Mars in Midhunam Rashi 2023 Star Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: 2023 മാർച്ച് 13 ന് (1198 കുംഭം 29 ന്) ചൊവ്വ മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നു. മേയ് 10 വരെ (മേടം 26 വരെ), ഏകദേശം രണ്ടുമാസത്തോളം മിഥുനത്തിൽ തുടരുകയുമാണ്. ചൊവ്വയുടെ ശത്രുഗ്രഹമായ ബുധന്റെ സ്വക്ഷേത്രമാണ് മിഥുനം. അതിനാൽ ചൊവ്വയ്ക്ക് മിഥുനത്തിൽ കുറച്ച് ബലഹാനിയുണ്ട്. അത് ഫലത്തെ സ്വാധീനിക്കും എന്ന് കരുതാം. ഏറ്റക്കുറച്ചിലുകളോടെയാണ് ചൊവ്വ ഫലം തരിക എന്നും വരാം.
പാപഗ്രഹങ്ങൾ പൊതുവേ 3,6,11 എന്നീ രാശികളിൽ മാത്രമാണ് ഗുണദാതാക്കളാവുന്നത്. ആ നിലയ്ക്ക് നോക്കിയാൽ മേടം, മകരം, ചിങ്ങം എന്നീ കൂറുകളിൽ ജനിച്ചവർക്കാണ് ചൊവ്വയുടെ ഈ മാറ്റം കൂടുതൽ ഗുണകരമാവുക. സാമാന്യമായ ചില അനുഭവങ്ങൾ മറ്റുള്ള രാശിക്കാർക്കും പ്രതീക്ഷിക്കാനാവും. ഭൂമികാരകൻ ആണ് ചൊവ്വ. പഞ്ചഭൂതങ്ങളിൽ അഗ്നി, പഞ്ചകോശങ്ങളിൽ മനോമയകോശം, ത്രിദോഷങ്ങളിൽ പിത്തം, മനുഷ്യബന്ധങ്ങളിൽ സാഹോദര്യം, വിജ്ഞാനങ്ങളിൽ ഭൗതിക ശാസ്ത്രം- രസതന്ത്രം, ഖനിശാസ്ത്രം, ധാതുദ്രവ്യങ്ങൾ തുടങ്ങിയവയുടെ കാരകത്വം ചൊവ്വയ്ക്കുണ്ട്.
“ക്രൂരേക്ഷണനും തരുണമൂർത്തിയും ഉദാരശീലനും ചപലനും കൃശമദ്ധ്യദേഹനുമാണ് ചൊവ്വ ” എന്ന് വരാഹമിഹിരൻ വ്യക്തമാക്കുന്നു. ചൊവ്വയുടെ ഗോചരത്തിലെ ഫലദാനരീതിയെക്കുറിച്ച് വരാഹമിഹിരൻ പറയുന്നത് ഇപ്രകാരമാണ്: “ഒരു രാശിയിൽ പ്രവേശിച്ചാൽ ഉടൻ തന്നെ ഫലം തരുന്ന ഗ്രഹമാണ് ചൊവ്വ” എന്നത്രെ!
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): ആത്മശക്തി അധികരിക്കും. എതിർപ്പുകളെ തൃണവൽഗണിക്കും. അസാധ്യം എന്ന് കരുതി ഒപ്പമുള്ളവർ പിൻവാങ്ങിയ വലിയ കാര്യങ്ങൾ നിസ്സങ്കോചം ഏറ്റെടുത്ത് പൂർത്തീകരിക്കും. തൊഴിലിൽ മുന്നേറ്റം വരുന്നതാണ്. കച്ചവടം മെച്ചപ്പെടാം. സംഘടനകളുടെ നേതൃനിരയിൽ എത്തും. ഭൂമിയിൽ നിന്നും ലാഭം പ്രതീക്ഷിക്കാവുന്നതാണ്. ബന്ധുക്കളുടെ പിന്തുണ ശക്തി പകരും. കടവും രോഗവും കുറഞ്ഞുവരുന്ന കാലമായിരിക്കും.
ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): ജന്മരാശിയിൽ നിന്നും ചൊവ്വ മാറിയത് വലിയൊരാശ്വാസമാണ്. മനസ്സംഘർഷം നീങ്ങും. ദേഹാരോഗ്യം സുസ്ഥിതിയിലാകും. എന്നാൽ വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണം. പ്രകോപിപ്പിക്കുന്നതോ പരുഷമായതോ ആയ വാക്കുകൾ പറയാൻ ഉൾപ്രേരണയുണ്ടാകാം. മുഖരോഗങ്ങൾ ക്ലേശിപ്പിച്ചേക്കാം. ബന്ധുക്കളുടെ പിന്തുണ പ്രതീക്ഷിച്ചതുപോലെ ലഭിച്ചില്ലെന്നത് സങ്കടമുണ്ടാക്കും. വിദ്യാർത്ഥികൾക്ക് പഠനവും പരീക്ഷയും വലിയ വെല്ലുവിളികളാവാം. ധനവരവ് ഇടക്കിടെ കുറയാം.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം മുക്കാൽ): ജന്മരാശിയിലെ ചൊവ്വ ഗുണപ്രദനല്ല. തെറ്റായ തീരുമാനങ്ങൾ എടുക്കാൻ പ്രേരണയുണ്ടാകും. ആരോഗ്യകാര്യത്തിൽ നല്ലശ്രദ്ധ വേണം. ദുശ്ശീലങ്ങൾ ഒഴിവാക്കണം. സാമ്പത്തികമായി മെച്ചം കുറയുന്നതാണ്. ദാമ്പത്യത്തിൽ സ്വൈരക്കേടുകൾ വന്നേക്കാം. സംഘടനകളിൽ പ്രവർത്തിക്കുന്നവർ ചോദ്യം ചെയ്യപെടാനിടയുണ്ട്. വസ്തുസംബന്ധിച്ച വ്യവഹാരങ്ങളിൽ വിധി അനുകൂലമായേക്കാം. മുൻപിൻ നോക്കാതെ കൈക്കൊള്ളുന്ന നടപടികൾ ചിലപ്പോൾ വിജയം കണ്ടെന്ന് വരാം. സാഹസങ്ങൾ ഒഴിവാക്കുന്നത് ഉചിതം.
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം): പന്ത്രണ്ടിലാണ് ചൊവ്വ. വിദേശത്ത് തൊഴിൽ സാധ്യതയുണ്ടാകും. ചിലർ വീടോ നാടോ വിട്ടുനിൽക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ലാഭം കുറയാനിടയുണ്ട്. നിലവിലെ ജോലി ഉപേക്ഷിച്ച് പുതിയത് തേടാൻ ഒരുങ്ങുന്നത് ഇപ്പോൾ ഉചിതമാവില്ല. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ വിരോധം ഉണ്ടാകാം. ദുർവാസനകളും ദുശ്ശീലങ്ങളും തലപൊക്കിയേക്കും. മത്സരങ്ങൾക്കായി ധനം ചെലവഴിക്കുന്നതിൽ നിയന്ത്രണം വേണ്ടതുണ്ട്. കടം വാങ്ങാനുള്ള പ്രേരണയെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്.