/indian-express-malayalam/media/media_files/2025/11/05/chovva-moudyam-2025-11-05-16-31-41.jpg)
Mars Debilitation: ചൊവ്വ മൗഢ്യത്തിൽ
Astrology: ചൊവ്വ അഥവാ കുജൻ (Mars) മൗഢ്യാവസ്ഥയിലേക്ക് കടക്കുകയാണ്. ഇനി ഏതാണ്ട് അഞ്ചുമാസക്കാലം, 2025 നവംബർ 5 മുതൽ 2026 ഏപ്രിൽ 1 വരെ (1201 തുലാം 19 മുതൽ മീനം 18 വരെ) ചൊവ്വ/കുജൻ മൗഢ്യത്തിലാവും (Debilitated State). ഗ്രഹങ്ങൾക്ക് സൂര്യസാമീപ്യം മൂലം ഉണ്ടാവുന്ന ബലഹാനിയാണ് മൗഢ്യം എന്നറിയപ്പെടുന്നത്. സൂര്യനും ചൊവ്വയും തമ്മിൽ 17 ഡിഗ്രി മാത്രമായി ദൂരവ്യത്യാസം കുറയുമ്പോൾ ചൊവ്വയ്ക്ക് മൗഢ്യം തുടങ്ങും.
സാധാരണയായി വർഷത്തിൽ 120 ദിവസം/ 4 മാസക്കാലം ചൊവ്വ ഇപ്രകാരം മൗഢ്യത്തിലാവും. ഈ വർഷം ഇത് 150 ദിവസമായി (5 മാസമായി) ഉയരുന്നുണ്ട്. വൃശ്ചികം മുതൽ കുംഭം വരെ നാലുരാശികളിലും അനിഴം മുതൽ പൂരൂരുട്ടാതി വരെ ഒമ്പതുനാളുകളിലുമായി ഇക്കാലയളവിൽ ചൊവ്വ കടന്നുപോകും. ധനു, മകരം മാസങ്ങളിൽ സൂര്യനും ചൊവ്വയും തമ്മിലുള്ള അകലം തീരെക്കുറയുന്നതിനാൽ അക്കാലത്തെ മൗഢ്യത്തിൻ്റെ പരമകാഷ്ഠ എന്നുവിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.
മാനസികവും ശാരീരികവുമായ ഓജസ്സിൻ്റെ കാരകഗ്രഹമാണ് ചൊവ്വ. ഭൂമികാരകത്വം, യുദ്ധകാരകത്വം എന്നിവയും ചൊവ്വയ്ക്കുണ്ട്. കനിഷ്ഠ സഹോദരരെ സൂചിപ്പിക്കുന്ന ഗ്രഹവും ചൊവ്വയാണ്. മൗഢ്യം വരുമ്പോൾ ഗ്രഹം ഏറ്റവും ദുർബലനാവുന്നു. രോഗഗ്രസ്തരായ മനുഷ്യരെപ്പോലെയാണ് മൗഢ്യം വന്ന ഗ്രഹവും. ആത്മശക്തിയും മനസ്സിൻ്റെയും ശരീരത്തിൻ്റെയും പ്രതിരോധ ശക്തികളും ചോർന്നുപോകുന്നു.
പാപഗ്രഹമാണ് ചൊവ്വ. ക്രൂരനെന്ന് ചൊവ്വയ്ക്ക് പേരുണ്ട്. മൗഢ്യം വന്ന ചൊവ്വ ദുർബലനാവുകയാൽ ഏറ്റവും ക്രൂരനാവുന്നു. അതിനാൽ വളരെയധികം കരുതൽ വേണ്ട കാലമാണിത്. ആപത്തുകൾ നിഴലുപോലെ ഒപ്പമുണ്ടെന്ന തോന്നൽ ശക്തമാകും. പലതരം സമ്മർദ്ദങ്ങളുണ്ടാവും. അകാരണമായ ഭയം ഉടലെടുക്കാം. പരാജയഭീതി അലട്ടുന്നതാണ്. വിശദവിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.
Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
മേടക്കൂറുകാരുടെ അധിപനാണ് ചൊവ്വ. അതിനാൽ ചൊവ്വയുടെ ഗുണവും ദോഷവും, ഉച്ചവും നീചവും മൗഢ്യാവസ്ഥയുമെല്ലാം മേടക്കൂറുകാരെ കാര്യമായി ബാധിക്കും/സ്വാധീനിക്കും. ആത്മവിശ്വാസത്തിന് മങ്ങലേൽക്കാം. ചെറുലക്ഷ്യം നേടാൻ പതിവിലും സമയം വേണ്ടിവരുന്നതാണ്. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയാനിടയുണ്ട്. പഠിച്ചുറപ്പിച്ച കാര്യങ്ങൾ വീണ്ടും പഠിക്കേണ്ടി വന്നേക്കും. ഉദ്യോഗത്തിലിരിക്കുന്നവർ പ്രൊമോഷൻ/ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് അത്ര എളുപ്പത്തിലാവും എന്ന് പറയാനാവില്ല. കിടമത്സരങ്ങൾ മാനസികമായി തളർത്താം. പ്രധാന കാര്യങ്ങൾ മറന്നുപോകുക, തെറ്റായി മനസ്സിലാക്കുക എന്നിവയും സംഭവിക്കാം. കടബാധ്യതകൾ ഉള്ളവർ അവ വീട്ടാൻ വിഫലശ്രമം നടത്തും. കൂടുതൽ കടം വാങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഗൃഹനിർമ്മാണം ആരംഭിക്കാനും പൂർത്തീകരിക്കാനുമൊക്കെ വൈകിയേക്കും. ജീവിതശൈലീരോഗങ്ങളുള്ളവർ ജാഗ്രത പുലർത്തണം.
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
ഇടവക്കൂറിൽ ജനിച്ചവർക്ക് ചൊവ്വ 7, 12 എന്നീ ഭാവങ്ങളുടെ അധിപനാണ്. ഏഴാം ഭാവം പ്രണയം, ദാമ്പത്യം എന്നിവയുമായി ബന്ധപ്പെടുകയാൽ അതിൻ്റെ അധിപനായ ചൊവ്വയ്ക്ക് നീചം വരുന്നത് പ്രണയശൈഥില്യത്തിനിട വരുത്താം. ദാമ്പത്യത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതാണ്. സംശയം രോഗമായി വളരാം. മിഥ്യാധാരണകൾ ഉണ്ടാവും. ചെറിയ കാര്യങ്ങളിൽ കലഹമേർപ്പെടും. പ്രധാന യാത്രകൾ തടസ്സപ്പെടും. വിസ ലഭിക്കാൻ കാത്തിരിപ്പ് തുടരും. കൂടുകച്ചവടത്തിൽ ലാഭം കുറയുന്നതാണ്. അനാവശ്യമായ ചെലവുകൾ ഉണ്ടാവും. ദൂരദേശങ്ങളിലേക്ക് പോയവർക്ക് നാട്ടിലേക്ക് മടങ്ങാൻ വൈകും. പഠനകാര്യത്തിന് ചെലവേറും. നിക്ഷേപങ്ങൾ പിൻവലിക്കും. ആഢംബരം അധികരിക്കും. കുടുംബകാര്യങ്ങളിൽ താല്പര്യം ഇല്ലാത്തവിധം പെരുമാറും. രക്തസമ്മർദ്ദം കൂടനിടയുള്ളതിനാൽ ആരോഗ്യ പരിശോധനകളിൽ അമാന്തമരുത്. മകയിരം ചൊവ്വയുടെ നക്ഷത്രമാകയാൽ ഇടവക്കൂറിലെ മകയിരം നാളുകാർ കൂടുതൽ കരുതൽ കൈക്കൊള്ളേണ്ടതുണ്ട്.
മിഥുനക്കൂറിന് (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
ചൊവ്വ 11,6 ഭാവങ്ങളുടെ അധിപനാണ്. ചൊവ്വയ്ക്ക് മൗഢ്യാവസ്ഥ വരുന്നത് പലതരത്തിൽ മിഥുനക്കൂറുകാരെ ബാധിക്കാം. ശത്രുക്കളുടെ ഉപദ്രവം കൂടുന്നതാണ്. യാഥാർത്ഥ്യബോധം നഷ്ടമാകും. ഉൺമയല്ല, മിഥ്യയാവും നയിക്കുക. ഉപജാപങ്ങളുടെ ഉറവിടമറിയാതെ കുഴങ്ങുന്നതാണ്. പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരം ലഭിച്ചേക്കില്ല. കാലഹരണപ്പെട്ട സിദ്ധാന്തങ്ങളുടെ വിഴപ്പുഭാണ്ഡം ചുമക്കേണ്ടി വരുന്നതായിരിക്കും. കടബാധ്യത കൂടാതിരിക്കാൻ ശ്രദ്ധിക്കണം. ബിസിനസ്സിൽ നിന്നും പ്രതീക്ഷിച്ച ആദായം ഉണ്ടായേക്കില്ല. വിവാദങ്ങളിൽ നിന്നും അകന്നുനിൽക്കുക ഉചിതം. ഭൂമിവ്യാപാരത്തിൽ നഷ്ടം ഭവിക്കാനിടയുണ്ട്. ഗൃഹനിർമ്മാണക്കരാറുകൾ റദ്ദാക്കേണ്ടിവരും. തുടങ്ങിയ നിക്ഷേപങ്ങൾ മുടങ്ങും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾക്ക് കാത്തിരിപ്പ് അനിവാര്യമാണ്. രോഗാവസ്ഥ വിഷമിപ്പിക്കാം. സ്വയം രോഗനിർണയവും ചികിൽസയും വർജ്യം.
കർക്കടകക്കൂറ് (പുണർതം നാലാംപാദം, പൂയം, ആയില്യം)
5, 10 എന്നീ ഭാവങ്ങളുടെ അധിപനാണ് കർക്കടകക്കൂറുകാർക്ക് ചൊവ്വ. തീരുമാനത്തിലെത്താൻ കഴിയാത്ത ആലോചനകൾ കൂടുന്ന സാഹചര്യം സംജാതമാകും. ആലോചിച്ച് തീരുമാനിച്ചവ നടപ്പിലാക്കാനും വിഷമിക്കുന്നതാണ്. ഉപരിവിദ്യാഭ്യാസത്തിൽ വിളംബം ഏർപ്പെടാം. ആദ്ധ്യാത്മിക സാധനകൾ തടസ്സപ്പെടാനിടയുണ്ട്. അഞ്ചാം ഭാവം സന്താനങ്ങളെ കുറിക്കുന്നു. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ ഉയരാം. പത്താമെടം കർമ്മസ്ഥാനമാണ്. ബിസിനസ്സ് തുടങ്ങുന്നതിന് ആവശ്യമായ അനുമതി കിട്ടാതെ വിഷമിക്കും. ഉദ്യോഗസ്ഥർക്ക് ഉന്നതാധികാരികളുടെ അപ്രീതിക്ക് പാത്രമാവേണ്ടി വരുന്നതാണ്. അഭിമുഖങ്ങളിൽ പ്രതീക്ഷിച്ചത്ര ശോഭിക്കാൻ കഴിഞ്ഞേക്കില്ല. വായ്പകൾക്കുള്ള അപേക്ഷ പരിഗണിക്കാൻ വൈകിയേക്കും. പൊതു പ്രവർത്തകർക്ക് ജനകീയ പിന്തുണ കുറയുന്നതായി ആശങ്കയുണ്ടാവും. മത്സരങ്ങളിൽ വിജയിക്കാൻ കൂടുതൽ തന്ത്രങ്ങൾ മെനയേണ്ടി വരുന്നതായിരിക്കും.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ഭാഗ്യ/ സുഖ സ്ഥാനാധിപനാണ് ചിങ്ങക്കൂറുകാർക്ക് ചൊവ്വ. മൗഢ്യാവസ്ഥയിലുള്ള അധിപഗ്രഹം ഭാഗ്യാനുഭവങ്ങൾ സമ്മാനിക്കില്ലെന്ന് മാത്രമല്ല ചിലപ്പോൾ നിർഭാഗ്യത്തിനും കാരണമായെന്നു വരാം. പ്രതീക്ഷിച്ച സ്ഥാനമാനങ്ങൾ അവസാന നിമിഷം അനർഹരായവർക്ക് ലഭിക്കുന്നത് വേദനിപ്പിക്കും. ഗുരുജനങ്ങൾ/ പിതൃതുല്യർ രോഗക്ലേശങ്ങൾ മൂലം വിഷമിക്കാം. ധനാഗമം വൈകുന്നതിന് സാധ്യതയുണ്ട്. വാഗ്ദാനം ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായേക്കില്ല. ഉപാസനകൾ മുടങ്ങാനിടയുണ്ട്. നാലാമെടം വീട്, വാഹനം, മാതാവ്, സുഹൃത്തുക്കൾ എന്നിവയെ കുറിക്കുന്നു. വീട്ടിൽ സമാധാനം കുറയുന്നതാണ്. കുടുംബാംഗങ്ങൾക്കിടയിൽ അനൈക്യം പുലരും. വാഹനത്തിന് അറ്റകുറ്റപ്പണികൾ വരാം. സുഹൃത്തുക്കൾ/ബന്ധുക്കൾ പിണങ്ങുകയോ നിസ്സഹകരിക്കുകയോ ചെയ്യും. സർവ്വോപരി ദേഹസുഖവും മനസ്സുഖവും കുറയാനിടയുണ്ട്. മാതാപിതാക്കളുടെയും തൻ്റെയും ആരോഗ്യകാര്യത്തിൽ കരുതലുണ്ടാവണം.
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
കന്നിക്കൂറുകാർക്ക് മൂന്നാമെടത്തിൻ്റെയും എട്ടാമെടത്തി ൻ്റെയും അധിപനാണ് ചൊവ്വ. മൂന്നാമെടം സാഹോദര്യം, സഹായം, ധൈര്യം, സാഹസം ഇവയെ കുറിക്കുന്നു. സഹോദരരുമായി ഭൂമിസംബന്ധിച്ച തർക്കം ഉണ്ടാവാതിരിക്കാൻ കരുതൽ വേണം. സാഹസകർമ്മങ്ങളിലേർപ്പെടരുത്. ചിലരുടെ സഹായം സ്വീകരിക്കുന്നത് പിന്നീട് ദോഷകരമായേക്കും. എട്ടാമെടത്തിൻ്റെ അധിപനെന്ന നിലയ്ക്കുള്ള ചൊവ്വയുടെ മൗഢ്യാവസ്ഥ കാര്യതടസ്സം ഉണ്ടാക്കുന്നതാണ്. സുലഭ വസ്തുക്കൾ ദുർലഭ വസ്തുക്കളാവും. രോഗാരിഷ്ടങ്ങൾ വരാനിടയുണ്ട്. ജീവിതശൈലീ രോഗങ്ങളുള്ളവർ കൂടുതൽ കരുതൽ പുലർത്തേണ്ടതുണ്ട്. മറ്റുള്ളവരുടെ വാക്കുകൾ വിശ്വസിച്ച് എന്തെങ്കിലും കാര്യം ചെയ്യുന്നതിനെക്കാൾ സ്വയം ബോധ്യമായിട്ട് കാര്യനിർവഹണം നടത്തുകയാവും ഉചിതം. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത വേണം. അധികാരികൾക്ക് അപ്രിയം വരാം. സാമ്പത്തിക ഇടപാടുകളുടെ കണക്ക് സൂക്ഷിക്കുവാൻ മറക്കരുത്.
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
രണ്ടാമെടത്തിൻ്റെയും ഏഴാമെടത്തി ൻ്റെയും അധിപനാണ് തുലാക്കൂറുകാർക്ക് കുജൻ. രണ്ടാമെടം വാക്ക്, വിദ്യ, കുടുംബം, ധനം എന്നിവയെ കുറിക്കുന്നു. വാക്കുകൾ പരുഷങ്ങളാവാനിടയുണ്ട്. നല്ലത് പറഞ്ഞാലും തെറ്റായി മനസ്സിലാക്കപ്പെടും. പ്രഭാഷണത്തിനും പ്രബന്ധാവതരണത്തിനും ഉള്ള അവസരം നഷ്ടപ്പെടാം. വാഗ്ദാനലംഘനം നടത്തുന്നവരോട് കലഹിച്ചേക്കും. എന്നാൽ സ്വയം വാക്കു തെറ്റിക്കുന്ന സ്ഥിതിയും ഉടലെടുത്താൽ അത്ഭുതപ്പെടാനില്ല. കുടുംബകാര്യങ്ങളിൽ മറവി വരുന്നതുമൂലം ദാമ്പത്യപ്രശ്നങ്ങൾ ഉണ്ടാവുന്നതാണ്. ഇ എൻ ടി രോഗങ്ങൾ വിഷമിപ്പിച്ചേക്കാം. വിദ്യാഭ്യാസത്തിൽ തടസ്സങ്ങൾ ഏർപ്പെടുന്ന സാഹചര്യത്തിന് സാധ്യതയുണ്ട്. പ്രണയികൾക്കിടയിൽ ego കടന്നുവരും. തർക്കങ്ങൾ പതിവായേക്കാം. ഭാര്യാഭർത്താക്കന്മാർ ഉദ്യോഗവശാലോ മറ്റോ രണ്ടുദിക്കിൽ കഴിയേണ്ടതായി വരും. കൂട്ടുകച്ചവടത്തിൽ ലാഭം കുറയുന്നതാണ്. വിദേശജോലിക്കുള്ള കാത്തിരിപ്പ് തുടരുന്നതായിരിക്കും. ഉറക്കം കുറയും.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
ജന്മരാശിയുടെ/ കൂറിൻ്റെ അധിപനാണ് കുജൻ! ഒപ്പം ആറാമെട ത്തിൻ്റെയും. അതിനാൽ വൃശ്ചികക്കൂറുകാർക്ക് ചൊവ്വയുടെ മൗഢ്യാവസ്ഥ പലതരം പ്രശ്നങ്ങൾ സൃഷ്ടിക്കാം. ആത്മവിശ്വാസത്തിന് ഹാനിവരുന്നതാണ്. സഹജമായ കഴിവുകൾ മങ്ങുന്നതായി തോന്നും. അനായാസം ഏറ്റെടുത്തിരുന്ന ദൗത്യങ്ങളിൽ / വെല്ലുവിളികളിൽ ഭയപ്പാടനുഭവപ്പെടും. അവയിൽ നിന്നും പിൻവാങ്ങും. വിദ്യാർത്ഥികൾക്ക് പഠിച്ച വിഷയങ്ങളിൽ മറവി അനുഭവപ്പെടുന്നതാണ്. മത്സരങ്ങളിലും അഭിമുഖങ്ങളിലും നന്നായി ശോഭിക്കാൻ കഴിഞ്ഞേക്കില്ല. പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ മുന്നത്തെപ്പോലെ അഭിരുചി കാട്ടില്ല. കടബാധ്യതകൾ കൂടാനിടയുണ്ട്. സാമ്പത്തികമായ അച്ചടക്കം നഷ്ടമാകാം. സഹപ്രവർത്തകരോട് വിരോധിച്ചേക്കും. ശത്രുഭയം അധികമാവുന്നതാണ്. പണമോ ആഭരണമോ രേഖകളോ കളവ് പോകാനോ കളഞ്ഞുപോകാനോ സാധ്യതകാണുന്നു. പൊതുവേ പലതരം സമ്മർദങ്ങൾ വന്നുചേരുന്ന കാലമായിരിക്കും.
Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
5, 12 ഭാവങ്ങളുടെ അധിപനാണ് ചൊവ്വ. സന്താനങ്ങളെ സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. മക്കളുടെ പഠിപ്പ്, കൂട്ടുകെട്ട് ഇവ നിരീക്ഷിക്കപ്പെടണം. ആവശ്യമുള്ളപക്ഷം നേർവഴി ഉപദേശിക്കാനും തയ്യാറാവേണ്ടതുണ്ട്. ധനാഗമ മാർഗങ്ങൾ വികസിപ്പിക്കാൻ മുൻകൈയ്യെടുക്കണം. ബിസിനസ്സിൽ പാർട്ണർമാരെ ചേർക്കുന്നതിൽ ജാഗ്രത വേണം. വീടുവിട്ടുനിൽക്കുന്നവർക്ക് വീട്ടിലേക്ക് മടങ്ങാനായേക്കില്ല. ആത്മബലം ചോരുന്നതായി തോന്നും. പണമെടപാടുകളുടെ രേഖകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. എത്ര ശ്രമിച്ചാലും പാഴ്ച്ചെലവുകൾ ഒഴിവാക്കാനാവില്ലെന്ന സ്ഥിതിയുണ്ടാവാം. കിടമത്സരങ്ങളിൽ പരാജയം ഭവിക്കും. ചെറുപ്പക്കാരുടെ പ്രണയ കാര്യങ്ങളിൽ ശൈഥില്യം ഏർപ്പെടുവാനിടയുണ്ട്. ദാമ്പത്യത്തിൽ അനുരഞ്ജനത്തിൻ്റെ വഴി അടയുന്ന സ്ഥിതി വന്നേക്കാം. വിദേശത്ത് കഴിയുന്നവർക്ക് പുതിയ നിയമങ്ങൾ പ്രതികൂലമാവുന്നതാണ്. നിക്ഷേപങ്ങൾ കാലാവധി പൂർത്തിയാക്കും മുന്നേ പിൻവലിച്ചേക്കാം.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
നാലാമെടം, പത്താമെടം എന്നിവയുടെ അധിപനാണ് മകരക്കൂറുകാർക്ക് ചൊവ്വ. ഭൂമി വ്യവഹാരം നീളാം. കെട്ടിടത്തിന് വാടകക്കാരെ കിട്ടാൻ വൈകിയേക്കും. പുതുക്കിപ്പണിക്ക് പ്രതീക്ഷിച്ചതിലും ചെലവുണ്ടാവും. ബന്ധുക്കൾ തമ്മിലുള്ള പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുക ഉത്തമം. സുഹൃത്തുക്കളുടെ വാഗ്ദാനം പാഴാകാനിടയുണ്ട്. പുതിയ വാഹനം വാങ്ങുന്ന കാര്യത്തിൽ കുടുംബത്തിൽ തന്നെ ഭിന്നാഭിപ്രായം ഉണ്ടാവുന്നതാണ്. സ്വന്തം പണം മുടക്കി ചെയ്യുന്ന ബിസിനസ്സിൽ ലാഭം കുറയാം. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. ഉദ്യോഗസ്ഥർക്ക് പലതരം സമ്മർദ്ദങ്ങൾ ഉയരും. പൊതുപ്രവർത്തനത്തിൽ ദുരാരോപണങ്ങൾ ഉന്നയിക്കപ്പെടും. സാമ്പത്തികമായ ജാഗ്രത അനിവാര്യമാണ്. സാമൂഹിക മാധ്യമങ്ങളിലെ നിലപാടുകൾക്ക് നേരെ കടുത്ത വിമർശനം തൊടുത്തുവിടപ്പെടും. ആരോഗ സംരക്ഷണത്തിൽ ഉപേക്ഷയരുത്.
കുംഭക്കൂറിന് (അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
കുംഭക്കൂറുകാർക്ക് 3, 10 ഭാവങ്ങളുടെ അധിപനാണ് ചൊവ്വ. മൂന്നാം ഭാവത്തിലെ വിഷയങ്ങളിൽ സാഹസം, ധൈര്യം, സഹായം, സാഹോദര്യം ഇവ ഉൾപ്പെടുന്നു. കുജൻ്റെ മൗഢ്യാവസ്ഥയാൽ സഹോദരരുമായി സകാരണ/ അകാരണ പിണക്കം വരും. സ്വത്തുതർക്കം മൂലം വ്യവഹാരം ഭവിക്കാം. ദുർബുദ്ധിയുണ്ടാവും. സാഹസങ്ങൾക്ക് ഒരുമ്പെടുന്നതാണ്. പ്രതീക്ഷിച്ച സഹായം കിട്ടിയേക്കില്ല. മറ്റുള്ളവരെ സഹായിക്കാമെന്ന് വാക്കുകൊടുത്തിട്ടുണ്ടെങ്കിൽ അതും പരാജയപ്പെടും. പത്താമെടം കർമ്മഭാവമാകയാൽ തൊഴിലിൽ അതൃപ്തി തുടരും. പുതുതുടക്കങ്ങൾക്ക് പ്രതീക്ഷിച്ചത്ര വരവേൽപ്പ് ലഭിക്കണമെന്നില്ല. കലാകാരന്മാർക്ക് പറഞ്ഞുവെച്ച അവസരങ്ങൾ നഷ്ടമാകാനിടയുണ്ട്. പറഞ്ഞുറപ്പിച്ച പ്രതിഫലം കിട്ടിയെന്നുവരില്ല. പൊതുരംഗത്ത് വിമർശിക്കപ്പെടും. സഹപ്രവർത്തകരുടെ ജോലി കൂടി ചെയ്യേണ്ടി വരാം. കർമ്മരംഗത്ത് സുതാര്യത കുറയാം. എന്തോ രഹസ്യങ്ങൾ സൂക്ഷിക്കുകയാണെന്ന തോന്നലുണ്ടാവും.
മീനക്കൂറിന് (പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി)
രണ്ടും ഒമ്പതും ഭാവങ്ങളുടെ അധിപനാകയാൽ മീനക്കൂറുകാർക്ക് ചൊവ്വയുടെ മൗഢ്യം ദോഷകരമാണ്. വാക്കുകൾ ശത്രുത്വത്തിന് കാരണമാകാം. വാക്കുകൾ കൊണ്ട് അവമാനിതരാവുന്നതിനും സാധ്യതയുണ്ട്. വാഗ്ദാനലംഘനം വിഷമിപ്പിക്കുന്നതാണ്. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് തടസ്സങ്ങളേർപ്പെടും. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചേക്കില്ല. വീട്ടുകാര്യങ്ങളിൽ ഉദാസീനരാവും. പുതിയ ബിസിനസ്സിൽ കടമ്പകൾ കാണും. ഭാഗ്യാനുഭവങ്ങൾ ഇടയ്ക്ക് ശുഷ്കമാകുന്ന സ്ഥിതിയുണ്ടാവും. തൊഴിൽ തേടുന്നവർ അവസരങ്ങൾക്കായി കാത്തിരിക്കേണ്ടി വരുന്നതാണ്. പിതാവിൻ്റെ രാഷ്ട്രീയ സ്വാധീനം കുറയുന്നതായി തോന്നും. നിസ്വാർത്ഥത അംഗീകരികപ്പെടില്ല. സുഗമമായിരുന്നവ ദുർഗമങ്ങളാവും. ഭിന്നനിലപാടുകളിൽ പെട്ടവരുമായി ഒത്തിണങ്ങി പ്രവർത്തിക്കാൻ ക്ലേശിച്ചേക്കും. പാരമ്പര്യസ്വത്തിൻ്റെ അനുഭവാവകാശം നേടിയെടുക്കുക ദുഷ്കരമാവും.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us