scorecardresearch

Monthly Horoscope for Kumbham: കുംഭ മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ

Malayalam Month Kumbham Horoscope for stars Makam to Thrikketta: കുംഭ മാസം മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Malayalam Month Kumbham Horoscope for stars Makam to Thrikketta: കുംഭ മാസം മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kumbham Horoscope

Monthly Horoscope: കുംഭ മാസം നിങ്ങൾക്കെങ്ങനെ?

Monthly Horoscopeസൂര്യൻ കുംഭ രാശിയിൽ, അവിട്ടം, ചതയം, പൂരൂരുട്ടാതി എന്നീ ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ഫെബ്രുവരി 13 മുതൽ മാർച്ച് 14 വരെയാണ് കുംഭമാസം. 30 തീയതികളുണ്ട്.
Advertisment
കുംഭം 5 ന് കറുത്തവാവും കുംഭം 19 ന് വെളുത്തവാവും വരുന്നുണ്ട്. പൗർണമിയുടെ അന്ന്,അതായത് കുംഭം 19 ന്/ മാർച്ച് 3 ന് ചന്ദ്രഗ്രഹണവും സംഭവിക്കുന്നു. ചൊവ്വ മകരം രാശിയിലാണ്. കുംഭം 11 ന് കുംഭത്തിലേക്ക് സംക്രമിക്കും. എന്നാൽ ചൊവ്വയുടെ മൗഢ്യസ്ഥിതി തുടരുകയാണെന്നത് പ്രസ്താവ്യമാണ്.
കുംഭം രാശിയിലാണ് ബുധനും ശുക്രനും. 17 ന് ശുക്രൻ ഉച്ചരാശിയായ മീനത്തിലേക്ക് പകരും. കുംഭം 17 ന് ബുധന് വക്രമൗഢ്യം ആരംഭിക്കും. വ്യാഴം മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിൽ കുംഭം അവസാനം വരെ വക്രഗതി തുടരും. 
Advertisment
ശനി മീനം രാശിയിൽ ഉത്രട്ടാതിയിലും രാഹു കുംഭം രാശിയിൽ ചതയത്തിലും കേതു ചിങ്ങം രാശിയിൽ പൂരത്തിലും തുടരുകയാണ്. ഈ ഗ്രഹനിലയെ മുൻനിർത്തി കുംഭമാസത്തിലെ മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

മകം

ഏഴാം ഭാവത്തിൽ ആദിത്യനും നാലു ഗ്രഹങ്ങളും സഞ്ചരിക്കുകയാൽ കുംഭമാസത്തിൽ ദേശാന്തര യാത്രകൾ, അലച്ചിൽ എന്നിവ ഉണ്ടാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് വിശ്രമം കുറയും. സ്ഥലംമാറ്റം സാധ്യതയാണ്. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അസൗകര്യപ്രദമാവും, ചില മാറ്റങ്ങൾ. തദ്ദേശീയ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കേണ്ട സർട്ടിഫിക്കേറ്റ്/ ലൈസൻസ് ഇവ ലഭിക്കാൻ വൈകുന്നതാണ്. പണമെടപാടുകളിൽ ലാഭം കുറയും. ദാമ്പത്യത്തിൽ സ്വസ്ഥത മാറിമറിയുന്നതാണ്. ഗൃഹനിർമ്മാണത്തിലെ തടസ്സം നീങ്ങാൻ പണം കടം വാങ്ങേണ്ടി വരാം. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. പതിനൊന്നിലെ വ്യാഴം പദവികൾക്ക് അർഹത നേടിത്തരുന്നതാണ്.

പൂരം

നക്ഷത്രാധിപനായ ശുക്രൻ്റെ അനുകൂല നിലയും പതിനൊന്നിലെ വ്യാഴവും കാര്യങ്ങളെ ഒരു പരിധിവരെ വരുതിയിലാക്കാം. ചെയ്തു പോരുന്ന ജോലിയിൽ മാറ്റമാഗ്രഹിക്കും. പക്ഷേ പുതിയ ജോലി കിട്ടാൻ അല്പം കാത്തിരിപ്പാവശ്യമാണ്. പങ്കുകച്ചവടം കൊണ്ട് നേട്ടങ്ങൾ കുറയാം. മകൻ്റെ വിദ്യാഭ്യാസ കാര്യത്തിൽ അല്പം ഉത്കണ്ഠക്ക് വഴിയുണ്ട്. ചിട്ടി, നറുക്കെടുപ്പ് ഇവയിൽ നിന്നും വരുമാനമുയരും. സംഘടനയിൽ എതിർപ്പുണ്ടാവും. തൊഴിൽപരമായ യാത്രകൾ കൂടുന്നതാണ്. ലോൺ അപേക്ഷ അംഗീകരിക്കപ്പെടും. അഷ്ടമശനി കാരണം ചില അവിചാരിത തടസ്സങ്ങൾ ഭവിക്കാം. ദേഹക്ഷീണവും ആലസ്യവും ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ടതാവാം. കലാസാഹിത്യരംഗം ഉന്മേഷം നിറഞ്ഞതായി മാറും.

ഉത്രം

ചിങ്ങക്കൂറുകാർക്ക് ശരാശരി ഫലം പ്രതീക്ഷിക്കാം. നേട്ടങ്ങൾ അത്യധ്വാനത്തിലൂടെ കൈവരും. ഓഫീസിൽ തൊഴിൽ വിവേചനം നേരിടാം. ഭൂമിയിടപാടുകളിൽ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. പങ്കുകച്ചവടത്തിൽ അനിഷ്ടം ഏർപ്പെടുന്നതാണ്. നിക്ഷേപങ്ങളിലൂടെ  ആദായം കൈവരും. സത്കാര്യങ്ങളുടെ നിർവഹണത്തിന് നേരം കണ്ടെത്തും. കന്നിക്കൂറുകാരായ ഉത്രം നാളുകാർക്ക് മിക്ക മേഖലകളിലും അഭ്യുദയം വന്നുചേരുന്നതാണ്. ഉദ്യോഗാർത്ഥകൾക്ക് അർഹതയുള്ള തൊഴിൽ കൈവരും. ഗവേഷണം, ശാസ്ത്രീയ പഠനം ഇവ അംഗീകരിക്കപ്പെടും. ഗൃഹനിർമ്മാണം പൂർത്തീകരണത്തിലേക്ക് നീങ്ങും. കുടുംബ ഭദ്രത പ്രതീക്ഷിക്കാം. മകളുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാവും. സാമ്പത്തിക സമ്മർദ്ദങ്ങൾക്ക് അയവ് വന്നെത്തും.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു

അത്തം

ആദിത്യൻ ഇഷ്ടഭാവമായ ആറാമെടത്തിൽ സഞ്ചരിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. മുടങ്ങിപ്പോയ കാര്യങ്ങൾ പുനരാരംഭിക്കാൻ കഴിഞ്ഞേക്കും. തൊഴിൽ തേടുന്നവർക്ക് അർഹതയ്ക്കൊത്ത പദവി ലഭിക്കുന്നതാണ്. കർമ്മരംഗത്ത് ബഹുമാന്യത നേടും. മുടക്കിയ പണം തിരിച്ചു കിട്ടിത്തുടങ്ങും. സ്വയം അറിവ് സമ്പാദിക്കും. അതിനായി കഠിനാദ്ധ്വാനത്തിന് മടിക്കില്ല. വിജ്ഞാനം മറ്റുള്ളവർക്ക് പകരുവാനുമാവും. ആറാം ഭാവത്തിലെ ബുധൻ അതാണ് സൂചിപ്പിക്കുന്നത്. ഉപരിവിദ്യാഭ്യാസ കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടാവും. പിണങ്ങിയ കൂട്ടുകാർ ഇണങ്ങും. കടബാധ്യത ഭാഗികമായി പരിഹരിക്കാൻ സാധിക്കുന്നതാണ്. പൊതുപ്രവർത്തകർക്ക് ജനകീയ പിന്തുണ ഏറും.

ചിത്തിര

കന്നിക്കൂറുകാർക്ക് ഗുണഫലങ്ങൾ അധികരിക്കുന്ന കാലമാണ്. അത്രതന്നെ മെച്ചം തുലാക്കൂറുകാർക്ക് പറയാനില്ല. സ്വതസ്സിദ്ധമായ കഴിവുകൾ തിരിച്ചറിയാനിടവരുന്നതാണ്. വ്യക്തമായ ലക്ഷ്യബോധം പുലർത്താനുമാവും. നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് ആശാസ്യമായേക്കില്ല. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് അവസരം വന്നെത്താം. ഏജൻസി പ്രവർത്തനം വിപുലീകരിക്കാൻ കഴിഞ്ഞേക്കും. കരാർ പണികൾ നീട്ടിക്കിട്ടും. തുലാക്കൂറുകാർ കൂടുതൽ നേരം ചിന്തകളിൽ മുഴുകും. വാടകവീട് ഒഴിഞ്ഞു കൊടുക്കേണ്ടി വരാം. കക്ഷിരാഷ്ട്രീയ പ്രവർത്തനത്തിൽ വെല്ലുവിളികൾ ഉയരും. കിടപ്പുരോഗികളുടെ ചികിൽസാമാറ്റം സ്വയം തീരുമാനിക്കരുത്. ജന്മനാട്ടിലെ ക്ഷേത്രോത്സവത്തിന് കുടുംബ സമേതം പങ്കെടുക്കും.

ചോതി

അഞ്ചാം ഭാവത്തിൽ നാലിലധികം ഗ്രഹങ്ങൾ സഞ്ചരിക്കുന്നു. ആറിൽ ശനിയും ഒമ്പതിൽ വ്യാഴവും തുടരുകയാണ്. ആലോചന കൂടുകയും പ്രവൃത്തി കുറയുകയും ചെയ്യും. സമയനിഷ്ഠ താളം തെറ്റും. ഔദ്യോഗികമായി സമ്മിശ്രമായ കാലമാണ്. സഹപ്രവർത്തകരുമായി പിണങ്ങും. ഉപജാപങ്ങൾ വിഷമിപ്പിക്കും. ജീവിതശൈലീ രോഗങ്ങൾക്ക് ചികിൽസ വേണ്ടിവരുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കുറയാനിടയുണ്ട്.  പുതിയ ബിസിനസ്സ് തുടങ്ങാൻ ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ല. സാഹിത്യകാരന്മാർക്ക് ഭാവന വിലാസം വർദ്ധിക്കും.  കലാപ്രവർത്തനത്തിന് നവോന്മേഷം കൈവരുന്നതായിരിക്കും. വേണ്ടപ്പെട്ടവർക്കൊപ്പം തീർത്ഥയാത്രകൾ സാധ്യമായേക്കും. ഏജൻസി വ്യാപാരം പുഷ്ടിപ്പെടും. പ്രണയം ദൃഢമാവുന്നതാണ്.

Also Read: ഫെബ്രുവരി മാസഫലം, അശ്വതി മുതൽ രേവതിവരെ

വിശാഖം

നക്ഷത്രാധിപനായ വ്യാഴത്തിന് മാസം മുഴുവൻ വക്രം തുടരുകയാൽ അമിത പരിശ്രമത്താൽ മാത്രമേ ലഘുനേട്ടങ്ങൾ കൈവശമെത്തുകയുള്ളു. സ്ഥാനോന്നതിക്കായുള്ള പരിശ്രമങ്ങൾ സഫലമാവണമെന്നില്ല. എന്നാൽ ചെറുസംരംഭങ്ങളിൽ നേട്ടം കുറയില്ല. കമ്മീഷൻ/കരാർ തൊഴിലുകളിൽ ആദായം വർദ്ധിക്കുന്നതാണ്. ആലോചിച്ചെടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ വിമുഖതയുണ്ടാവും. ബന്ധുക്കളിൽ നിന്നും പ്രോൽസാഹനം കിട്ടാനിടയില്ല. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നതാണ്. ഉപരിപഠനം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരും. കടം വാങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. വാഹനം ഉപയോഗിക്കുന്നതിൽ നല്ല ജാഗ്രത ആവശ്യമാണ്.

അനിഴം

നാലാമെടത്തിൽ ഗ്രഹാധിക്യം, മനസ്സുഖം കുറയാൻ കാരണമാകും. തൊഴിലിൽ സമ്മിശ്രഫലങ്ങൾ പ്രതീക്ഷിച്ചാൽ മതി. അനർഹർക്ക് സ്ഥാനക്കയറ്റം കിട്ടുന്നത് വിഷമിപ്പിക്കും. സുഹൃത്തുക്കളുടെ ഇടയിൽ നിന്നും വിരോധിക്കുന്നവരുടെ എണ്ണം ഉയരാം. ഓൺലൈൻ ചൂതാട്ടങ്ങൾ തുടങ്ങിയ ദുശ്ശീലങ്ങൾക്ക് വിധേയരാവരുത്. പ്രൈവറ്റ് സ്ഥാപനത്തിലെ കരാർ പുതുക്കപ്പെടാം. വാഹനം ഉപയോഗിക്കുന്നതിൽ നല്ല കരുതലുണ്ടാവണം. സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത വേണ്ടതുണ്ട്. ദീർഘയാത്രകൾ ആവശ്യമായി വന്നേക്കും. ഭൂമിയിൽ നിന്നും ആദായം കിട്ടാം. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. അനുരഞ്ജനത്തിൻ്റെ പാത കുടുംബ ജീവിതത്തിൽ സമാധാനമുണ്ടാക്കും.

തൃക്കേട്ട

ഉദ്യോഗസ്ഥർക്ക് അധ്വാനം കൂടും. സഹപ്രവർത്തകരുടെ പിന്തുണ കുറയും. ചുമതലകൾ സമയബന്ധിതമായി പൂർത്തികരിക്കാൻ ക്ലേശിക്കുന്നതാണ്. പ്രൈവറ്റ് സ്ഥാപനത്തിൽ അഭിമുഖത്തിലൂടെ നിയമനം ലഭിച്ചേക്കാം. അന്യദിക്കിൽ ജോലി ചെയ്യുന്നവർക്ക് ജന്മനാട്ടിലേക്ക് മാറ്റം കിട്ടാൻ അല്പം കൂടി കാത്തിരിക്കേണ്ടി വന്നേക്കും. സഹായം വാഗ്ദാനം ചെയ്തവർ കബളിപ്പിക്കാനിടയുണ്ട്. പൊതുപ്രവർത്തനത്തിൽ വെല്ലുവിളികൾ ഉയരുന്നതാണ്. സാമ്പത്തിക സ്ഥിതി മോശമാവില്ല. എന്നാൽ മിതവ്യയം അനിവാര്യമായ കാലഘട്ടമാണെന്നും ഓർക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് ശരിയാംവിധം തയ്യാറെടുപ്പ് നടത്താനാവും. ഗൃഹനിർമ്മാണം/അറ്റകുറ്റത്തിന് കൂടുതൽ പണച്ചെലവ് വരുന്നതാണ്.

Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: