scorecardresearch

Monthly Horoscope for Dhanu: ധനു മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ

Malayalam Month Dhanu Horoscope for stars Makam to Thrikketta: ധനു മാസം മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Malayalam Month Dhanu Horoscope for stars Makam to Thrikketta: ധനു മാസം മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

Monthly Horoscope: ധനു മാസം നിങ്ങൾക്കെങ്ങനെ?

Astrology: ആദിത്യൻ ധനുരാശിയിൽ സഞ്ചരിക്കുന്ന കാലമാണ് ധനുമാസമായി അറിയപ്പെടുന്നത്. മൂലം, പൂരാടം എന്നീ ഞാറ്റുവേലകൾ പൂർണമായും, ഉത്രാടം ഞാറ്റുവേല ഭാഗികമായും ധനുമാസത്തിൽ വരുന്നു. 

Advertisment

ശനി മീനം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലും വ്യാഴം വക്രഗതിയായി മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിലും തുടരുന്നു. രാഹുവും കേതുവും യഥാക്രമം കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും, ചിങ്ങം രാശി പൂരം നക്ഷത്രത്തിലും തുടരുകയാണ്. 

ചൊവ്വ മാസം മുഴുവൻ ധനുരാശിയിലാണ്. മൗഢ്യാവസ്ഥയ്ക്ക് മാറ്റമില്ല. ബുധൻ ധനു 14 വരെ വൃശ്ചികം രാശിയിലും തുടർന്ന് ധനുരാശിയിലുമാണ്. ശുക്രൻ വൃശ്ചികം രാശിയിലാണ്.  ധനു 5ന് ധനുരാശിയിലേക്ക് സംക്രമിക്കും. ശുക്രന് മൗഢ്യകാലമാണ്. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ചവരുടെ സമ്പൂർണ്ണ ധനുമാസഫലം ഇവിടെ അപഗ്രഥിക്കുന്നു.

Advertisment

Also Read: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ

മകം

പതിനൊന്നാം ഭാവത്തിലെ വ്യാഴം മത്സരങ്ങളിൽ വിജയമരുളും. ധനനഷ്ടങ്ങൾ നികത്തപ്പെടും. സമൂഹത്തിൽ ബഹുമാന്യത നേടുന്നതാണ്. പഞ്ചമഭാവത്തിൽ സഞ്ചരിക്കുന്ന ആദിത്യനും ചൊവ്വയും ചിന്താക്കുഴപ്പത്തിനിടവരുത്തുന്നതാണ്. ക്രിയയും കർമ്മവും കുറയും; ആലോചന കൂടാം. ദൈവീക സമർപ്പണങ്ങൾ നീണ്ടുപോയേക്കും. മക്കളുടെ കാര്യത്തിൽ ഉത്കണ്ഠ വരാം. ബുധശുക്രന്മാർ ഭാവനാവിലാസം ഉയരാൻ കാരണമാകും. കലാമത്സരങ്ങളിൽ തിളങ്ങുന്നതാണ്. പഠനകാര്യത്തിൽ ഇടയ്ക്കിടെ ആലസ്യമുണ്ടാവാം. ജന്മകേതുവും ഏഴാം ഭാവത്തിലെ രാഹുവും അകാരണഭയം, ദാമ്പത്യത്തിൽ സ്വൈരമില്ലായ്മ എന്നിവ സൃഷ്ടിക്കാം. അഷ്ടമശനി ദേഹക്ലേശം, അനാവശ്യ ഭയം ഇവയുണ്ടാക്കും. വയോജനങ്ങളെ സംരക്ഷിക്കുന്നതിൽ വീഴ്ച വരാനിടയുണ്ട്.

പൂരം

തീരുമാനങ്ങൾ ഏകപക്ഷീയമാണെന്ന് സഹപ്രവർത്തകരുടെ ആക്ഷേപമുയരാം. കാര്യനിർവഹണത്തിന് പരാശ്രയത്വമുണ്ടാവും. കുറച്ചധികം  ചിന്തിച്ചേക്കും. എന്നാൽ വളരെ ചെറിയ കാര്യങ്ങൾ മാത്രമാണ് പ്രാവർത്തികമാക്കാൻ കഴിയുക. തൊഴിലിടം നവീകരിക്കുന്നതിന് സർക്കാരിൽ നിന്നും അനുമതി വൈകാം. പരസ്പര വിരുദ്ധമായ നിലപാടുകൾ കൈക്കൊള്ളുന്നതിനാൽ ചോദ്യശരങ്ങൾ ഉയർന്നേക്കും. വസ്തുവിൽപ്പനയിൽ പ്രതീക്ഷിച്ച ലാഭം ഉണ്ടായേക്കില്ല. പുതുതലമുറയെ മനസ്സിലാക്കാൻ വൈകും. വിദേശത്ത് കഴിയുന്നവരുടെ തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടുന്നതായിരിക്കും. ഉത്സവങ്ങളിലും വിനോദങ്ങളിലും അഭിരമിക്കുവാൻ കഴിയുന്നതാണ്. കലാരംഗം പുഷ്ടിപ്പെടും.

ഉത്രം

ഉത്സാഹം അദ്ധ്വാനം എന്നിവയുടെ ഫലം കർമ്മരംഗത്തിൽ പ്രതിഫലിക്കണമെന്നില്ല. കൂടിയാലോചനകളിൽ തർക്കം ഉയരാം. മേലധികാരികളുടെ നല്ലപുസ്തകത്തിൽ ഇടം പിടിക്കണമെന്നില്ല. ആശയവിനിമയശേഷിയുടെ മൂർച്ച കുറയും. കടബാധ്യത പരിഹരിക്കുവാൻ പുതിയ കടം വാങ്ങുന്ന പ്രേരണ ഒഴിവാക്കണം. പഠിതാക്കൾ ഏകാഗ്രത പുലർത്തും. മത്സരങ്ങളിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കും. പ്രണയികൾക്ക് കുടുംബത്തിൻ്റെ പിന്തുണ ലഭിച്ചേക്കില്ല. ഭൂമി വ്യവഹാരങ്ങൾ നീണ്ടുപോയേക്കും. കരാർ പണികളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. കമ്മീഷൻ വ്യാപാരം ധനലാഭം സൃഷ്ടിക്കും. ബിസിനസ്സ് യാത്രകൾ ഫലം കാണും. സുഹൃൽസംഗമങ്ങൾക്ക് നേരം കണ്ടെത്തുന്നതാണ്.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

അത്തം

നാലിൽ കുജനും ആദിത്യനും സഞ്ചരിക്കുകയാൽ മനസ്സമാധാനം കുറയുന്നതാണ്. അനാവശ്യമായ ചിന്തകൾ അലട്ടാം. വാഹനത്തിന് അറ്റകുറ്റപ്പണി വരാനിടയുണ്ട്. വീടുമാറാനോ ദൂരയാത്രകൾക്കോ സാഹചര്യം വരാം. പുതിയ കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം. ഉദ്യോഗസ്ഥർക്ക്  നവസംരംഭങ്ങൾ തുടങ്ങാനായേക്കും. ഗവേഷകർക്ക് പ്രബന്ധാവതരണം സാധ്യമാകുന്നതാണ്. സാമ്പത്തികമായി സമ്മിശ്രമായ കാലമായിരിക്കും. ആവശ്യങ്ങൾ പരിമിതപ്പെടുത്താൻ കഴിയേണ്ടതുണ്ട്. ഹൃദയബന്ധങ്ങൾ ദൃഢമാകുന്നതാണ്. കലാരംഗത്തുള്ളവർക്ക് അവസരങ്ങളോ പാരിതോഷികങ്ങളോ കൈവന്നേക്കും. സർക്കാരിൽ നിന്നുമുള്ള അനുമതികൾക്ക് പുനർശ്രമങ്ങൾ വേണ്ടതായുണ്ട്. ആരോഗ്യപരമായി ജാഗ്രത വേണം.

ചിത്തിര

കന്നിക്കൂറുകാർക്ക് സമ്മിശ്രഫലങ്ങൾ പ്രതീക്ഷിക്കാം. സുലഭമായിട്ടുള്ളവ ദുർലഭമാവാം. പ്രയത്നവും ആത്മാർത്ഥതയും മേലധികാരികൾ തിരിച്ചറിഞ്ഞില്ലെന്ന് വരും. സാമ്പത്തികമായി പിരിമുറുക്കം ഉണ്ടാവും. വാഗ്ദാനം നിറവേറ്റാൻ അത്യദ്ധ്വാനം വേണ്ടി വരുന്നതായിരിക്കും. നിത്യവരുമാനക്കാർക്കും ഏജൻസികൾ നടത്തുന്നവർക്കും കാര്യവിജയം ഭവിക്കുന്നതാണ്. തുലാക്കൂറുകാർക്ക് ശനി, ആദിത്യൻ, ചൊവ്വ എന്നീ പാപഗ്രഹങ്ങൾ ഉപചയ ഭാവത്തിൽ സഞ്ചരിക്കുകയാൽ സുഖവും ക്ഷേമവുമുണ്ടാവും. അല്പശ്രമങ്ങളാൽ കൂടുതൽ നേട്ടങ്ങൾ കൈവരുന്നതാണ്. പൊതുവേ അലച്ചിൽ കുറയും. സുഖനിദ്രയുണ്ടാവും. കുടുംബ ജീവിതത്തിൽ സമാധാനം നിലനിൽക്കും. രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിയുന്നതായിരിക്കും.

ചോതി

തൊഴിലിടത്തിൽ പ്രാധാന്യം കൈവരുന്നതാണ്. സഹപ്രവർത്തകർക്ക് നൽകുന്ന നിർദ്ദേശങ്ങൾ സ്വീകാര്യമായിത്തീരും.  തൊഴിൽ തേടുന്നവർക്ക് യോഗ്യതക്കൊത്ത അവസരങ്ങൾ ലഭിക്കുന്നതാണ്. സ്വന്തം സ്ഥാപനത്തിൻ്റെ നടത്തിപ്പ് മുന്നത്തേതിലും സുഗമമായിത്തീരും. മുതലിറക്കിയ തുക മടക്കിക്കിട്ടുന്ന സ്ഥിതി വരും. നവീകരണങ്ങൾക്ക് വേഗതയുണ്ടാവും. മത്സരങ്ങളിൽ, വിശേഷിച്ചും കലാമത്സരങ്ങളിൽ നന്നായി ശോഭിക്കുന്നതാണ്. നിലപാടുകളുടെ പേരിൽ പിണങ്ങിപ്പോയവർ വീണ്ടും ഇണങ്ങുന്നതാണ്. ഭിന്ന ദിക്കുകളിൽ ജോലി ചെയ്യുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് മാറ്റം കിട്ടാനിടയുണ്ട്. വസ്തു കച്ചവടത്തിൽ ലാഭം കുറയില്ല. മക്കളുടെ കാര്യത്തിൽ കരുതലുണ്ടാവണം.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

വിശാഖം

സ്വയം തിരുത്താൻ സന്നദ്ധതയുണ്ടാവും. പരിസരങ്ങളിലെ മാറ്റങ്ങൾ തിരിച്ചറിയുവാൻ കഴിയുന്നതാണ്. ഉന്നമനത്തിന് ആഗ്രഹമുണ്ടാവും. ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വം കൂടുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കും. ലോൺ അപേക്ഷ പരിഗണിക്കപ്പെടാം. കൈവായ്പകൾ തിരികെ കൊടുക്കുന്നതിലെ വീഴ്ച കലഹമുണ്ടാക്കും. വിദ്യാർത്ഥികളെ തെല്ല് ആലസ്യം പിടികൂടുന്നതാണ്. വിട്ടുവീഴ്ചകൾ ദാമ്പത്യത്തെ മനോഹരമാക്കുന്നതാണ്. ഗൃഹനിർമ്മാണചർച്ച ഗൃഹത്തിൽ സജീവമാകും. എന്നാൽ പാരമ്പര്യവസ്തു വിൽക്കുന്ന വിഷയത്തിൽ തർക്കം വരാം. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടായേക്കാം. വിദേശത്ത് ഉപരിപഠനത്തിന് തയ്യാറെടുപ്പ് നടത്തുന്നതാണ്. വയോധികരുടെ സംരക്ഷണത്തിൽ ജാഗ്രത വേണം.

അനിഴം

ആദിത്യനും ചൊവ്വയും രണ്ടിൽ സഞ്ചരിക്കുന്നതിനാൽ വാക്കിലെ അധികാരവും പാരുഷ്യവും എതിരാളികളെ സൃഷ്ടിക്കുന്നതാണ്. ധനാഗമത്തിൽ വിളംബമോ വിഘ്നമോ വരാം. തൊഴിലിടത്തിൽ യോജിച്ചെടുത്ത തീരുമാനങ്ങൾ ഭഞ്ജിക്കപ്പെടുന്നത് ഖേദിപ്പിക്കാം. അഷ്ടമവ്യാഴം പലകാര്യങ്ങളിലും സന്ദിഗ്ദ്ധാവസ്ഥ സൃഷ്ടിക്കുന്നതാണ്. സാമ്പത്തിക തട്ടിപ്പുകളിൽ കരുതൽ വേണ്ടതുണ്ട്. നാലിലെ രാഹുസ്ഥിതിയാൽ സുഹൃദ്ബന്ധം ദുർബലപ്പെടും. ഭൂമിയിൽ നിന്നുമുള്ള ആദായം കുറയുവാനിടയുണ്ട്. പഞ്ചമ ഭാവത്തിലെ ശനി അനാവശ്യമായ ആധികൾക്ക് കാരണമാകും. സമയബന്ധിതമായി പലതും ചെയ്തുതീർക്കാൻ കഴിഞ്ഞേക്കില്ല. ഭോഗസുഖം, ചെറിയ നേട്ടങ്ങൾ, കമ്മീഷനിലൂടെ ലാഭം എന്നിവ പ്രതീക്ഷിക്കാം.

തൃക്കേട്ട

സ്വതസ്സിദ്ധമായ കഴിവുകൾ മുഴുവനായും പ്രയോജനപ്പെടുത്താൻ സാധിച്ചേക്കില്ല. മേലധികാരികളുമായി രമ്യബന്ധം ഉണ്ടാവില്ല. ഉയർന്ന പദവികളിൽ അനർഹരെ നിയമിക്കുന്നത് മനസ്സിനെ തളർത്തുന്നതാണ്. സ്വന്തം സ്ഥാപനം നടത്തുന്നവർക്ക് ചെറിയ നേട്ടങ്ങൾ ഉണ്ടാവും. ലോൺ ലഭിച്ചേക്കും. സഹോദരരുടെ സഹായം ലഭിക്കാം. കക്ഷിരാഷ്ട്രീയത്തോട് കയ്പൻ അനുഭവങ്ങളാൽ വിരക്തിതോന്നാം. പ്രലോഭനങ്ങളെ നിരാകരിക്കേണ്ടതുണ്ട്. ഭദ്രതയില്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നും പിന്മാറേണ്ടത് അനിവാര്യമാണ്. നാട്ടിലെ സൽക്കർമ്മങ്ങൾക്ക് മുൻനിരയിലുണ്ടാവു. ക്ഷോഭം, പരുക്കൻ വാക്കുകൾ പറയുക എന്നിവ ഒഴിവാക്കേണ്ടതുണ്ട്. പ്രണയ ബന്ധം ഊഷ്മളമാവും. ഭാവിയെക്കുറിച്ചുള്ള സുന്ദര സ്വപ്നങ്ങളിൽ മുഴുകുന്നതാണ്.

Read More: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: