/indian-express-malayalam/media/media_files/2025/01/06/makaram-horoscope-astrological-predictions.jpg)
Monthly Horoscope: മകര മാസം നിങ്ങൾക്കെങ്ങനെ?
2026 ജനുവരി 15 വ്യാഴാഴ്ചയാണ് മകരം 1 വരുന്നത്. 29 ദിവസങ്ങളാണ് മകരമാസം ആകെ. ഫെബ്രുവരി 12 ന് മകരം അവസാനിക്കും. ആദിത്യൻ മകരം രാശിയിൽ, ഉത്രാടം, തിരുവോണം, അവിട്ടം എന്നീ ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു.
മകരം 4 ന് മകരവാവ് വരുന്നു. മകരം 5 ന് മാഘമാസം തുടങ്ങും. മകരം 18ന് ആണ് പൗർണമി! മകരം 1 ന് ചൊവ്വ ഉച്ചരാശിയായ മകരം രാശിയിൽ പ്രവേശിക്കുന്നു. എന്നാൽ ചൊവ്വയുടെ മൗഢ്യം തുടരുകയാണ്. ശുക്രൻ മകരം രാശിയിൽ സഞ്ചരിക്കുന്നു. ബുധൻ 3-ാം തീയതി മകരത്തിൽ പ്രവേശിക്കും.
ശനി മീനം രാശിയിലാണ്. 6 ന് പൂരൂരുട്ടാതിയിൽ നിന്നും ഉത്രട്ടാതിയിൽ പ്രവേശിക്കും. വ്യാഴം മിഥുനരാശിയിൽ പുണർതത്തിൽ വക്രഗതി തുടരുന്നു. രാഹു കുംഭം രാശിയിൽ ചതയത്തിലും, കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു
അശ്വതി
ആദിത്യബുധന്മാർ പത്താം ഭാവത്തിൽ വരുന്നതിനാലും രാശിനാഥനായ ചൊവ്വയ്ക്ക് ഉച്ചസ്ഥിതി വരികയാലും കർമ്മരംഗത്തെ അലട്ടിയിരുന്ന പ്രശ്നങ്ങൾക്ക് ഒട്ടൊക്കെ പരിഹാരമാവും. തൊഴിലന്വേഷകർക്ക് കഴിവിനിണങ്ങിയ പുതിയ അവസരങ്ങൾ സംജാതമാകുന്നതാണ്. ആത്മവിശ്വാസം ഉയരും. പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുകയില്ല. ഒരു പോരാളിയുടെ സമരവീര്യം കൈക്കൊള്ളുന്നതാണ്. വ്യാപാരികൾക്ക് വിപണിയുടെ സ്പന്ദനം തിരിച്ചറിഞ്ഞ് ചടുലമായ മാറ്റങ്ങൾ കൊണ്ടുവരുവാനാവും. ഗൃഹത്തിൽ സമാധാനം വന്നുചേരും. സഹോദരർക്കിടയിലെ അസ്വാരസ്യങ്ങൾ നിദ്രാണമാവും. ദാമ്പത്യത്തിൽ പിണക്കങ്ങളും ഇണക്കങ്ങളും ആവർത്തിക്കും. പ്രണയഭാവം തളിരിടുന്നതിന് സാഹചര്യം അനുകൂലമാണ്.
ഭരണി
നക്ഷത്രനാഥനായ ശുക്രന് മൗഢ്യം തുടരുന്നുണ്ട്. ഏഴരശ്ശനിക്കാലമാണ്. എങ്കിലും സൂര്യനും ബുധനും രാഹുവും ചൊവ്വയും മറ്റും അനുകൂലരാവുകയാൽ തടസ്സങ്ങളെ തുരത്തി മുന്നോട്ടു പോകുവാനാവും. വ്യാഴം മൂന്നാം ഭാവത്തിൽ വക്രഗതിയിൽ തുടരുകയാൽ സഹായഹസ്തങ്ങൾ പിൻവലിയാനിടയുണ്ട്. എങ്കിലും ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. തൊഴിലിടത്തിൽ സമാധാനം നിറയുന്നതാണ്. പുതിയ പ്രോജക്ടുകൾക്ക് സർക്കാരിൻ്റെ/ അധികാരികളുടെ പിന്തുണ നേടും. അവഗണനകൾ പരിഗണനകളായി മാറുന്നതാണ്. പ്രധാനപ്പെട്ട ദീർഘയാത്രകൾ ഉണ്ടാവും. വിദേശത്തേക്ക് പോകാനോ ജന്മനാട്ടിലേക്ക് വരാനോ സാധ്യതയുണ്ട്. കുടുംബപരമായി കുറച്ചുകൂടി ശ്രദ്ധയും കരുതലും വേണ്ട കാലമാണെന്നത് മറക്കരുത്.
കാർത്തിക
ഗ്രഹങ്ങളിൽ ചിലത് അനുകൂലമായും ചിലത് പ്രതികൂലമായും സഞ്ചരിക്കുകയാൽ നേട്ടങ്ങളോടൊപ്പം ചെറിയ തടസ്സങ്ങളും തിരിച്ചടികളും കൂടി അനുഭവത്തിൽ വരുന്നതാണ്. മേടക്കൂറുകാർക്ക് ഗുണാനുപാതം കൂടി നിൽക്കും. ഇടവക്കൂറുകാർക്ക് സമ്മർദ്ദങ്ങൾ കടന്നുവരാം. ആദർശം പ്രസംഗിക്കും. പക്ഷേ അതിന് വിരുദ്ധമായി പ്രവർത്തിക്കേണ്ടി വരുന്നതിനാൽ പരിഹാസ്യരാവും. വരുമാന മാർഗങ്ങൾ മുഴുവനായും പുഷ്ടിപ്പെടുകയില്ല. തൊഴിൽ രംഗത്ത് ഒത്താശ വേണ്ടത്ര കിട്ടുകയില്ല. വലിയ പണം മുടക്കിച്ചെയ്യുന്ന കാര്യങ്ങളിൽ പുനരാലോചന നല്ലതാണ്. പ്രണയ ഭാവം പുഷ്കലമാവും. എതിർപ്പുകളെ തൃണവൽഗണിക്കും. കുടുംബാന്തരീക്ഷം ഇടയ്ക്കിടെ അശാന്തമാവും. വാഹനം ഉപയോഗിക്കുന്നവർ കരുതലെടുക്കണം. ആരോഗ്യപരിശോധനകൾ മുടക്കരുത്.
രോഹിണി
തൊട്ടു മുൻമാസത്തെക്കാൻ ഒട്ടൊക്കെ ഭേദപ്പെട്ട കാലമായിരിക്കും. ശുക്രനും വ്യാഴവും അനുകൂലരാവുകയാൽ പഠനത്തിലും കലാരംഗത്തും മികവ് കൈവരിക്കും. ധനപരമായ കാര്യങ്ങളിലെ പിരിമുറുക്കത്തിന് അയവുണ്ടാവും. കർമ്മമേഖലയിൽ വളർച്ച പ്രതീക്ഷിച്ചപോലെ ഉണ്ടായില്ലെങ്കിലും തളർച്ചയ്ക്ക് വഴിയില്ല. സംരംഭങ്ങൾ ബാലാരിഷ്ടകളെ മറികടക്കുന്നതാണ്. ദാമ്പത്യത്തിലെ തെറ്റിദ്ധാരണ അകലുന്നതാണ്. പിതാവിൻ്റെ ആരോഗ്യ കാര്യത്തിൽ ഭേദസ്ഥിതി വരുന്നതാണ്. ഭൂമിതർക്കത്തിനോ വസ്തു വ്യവഹാരത്തിനോ സാധ്യതയുണ്ട്. ആത്മസംയമനം പാലിക്കണം. തൊഴിൽ തേടുന്നവർക്ക് അന്യനാട്ടിൽ അവസരങ്ങൾ കൈവരുന്നതാണ്. ഗൃഹനിർമ്മാണത്തിൽ ആശയക്കുഴപ്പം നേരിടാം.
മകയിരം
ഇടവക്കൂറുകാർക്ക് ആദിത്യൻ ഒമ്പതിലാണ്. മിഥുനക്കൂറുകാർക്ക് പത്തിലും. കാര്യാലോചനകളിൽ ശോഭിക്കും. തിരുത്തേണ്ട കാര്യങ്ങൾ തിരുത്താൻ തയ്യാറാവുന്നതാണ്. പ്രോജക്ടുകൾ തയ്യാറാക്കുന്നതിൽ സാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായം തേടും. വിവാദങ്ങളിൽ നിന്നും പിന്മാറുന്നതാവും കരണീയം. വസ്തുവിൽപ്പനയിൽ തടസ്സങ്ങൾക്ക് സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളിൽ കണക്കുസൂക്ഷിക്കുന്നത് നന്നായിരിക്കും. ആത്മവിശ്വാസം ഇടക്കിടെ നഷ്ടമാവുന്നതാണ്. കുടുംബ പ്രശ്നങ്ങൾ സ്വയം പരിഹരിക്കേണ്ടതാണ്. അധികാരികളിൽ നിന്നും പ്രോൽസാഹനം ലഭിക്കാം. നൃത്തം, അഭിനയം, ചിത്രകല തുടങ്ങിയവയിൽ പ്രവർത്തിക്കുന്നവർക്ക് അവസരം കൈവരുന്നതാണ്.
തിരുവാതിര
ആദിത്യനും ചൊവ്വയും അഷ്ടമത്തിലും ഗുരു ജന്മരാശിയിലുമാണ്. പ്രവർത്തനങ്ങളിൽ ജാഗ്രത വേണം. ലക്ഷ്യത്തിലെത്താൻ അത്യദ്ധ്വാനം ആവശ്യമാണ്. പുതിയ കാര്യങ്ങൾ തുടങ്ങുന്നത് പിന്നീടത്തേക്ക് മാറ്റിവെക്കുകയാവും ഉചിതം. ശത്രുക്കളുടെ പ്രവർത്തനം ഫലിക്കുന്നതാണ്. പ്രതിരോധം എളുപ്പമാവില്ല. ചെറിയ ആശ്വാസം , അല്പലാഭം, ലഘുമായ കാര്യസാധ്യങ്ങൾ എന്നിവയുണ്ടാവും. തടസ്സങ്ങളെ തൃണവണൽഗണിക്കരുത്. അവയുടെ യഥാർത്ഥമായ കാരണങ്ങൾ കണ്ടെത്താൻ ഉത്സുകതയുണ്ടാവണം. കുടുംബ ഭദ്രതയ്ക്ക് ചെറിയ നുണകൾ ആവശ്യമായേക്കും. ജീവകാരുണ്യത്തിൽ താല്പര്യമേറും. ആദ്ധ്യാത്മികമായ കാര്യങ്ങൾ പഠിച്ചറിയുന്നതിന് നേരം കണ്ടെത്തും.
പുണർതം
ഗ്രഹങ്ങളുടെ സഞ്ചാരം പൂർണമായും ഇഷ്ടഭാവങ്ങളിലൂടെയാണെന്ന് പറയാനാവില്ല. അതിനാൽ ഒരുതരത്തിലുള്ള സാഹസകർമ്മങ്ങൾക്കും മുതിരരുത്. പൊതു പ്രവർത്തകർ സംഘടനകളോട് അകലും. വിഭാഗീയതയ്ക്ക് ശാസിക്കപ്പെടാം. വിദ്യാർത്ഥികൾക്ക് ഉത്സുകത കുറയും. ഗവേഷണത്തിൽ പഴയ ഉത്സാഹം ഉണ്ടായേക്കില്ല. രോഗികൾക്ക് പാരമ്പര്യ ചികിൽസയിലൂടെ അല്പമായ ആശ്വാസം ലഭിക്കുന്നതാണ്. ദാമ്പത്യത്തിൽ അനുരഞ്ജനമില്ലാത്ത പക്ഷം സ്വരലയം കുറയാം. ഗൃഹനിർമ്മാണത്തിന് പ്രാരംഭതുക ലഭിക്കാം. നവസംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും അനുകൂലമായ സർട്ടിഫിക്കേറ്റ് കിട്ടുന്നതാണ്. ബന്ധുകലഹത്തിൽ മാധ്യസ്ഥം വഹിക്കുന്നതാണ്. സൗഹൃദം പുഷ്ടിപ്പെടാം.
പൂയം
ഏഴാം ഭാവത്തിൽ നാലുഗ്രഹങ്ങൾ സഞ്ചരിക്കുന്നത് സമ്മിശ്ര ഫലങ്ങൾക്ക് കാരണമാകും. കൂട്ടുകച്ചവടത്തിൽ പുനശ്ചിന്ത നടത്തും. ചിലരെ ഒഴിവാക്കാനും മറ്റുചിലരെ കൂട്ടിച്ചേർക്കാനും ശ്രമം വേണ്ടിവന്നേക്കും. തർക്കങ്ങൾ വളരാതിരിക്കാൻ കരുതലുണ്ടാവണം. നാട്ടിലെ ഉത്സവാഘോഷങ്ങളുടെ ചുക്കാൻ പിടിക്കും. ജീവിതശൈലീരോഗങ്ങളിൽ അനാസ്ഥ നന്നല്ല. കരാറുകളിൽ കുടിശ്ശിക ലഭിക്കുന്നതാണ്. വസ്ത്രാഭരണങ്ങൾ പാരിതോഷികമായി നൽകപ്പെടും. പദവികൾ പരിശ്രമം കൂടാതെ തന്നെ നിലനിർത്തുന്നതാണ്. അയൽ തർക്കങ്ങൾ ഒഴിവാക്കേണതുണ്ട്. വരവു ചെലവുകൾ രേഖപ്പെടുത്തി വെക്കുക നന്നാവും. ഭൗതിക നേട്ടങ്ങളിൽ പരാങ്മുഖരാവും.
ആയില്യം
അമിതപ്രതീക്ഷകൾ ഗുണകരമാവില്ല. യാഥാർത്ഥ്യബോധം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധ വേണം. സ്വന്തം പരിമിതികൾ തിരിച്ചറിയേണ്ടതുണ്ട്. സ്ഥാനരോഹണം അവിസ്മരണീയമാവും. രാഷ്ട്രീയത്തിൽ പ്രതിശബ്ദങ്ങൾ ഉയർന്നേക്കും. മേലധികാരികൾ രഹസ്യ പിന്തുണ നൽകുന്നതാണ്. വിദേശത്തു പോകാൻ അവസരം ലഭിക്കുന്നതാണ്. വീടുപണി മെല്ലയാവുന്നതിൽ ഉത്ക്കണ്ഠപ്പെടും. വാഗ്ദാനലംഘനങ്ങൾ കൂടിയേക്കും. തൊഴിലിടത്തിൽ ചർച്ചയുണ്ടാവില്ല. മകൻ്റെ ആവശ്യങ്ങൾ അധികമാവും. അനുരാഗികൾക്ക് കുടുംബത്തിൻ്റെ മാനസികൈക്യം രൂപപ്പെടാം. പഴയ കടബാധ്യതകൾ ഭാഗികമായി പരിഹരിക്കും. ധനാഗമ മാർഗങ്ങൾ വിപുലീകരിക്കുന്നതിന് സാമ്പത്തിക വിദഗ്ദ്ധരുടെ നിർദ്ദേശം സ്വീകരിക്കും.
Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ
മകം
ആദിത്യനും ചൊവ്വയും ആറാംഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ നിരന്തരം അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും മറുപടി കിട്ടുന്നതാണ്. തൊഴിലിടത്തിൽ സ്വസ്ഥതയുണ്ടാവും. സ്വന്തം ബിസിനസ്സിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവും. നേർവഴിയിൽ കാര്യങ്ങൾ വന്നെത്തും. ഉദ്യോഗസ്ഥർക്ക് പദവിയിൽ ശോഭിക്കാനാവും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് വേതന വർദ്ധനവ്/സ്ഥാനക്കയറ്റം ഉണ്ടായേക്കാം. വീടുപണിയിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും മുന്നേറ്റമുണ്ടാവുന്ന കാലമാണ്. ശുക്രൻ ആറിലും രാഹു ഏഴിലും സ്ഥിതി ചെയ്യുന്നതിനാൽ പ്രണയ ബന്ധം ബാധിക്കപ്പെടും. ദാമ്പത്യത്തിലും ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്.
പൂരം
ആദിത്യനും ഉച്ചസ്ഥനായ ചൊവ്വയും ഉപചയ സ്ഥാനങ്ങളിലാകയാൽ നേട്ടങ്ങൾ അഭംഗുരമായി വന്നെത്തുന്നതാണ്. കർമ്മമേഖലയിൽ തിളങ്ങാനാവും. മേലധികാരികളുടെ ആദരം ലഭിക്കും. തൊഴിൽ തേടുന്നവർക്കും, പുതിയ ലാവണങ്ങൾ അന്വേഷിക്കുന്നവർക്കും ഉചിതമായ മേച്ചിൽപ്പുറങ്ങൾ ലഭിക്കുന്നതാണ്. ഭൂമിയിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ അകലും. ബുധാനുകൂല്യത്താൽ വചോവിലാസം, ബുദ്ധിവൈഭവം എന്നിവ പ്രകടിപ്പിക്കാൻ സാധിക്കുന്നതാണ്. വ്യാഴാനുകൂല്യം ധനോന്നതി വരുത്തും. സ്വന്തം താത്പര്യങ്ങൾ മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാനാവും. ശുക്രൻ അനുകൂലനല്ലാത്തതിനാൽ അനുരാഗികൾ വിഷമിക്കും. ഗാർഹസ്ഥ്യത്തിൽ സ്വൈരം കുറയാം.
ഉത്രം
ചിങ്ങക്കൂറുകാർക്ക് മകരമാസത്തിൽ ഗുണഫലങ്ങൾ വർദ്ധിക്കും. മുടങ്ങിപ്പോയ കാര്യങ്ങൾ ലഘുയത്നത്തിലൂടെ നേടാനായേക്കും. സാഹചര്യങ്ങൾ പ്രയോജനപ്പെടുത്താൻ മനസ്സുണ്ടാവും. സാമ്പത്തികമായി മെച്ചമുണ്ടാവുന്ന മാസമാണ്. കടബാധ്യത ഭാഗികമായി പരിഹരിക്കാൻ കഴിയും. സംരംഭങ്ങൾ തുടങ്ങുവാൻ ലൈസൻസ് കിട്ടും. കന്നിക്കൂറുകാർ സമ്മിശ്ര ഫലങ്ങൾ പ്രതീക്ഷിച്ചാൽ മതി. സന്താനങ്ങളുടെ കാര്യത്തിൽ ഉത്കണ്ഠ തുടരപ്പെടുന്നതാണ്. ആലോചനകൾ കൂടും. ക്രിയാത്മകത കുറയുകയും ചെയ്യും. പൊതുവേ ഉത്രം നാളുകാർക്ക് ഗാർഹികമായി സ്വൈരം ലോപിക്കാം. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റം വലിയ തോതിൽ ഗുണകരമായേക്കില്ല. ഉന്നതരുമായുള്ള ബന്ധത്തിൽ വിള്ളൽ വരാനിടയുണ്ട്.
അത്തം
ആദിത്യൻ, ചൊവ്വ, ശുക്രൻ, ബുധൻ അഞ്ചാം ഭാവത്തിൽ സഞ്ചരിക്കുകയാൽ മനസ്സിൽ ചിന്തകൾ നിറയും. അവ നിർവഹണത്തിലെത്താൻ ക്ലേശിക്കും. കൃത്യനിഷ്ഠ, സമയനിഷ്ഠ ഇവയ്ക്ക് ലോപം വരികയാൽ അധികാരികൾ ശാസിച്ചേക്കും. ഔദ്യോഗികമായി നിലവിലെ സ്ഥിതി തുടരുന്നതാണ്. പഴയ കടബാധ്യതകൾ തീർക്കാൻ ഒത്തിരി ക്ലേശിക്കും. പുതിയതായും കടം വാങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. മകൻ്റെ പഠനം, ജോലി തുടങ്ങിയവയിൽ ഉത്കണ്ഠ തോന്നും. കലാപരമായി മെച്ചം വരുന്നതാണ്. പാരിതോഷികങ്ങൾ ലഭിക്കാം. വ്യാപാരത്തിൽ വരവും ചെലവും സമമാവും. ശത്രുക്കളെ പിന്തള്ളാൻ രാഹുസ്ഥിതി പ്രയോജനം ചെയ്യും. ദാമ്പത്യത്തിൽ വിട്ടുവീഴ്ച അനിവാര്യം.
ചിത്തിര
സമ്മിശ്രാനുഭവങ്ങളാവും അനുഭവത്തിൽ വരിക. വ്യക്തിബന്ധങ്ങളിൽ ശൈഥില്യം വരാതിരിക്കാൻ ശ്രദ്ധ വേണം. കൂടുതൽ മുതൽമുടക്കരുത്, സ്വന്തം വ്യാപാരത്തിൽ. അന്യദിക്കിൽ ജോലിചെയ്യുന്നവർക്ക് ജന്മനാട്ടിലേക്ക് മാറ്റം കിട്ടാൻ കാത്തിരിക്കേണ്ടി വരുന്നതാണ്. നിക്ഷേപങ്ങൾ നടത്താനാവും. അതിൽ കരുതൽ വേണം. ഭൂമി ഇടപാട് വൈകുന്നതിനാണ് സാധ്യത. നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങുമോ എന്ന് ആശങ്കയുണ്ടാവും. വാഹനത്തിൻ്റെ അറ്റകുറ്റപ്പണിക്ക് ചെലവേറും. തീർത്ഥാടനത്തിൽ സംതൃപ്തി തോന്നും. വിദ്യാഭ്യാസത്തിൽ ഉയർച്ച വരുന്നതാണ്. പ്രണയികൾ ഭാവിതീരുമാനം കൈക്കൊണ്ടേക്കും. അഭിനയം, സംഗീതം, ചിത്രകല ഇവയിൽ അവസരമുണ്ടാവും. കരാർ പണികൾ തുടർന്നും ലഭിക്കുന്നതാണ്.
ചോതി
അഞ്ചിലെ ആദിത്യൻ പലതരം ആലോചനകളുണർത്തും. പഴയ കാര്യങ്ങൾ മനസ്സിലുണരുന്നതാണ്. തന്മൂലം പ്രവർത്തിയിൽ അലസരായേക്കാം.
പുതിയവ പഠിക്കാൻ ആഗ്രഹം തോന്നും. എന്നാൽ പിന്നീടാവാം എന്ന് സ്വയം നീട്ടിവെക്കും. സ്ഥിര ജോലിക്കാർക്കൊഴികെ വരുമാനത്തിൽ ചെറിയ കുറവ് വരാനിടയുണ്ട്. സഹായഹസ്തങ്ങൾ പിൻവലിയാം. പ്രതീക്ഷിച്ച സ്ഥാനക്കയറ്റം അനർഹർക്ക് ലഭിക്കുന്നതിൽ ദേഷ്യവും വിരോധവും അനുഭവപ്പെടും. സഹിഷ്ണുത ശീലിക്കേണ്ടതുണ്ട്. ഭൂമിയിൽ നിന്നും വരുമാനം കുറയുന്നതാണ്. സംഘടനയുടെ പ്രവർത്തനങ്ങളിൽ വിട്ടുനിന്നേക്കും. എന്നാലും ജീവിതത്തെ ജീവിതവ്യമാക്കുന്ന നല്ല അനുഭവങ്ങൾ വന്നുചേരാതിരിക്കില്ല. പരാജയങ്ങൾക്ക് പിന്നാലെ വിജയവും സാധ്യതയാണ്.
വിശാഖം
സാധാരണ കാര്യങ്ങൾ ഒന്നും തന്നെ മുടങ്ങില്ല. തീരുമാനിച്ചതുപോലെ നടത്തും. പ്രധാനകാര്യങ്ങളിൽ പുനരാലോചന ആവശ്യമാണ്. അധികാരികൾക്ക് പ്രിയം കുറയാം. സഹപ്രവർത്തകർ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് തോന്നും. വിവാദങ്ങളിൽ നിന്നും അയൽവഴക്കുകളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് ഉത്തമം. ഗൃഹം നവീകരിക്കുന്നത് പണച്ചെലവ് കൂട്ടും. വ്യാപാര കാര്യങ്ങൾക്ക് യാത്രയുണ്ടാവും. കലാപ്രവർത്തനത്തിന് സ്വീകാര്യതയേറാം. വയോജനങ്ങൾ ആരോഗ്യ പരമായി ജാഗ്രത പുലർത്തണം. പുതുതലമുറയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. പ്രണയികൾ 'പിരിയാം' എന്ന ധാരണയിലെത്തും. വാഹനം ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണം.
അനിഴം
ആദിത്യനും ചൊവ്വയും ഉപചയ സ്ഥാനത്താകയാൽ അപചയങ്ങൾ സംഭവിക്കില്ല. ഔദ്യോഗിക ജീവിതം സംഘർഷരഹിതമാവും. സ്വപ്നം കണ്ട ഉയർന്ന പദവി ലഭിച്ചുകൂടെന്നില്ല. പുതിയ കാര്യങ്ങൾ പ്രാവർത്തികമാക്കും. നിരസിച്ചവർ സ്വീകരിക്കും. ആഗ്രഹസഫലീകരണത്തിന് കുറുക്കുവഴികൾ തേടില്ലെന്നത് അഭിനന്ദിക്കപ്പെടും. മത്സരങ്ങളിലും അഭിമുഖങ്ങളിലും ശോഭിക്കുന്നതാണ്. ബിസിനസ്സ് സ്ഥാപനത്തിന് പുതിയ ശാഖ തുടങ്ങാനായേക്കും. പഞ്ചമഭാവത്തിൽ ശനി തുടരുകയാൽ സന്താനങ്ങളുടെ പഠിപ്പ്, കൂട്ടുകെട്ട് എന്നിവയിൽ നിരീക്ഷണം നടത്തുന്നത് നന്നായിരിക്കും. ദേഹക്ലേശം കൂടാം. അഷ്ടമവ്യാഴം കുടുംബകാര്യങ്ങളിൽ പിണക്കത്തിന് ഇടവരുത്തും. ജീവകാരുണ്യത്തിൻ അലസത വരാം.
തൃക്കേട്ട
ആദിത്യനും ചൊവ്വയും ഇഷ്ടഭാവങ്ങളിലാകയാൽ ഇഷ്ടകാര്യങ്ങൾ നടക്കും. കർമ്മതടസ്സം ഒഴിയും. ആത്മവിശ്വാസം പുലരുന്നതാണ്. എതിർപ്പുകളിൽ തളരില്ല. ജോലി തേടുന്നവർക്ക് കഴിവിനൊത്ത അവസരങ്ങൾ സംജാതമാകും. സ്വകാര്യ സ്ഥാപനത്തിൽ പ്രൊമോഷൻ/വേതന വർദ്ധനവ് ഇവയുണ്ടാവും. ഭൂമി വ്യവഹാരത്തിൽ അനുകൂലമായ വിധിയുണ്ടാവും. ഗൃഹനിർമ്മാണത്തിന് വേഗത കൈവരുന്നതാണ്. സഹോദരരും ബന്ധുക്കളും അനുകൂലരാവും. വ്യാപാരതന്ത്രങ്ങൾ വിപണിയിലെ കിടമത്സരങ്ങളിൽ വിജയം കൊയ്യും. വിദേശത്ത് പോകാൻ അവസരമുണ്ടാവും. സാമ്പത്തികമായ ഉയർച്ച, പ്രണയത്തിൽ ആഹ്ളാദം എന്നിവ സാധ്യതകളാണ്. സുഖഭോഗങ്ങൾ, കലാപരമായ നേട്ടം എന്നിവയും ഭവിക്കാം.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
മൂലം
രണ്ടാമെടത്ത് ഗ്രഹാധിക്യം ഉള്ളതിനാൽ വാക്ക് ഗുണത്തിനും ദോഷത്തിനും ഇടയുണ്ടാക്കും. കാര്യാലോചനകളിൽ കൃത്യമായ നിലപാടുകൾ എടുക്കാൻ കഴിഞ്ഞേക്കും. സാങ്കേതിക വിദ്യാഭ്യാസത്തിൽ വിദേശത്ത് ഉപരിപഠന സാധ്യത ആരായും. ഉന്നതാധികാരികളുടെ നിർദ്ദേശങ്ങൾ പ്രാവർത്തകമാക്കാത്തതിനാൽ മുഷിച്ചിലുണ്ടാവും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് വായ്പ ലഭിക്കാനിടയുണ്ട്. കലാപ്രവർത്തനത്തിന് നേരം കണ്ടെത്തും. ഗവേഷണം പുരോഗമിക്കുന്നതാണ്. കുടുംബ ജീവിതത്തിൽ സംതൃപ്തി കുറയില്ല. നിക്ഷേപിക്കാൻ കരുതിയ ധനം മറ്റുകാര്യങ്ങൾക്ക് ചെലവഴിക്കേണ്ടി വന്നേക്കാം. അപ്രസക്ത കാര്യങ്ങൾക്കായി ഊർജ്ജവും സമയവും നഷ്ടപ്പെടുത്തും.
പൂരാടം
കുജനും ആദിത്യനും രണ്ടിൽ സഞ്ചരിക്കുന്നത് വാക്പാരുഷ്യത്തിന് കാരണമാകും. സുഗമമാണെന്ന് കരുതിയ കാര്യങ്ങൾ തടസ്സപ്പെടാം. കർമ്മരംഗത്ത് ശുഷ്കാന്തി കുറയും. എന്നാൽ ബുധശുക്രന്മാർ രണ്ടാം ഭാവത്തിലുള്ളത് നന്മകൾക്കും വഴിതുറക്കുന്നതാണ്. പഠനം, ഗവേഷണം, കലാരംഗം എന്നിവയിൽ വളർച്ചയുണ്ടാവും. തീരുമാനങ്ങളിൽ ചിലതുമാത്രം പ്രാവർത്തികമാക്കും. കുറച്ചു കാര്യങ്ങൾ പിന്നീടത്തേക്ക് നീട്ടിവെക്കാം. പൊതുപ്രവർത്തകർക്ക് ജനങ്ങളുടെ പിന്തുണ കുറയുന്നതാണ്. സ്വന്തം ബിസിനസ്സിൽ നവീകരണം കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരും. തീർത്ഥയാത്രകൾക്ക് അവസരമുണ്ടാവും. ആരോഗ്യ പരിപാലനത്തിൽ അലംഭാവമരുത്.
ഉത്രാടം
ആദിത്യനും ചൊവ്വയും ജന്മരാശിയിൽ, ജന്മനക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. അതിനാൽ സമ്മർദ്ദങ്ങൾ ഉണ്ടാവും. ലഘുനേട്ടങ്ങൾക്ക് പോലും അദ്ധ്വാനഭാരം കൂടുന്നതാണ്. ആരംഭിച്ച കാര്യങ്ങൾ ചിലപ്പോൾ വേണ്ടെന്നുവെക്കും. സഹപ്രവർത്തകർക്കിടയിൽ അനൈക്യം ഉടലെടുക്കാം. കുടുംബകാര്യങ്ങളിൽ ഗൗരവപൂർണമായ ഇടപെടൽ ആവശ്യമായ സാഹചര്യമാണുള്ളത്. പുതിയ ജോലി കിട്ടും വരെ നിലവിലെ ജോലി ഉപേക്ഷിക്കരുത്. വാഗ്ദാനങ്ങൾ ലംഘിക്കപ്പെടാം. ദൗത്യങ്ങൾ പൂർത്തിയാക്കുന്നതിൽ ക്ലേശം അനുഭവിക്കാം. കരാർ പണികളുടെ കുടിശിക തുക ലഭിക്കുന്നത് ആശ്വാസകരമാണ്. പഠനത്തിൽ അലസരാവാനിടയുണ്ട്.
തിരുവോണം
ജന്മരാശിയിൽ നാലുഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ മനസ്സ് ശിഥിലമാവുന്ന സാഹചര്യങ്ങൾ വരാം. പ്രവർത്തികളിൽ ഏകാഗ്രത കുറയുന്നതാണ്. ചിലകാര്യങ്ങളിൽ പരാശ്രയത്വം വേണ്ടിവരുന്നതായിരിക്കും. ശത്രുക്കളെക്കുറിച്ച് കൂടുതൽ ചിന്തിക്കും. നിഴൽയുദ്ധം നടത്തുവാനുദ്യമിച്ചെന്നും വരാം. ഉദ്യോഗസ്ഥർക്ക് ദൗത്യങ്ങൾ ദുഷ്കരമായി അനുഭവപ്പെട്ടേക്കും. വീടിൻ്റെ അറ്റകുറ്റപ്പണിക്ക് കരുതിയതിലും ചിലവേറും. ആഢംബരങ്ങൾ ഒഴിവാക്കുകയാവും ഉചിതം. തീർത്ഥാടനങ്ങൾ, ബന്ധുസന്ദർശനം എന്നിവ മനസ്സുഖമേകും. വരുമാനമുയർത്താൻ ശ്രമിച്ചാലും വിജയിക്കണമെന്നില്ല. അനർഹർക്ക് സ്ഥാനക്കയറ്റം ഉണ്ടാകുന്നത് വിഷമത്തിന് കാരണമാകും.
അവിട്ടം
മകരക്കൂറുകാർക്ക് ജന്മത്തിലും കുംഭക്കൂറുകാർക്ക് പന്ത്രണ്ടിലും ചതുർഗ്രഹ യോഗം ഭവിക്കുകയാൽ വാക്കിലും കർമ്മത്തിലും വളരെ കരുതൽ വേണ്ട കാലഘട്ടമാണ്. സാങ്കേതിക പഠനത്തിനായി വീടുവിട്ട് നിൽക്കാൻ സാധ്യതയുണ്ട്. സ്വന്തമായിട്ടുള്ള സംരംഭങ്ങളുടെ നടത്തിപ്പ് കുറച്ചൊക്കെ ശ്രമകരമായിത്തീരും. ദൂരദിക്കുകളിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടാൻ സാധ്യത കുറവാണ്. രാഷ്ട്രീയ കാര്യങ്ങളിൽ എതിർപ്പധികമാവും. പണവരവ് കുറയില്ല. എന്നാൽ ചെലവും അധികരിക്കുന്നതാണ്. ത്യാഗമനസ്ഥിതി ആരെങ്കിലും ചൂഷണം ചെയ്യാനിടയുണ്ട്. സാഹസകർമ്മങ്ങൾ ഒഴിവാക്കണം. ഭൂമി വ്യാപാരത്തിൽ അമളി പറ്റാൻ സാധ്യത കാണുന്നു.
ചതയം
വ്യയഭാവത്തിലെ ഗ്രഹാധിക്യം വ്യയം അമിതമാക്കാം. വ്യർത്ഥയാത്രകൾ വേണ്ടി വരുന്നതാണ്. അധികാരികൾ അവഗണിച്ചെന്നു വരാം. ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാനിടയില്ല. കുടുംബ ബന്ധം ദൃഢമാകാൻ വിട്ടുവീഴ്ചകൾ അനിവാര്യമാണ്. കലാകാരന്മാർക്ക് അവസരങ്ങൾ കുറയില്ല. വിദേശത്ത് പഠനയാത്രകൾക്ക് സന്ദർഭം ഉരുത്തിരിയും. പ്രണയബന്ധം വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിക്കാൻ സാധ്യത കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ കണക്ക് സൂക്ഷിക്കേണ്ടതുണ്ട്. സഹോദരരുമായൊത്ത് തുടങ്ങിയ ബിസിനസ്സിൽ ലാഭം കുറയും. ചെറുകിട സംരംഭങ്ങൾ ആദായം നൽകും. വ്യവഹാരങ്ങൾ കോടതിക്ക് പുറത്തുവെച്ച് ഒത്തുതീർക്കുന്നതാവും ഉചിതം. ഗൃഹനിർമ്മാണത്തിന് ആസൂത്രണം നടത്തും.
പൂരൂരുട്ടാതി
കഠിനപാതകളും മലകയറ്റങ്ങളും ജീവിതത്തിലുണ്ടെന്നതിന് മകരമാസം ഒരു തെളിവായിരിക്കും. വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കുക ക്ലേശകരമാവും. പ്രതീക്ഷിച്ച സഹായഹസ്തങ്ങൾ പിൻവലിഞ്ഞേക്കും. ഇഷ്ടാനിഷ്ടങ്ങൾ കുടുംബത്തിനായി വേണ്ടെന്നുവെച്ചേക്കും. കാര്യാലോചനകളിൽ സംയമം പാലിക്കുക നല്ലത്. പൊതുകാര്യങ്ങളിൽ എതിർപ്പുകൾ വരാം. ഭൂമിയിൽ നിന്നും വരുമാനം കുറയും. ചെറിയ ജോലികളിൽ മുടക്കമുണ്ടാവില്ല. ദൂരദിക്കുകളിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് വരാൻ കാത്തിരിക്കേണ്ടി വന്നേക്കും. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കായുള്ള അഭിമുഖ പരീക്ഷകളിൽ ശോഭിക്കുന്നതാണ്. നിയമനം വൈകും. പ്രണയികൾക്ക് ഊർജ്ജദായകമാണ് സാഹചര്യം. സുഹൃത്തുക്കളുടെ വാക്കുകൾ വിവേകപൂർവ്വം കൈക്കൊള്ളുകയാവും ഉചിതം.
ഉത്രട്ടാതി
പതിനൊന്നിലെ ഗ്രഹാധിക്യം ഗുണാനുഭവങ്ങൾക്ക് കാരണമാകും. പ്രൈവറ്റ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി പ്രതീക്ഷിക്കാം. മത്സരങ്ങളിലും വ്യവഹാരത്തിലും വിജയിക്കുന്നതാണ്. സ്വന്തം നിലപാടുകൾ ഒപ്പമുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കും. ബിസിനസ്സ് തന്ത്രങ്ങൾ ഫലം കാണുന്നതാണ്. മത്സരാധിഷ്ഠിത കരാറുകൾ സ്വന്തമാക്കും. ചൊവ്വ പതിനൊന്നിൽ സഞ്ചരിക്കുന്നതിനാൽ വസ്തുവിൽപ്പന ലാഭകരമാവും. ഗൃഹനിർമ്മാണം തടസ്സപ്പെട്ടില്ല. രോഗികൾക്ക് ആശ്വാസമുണ്ടാവും. ഗവേഷണ പ്രബന്ധത്തിന് പുരസ്കാരം കിട്ടും. കലാകാരന്മാർക്ക് അവസരങ്ങൾ തേടിവരുന്നതാണ്. കുടുംബത്തിൻ്റെ അംഗീകാരത്തോടെ പ്രണയ വിവാഹം സാധ്യമാകും.
രേവതി
സാഹചര്യം അനുകൂലമാവുന്ന കാലഘട്ടമാണ്. അപേക്ഷകൾക്ക് സർക്കാരിൽ നിന്നും ധനാത്മകമായ മറുപടി ലഭിക്കും. ഋണാത്മക ചിന്തകൾ ഉപേക്ഷിക്കാനാവും. പഠനകാര്യത്തിൽ പുരോഗതി തെളിയും. മത്സരപ്പരീക്ഷകർക്ക് തയ്യാറെടുപ്പ് സുഗമമായി മുന്നേറും. സാഹിത്യം, സംഗീതം, ചിത്രകല, അഭിനയം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയും. വസ്തുവോ സ്ഥാപനമോ വാങ്ങും. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനാവും. സഹോദരുമായുള്ള സ്വത്തുതർക്കങ്ങൾക്ക് പരിഹാരം ലഭിക്കും. നറുക്കെടുപ്പ്, ചിട്ടി, ലോൺ ഇവമൂലം ധനാഗമമുണ്ടാവും. ദാമ്പത്യകലഹങ്ങളിൽ അനുരഞ്ജനം ഫലവത്താകും. ഭാവികാര്യങ്ങൾ മനസ്സിൽ കണ്ട് പ്രവർത്തിക്കുന്നതാണ്. നവീന ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങും.
Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us