scorecardresearch

Monthly Horoscope for Makaram: മകര മാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ

Malayalam Month Makaram Horoscope for Stars Moolam to Revathy: മകര മാസം മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Malayalam Month Makaram Horoscope for Stars Moolam to Revathy: മകര മാസം മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Monthly Horoscope: മകര മാസം നിങ്ങൾക്കെങ്ങനെ?

2026 ജനുവരി 15 വ്യാഴാഴ്ചയാണ് മകരം 1 വരുന്നത്. 29 ദിവസങ്ങളാണ് മകരമാസം ആകെ. ഫെബ്രുവരി 12 ന് മകരം അവസാനിക്കും. ആദിത്യൻ മകരം രാശിയിൽ, ഉത്രാടം, തിരുവോണം, അവിട്ടം എന്നീ ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു.

Advertisment

മകരം 4 ന് മകരവാവ് വരുന്നു. മകരം 5 ന് മാഘമാസം തുടങ്ങും. മകരം 18ന് ആണ് പൗർണമി!  മകരം 1 ന് ചൊവ്വ ഉച്ചരാശിയായ മകരം രാശിയിൽ പ്രവേശിക്കുന്നു. എന്നാൽ ചൊവ്വയുടെ മൗഢ്യം തുടരുകയാണ്. ശുക്രൻ മകരം രാശിയിൽ സഞ്ചരിക്കുന്നു. ബുധൻ 3-ാം തീയതി മകരത്തിൽ പ്രവേശിക്കും. 

ശനി മീനം രാശിയിലാണ്. 6 ന് പൂരൂരുട്ടാതിയിൽ നിന്നും ഉത്രട്ടാതിയിൽ പ്രവേശിക്കും. വ്യാഴം മിഥുനരാശിയിൽ പുണർതത്തിൽ വക്രഗതി തുടരുന്നു. രാഹു കുംഭം രാശിയിൽ ചതയത്തിലും, കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും സഞ്ചരിക്കുന്നു.

ഈ ഗ്രഹനിലയെ അവലംബിച്ച് മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു

മൂലം

രണ്ടാമെടത്ത് ഗ്രഹാധിക്യം ഉള്ളതിനാൽ വാക്ക് ഗുണത്തിനും ദോഷത്തിനും ഇടയുണ്ടാക്കും. കാര്യാലോചനകളിൽ കൃത്യമായ നിലപാടുകൾ എടുക്കാൻ കഴിഞ്ഞേക്കും. സാങ്കേതിക വിദ്യാഭ്യാസത്തിൽ വിദേശത്ത് ഉപരിപഠന സാധ്യത ആരായും. ഉന്നതാധികാരികളുടെ നിർദ്ദേശങ്ങൾ പ്രാവർത്തകമാക്കാത്തതിനാൽ മുഷിച്ചിലുണ്ടാവും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് വായ്പ ലഭിക്കാനിടയുണ്ട്. കലാപ്രവർത്തനത്തിന് നേരം കണ്ടെത്തും. ഗവേഷണം പുരോഗമിക്കുന്നതാണ്. കുടുംബ ജീവിതത്തിൽ സംതൃപ്തി കുറയില്ല. നിക്ഷേപിക്കാൻ കരുതിയ ധനം മറ്റുകാര്യങ്ങൾക്ക് ചെലവഴിക്കേണ്ടി വന്നേക്കാം. അപ്രസക്ത കാര്യങ്ങൾക്കായി ഊർജ്ജവും സമയവും നഷ്ടപ്പെടുത്തും.

പൂരാടം

കുജനും ആദിത്യനും രണ്ടിൽ സഞ്ചരിക്കുന്നത് വാക്പാരുഷ്യത്തിന് കാരണമാകും. സുഗമമാണെന്ന് കരുതിയ കാര്യങ്ങൾ തടസ്സപ്പെടാം. കർമ്മരംഗത്ത് ശുഷ്കാന്തി കുറയും. എന്നാൽ ബുധശുക്രന്മാർ രണ്ടാം ഭാവത്തിലുള്ളത് നന്മകൾക്കും വഴിതുറക്കുന്നതാണ്. പഠനം, ഗവേഷണം, കലാരംഗം എന്നിവയിൽ വളർച്ചയുണ്ടാവും. തീരുമാനങ്ങളിൽ ചിലതുമാത്രം പ്രാവർത്തികമാക്കും. കുറച്ചു കാര്യങ്ങൾ പിന്നീടത്തേക്ക് നീട്ടിവെക്കാം. പൊതുപ്രവർത്തകർക്ക് ജനങ്ങളുടെ പിന്തുണ കുറയുന്നതാണ്. സ്വന്തം ബിസിനസ്സിൽ നവീകരണം കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരും. തീർത്ഥയാത്രകൾക്ക് അവസരമുണ്ടാവും. ആരോഗ്യ പരിപാലനത്തിൽ അലംഭാവമരുത്.

ഉത്രാടം 

ആദിത്യനും ചൊവ്വയും ജന്മരാശിയിൽ, ജന്മനക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. അതിനാൽ സമ്മർദ്ദങ്ങൾ ഉണ്ടാവും. ലഘുനേട്ടങ്ങൾക്ക് പോലും അദ്ധ്വാനഭാരം കൂടുന്നതാണ്. ആരംഭിച്ച കാര്യങ്ങൾ ചിലപ്പോൾ വേണ്ടെന്നുവെക്കും. സഹപ്രവർത്തകർക്കിടയിൽ അനൈക്യം ഉടലെടുക്കാം. കുടുംബകാര്യങ്ങളിൽ ഗൗരവപൂർണമായ ഇടപെടൽ ആവശ്യമായ സാഹചര്യമാണുള്ളത്.  പുതിയ ജോലി കിട്ടും വരെ നിലവിലെ ജോലി ഉപേക്ഷിക്കരുത്. വാഗ്ദാനങ്ങൾ ലംഘിക്കപ്പെടാം. ദൗത്യങ്ങൾ പൂർത്തിയാക്കുന്നതിൽ ക്ലേശം അനുഭവിക്കാം.  കരാർ പണികളുടെ കുടിശിക തുക ലഭിക്കുന്നത് ആശ്വാസകരമാണ്. പഠനത്തിൽ അലസരാവാനിടയുണ്ട്.

Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ

തിരുവോണം

ജന്മരാശിയിൽ നാലുഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ മനസ്സ് ശിഥിലമാവുന്ന സാഹചര്യങ്ങൾ വരാം. പ്രവർത്തികളിൽ ഏകാഗ്രത കുറയുന്നതാണ്. ചിലകാര്യങ്ങളിൽ പരാശ്രയത്വം വേണ്ടിവരുന്നതായിരിക്കും. ശത്രുക്കളെക്കുറിച്ച് കൂടുതൽ ചിന്തിക്കും. നിഴൽയുദ്ധം നടത്തുവാനുദ്യമിച്ചെന്നും വരാം. ഉദ്യോഗസ്ഥർക്ക് ദൗത്യങ്ങൾ ദുഷ്കരമായി അനുഭവപ്പെട്ടേക്കും. വീടിൻ്റെ അറ്റകുറ്റപ്പണിക്ക് കരുതിയതിലും ചിലവേറും. ആഢംബരങ്ങൾ ഒഴിവാക്കുകയാവും ഉചിതം. തീർത്ഥാടനങ്ങൾ, ബന്ധുസന്ദർശനം എന്നിവ മനസ്സുഖമേകും. വരുമാനമുയർത്താൻ ശ്രമിച്ചാലും വിജയിക്കണമെന്നില്ല.  അനർഹർക്ക് സ്ഥാനക്കയറ്റം ഉണ്ടാകുന്നത് വിഷമത്തിന് കാരണമാകും.

അവിട്ടം

മകരക്കൂറുകാർക്ക് ജന്മത്തിലും കുംഭക്കൂറുകാർക്ക് പന്ത്രണ്ടിലും ചതുർഗ്രഹ യോഗം ഭവിക്കുകയാൽ വാക്കിലും കർമ്മത്തിലും വളരെ കരുതൽ വേണ്ട കാലഘട്ടമാണ്. സാങ്കേതിക പഠനത്തിനായി വീടുവിട്ട് നിൽക്കാൻ സാധ്യതയുണ്ട്. സ്വന്തമായിട്ടുള്ള സംരംഭങ്ങളുടെ നടത്തിപ്പ് കുറച്ചൊക്കെ ശ്രമകരമായിത്തീരും. ദൂരദിക്കുകളിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടാൻ സാധ്യത കുറവാണ്. രാഷ്ട്രീയ കാര്യങ്ങളിൽ എതിർപ്പധികമാവും. പണവരവ് കുറയില്ല. എന്നാൽ ചെലവും അധികരിക്കുന്നതാണ്. ത്യാഗമനസ്ഥിതി ആരെങ്കിലും ചൂഷണം ചെയ്യാനിടയുണ്ട്. സാഹസകർമ്മങ്ങൾ ഒഴിവാക്കണം. ഭൂമി വ്യാപാരത്തിൽ അമളി പറ്റാൻ സാധ്യത കാണുന്നു.

ചതയം 

വ്യയഭാവത്തിലെ ഗ്രഹാധിക്യം വ്യയം അമിതമാക്കാം. വ്യർത്ഥയാത്രകൾ വേണ്ടി വരുന്നതാണ്. അധികാരികൾ അവഗണിച്ചെന്നു വരാം. ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാനിടയില്ല. കുടുംബ ബന്ധം ദൃഢമാകാൻ വിട്ടുവീഴ്ചകൾ അനിവാര്യമാണ്. കലാകാരന്മാർക്ക് അവസരങ്ങൾ കുറയില്ല. വിദേശത്ത് പഠനയാത്രകൾക്ക് സന്ദർഭം ഉരുത്തിരിയും. പ്രണയബന്ധം വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിക്കാൻ സാധ്യത കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ കണക്ക് സൂക്ഷിക്കേണ്ടതുണ്ട്. സഹോദരരുമായൊത്ത് തുടങ്ങിയ ബിസിനസ്സിൽ ലാഭം കുറയും. ചെറുകിട സംരംഭങ്ങൾ ആദായം നൽകും. വ്യവഹാരങ്ങൾ കോടതിക്ക് പുറത്തുവെച്ച് ഒത്തുതീർക്കുന്നതാവും ഉചിതം. ഗൃഹനിർമ്മാണത്തിന് ആസൂത്രണം നടത്തും.

Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

പൂരൂരുട്ടാതി 

കഠിനപാതകളും മലകയറ്റങ്ങളും ജീവിതത്തിലുണ്ടെന്നതിന് മകരമാസം ഒരു തെളിവായിരിക്കും. വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കുക ക്ലേശകരമാവും. പ്രതീക്ഷിച്ച സഹായഹസ്തങ്ങൾ പിൻവലിഞ്ഞേക്കും. ഇഷ്ടാനിഷ്ടങ്ങൾ കുടുംബത്തിനായി വേണ്ടെന്നുവെച്ചേക്കും. കാര്യാലോചനകളിൽ സംയമം പാലിക്കുക നല്ലത്. പൊതുകാര്യങ്ങളിൽ എതിർപ്പുകൾ വരാം. ഭൂമിയിൽ നിന്നും വരുമാനം കുറയും. ചെറിയ ജോലികളിൽ മുടക്കമുണ്ടാവില്ല. ദൂരദിക്കുകളിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് വരാൻ കാത്തിരിക്കേണ്ടി വന്നേക്കും. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കായുള്ള അഭിമുഖ പരീക്ഷകളിൽ ശോഭിക്കുന്നതാണ്. നിയമനം വൈകും. പ്രണയികൾക്ക് ഊർജ്ജദായകമാണ് സാഹചര്യം. സുഹൃത്തുക്കളുടെ വാക്കുകൾ വിവേകപൂർവ്വം കൈക്കൊള്ളുകയാവും ഉചിതം.

ഉത്രട്ടാതി
പതിനൊന്നിലെ ഗ്രഹാധിക്യം ഗുണാനുഭവങ്ങൾക്ക് കാരണമാകും. പ്രൈവറ്റ്  സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി പ്രതീക്ഷിക്കാം. മത്സരങ്ങളിലും വ്യവഹാരത്തിലും വിജയിക്കുന്നതാണ്.
സ്വന്തം നിലപാടുകൾ ഒപ്പമുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കും. ബിസിനസ്സ് തന്ത്രങ്ങൾ ഫലം കാണുന്നതാണ്. മത്സരാധിഷ്ഠിത കരാറുകൾ സ്വന്തമാക്കും.  ചൊവ്വ പതിനൊന്നിൽ സഞ്ചരിക്കുന്നതിനാൽ വസ്തുവിൽപ്പന ലാഭകരമാവും. ഗൃഹനിർമ്മാണം തടസ്സപ്പെട്ടില്ല. രോഗികൾക്ക് ആശ്വാസമുണ്ടാവും. ഗവേഷണ പ്രബന്ധത്തിന് പുരസ്കാരം കിട്ടും. കലാകാരന്മാർക്ക് അവസരങ്ങൾ തേടിവരുന്നതാണ്. കുടുംബത്തിൻ്റെ അംഗീകാരത്തോടെ പ്രണയ വിവാഹം സാധ്യമാകും.
രേവതി
സാഹചര്യം അനുകൂലമാവുന്ന കാലഘട്ടമാണ്. അപേക്ഷകൾക്ക് സർക്കാരിൽ നിന്നും ധനാത്മകമായ മറുപടി ലഭിക്കും. ഋണാത്മക ചിന്തകൾ ഉപേക്ഷിക്കാനാവും. പഠനകാര്യത്തിൽ പുരോഗതി തെളിയും. മത്സരപ്പരീക്ഷകർക്ക് തയ്യാറെടുപ്പ് സുഗമമായി മുന്നേറും. സാഹിത്യം, സംഗീതം, ചിത്രകല, അഭിനയം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയും. വസ്തുവോ സ്ഥാപനമോ വാങ്ങും. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനാവും. സഹോദരുമായുള്ള സ്വത്തുതർക്കങ്ങൾക്ക് പരിഹാരം ലഭിക്കും. നറുക്കെടുപ്പ്, ചിട്ടി, ലോൺ ഇവമൂലം ധനാഗമമുണ്ടാവും. ദാമ്പത്യകലഹങ്ങളിൽ അനുരഞ്ജനം ഫലവത്താകും. ഭാവികാര്യങ്ങൾ മനസ്സിൽ കണ്ട് പ്രവർത്തിക്കുന്നതാണ്. നവീന ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങും.

Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: