scorecardresearch

Monthly Horoscope for Makaram: മകര മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ

Malayalam Month Makaram Horoscope for stars Makam to Thrikketta: മകര മാസം മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Malayalam Month Makaram Horoscope for stars Makam to Thrikketta: മകര മാസം മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

Monthly Horoscope: മകര മാസം നിങ്ങൾക്കെങ്ങനെ?

2026 ജനുവരി 15 വ്യാഴാഴ്ചയാണ് മകരം 1 വരുന്നത്. 29 ദിവസങ്ങളാണ് മകരമാസം ആകെ. ഫെബ്രുവരി 12 ന് മകരം അവസാനിക്കും. ആദിത്യൻ മകരം രാശിയിൽ, ഉത്രാടം, തിരുവോണം, അവിട്ടം എന്നീ ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു.

മകരം 4 ന് മകരവാവ് വരുന്നു. മകരം 5 ന് മാഘമാസം തുടങ്ങും. മകരം 18 ന് ആണ് പൗർണമി!  മകരം 1 ന് ചൊവ്വ ഉച്ചരാശിയായ മകരം രാശിയിൽ പ്രവേശിക്കുന്നു. എന്നാൽ ചൊവ്വയുടെ മൗഢ്യം തുടരുകയാണ്. ശുക്രൻ മകരം രാശിയിൽ സഞ്ചരിക്കുന്നു. ബുധൻ 3-ാം തീയതി മകരത്തിൽ പ്രവേശിക്കും. 

ശനി മീനം രാശിയിലാണ്. 6 ന് പൂരൂരുട്ടാതിയിൽ നിന്നും ഉത്രട്ടാതിയിൽ പ്രവേശിക്കും. വ്യാഴം മിഥുനരാശിയിൽ പുണർതത്തിൽ വക്രഗതി തുടരുന്നു. രാഹു കുംഭം രാശിയിൽ ചതയത്തിലും, കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും സഞ്ചരിക്കുന്നു.

Advertisment

ഈ ഗ്രഹനിലയെ അവലംബിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ

മകം

ആദിത്യനും ചൊവ്വയും ആറാംഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ നിരന്തരം അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും മറുപടി കിട്ടുന്നതാണ്. തൊഴിലിടത്തിൽ സ്വസ്ഥതയുണ്ടാവും. സ്വന്തം ബിസിനസ്സിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവും. നേർവഴിയിൽ കാര്യങ്ങൾ വന്നെത്തും. ഉദ്യോഗസ്ഥർക്ക് പദവിയിൽ ശോഭിക്കാനാവും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് വേതന വർദ്ധനവ്/സ്ഥാനക്കയറ്റം ഉണ്ടായേക്കാം. വീടുപണിയിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും മുന്നേറ്റമുണ്ടാവുന്ന കാലമാണ്. ശുക്രൻ ആറിലും രാഹു ഏഴിലും സ്ഥിതി ചെയ്യുന്നതിനാൽ പ്രണയ ബന്ധം ബാധിക്കപ്പെടും. ദാമ്പത്യത്തിലും ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്.

പൂരം

ആദിത്യനും ഉച്ചസ്ഥനായ ചൊവ്വയും ഉപചയ സ്ഥാനങ്ങളിലാകയാൽ നേട്ടങ്ങൾ അഭംഗുരമായി വന്നെത്തുന്നതാണ്. കർമ്മമേഖലയിൽ തിളങ്ങാനാവും. മേലധികാരികളുടെ ആദരം ലഭിക്കും. തൊഴിൽ തേടുന്നവർക്കും, പുതിയ ലാവണങ്ങൾ അന്വേഷിക്കുന്നവർക്കും ഉചിതമായ മേച്ചിൽപ്പുറങ്ങൾ ലഭിക്കുന്നതാണ്. ഭൂമിയിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ അകലും. ബുധാനുകൂല്യത്താൽ വചോവിലാസം, ബുദ്ധിവൈഭവം എന്നിവ പ്രകടിപ്പിക്കാൻ സാധിക്കുന്നതാണ്. വ്യാഴാനുകൂല്യം ധനോന്നതി വരുത്തും. സ്വന്തം താത്പര്യങ്ങൾ മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാനാവും. ശുക്രൻ അനുകൂലനല്ലാത്തതിനാൽ അനുരാഗികൾ വിഷമിക്കും. ഗാർഹസ്ഥ്യത്തിൽ സ്വൈരം കുറയാം.

ഉത്രം

ചിങ്ങക്കൂറുകാർക്ക് മകരമാസത്തിൽ ഗുണഫലങ്ങൾ വർദ്ധിക്കും. മുടങ്ങിപ്പോയ കാര്യങ്ങൾ ലഘുയത്നത്തിലൂടെ നേടാനായേക്കും. സാഹചര്യങ്ങൾ പ്രയോജനപ്പെടുത്താൻ മനസ്സുണ്ടാവും. സാമ്പത്തികമായി മെച്ചമുണ്ടാവുന്ന മാസമാണ്. കടബാധ്യത ഭാഗികമായി പരിഹരിക്കാൻ കഴിയും. സംരംഭങ്ങൾ തുടങ്ങുവാൻ ലൈസൻസ് കിട്ടും. കന്നിക്കൂറുകാർ സമ്മിശ്ര ഫലങ്ങൾ പ്രതീക്ഷിച്ചാൽ മതി. സന്താനങ്ങളുടെ കാര്യത്തിൽ ഉത്കണ്ഠ തുടരപ്പെടുന്നതാണ്. ആലോചനകൾ കൂടും. ക്രിയാത്മകത കുറയുകയും ചെയ്യും. പൊതുവേ ഉത്രം നാളുകാർക്ക് ഗാർഹികമായി സ്വൈരം ലോപിക്കാം. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റം വലിയ തോതിൽ ഗുണകരമായേക്കില്ല. ഉന്നതരുമായുള്ള ബന്ധത്തിൽ വിള്ളൽ വരാനിടയുണ്ട്.

Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

അത്തം

ആദിത്യൻ, ചൊവ്വ, ശുക്രൻ, ബുധൻ അഞ്ചാം ഭാവത്തിൽ സഞ്ചരിക്കുകയാൽ മനസ്സിൽ ചിന്തകൾ നിറയും. അവ നിർവഹണത്തിലെത്താൻ ക്ലേശിക്കും.  കൃത്യനിഷ്ഠ, സമയനിഷ്ഠ ഇവയ്ക്ക് ലോപം വരികയാൽ അധികാരികൾ ശാസിച്ചേക്കും. ഔദ്യോഗികമായി നിലവിലെ സ്ഥിതി തുടരുന്നതാണ്. പഴയ കടബാധ്യതകൾ തീർക്കാൻ ഒത്തിരി ക്ലേശിക്കും. പുതിയതായും കടം വാങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. മകൻ്റെ പഠനം, ജോലി തുടങ്ങിയവയിൽ ഉത്കണ്ഠ തോന്നും. കലാപരമായി മെച്ചം വരുന്നതാണ്. പാരിതോഷികങ്ങൾ ലഭിക്കാം. വ്യാപാരത്തിൽ വരവും ചെലവും സമമാവും. ശത്രുക്കളെ പിന്തള്ളാൻ രാഹുസ്ഥിതി പ്രയോജനം ചെയ്യും. ദാമ്പത്യത്തിൽ വിട്ടുവീഴ്ച അനിവാര്യം.

ചിത്തിര

സമ്മിശ്രാനുഭവങ്ങളാവും അനുഭവത്തിൽ വരിക. വ്യക്തിബന്ധങ്ങളിൽ ശൈഥില്യം വരാതിരിക്കാൻ ശ്രദ്ധ വേണം. കൂടുതൽ മുതൽമുടക്കരുത്, സ്വന്തം വ്യാപാരത്തിൽ. അന്യദിക്കിൽ ജോലിചെയ്യുന്നവർക്ക് ജന്മനാട്ടിലേക്ക് മാറ്റം കിട്ടാൻ കാത്തിരിക്കേണ്ടി വരുന്നതാണ്. നിക്ഷേപങ്ങൾ നടത്താനാവും. അതിൽ കരുതൽ വേണം. ഭൂമി ഇടപാട് വൈകുന്നതിനാണ് സാധ്യത. നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങുമോ എന്ന് ആശങ്കയുണ്ടാവും. വാഹനത്തിൻ്റെ അറ്റകുറ്റപ്പണിക്ക്  ചെലവേറും. തീർത്ഥാടനത്തിൽ സംതൃപ്തി തോന്നും. വിദ്യാഭ്യാസത്തിൽ ഉയർച്ച വരുന്നതാണ്. പ്രണയികൾ ഭാവിതീരുമാനം കൈക്കൊണ്ടേക്കും. അഭിനയം, സംഗീതം, ചിത്രകല ഇവയിൽ അവസരമുണ്ടാവും. കരാർ പണികൾ തുടർന്നും ലഭിക്കുന്നതാണ്.

ചോതി

അഞ്ചിലെ ആദിത്യൻ പലതരം ആലോചനകളുണർത്തും. പഴയ കാര്യങ്ങൾ മനസ്സിലുണരുന്നതാണ്. തന്മൂലം പ്രവർത്തിയിൽ അലസരായേക്കാം. 
പുതിയവ പഠിക്കാൻ ആഗ്രഹം തോന്നും. എന്നാൽ പിന്നീടാവാം എന്ന് സ്വയം നീട്ടിവെക്കും. സ്ഥിര ജോലിക്കാർക്കൊഴികെ വരുമാനത്തിൽ ചെറിയ കുറവ് വരാനിടയുണ്ട്. സഹായഹസ്തങ്ങൾ പിൻവലിയാം. പ്രതീക്ഷിച്ച സ്ഥാനക്കയറ്റം അനർഹർക്ക് ലഭിക്കുന്നതിൽ ദേഷ്യവും വിരോധവും അനുഭവപ്പെടും. സഹിഷ്ണുത ശീലിക്കേണ്ടതുണ്ട്. ഭൂമിയിൽ നിന്നും വരുമാനം കുറയുന്നതാണ്. സംഘടനയുടെ പ്രവർത്തനങ്ങളിൽ വിട്ടുനിന്നേക്കും.  എന്നാലും ജീവിതത്തെ ജീവിതവ്യമാക്കുന്ന നല്ല അനുഭവങ്ങൾ വന്നുചേരാതിരിക്കില്ല. പരാജയങ്ങൾക്ക് പിന്നാലെ വിജയവും സാധ്യതയാണ്.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു

വിശാഖം

സാധാരണ കാര്യങ്ങൾ ഒന്നും തന്നെ മുടങ്ങില്ല. തീരുമാനിച്ചതുപോലെ നടത്തും. പ്രധാനകാര്യങ്ങളിൽ പുനരാലോചന ആവശ്യമാണ്.  അധികാരികൾക്ക് പ്രിയം കുറയാം. സഹപ്രവർത്തകർ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് തോന്നും.  വിവാദങ്ങളിൽ നിന്നും അയൽവഴക്കുകളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് ഉത്തമം.  ഗൃഹം നവീകരിക്കുന്നത് പണച്ചെലവ് കൂട്ടും. വ്യാപാര കാര്യങ്ങൾക്ക് യാത്രയുണ്ടാവും. കലാപ്രവർത്തനത്തിന് സ്വീകാര്യതയേറാം. വയോജനങ്ങൾ ആരോഗ്യ പരമായി ജാഗ്രത പുലർത്തണം. പുതുതലമുറയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. പ്രണയികൾ 'പിരിയാം' എന്ന ധാരണയിലെത്തും. വാഹനം ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണം.

അനിഴം

ആദിത്യനും ചൊവ്വയും ഉപചയ സ്ഥാനത്താകയാൽ അപചയങ്ങൾ സംഭവിക്കില്ല. ഔദ്യോഗിക ജീവിതം സംഘർഷരഹിതമാവും. സ്വപ്നം കണ്ട ഉയർന്ന പദവി ലഭിച്ചുകൂടെന്നില്ല. പുതിയ കാര്യങ്ങൾ പ്രാവർത്തികമാക്കും. നിരസിച്ചവർ സ്വീകരിക്കും. ആഗ്രഹസഫലീകരണത്തിന് കുറുക്കുവഴികൾ തേടില്ലെന്നത് അഭിനന്ദിക്കപ്പെടും. മത്സരങ്ങളിലും അഭിമുഖങ്ങളിലും ശോഭിക്കുന്നതാണ്. ബിസിനസ്സ് സ്ഥാപനത്തിന് പുതിയ ശാഖ തുടങ്ങാനായേക്കും. പഞ്ചമഭാവത്തിൽ ശനി തുടരുകയാൽ സന്താനങ്ങളുടെ പഠിപ്പ്, കൂട്ടുകെട്ട് എന്നിവയിൽ നിരീക്ഷണം നടത്തുന്നത് നന്നായിരിക്കും. ദേഹക്ലേശം കൂടാം. അഷ്ടമവ്യാഴം കുടുംബകാര്യങ്ങളിൽ പിണക്കത്തിന് ഇടവരുത്തും. ജീവകാരുണ്യത്തിൻ അലസത വരാം.

തൃക്കേട്ട

ആദിത്യനും ചൊവ്വയും ഇഷ്ടഭാവങ്ങളിലാകയാൽ ഇഷ്ടകാര്യങ്ങൾ നടക്കും. കർമ്മതടസ്സം ഒഴിയും. ആത്മവിശ്വാസം പുലരുന്നതാണ്. എതിർപ്പുകളിൽ തളരില്ല. ജോലി തേടുന്നവർക്ക് കഴിവിനൊത്ത അവസരങ്ങൾ സംജാതമാകും. സ്വകാര്യ സ്ഥാപനത്തിൽ പ്രൊമോഷൻ/വേതന വർദ്ധനവ് ഇവയുണ്ടാവും.
ഭൂമി വ്യവഹാരത്തിൽ അനുകൂലമായ വിധിയുണ്ടാവും. ഗൃഹനിർമ്മാണത്തിന് വേഗത കൈവരുന്നതാണ്. സഹോദരരും ബന്ധുക്കളും അനുകൂലരാവും. വ്യാപാരതന്ത്രങ്ങൾ വിപണിയിലെ കിടമത്സരങ്ങളിൽ വിജയം കൊയ്യും. വിദേശത്ത് പോകാൻ അവസരമുണ്ടാവും. സാമ്പത്തികമായ ഉയർച്ച, പ്രണയത്തിൽ ആഹ്ളാദം എന്നിവ സാധ്യതകളാണ്. സുഖഭോഗങ്ങൾ, കലാപരമായ നേട്ടം എന്നിവയും ഭവിക്കാം.

Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: