2023 മാർച്ച് 13 ന് (1198 കുംഭം 29 ന്) ചൊവ്വ മിഥുനം രാശിയിലേക്ക് സംക്രമിച്ചു. ഇനി മേയ് 10 വരെ (മേടം 26 വരെ), ഏകദേശം രണ്ടുമാസത്തോളം മിഥുനത്തിൽ തുടരും. ചൊവ്വയുടെ ശത്രുഗ്രഹമായ ബുധന്റെ സ്വക്ഷേത്രമാണ് മിഥുനം. അതിനാൽ ചൊവ്വയ്ക്ക് മിഥുനത്തിൽ കുറച്ച് ബലഹാനിയുണ്ട്. അത് ഫലത്തെ സ്വാധീനിക്കും എന്ന് കരുതാം. ഏറ്റക്കുറച്ചിലുകളോടെയാണ് ചൊവ്വ ഫലം തരിക എന്നും വരാം.
പാപഗ്രഹങ്ങൾ പൊതുവേ 3,6,11 എന്നീ രാശികളിൽ മാത്രമാണ് ഗുണദാതാക്കളാവുന്നത്. ആ നിലയ്ക്ക് നോക്കിയാൽ മേടം, മകരം, ചിങ്ങം എന്നീ കൂറുകളിൽ ജനിച്ചവർക്കാണ് ചൊവ്വയുടെ ഈ മാറ്റം കൂടുതൽ ഗുണകരമാവുക. സാമാന്യമായ ചില അനുഭവങ്ങൾ മറ്റുള്ള രാശിക്കാർക്കും പ്രതീക്ഷിക്കാനാവും. ഭൂമികാരകൻ ആണ് ചൊവ്വ. പഞ്ചഭൂതങ്ങളിൽ അഗ്നി, പഞ്ചകോശങ്ങളിൽ മനോമയകോശം, ത്രിദോഷങ്ങളിൽ പിത്തം, മനുഷ്യബന്ധങ്ങളിൽ സാഹോദര്യം, വിജ്ഞാനങ്ങളിൽ ഭൗതിക ശാസ്ത്രം- രസതന്ത്രം, ഖനിശാസ്ത്രം, ധാതുദ്രവ്യങ്ങൾ തുടങ്ങിയവയുടെ കാരകത്വം ചൊവ്വയ്ക്കുണ്ട്.
“ക്രൂരേക്ഷണനും തരുണമൂർത്തിയും ഉദാരശീലനും ചപലനും കൃശമദ്ധ്യദേഹനുമാണ് ചൊവ്വ ” എന്ന് വരാഹമിഹിരൻ വ്യക്തമാക്കുന്നു. ചൊവ്വയുടെ ഗോചരത്തിലെ ഫലദാനരീതിയെക്കുറിച്ച് വരാഹമിഹിരൻ പറയുന്നത് ഇപ്രകാരമാണ്: “ഒരു രാശിയിൽ പ്രവേശിച്ചാൽ ഉടൻ തന്നെ ഫലം തരുന്ന ഗ്രഹമാണ് ചൊവ്വ” എന്നത്രെ!. അതുകൊണ്ട് തന്നെ ഇടവം, മിഥുനം, കുംഭം തുലാം, വൃശ്ചികം എന്നീ കൂറുകളിലെ കാർത്തിക, രോഹിണി, മകയിരം,തിരുവാതിര, പുണർതം, അവിട്ടം, ചതയം, പൂരുട്ടാതി,ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രജാതരിൽ, മിഥുനരാശിയിൽ സ്ഥിതി ചെയ്യുന്ന ചൊവ്വ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് അറിയാം.
ഇടവക്കൂർ (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): ജന്മരാശിയിൽ നിന്നും ചൊവ്വ മാറിയത് വലിയൊരാശ്വാസമാണ്. മനസ്സംഘർഷം നീങ്ങും. ദേഹാരോഗ്യം സുസ്ഥിതിയിലാകും. എന്നാൽ വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണം. പ്രകോപിപ്പിക്കുന്നതോ പരുഷമായതോ ആയ വാക്കുകൾ പറയാൻ ഉൾപ്രേരണയുണ്ടാകാം. മുഖരോഗങ്ങൾ ക്ലേശിപ്പിച്ചേക്കാം. ബന്ധുക്കളുടെ പിന്തുണ പ്രതീക്ഷിച്ചതുപോലെ ലഭിച്ചില്ലെന്നത് സങ്കടമുണ്ടാക്കും. വിദ്യാർത്ഥികൾക്ക് പഠനവും പരീക്ഷയും വലിയ വെല്ലുവിളികളാവാം. ധനവരവ് ഇടക്കിടെ കുറയാം.
മിഥുനക്കൂർ (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം മുക്കാൽ): ജന്മരാശിയിലെ ചൊവ്വ ഗുണപ്രദനല്ല. തെറ്റായ തീരുമാനങ്ങൾ എടുക്കാൻ പ്രേരണയുണ്ടാകും. ആരോഗ്യകാര്യത്തിൽ നല്ലശ്രദ്ധ വേണം. ദുശ്ശീലങ്ങൾ ഒഴിവാക്കണം. സാമ്പത്തികമായി മെച്ചം കുറയുന്നതാണ്. ദാമ്പത്യത്തിൽ സ്വൈരക്കേടുകൾ വന്നേക്കാം. സംഘടനകളിൽ പ്രവർത്തിക്കുന്നവർ ചോദ്യം ചെയ്യപെടാനിടയുണ്ട്. വസ്തുസംബന്ധിച്ച വ്യവഹാരങ്ങളിൽ വിധി അനുകൂലമായേക്കാം. മുൻപിൻ നോക്കാതെ കൈക്കൊള്ളുന്ന നടപടികൾ ചിലപ്പോൾ വിജയം കണ്ടെന്ന് വരാം. സാഹസങ്ങൾ ഒഴിവാക്കുന്നത് ഉചിതം.
കുംഭക്കൂർ (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ): അഞ്ചാം ഭാവത്തിലെ കുജസ്ഥിതി അതിചിന്തയ്ക്കും ഒപ്പം ബുദ്ധിശൂന്യമായ തീരുമാനങ്ങൾക്കും കാരണമാകാം. ഗൃഹനിർമ്മാണ പ്രവർത്തനം ഇഴയും. വായ്പകളുടെ അടവ് മുടങ്ങും. മക്കളുമായി ഭിന്നാഭിപ്രായം ഉണ്ടായെന്ന് വരാം. സാങ്കേതികപഠനത്തിൽ പിന്നിലാവും. നല്ല ഉപദേശങ്ങൾ ആരിൽ നിന്നും ലഭിക്കില്ല. മറ്റ് ഗ്രഹങ്ങളുടെ ആനുകൂല്യം കൊണ്ടുള്ളതാവും വന്നെത്തുന്ന നേട്ടങ്ങൾ. കുമാർഗങ്ങളിലൂടെ ധനം വന്നുചേരാനിടയുണ്ട്. ആരോഗ്യകാര്യത്തിൽ വലിയതോതിലുള്ള ജാഗ്രത ആവശ്യമുണ്ട്.
തുലാക്കൂർ (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം മുക്കാൽ): ഭാഗ്യാനുഭവങ്ങൾ തുടരുന്നതായിരിക്കും. സാഹസ കർമ്മങ്ങൾക്ക് മുതിരരുത്. വലിയ മുതൽമുടക്കുള്ള സംരംഭങ്ങൾ ഇപ്പോൾ തുടങ്ങാതിരിക്കുകയാവും ആശാസ്യം. ചില സൗഹൃദങ്ങൾ ദോഷത്തിനാണോ എന്ന് ചിന്തിക്കും. ഉപാസനാദികളിൽ തടസ്സം വരാം. മാതാപിതാക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. മക്കളുടെ പഠനം / വിവാഹം ഇത്യാദികൾക്ക് വായ്പാ സൗകര്യം പ്രയോജനപ്പെടുത്തും. പൊതുപ്രവർത്തനത്തിൽ അനിഷ്ടമോ വിരക്തിയോ വരാം.
വൃശ്ചികക്കൂർ (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): അഷ്ടമസ്ഥനാണ് ചൊവ്വ. സാഹസങ്ങൾ ഒഴിവാക്കണം. വാഹനം, അഗ്നി, ആയുധം ഇവയിൽ ശ്രദ്ധ വേണം. സ്ഥിരരോഗികൾ വൈദ്യപരിശോധനയിൽ അലംഭാവമരുത്. പണവരവ് മന്ദഗതിയിലാവാം. വസ്തുസംബന്ധിച്ച വ്യവഹാരങ്ങളിൽ അനുകൂലവിധി വൈകിയേക്കും. അന്യനാട്ടിൽ ജോലി തേടുന്നവർക്ക് അതിനവസരം ഉണ്ടാവും. ചെറുകിട ജോലികളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് തരക്കേടില്ലാത്ത കാലമാണ്. നവസംരംഭങ്ങൾ തുടങ്ങുന്നത് പിന്നീടത്തേക്ക് മാറ്റുന്നതാവും ഉചിതം.