scorecardresearch

Monthly Horoscope for Makaram: മകര മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ

Malayalam Month Makaram Horoscope for stars Aswathy to Ayilyam: മകര മാസം അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Malayalam Month Makaram Horoscope for stars Aswathy to Ayilyam: മകര മാസം അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

Monthly Horoscope: മകര മാസം നിങ്ങൾക്കെങ്ങനെ?

2026 ജനുവരി 15 വ്യാഴാഴ്ചയാണ് മകരം 1 വരുന്നത്. 29 ദിവസങ്ങളാണ് മകരമാസം ആകെ. ഫെബ്രുവരി 12 ന് മകരം അവസാനിക്കും. ആദിത്യൻ മകരം രാശിയിൽ, ഉത്രാടം, തിരുവോണം, അവിട്ടം എന്നീ ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു.

മകരം 4 ന് മകരവാവ് വരുന്നു. മകരം 5 ന് മാഘമാസം തുടങ്ങും. മകരം 18ന് ആണ് പൗർണമി!  മകരം 1 ന് ചൊവ്വ ഉച്ചരാശിയായ മകരം രാശിയിൽ പ്രവേശിക്കുന്നു. എന്നാൽ ചൊവ്വയുടെ മൗഢ്യം തുടരുകയാണ്. ശുക്രൻ മകരം രാശിയിൽ സഞ്ചരിക്കുന്നു. ബുധൻ 3-ാം തീയതി മകരത്തിൽ പ്രവേശിക്കും. 

ശനി മീനം രാശിയിലാണ്. 6 ന് പൂരൂരുട്ടാതിയിൽ നിന്നും ഉത്രട്ടാതിയിൽ പ്രവേശിക്കും. വ്യാഴം മിഥുനരാശിയിൽ പുണർതത്തിൽ വക്രഗതി തുടരുന്നു. രാഹു കുംഭം രാശിയിൽ ചതയത്തിലും, കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും സഞ്ചരിക്കുന്നു.

Advertisment

ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ

അശ്വതി

ആദിത്യബുധന്മാർ പത്താം ഭാവത്തിൽ വരുന്നതിനാലും രാശിനാഥനായ ചൊവ്വയ്ക്ക് ഉച്ചസ്ഥിതി വരികയാലും കർമ്മരംഗത്തെ അലട്ടിയിരുന്ന പ്രശ്നങ്ങൾക്ക് ഒട്ടൊക്കെ പരിഹാരമാവും. തൊഴിലന്വേഷകർക്ക് കഴിവിനിണങ്ങിയ പുതിയ അവസരങ്ങൾ സംജാതമാകുന്നതാണ്. ആത്മവിശ്വാസം ഉയരും. പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുകയില്ല. ഒരു പോരാളിയുടെ സമരവീര്യം കൈക്കൊള്ളുന്നതാണ്. വ്യാപാരികൾക്ക് വിപണിയുടെ സ്പന്ദനം തിരിച്ചറിഞ്ഞ് ചടുലമായ മാറ്റങ്ങൾ കൊണ്ടുവരുവാനാവും. ഗൃഹത്തിൽ സമാധാനം വന്നുചേരും. സഹോദരർക്കിടയിലെ അസ്വാരസ്യങ്ങൾ നിദ്രാണമാവും. ദാമ്പത്യത്തിൽ പിണക്കങ്ങളും ഇണക്കങ്ങളും ആവർത്തിക്കും.  പ്രണയഭാവം തളിരിടുന്നതിന് സാഹചര്യം അനുകൂലമാണ്.

ഭരണി

നക്ഷത്രനാഥനായ ശുക്രന് മൗഢ്യം തുടരുന്നുണ്ട്. ഏഴരശ്ശനിക്കാലമാണ്. എങ്കിലും സൂര്യനും ബുധനും രാഹുവും ചൊവ്വയും മറ്റും അനുകൂലരാവുകയാൽ തടസ്സങ്ങളെ തുരത്തി മുന്നോട്ടു  പോകുവാനാവും. വ്യാഴം മൂന്നാം ഭാവത്തിൽ വക്രഗതിയിൽ തുടരുകയാൽ സഹായഹസ്തങ്ങൾ പിൻവലിയാനിടയുണ്ട്. എങ്കിലും ന്യായമായ ആവശ്യങ്ങൾ  നടന്നുകിട്ടും. തൊഴിലിടത്തിൽ സമാധാനം നിറയുന്നതാണ്. പുതിയ പ്രോജക്ടുകൾക്ക് സർക്കാരിൻ്റെ/ അധികാരികളുടെ പിന്തുണ നേടും. അവഗണനകൾ പരിഗണനകളായി മാറുന്നതാണ്. പ്രധാനപ്പെട്ട ദീർഘയാത്രകൾ ഉണ്ടാവും.  വിദേശത്തേക്ക് പോകാനോ ജന്മനാട്ടിലേക്ക് വരാനോ സാധ്യതയുണ്ട്. കുടുംബപരമായി കുറച്ചുകൂടി ശ്രദ്ധയും കരുതലും വേണ്ട കാലമാണെന്നത് മറക്കരുത്.

കാർത്തിക

ഗ്രഹങ്ങളിൽ ചിലത് അനുകൂലമായും ചിലത് പ്രതികൂലമായും സഞ്ചരിക്കുകയാൽ നേട്ടങ്ങളോടൊപ്പം ചെറിയ തടസ്സങ്ങളും തിരിച്ചടികളും കൂടി അനുഭവത്തിൽ വരുന്നതാണ്. മേടക്കൂറുകാർക്ക് ഗുണാനുപാതം കൂടി നിൽക്കും. ഇടവക്കൂറുകാർക്ക് സമ്മർദ്ദങ്ങൾ കടന്നുവരാം. ആദർശം പ്രസംഗിക്കും. പക്ഷേ അതിന് വിരുദ്ധമായി പ്രവർത്തിക്കേണ്ടി വരുന്നതിനാൽ പരിഹാസ്യരാവും. വരുമാന മാർഗങ്ങൾ മുഴുവനായും പുഷ്ടിപ്പെടുകയില്ല. തൊഴിൽ രംഗത്ത് ഒത്താശ വേണ്ടത്ര കിട്ടുകയില്ല. വലിയ പണം മുടക്കിച്ചെയ്യുന്ന കാര്യങ്ങളിൽ പുനരാലോചന നല്ലതാണ്. പ്രണയ ഭാവം പുഷ്കലമാവും. എതിർപ്പുകളെ തൃണവൽഗണിക്കും. കുടുംബാന്തരീക്ഷം ഇടയ്ക്കിടെ അശാന്തമാവും. വാഹനം ഉപയോഗിക്കുന്നവർ കരുതലെടുക്കണം. ആരോഗ്യപരിശോധനകൾ മുടക്കരുത്.

Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

രോഹിണി

തൊട്ടു മുൻമാസത്തെക്കാൻ ഒട്ടൊക്കെ ഭേദപ്പെട്ട കാലമായിരിക്കും. ശുക്രനും വ്യാഴവും അനുകൂലരാവുകയാൽ പഠനത്തിലും കലാരംഗത്തും മികവ് കൈവരിക്കും. ധനപരമായ കാര്യങ്ങളിലെ പിരിമുറുക്കത്തിന് അയവുണ്ടാവും. കർമ്മമേഖലയിൽ വളർച്ച പ്രതീക്ഷിച്ചപോലെ ഉണ്ടായില്ലെങ്കിലും തളർച്ചയ്ക്ക് വഴിയില്ല. സംരംഭങ്ങൾ ബാലാരിഷ്ടകളെ മറികടക്കുന്നതാണ്. ദാമ്പത്യത്തിലെ തെറ്റിദ്ധാരണ അകലുന്നതാണ്. പിതാവിൻ്റെ ആരോഗ്യ കാര്യത്തിൽ ഭേദസ്ഥിതി വരുന്നതാണ്. ഭൂമിതർക്കത്തിനോ വസ്തു വ്യവഹാരത്തിനോ സാധ്യതയുണ്ട്. ആത്മസംയമനം പാലിക്കണം. തൊഴിൽ തേടുന്നവർക്ക് അന്യനാട്ടിൽ അവസരങ്ങൾ കൈവരുന്നതാണ്. ഗൃഹനിർമ്മാണത്തിൽ ആശയക്കുഴപ്പം നേരിടാം. 

മകയിരം

ഇടവക്കൂറുകാർക്ക്  ആദിത്യൻ ഒമ്പതിലാണ്. മിഥുനക്കൂറുകാർക്ക് പത്തിലും. കാര്യാലോചനകളിൽ ശോഭിക്കും. തിരുത്തേണ്ട കാര്യങ്ങൾ തിരുത്താൻ തയ്യാറാവുന്നതാണ്. പ്രോജക്ടുകൾ തയ്യാറാക്കുന്നതിൽ സാങ്കേതിക വിദഗ്ദ്ധരുടെ  അഭിപ്രായം തേടും. വിവാദങ്ങളിൽ നിന്നും പിന്മാറുന്നതാവും കരണീയം. വസ്തുവിൽപ്പനയിൽ തടസ്സങ്ങൾക്ക് സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളിൽ കണക്കുസൂക്ഷിക്കുന്നത് നന്നായിരിക്കും. ആത്മവിശ്വാസം ഇടക്കിടെ നഷ്ടമാവുന്നതാണ്. കുടുംബ പ്രശ്നങ്ങൾ സ്വയം പരിഹരിക്കേണ്ടതാണ്. അധികാരികളിൽ നിന്നും പ്രോൽസാഹനം ലഭിക്കാം. നൃത്തം, അഭിനയം, ചിത്രകല തുടങ്ങിയവയിൽ പ്രവർത്തിക്കുന്നവർക്ക് അവസരം കൈവരുന്നതാണ്.

തിരുവാതിര

ആദിത്യനും ചൊവ്വയും അഷ്ടമത്തിലും ഗുരു ജന്മരാശിയിലുമാണ്. പ്രവർത്തനങ്ങളിൽ ജാഗ്രത വേണം. ലക്ഷ്യത്തിലെത്താൻ അത്യദ്ധ്വാനം ആവശ്യമാണ്. പുതിയ കാര്യങ്ങൾ തുടങ്ങുന്നത് പിന്നീടത്തേക്ക് മാറ്റിവെക്കുകയാവും ഉചിതം. ശത്രുക്കളുടെ പ്രവർത്തനം ഫലിക്കുന്നതാണ്. പ്രതിരോധം എളുപ്പമാവില്ല. ചെറിയ ആശ്വാസം , അല്പലാഭം, ലഘുമായ കാര്യസാധ്യങ്ങൾ എന്നിവയുണ്ടാവും. തടസ്സങ്ങളെ തൃണവണൽഗണിക്കരുത്. അവയുടെ യഥാർത്ഥമായ കാരണങ്ങൾ കണ്ടെത്താൻ ഉത്സുകതയുണ്ടാവണം. കുടുംബ ഭദ്രതയ്ക്ക് ചെറിയ നുണകൾ ആവശ്യമായേക്കും. ജീവകാരുണ്യത്തിൽ താല്പര്യമേറും. ആദ്ധ്യാത്മികമായ കാര്യങ്ങൾ പഠിച്ചറിയുന്നതിന് നേരം കണ്ടെത്തും.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു

പുണർതം

ഗ്രഹങ്ങളുടെ സഞ്ചാരം പൂർണമായും ഇഷ്ടഭാവങ്ങളിലൂടെയാണെന്ന് പറയാനാവില്ല. അതിനാൽ ഒരുതരത്തിലുള്ള സാഹസകർമ്മങ്ങൾക്കും മുതിരരുത്. പൊതു പ്രവർത്തകർ സംഘടനകളോട് അകലും. വിഭാഗീയതയ്ക്ക് ശാസിക്കപ്പെടാം. വിദ്യാർത്ഥികൾക്ക് ഉത്സുകത കുറയും. ഗവേഷണത്തിൽ പഴയ ഉത്സാഹം ഉണ്ടായേക്കില്ല. രോഗികൾക്ക് പാരമ്പര്യ ചികിൽസയിലൂടെ അല്പമായ ആശ്വാസം ലഭിക്കുന്നതാണ്. ദാമ്പത്യത്തിൽ അനുരഞ്ജനമില്ലാത്ത പക്ഷം സ്വരലയം കുറയാം. ഗൃഹനിർമ്മാണത്തിന് പ്രാരംഭതുക ലഭിക്കാം. നവസംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും അനുകൂലമായ സർട്ടിഫിക്കേറ്റ് കിട്ടുന്നതാണ്. ബന്ധുകലഹത്തിൽ മാധ്യസ്ഥം വഹിക്കുന്നതാണ്. സൗഹൃദം പുഷ്ടിപ്പെടാം. 

പൂയം

ഏഴാം ഭാവത്തിൽ നാലുഗ്രഹങ്ങൾ സഞ്ചരിക്കുന്നത് സമ്മിശ്ര ഫലങ്ങൾക്ക് കാരണമാകും. കൂട്ടുകച്ചവടത്തിൽ പുനശ്ചിന്ത നടത്തും. ചിലരെ ഒഴിവാക്കാനും മറ്റുചിലരെ കൂട്ടിച്ചേർക്കാനും ശ്രമം വേണ്ടിവന്നേക്കും. തർക്കങ്ങൾ വളരാതിരിക്കാൻ കരുതലുണ്ടാവണം. നാട്ടിലെ ഉത്സവാഘോഷങ്ങളുടെ ചുക്കാൻ പിടിക്കും. ജീവിതശൈലീരോഗങ്ങളിൽ അനാസ്ഥ നന്നല്ല. കരാറുകളിൽ കുടിശ്ശിക ലഭിക്കുന്നതാണ്. വസ്ത്രാഭരണങ്ങൾ പാരിതോഷികമായി നൽകപ്പെടും. പദവികൾ പരിശ്രമം കൂടാതെ തന്നെ നിലനിർത്തുന്നതാണ്. അയൽ തർക്കങ്ങൾ ഒഴിവാക്കേണതുണ്ട്. വരവു ചെലവുകൾ രേഖപ്പെടുത്തി വെക്കുക നന്നാവും. ഭൗതിക നേട്ടങ്ങളിൽ പരാങ്മുഖരാവും.

ആയില്യം

അമിതപ്രതീക്ഷകൾ ഗുണകരമാവില്ല. യാഥാർത്ഥ്യബോധം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധ വേണം. സ്വന്തം പരിമിതികൾ തിരിച്ചറിയേണ്ടതുണ്ട്. സ്ഥാനരോഹണം അവിസ്മരണീയമാവും. രാഷ്ട്രീയത്തിൽ പ്രതിശബ്ദങ്ങൾ ഉയർന്നേക്കും. മേലധികാരികൾ രഹസ്യ പിന്തുണ നൽകുന്നതാണ്. വിദേശത്തു പോകാൻ അവസരം ലഭിക്കുന്നതാണ്. വീടുപണി മെല്ലയാവുന്നതിൽ ഉത്ക്കണ്ഠപ്പെടും. വാഗ്ദാനലംഘനങ്ങൾ കൂടിയേക്കും. തൊഴിലിടത്തിൽ ചർച്ചയുണ്ടാവില്ല. മകൻ്റെ ആവശ്യങ്ങൾ അധികമാവും. അനുരാഗികൾക്ക് കുടുംബത്തിൻ്റെ മാനസികൈക്യം രൂപപ്പെടാം.  പഴയ കടബാധ്യതകൾ ഭാഗികമായി പരിഹരിക്കും. ധനാഗമ മാർഗങ്ങൾ വിപുലീകരിക്കുന്നതിന് സാമ്പത്തിക വിദഗ്ദ്ധരുടെ നിർദ്ദേശം സ്വീകരിക്കും.

Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: