എന്ന് കരുതാം. ഏറ്റക്കുറച്ചിലുകളോടെയാണ് ചൊവ്വ ഫലം തരിക എന്നും വരാം.
പാപഗ്രഹങ്ങൾ പൊതുവേ 3,6,11 എന്നീ രാശികളിൽ മാത്രമാണ് ഗുണദാതാക്കളാവുന്നത്. ആ നിലയ്ക്ക് നോക്കിയാൽ മേടം, മകരം, ചിങ്ങം എന്നീ കൂറുകളിൽ ജനിച്ചവർക്കാണ് ചൊവ്വയുടെ ഈ മാറ്റം കൂടുതൽ ഗുണകരമാവുക. സാമാന്യമായ ചില അനുഭവങ്ങൾ മറ്റുള്ള രാശിക്കാർക്കും പ്രതീക്ഷിക്കാനാവും. ഭൂമികാരകൻ ആണ് ചൊവ്വ. പഞ്ചഭൂതങ്ങളിൽ അഗ്നി, പഞ്ചകോശങ്ങളിൽ മനോമയകോശം, ത്രിദോഷങ്ങളിൽ പിത്തം, മനുഷ്യബന്ധങ്ങളിൽ സാഹോദര്യം, വിജ്ഞാനങ്ങളിൽ ഭൗതിക ശാസ്ത്രം- രസതന്ത്രം, ഖനിശാസ്ത്രം, ധാതുദ്രവ്യങ്ങൾ തുടങ്ങിയവയുടെ കാരകത്വം ചൊവ്വയ്ക്കുണ്ട്.
“ക്രൂരേക്ഷണനും തരുണമൂർത്തിയും ഉദാരശീലനും ചപലനും കൃശമദ്ധ്യദേഹനുമാണ് ചൊവ്വ ” എന്ന് വരാഹമിഹിരൻ വ്യക്തമാക്കുന്നു. ചൊവ്വയുടെ ഗോചരത്തിലെ ഫലദാനരീതിയെക്കുറിച്ച് വരാഹമിഹിരൻ പറയുന്നത് ഇപ്രകാരമാണ്: “ഒരു രാശിയിൽ പ്രവേശിച്ചാൽ ഉടൻ തന്നെ ഫലം തരുന്ന ഗ്രഹമാണ് ചൊവ്വ” എന്നത്രെ!
മേടം, ചിങ്ങം, മകരം എന്നീ കൂറുകളിലെ അശ്വതി, ഭരണി , കാർത്തിക, മകം, പൂരം, ഉത്രം, ഉത്രാടം, തിരുവോണം, അവിട്ടം എന്നീ നക്ഷത്രജാതരിൽ, മിഥുനരാശിയിൽ സ്ഥിതി ചെയ്യുന്ന ചൊവ്വ എന്തെല്ലാം സ്വാധീനം ചെലുത്താനുള്ള സാധ്യതകളുണ്ട് എന്നറിയാം.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): ആത്മശക്തി അധികരിക്കും. എതിർപ്പുകളെ തൃണവൽഗണിക്കും. അസാധ്യം എന്ന് കരുതി ഒപ്പമുള്ളവർ പിൻവാങ്ങിയ വലിയ കാര്യങ്ങൾ നിസ്സങ്കോചം ഏറ്റെടുത്ത് പൂർത്തീകരിക്കും. തൊഴിലിൽ മുന്നേറ്റം വരുന്നതാണ്. കച്ചവടം മെച്ചപ്പെടാം. സംഘടനകളുടെ നേതൃനിരയിൽ എത്തും. ഭൂമിയിൽ നിന്നും ലാഭം പ്രതീക്ഷിക്കാവുന്നതാണ്. ബന്ധുക്കളുടെ പിന്തുണ ശക്തി പകരും. കടവും രോഗവും കുറഞ്ഞുവരുന്ന കാലമായിരിക്കും.
ചിങ്ങക്കൂർ (മകം, പൂരം, ഉത്രം ഒന്നാം പാദം): പതിനൊന്നാം രാശിയിലേക്കാണ് കുജമാറ്റമെന്നതിനാൽ ധാരാളം അനുകൂലകാര്യങ്ങൾ സംഭവിക്കും. സമൂഹമദ്ധ്യത്തിൽ ആദരിക്കപ്പെടും. ഭൂമി, നിക്ഷേപം, കച്ചവടം എന്നിവയിൽ നിന്നും വരുമാനം കൂടും. മത്സരങ്ങളിൽ വിജയിക്കും. അവിവാഹിതർക്ക് വിവാഹസിദ്ധി, പ്രണയാനുഭവങ്ങൾ എന്നിവ കൈവരാം. എതിർപ്പുകളെ ഫലപ്രദമായി നേരിടും. ഉദ്യോഗക്കയറ്റം, ശമ്പളവർദ്ധനവ് എന്നിവയും സാധ്യതകളാണ്. കുടുംബാംഗങ്ങൾക്കും ഐശ്വര്യം ഭവിക്കും.
മകരക്കൂർ (ഉത്രാടം 2,3 ,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): തടസ്സം മാറി ലക്ഷ്യം നിറവേറാൻ കഴിയും. തൊഴിലിടത്തിൽ വലിയ പിന്തുണ കൈവരും. നവസംരംഭങ്ങൾ ആരംഭിക്കാനാവും. പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. പ്രൊഫഷണലുകൾക്ക് മികച്ച ദൗത്യങ്ങൾ വന്നെത്തും. പ്രതികൂലതകളെ തന്ത്രപരമായി നേരിടും. കുടുംബപ്രശ്നങ്ങൾ ഒത്തുതീർപ്പിലെത്തും. ദീർഘകാല കരാറുകളിൽ ഒപ്പുവെക്കും. സാമ്പത്തിക ക്ലേശങ്ങൾക്ക് നേരിയ അയവ് വരും. കിടപ്പ് രോഗികൾക്ക് ആശ്വാസമുണ്ടാകും.