Mars in Edavam Rashi 2022 Effects on Stars Moolam to Revathy: 2022 ഓഗസ്റ്റ് 10 ന് (1197 കർക്കടകം 25 ന്) ചൊവ്വ മേടം രാശിയിൽ നിന്നും ഇടവത്തിലേക്ക് സംക്രമിക്കുകയാണ്. സാധാരണ 45 ദിവസമാണ് ഒരു രാശിയിൽ ഉണ്ടാവുക. ഇത്തവണ രണ്ടുമാസത്തിലധികം, ഏതാണ്ട് 67 ദിവസം ചൊവ്വ ഇടവം രാശിയിൽ സഞ്ചരിക്കുവാൻ പോകുകയാണ്. ഇടവം ശുക്രന്റെ രാശിയാണ്. സ്ഥിരരാശിയാണ്. മറ്റ് ഗ്രഹങ്ങളൊന്നും ചൊവ്വക്കൊപ്പമില്ല. ശുക്രനും ചൊവ്വയും പരസ്പരം സമന്മാരായ ഗ്രഹങ്ങളാണ്. അവർക്കിടയിൽ മൈത്രിയോ ക്ഷാത്രമോ ഇല്ല. അതിനാൽ ചൊവ്വ വലിയ ബലശാലിയല്ല, ഇടവത്തിൽ എന്ന് പറയേണ്ടിവരും.
മൂലം മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരെ ചൊവ്വ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ഇവിടെ വിശദീകരിക്കുന്നത്.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): കാര്യങ്ങൾ അനുകൂലമാവും. ആത്മവിശ്വാസം വർദ്ധിക്കും. നവസംരംഭങ്ങൾ തുടങ്ങാൻ അനുമതി ലഭിക്കും. എതിർപ്പുകളുടെ മുനയൊടിക്കും. ആരോഗ്യപരമായി സംതൃപ്തമായ സമയമാണ്. പദവികളിൽ ശോഭിക്കും. സഹപ്രവർത്തകരുടെ വിശ്വാസമാർജിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): ഭാവിക്ക് ഗുണകരം എന്ന് തോന്നുന്ന ആലോചനകൾ കർമ്മരംഗത്തെത്തിക്കാൻ കഴിയാതെ വിഷമിക്കും. സന്താനങ്ങളുടെ പഠനം / വിവാഹം തുടങ്ങിയ കാര്യങ്ങളിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാവും. വരവധികമാകും ; ചെലവുകൾക്കും വഴി തെളിയും. കലാകാരന്മാർ സ്വന്തം സൃഷ്ടികളുടെ പ്രകാശനം നീട്ടിവെക്കാനിടയുണ്ട്. ചിലരുടെ ഉപദേശം നല്ലതിനാണോ ചീത്തയ്ക്കാണോ എന്ന സന്ദേഹമുയരും. കമ്മീഷൻ ഏജൻസികൾ നടത്തുന്നവർക്കും, കരാർ പണിക്കാർക്കും ജോലിയിൽ വളർച്ച വരാം. ആരോഗ്യ പരിശോധനകൾ മുടക്കരുത്.
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1, 2, 3 പാദങ്ങൾ): മിത്രങ്ങളുടെ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും. ഗൃഹനിർമ്മാണത്തിനുള്ള അനുമതി നേടാൻ അലച്ചിലുണ്ടാവും. അശനശയനസൗഖ്യത്തിന് കുറവ് വരും. കുടുംബാംഗങ്ങൾക്കിടയിൽ ഐക്യം കുറയുന്നതായി തോന്നാം. മാതാവിന്റെ ആരോഗ്യ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ ഉയർന്നേക്കും. ഉദ്യോഗസ്ഥർക്ക് മേലധികാരികളിൽ നിന്നും ശാസന കേൾക്കേണ്ടി വരാം. ഉദരരോഗത്തിന് ചികിത്സ വേണ്ടി വന്നേക്കാം.
മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. ആത്മാഭിമാനം വർദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കുടുംബത്തോടൊപ്പം തീർത്ഥാടനം നടത്തും. എതിരാളികളുടെ പ്രവർത്തനങ്ങൾ സ്വയം ഇല്ലാതാവും. പൊതുപ്രവർത്തകർക്ക് സ്വീകാര്യത ഏറും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉയർന്ന വിജയം നേടാനാവും. കച്ചവടം ചെയ്യുന്നവർക്ക് ലാഭം കൂടും. പൊതുവേ സമാധാനവും സന്തോഷവുമുള്ള കാലമാണ്.