2022 ആഗസ്റ്റ് 10 ന് (1197 കർക്കടകം 25 ന്) ചൊവ്വ മേടം രാശിയിൽ നിന്നും ഇടവത്തിലേക്ക് സംക്രമിക്കുകയാണ്. സാധാരണ 45 ദിവസമാണ് ഒരു രാശിയിൽ ഉണ്ടാവുക. ഇത്തവണ രണ്ടുമാസത്തിലധികം, ഏതാണ്ട് 67 ദിവസം ചൊവ്വ ഇടവം രാശിയിൽ സഞ്ചരിക്കുവാൻ പോകുകയാണ്. ഇടവം ശുക്രന്റെ രാശിയാണ്. സ്ഥിരരാശിയാണ്. മറ്റ് ഗ്രഹങ്ങളൊന്നും ചൊവ്വക്കൊപ്പമില്ല. ശുക്രനും ചൊവ്വയും പരസ്പരം സമന്മാരായ ഗ്രഹങ്ങളാണ്. അവർക്കിടയിൽ മൈത്രിയോ ക്ഷാത്രമോ ഇല്ല. അതിനാൽ ചൊവ്വ വലിയ ബലശാലിയല്ല, ഇടവത്തിൽ എന്ന് പറയേണ്ടിവരും.
പന്ത്രണ്ട് രാശികളിലും ഇരുപത്തിയേഴ് നാളുകളിലും ജനിച്ചവരെ ചൊവ്വ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ഇവിടെ വിശദീകരിക്കുന്നത്.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദത്തിന്): ജന്മരാശിയിൽ നിന്നിരുന്ന ചൊവ്വ രണ്ടാമെടത്തിലേക്ക് മാറിയത് വലിയ ആശ്വാസമാണ്. എന്നാലും കുറച്ചൊക്കെ തിക്തഫലങ്ങൾ വരാം. പരുക്കൻ വാക്കുകൾ പറയാൻ സാഹചര്യം ഉണ്ടായേക്കും. മക്കളോടോ ബന്ധുമിത്രാദികളോടോ കലഹിക്കാനുള്ള സാഹചര്യങ്ങളുണ്ട്. വിദ്യാർത്ഥികൾക്ക് ആശിച്ച വിഷയത്തിൽ പഠനാനുമതി ലഭിച്ചില്ലെന്നു വരാം. എതിർപ്പുകൾ പല ഭാഗത്തുനിന്നുമുയരാം. ഉദ്യോഗസ്ഥർക്ക് മേലധികാരിയുടെ അപ്രീതിയുണ്ടാവും. വിലപിടിപ്പുള്ള വസ്തുക്കൾ കളവ് പോകാതെ ശ്രദ്ധിക്കണം. മുഖരോഗങ്ങൾക്ക് (പല്ല് വേദന, ചെവിവേദന ഇത്യാദി) സാധ്യത കൂടുതലാണ്.
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ): ജന്മരാശിയിലാണ് ചൊവ്വയുടെ സഞ്ചാരം. അതിനാൽ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. കുടുംബത്തിലും ദാമ്പത്യത്തിലും അനൈകൃത്തിന് സാധ്യതയുണ്ട്. പ്രണയികൾക്കിടയിൽ ‘ego’ ഉണ്ടാവും. തന്മൂലം അസ്വാരസ്യങ്ങൾ ഭവിച്ചേക്കാം. പണവരവ് ഉയരുമെങ്കിലും അനാവശ്യച്ചെലവുകൾ വരാം. പല കാര്യങ്ങളും വിചാരിച്ചതു പോലെ നടന്നെന്നു വരുന്നതല്ല. പ്രതികൂലതകളെ മറികടക്കാൻ മുഴുവൻ ശക്തിയും പുറത്തെടുക്കേണ്ടി വരുന്നതായിരിക്കും.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ): വേണ്ടപ്പെട്ടവർ അന്യനാട്ടിലേക്ക് മാറിപ്പോകുന്നത് മനോവിഷമത്തിന് കാരണമാകും. ദൂരയാത്രകൾ പ്രയോജനരഹിതമായിത്തീരാം. ചികിത്സാർത്ഥം പണച്ചെലവ് വരും. ; അതിനനുസരിച്ച് ആദായം ഉയരണമെന്നില്ല. അപകടങ്ങളെ അതിജീവിക്കുന്നതായിരിക്കും. ചീത്തക്കൂട്ടുകെട്ടുകളിൽ നിന്നും അകലം പാലിക്കാനുള്ള ശ്രമം അധികം വിജയിക്കില്ല. ഊഹക്കച്ചവടത്തിൽ നിന്നും വിചാരിച്ചത്ര ലാഭം കിട്ടിക്കൊള്ളണമെന്നില്ല.
കർക്കടകക്കൂറിന് (പുണർതം നാലാംപാദം, പൂയം, ആയില്യം): ഭൂമി, കച്ചവടം എന്നിവയിൽ നിന്നും ആദായം ഉയരും. അകന്ന ബന്ധുക്കൾ അടുക്കും. ഭോഗസിദ്ധിയുണ്ടാവും. വിദേശ യാത്രകൾക്ക് അനുമതി ലഭിക്കും. വിദ്യാർത്ഥികൾക്ക് നല്ലകാലമാണ്. രാഷ്ട്രീയക്കാർ പുതിയ പദവികളിൽ പ്രവേശിക്കും. പ്രണയികൾക്കിടയിൽ സ്നേഹവും അനുരാഗവുമേറും. കിടപ്പ് രോഗികൾക്ക് ആശ്വാസമനുഭവപ്പെടുന്നതായിരിക്കും.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): കർമ്മമേഖല പ്രക്ഷുബ്ധമായേക്കും. മുൻപ് ആലോചിച്ചുറച്ച പദ്ധതികൾ തുടങ്ങാൻ കഴിഞ്ഞേക്കില്ല. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് അവസരങ്ങൾ കുറയാം. രാഷ്ട്രീയക്കാർക്ക് കടുത്ത മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടതായിവരും. സർക്കാരിൽ നിന്നും സഹായ ധനം വന്നുചേരാൻ കാലവിളംബം ഉണ്ടാവുന്നതാണ്. ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്താൻ ക്ലേശിക്കും. വിദ്യാർത്ഥികളുടെ ഉപരിപഠനപ്രവേശനത്തിന് കാത്തിരുപ്പ് തുടരപ്പെടാം. വൈദ്യപരിശോധനകളിൽ അമാന്തം അരുത്.
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ): വരുമാനത്തിൽ നേരിയ വർദ്ധന വന്നുചേരാം. കടബാധ്യതയെ കുറച്ചൊന്ന് പിടിച്ചു നിർത്താൻ കഴിഞ്ഞേക്കും. ഉപാസനകളിലും ഈശ്വരസമർപ്പണങ്ങളിലും വിഘ്നങ്ങൾ വരാം. രോഗാവസ്ഥ വർദ്ധിച്ചേക്കാം. സ്വന്തം ആരോഗ്യരംഗവും പ്രശ്നങ്ങളുള്ളതാകയാൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മക്കളുടെ കാര്യത്തിൽ നല്ലശുഷ്ക്കാന്തി വേണം. സഹോദരരുമായി പൈതൃക സ്വത്തിനെച്ചൊല്ലി ചില്ലറ വാഗ്വാദങ്ങൾ ഉയരാം. എതിർപ്പുകളെ ശക്തമായി പ്രതിരോധിക്കും.
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3): അഷ്ടമ കുജനാണ്- ജാഗരൂകത എല്ലാക്കാര്യത്തിലും വേണ്ടതുണ്ട്. ഭൂമി സംബന്ധിച്ച വ്യവഹാരങ്ങളിൽ അന്തിമ വിധി നീണ്ടേക്കും. സ്ഥിരപരിശ്രമങ്ങൾക്ക് ചില നേട്ടങ്ങൾ വന്നെത്താതിരിക്കില്ല. വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടാം. തൊഴിൽ തേടുന്നവർക്ക് നൈരാശ്യം ഭവിക്കാം. രക്തസമ്മർദ്ദം മൂലമുള്ള രോഗാവസ്ഥ ഒരു സാധ്യതയാണ്. ഗൃഹനിർമ്മാണം ഇഴയും. അകാരണമായ ഭയപ്പാടുകൾക്കും വിധേയരാവാം.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): അനുരാഗികൾക്ക് പരസ്പരസ്നേഹം നഷ്ടപ്പെടാം. ദാമ്പത്യം അനുഭവിക്കുന്നവർ വിരഹ വിഷാദാദികളാൽ വലയും. പങ്കുകച്ചവടത്തിൽ ഭിന്നതകൾ ഉയരാനിടയുണ്ട്. നേത്രരോഗമോ ജ്വരാദികളോ ജീവിതചര്യയെ തകിടംമറിക്കാം. യാത്രകൾ വൃഥാവ്യയത്തിനിടവരുത്തും. കരാർപണിക്കാർക്ക് കരാർ പുതിക്കിക്കിട്ടാം. കൃഷിക്കാരുടെ വിളകൾക്ക് ആവശ്യക്കാരേറും. വ്യക്തിപരമായ സാഹസ കർമ്മങ്ങൾക്ക് കാലം അനുകൂലമല്ലെന്ന ഓർമ്മ വേണം.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): കാര്യങ്ങൾ അനുകൂലമാവും. ആത്മവിശ്വാസം വർദ്ധിക്കും. നവസംരംഭങ്ങൾ തുടങ്ങാൻ അനുമതി ലഭിക്കും. എതിർപ്പുകളുടെ മുനയൊടിക്കും. ആരോഗ്യപരമായി സംതൃപ്തമായ സമയമാണ്. പദവികളിൽ ശോഭിക്കും. സഹപ്രവർത്തകരുടെ വിശ്വാസമാർജിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): ഭാവിക്ക് ഗുണകരം എന്ന് തോന്നുന്ന ആലോചനകൾ കർമ്മരംഗത്തെത്തിക്കാൻ കഴിയാതെ വിഷമിക്കും. സന്താനങ്ങളുടെ പഠനം / വിവാഹം തുടങ്ങിയ കാര്യങ്ങളിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാവും. വരവധികമാകും ; ചെലവുകൾക്കും വഴി തെളിയും. കലാകാരന്മാർ സ്വന്തം സൃഷ്ടികളുടെ പ്രകാശനം നീട്ടിവെക്കാനിടയുണ്ട്. ചിലരുടെ ഉപദേശം നല്ലതിനാണോ ചീത്തയ്ക്കാണോ എന്ന സന്ദേഹമുയരും. കമ്മീഷൻ ഏജൻസികൾ നടത്തുന്നവർക്കും, കരാർ പണിക്കാർക്കും ജോലിയിൽ വളർച്ച വരാം. ആരോഗ്യ പരിശോധനകൾ മുടക്കരുത്.
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1, 2, 3 പാദങ്ങൾ): മിത്രങ്ങളുടെ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും. ഗൃഹനിർമ്മാണത്തിനുള്ള അനുമതി നേടാൻ അലച്ചിലുണ്ടാവും. അശനശയനസൗഖ്യത്തിന് കുറവ് വരും. കുടുംബാംഗങ്ങൾക്കിടയിൽ ഐക്യം കുറയുന്നതായി തോന്നാം. മാതാവിന്റെ ആരോഗ്യ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ ഉയർന്നേക്കും. ഉദ്യോഗസ്ഥർക്ക് മേലധികാരികളിൽ നിന്നും ശാസന കേൾക്കേണ്ടി വരാം. ഉദരരോഗത്തിന് ചികിത്സ വേണ്ടി വന്നേക്കാം.
മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. ആത്മാഭിമാനം വർദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കുടുംബത്തോടൊപ്പം തീർത്ഥാടനം നടത്തും. എതിരാളികളുടെ പ്രവർത്തനങ്ങൾ സ്വയം ഇല്ലാതാവും. പൊതുപ്രവർത്തകർക്ക് സ്വീകാര്യത ഏറും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉയർന്ന വിജയം നേടാനാവും. കച്ചവടം ചെയ്യുന്നവർക്ക് ലാഭം കൂടും. പൊതുവേ സമാധാനവും സന്തോഷവുമുള്ള കാലമാണ്.