scorecardresearch

Monthly Horoscope for Dhanu: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

Malayalam Month Dhanu Horoscope: ധനു മാസം അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Malayalam Month Dhanu Horoscope: ധനു മാസം അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

Monthly Horoscope: ധനു മാസം നിങ്ങൾക്കെങ്ങനെ?

Monthly Horoscope: ആദിത്യൻ ധനുരാശിയിൽ സഞ്ചരിക്കുന്ന കാലമാണ് ധനുമാസമായി അറിയപ്പെടുന്നത്. മൂലം, പൂരാടം എന്നീ ഞാറ്റുവേലകൾ പൂർണമായും, ഉത്രാടം ഞാറ്റുവേല ഭാഗികമായും ധനുമാസത്തിൽ വരുന്നു. ശനി മീനം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലും വ്യാഴം വക്രഗതിയായി മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിലും തുടരുന്നു. രാഹുവും കേതുവും യഥാക്രമം കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും, ചിങ്ങം രാശി പൂരം നക്ഷത്രത്തിലും തുടരുകയാണ്. 

Advertisment

ചൊവ്വ മാസം മുഴുവൻ ധനുരാശിയിലാണ്. മൗഢ്യാവസ്ഥയ്ക്ക് മാറ്റമില്ല. ബുധൻ ധനു 14വരെ വൃശ്ചികം രാശിയിലും തുടർന്ന് ധനുരാശിയിലുമാണ്. ശുക്രൻ വൃശ്ചികം രാശിയിലാണ്. ധനു 5 ന് ധനുരാശിയിലേക്ക് സംക്രമിക്കും. ശുക്രന് മൗഢ്യകാലമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകളിൽ ജനിച്ചവരുടെ ധനുമാസഫലം ഇവിടെ അപഗ്രഥിക്കുന്നു.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

അശ്വതി

ആദിത്യനും ചൊവ്വയും ഒമ്പതിലും ശനി പന്ത്രണ്ടിലും വ്യാഴം മൂന്നിലും സഞ്ചരിക്കുകയാൽ കാര്യങ്ങൾ കരുതിയതുപോലെ എളുപ്പമായേക്കില്ല. ലഘുനേട്ടങ്ങൾക്കുപോലും തന്ത്രങ്ങൾ മെനയേണ്ടി വരുന്നതാണ്. ആദർശത്തിൽ മുറുകെ പിടിക്കുന്നത് നന്ന്; പക്ഷേ കാലത്തിൻ്റെ മാറ്റം കൂടി ഉൾക്കൊള്ളേണ്ടതുണ്ട്. യാത്രകൾ നേട്ടങ്ങളുണ്ടാക്കും. ഉപരിപഠനം, തൊഴിൽ ഇവയ്ക്കുവേണ്ടി വിദേശത്തുപോകാൻ സാധിക്കുന്നതാണ്. സഹോദരരുമായുള്ള ഭൂമി തർക്കങ്ങൾക്ക് അയവുണ്ടാവും. വിദ്യാഭ്യാസത്തിൽ ഏകാഗ്രത കൂടുകയും കുറയുകയും ചെയ്യും. നിക്ഷേപങ്ങളിൽ നിന്നും അല്പമായ വരുമാനമുണ്ടാവും. പുതുകാര്യങ്ങൾക്ക് അനുമതി ലഭിക്കുന്നതാണ്. ഉത്തരവാദിത്വമുളള ചുമതലകൾ കഴിവതും പകരക്കാരെ ഏൽപ്പിക്കരുത്. മാതാപിതാക്കളുടെ ആരോഗ്യത്തിൽ കരുതലുണ്ടാവണം.

ഭരണി

അനുഭവിച്ചു പോരുന്ന മാനസിക ക്ലേശങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാവും.  വ്യവഹാരങ്ങൾ അവസാനിക്കുവാനുള്ള സാഹചര്യം ഉദയം ചെയ്യുന്നതാണ്. തൊഴിൽ മേഖലയിൽ സാമാന്യം വളർച്ചയുണ്ടാവുന്നതായിരിക്കും. ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വം ഉയരുന്നതാണ്. ചെലവ് നിയന്ത്രിച്ചാൽ ധനക്ലേശങ്ങൾ കുറയുന്നതാണ്. പരാശ്രയത്തിൽ നിന്നും മാറാൻ കഴിഞ്ഞേക്കും. ഒപ്പമുള്ളവരുടെ തെറ്റിദ്ധാരണ അകറ്റാൻ ആവുന്നത്ര ശ്രമിക്കുന്നതാണ്. സാങ്കേതിക വിഷയങ്ങളിൽ അറിവ് നേടാനാവും. വാഹനം, വീട് തുടങ്ങിയവയുടെ അറ്റകുറ്റപ്പണിക്ക് പ്രതീക്ഷിച്ചതിലും ചെലവായേക്കും. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുക ഉത്തമം. സന്താനങ്ങളുടെ ഭാവികാര്യത്തിൽ ഉത്കണ്ഠ സംജാതമാകാം.

കാർത്തിക

മുഖ്യഗ്രഹങ്ങൾ അനുകൂല ഭാവത്തിൽ സഞ്ചരിക്കുകയാൽ വചോവിലാസം ശ്രദ്ധിക്കപ്പെടും. വിദ്യാഭ്യാസത്തിൽ ഇടർച്ചയുണ്ടാവില്ല. കുടുംബകാര്യങ്ങളിൽ കരുതലുണ്ടാവും. ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാതെ പ്രവർത്തിക്കാൻ കഴിയുന്നതാണ്. സ്വാതന്ത്ര്യം പണയപ്പെടുത്തില്ല. എന്നാൽ ആദിത്യൻ അനുകൂലഭാവത്തിലല്ലാത്തതിനാൽ ഉദ്യോഗസ്ഥർ മേലധികാരിയുടെ വിരോധം സമ്പാദിക്കും. തൊഴിലിടത്തിൽ അർഹത അംഗീകരിക്കപ്പെടില്ല. വസ്തുവിൽപ്പനയിലെ തടസ്സങ്ങൾ നീങ്ങുന്നതായിരിക്കും. ഗൃഹനിർമ്മാണം നടത്താനുള്ള ആലോചനകൾ കുടുംബത്തിൽ പുരോഗമിക്കും. പ്രണയം പുഷ്കലമാവും. ദാമ്പത്യ സ്വപ്നങ്ങൾ ചിറക് വിരിക്കാം. സംഘടനാരംഗത്ത് ഏകോപനം എളുപ്പമായേക്കില്ല. ബിസിനസ്സ് മേഖലയിൽ എതിർക്കുന്നവരുടെ എണ്ണം കൂടുന്നത് വെല്ലുവിളിയാവും.

രോഹിണി

ആദിത്യനും കുജനും അഷ്ടമഭാവത്തിൽ സഞ്ചരിക്കുന്നത് അനുകൂലമല്ല. ലക്ഷ്യത്തിലെത്താൻ പരിശ്രമങ്ങൾ ദ്വിഗുണീഭവിപ്പിക്കേണ്ടി വരാം. ആരോപണങ്ങളെ പ്രതിരോധിക്കാൻ ഊർജ്ജവും സമയവും വ്യയം ചെയ്യും. സഹോദരരിൽ നിന്നും പിന്തുണ കുറയുന്നതാണ്. വ്യാഴാനുകൂല്യമുള്ളതിനാൽ പദവികളിൽ തുടരാനും ശോഭിക്കാനുമാവും. പണവരവ് തടസ്സപ്പെടുകയില്ല. ഊഹക്കച്ചവടം ആദായമേകും. കലാരംഗത്ത് മേന്മയുണ്ടാവുന്നതാണ്. ഭാവിയിൽ ചേരേണ്ട കോഴ്സുകൾ സംബന്ധിച്ച് വ്യക്തതവരും. ശനി പതിനൊന്നിൽ സഞ്ചരിക്കുന്നതിനാൽ പാരമ്പര്യമഹിമകൾ ആദരിക്കപ്പെടും. അതിജീവനശക്തി വേണ്ടുവോളം തുണയ്ക്കും. വിവാഹാലോചനകൾ ഫലവത്താകും. രോഗികൾക്ക് തുടർചികിൽസ വേണ്ടതുണ്ട്.

മകയിരം

സമ്മിശ്രമായ ഫലങ്ങൾ കടന്നുവരുന്ന മാസമാണ്. വരുമാനമാർഗത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. വിപണനമേഖലയിൽ കൂടുതൽ ഉയരങ്ങളിലേക്ക് നീങ്ങാനാവും. ഗവേഷകരുടെ നിഗമനങ്ങളും നിരീക്ഷണങ്ങളും അംഗീകരിക്കപ്പെടും. കലാമത്സരങ്ങളിൽ വിജയിക്കുന്നതാണ്. വിദേശ യാത്രകൾക്ക് സാഹചര്യം അനുകൂലമാണ്. ആരോഗ്യകാര്യങ്ങളാർ ജാഗരൂകരാവണം. ചിട്ടി, നറുക്കെടുപ്പ് ഇവകളിലൂടെ ധനാഗമം കൈവരും. പ്രണയാനുഭവങ്ങൾ ഊഷ്മളമായി തുടരുന്നതാണ്.  സാമ്പത്തിക നിക്ഷേപങ്ങളിൽ കൂടുതൽ ശ്രദ്ധയുണ്ടാവണം. ഭൂമി വിൽപ്പന തടസ്സപ്പെടാനിടയുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രതിയോഗികളുടെ എണ്ണം കൂടാൻ സാധ്യത കാണുന്നു. സ്വതസ്സിദ്ധമായ കഴിവുകൾ മങ്ങാം. കുടുംബ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവുന്നതാണ്.

തിരുവാതിര

ജന്മവ്യാഴവും പത്താംഭാവത്തിലെ കണ്ടകശനിയും കൂടി അത്ര സുഖകരമല്ലാത്ത ഫലങ്ങൾ സൃഷ്ടിക്കുന്നതാണ്. മേലധികാരികളാൽ സ്വസ്ഥത കുറയാനിടയുണ്ട്. വീട്ടിനടുത്തേക്ക് മാറ്റം ആഗ്രഹിക്കുന്നവർ നിരാശപ്പെടുന്നതാണ്.  ഉപജാപങ്ങളെ കരുതേണ്ടതുണ്ട്. മിത്രങ്ങളുമായി പിണങ്ങുന്നതിന് കാരണമുണ്ടാവും. ജാമ്യം നിൽക്കുന്ന കാര്യത്തിൽ തർക്കം വരാം. കരാറുകളിൽ നിന്നും ആദായം വർദ്ധിക്കും. ന്യായമായ ആവശ്യങ്ങൾക്ക് ധനം കുറയില്ല. പുതിയ സംരംഭങ്ങളിൽ പങ്കാളികളെ ചേർക്കുന്നതിൽ ജാഗ്രതയുണ്ടാവണം. യാത്രകൾ കൂടുന്നത് ആരോഗ്യത്തെ ബാധിച്ചേക്കാം. പൊതുക്കാര്യത്തിൽ അണികളെ സംഘടിപ്പിക്കും. സ്വന്തം കഴിവുകൾ മുഴുവൻ പ്രയോജനപ്പെടുത്താൻ കഴിഞ്ഞക്കില്ല.

പുണർതം

ലക്ഷ്യപ്രാപ്തിക്കായി തീവ്രപരിശ്രമത്തിലേർപ്പെടും. തൻ്റെ മനസ്സിലുള്ളത് ഒപ്പമുള്ളവരുമായി പങ്കിടാനും അവരുടെ പിന്തുണ നേടാനും കഴിയുന്നതാണ്. ഏഴിൽ ആദിത്യൻ സഞ്ചരിക്കുകയാൽ യാത്രകൾ അനിവാര്യമാവും. സംഘടനാരംഗത്ത് അനിഷേധ്യത തുടരുന്നതാണ്. സാമ്പത്തിക കാര്യങ്ങൾ തടസ്സപ്പെടില്ല. സർക്കാരിൽ നിന്നും ലഭിക്കേണ്ട രജിസ്ട്രേഷനും മറ്റും ആവർത്തിത ശ്രമങ്ങളിലൂടെ നേടാനായേക്കും. മകൻ്റെ ജോലിക്കാര്യത്തിൽ ആശാവഹമായ സൂചനകൾ ലഭിക്കുന്നതാണ്.  വസ്തുവിൽപ്പനയിൽ ചിലപ്പോൾ അവിചാരിതമായ വിഘ്നങ്ങളോ കാലതാമസമോ വന്നേക്കാം. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയാം. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.

പൂയം

അനുകൂല ഫലങ്ങളുടെ കാലം ആരംഭിച്ചിരിക്കുന്നവെന്ന് കരുതാം. ആദിത്യൻ ആറാമെടത്തിൽ സഞ്ചരിക്കുകയാൽ തൊഴിൽ മേഖലയിലെ ഉദാസീനത മാറുന്നതാണ്. പുതിയ സംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും അനുമതി കിട്ടുന്നതായിരിക്കും. ഉദ്യോഗസ്ഥർക്ക് പദവിയിൽ ഉയർച്ച/ വേതന വർദ്ധനവ് ഇവ സാധ്യതകളാണ്. ബിസിനസ്സുകാർക്ക് വരുമാന സ്രോതസ്സുകൾക്ക് ആക്കം കൂടുവാനിടയുണ്ട്. തൊഴിലന്വേഷകരുടെ നിരാശ അവസാനിക്കും. തീർത്ഥാടന യോഗമുണ്ട്. മംഗളകർമ്മങ്ങളിൽ പങ്കുകൊള്ളും. ഭൂമി വ്യവഹാരത്തിൽ അനുകൂല വിധിയുണ്ടാവും. ദാമ്പത്യപ്പിണക്കങ്ങൾ കുറയാം. പ്രണയബന്ധത്തിൽ ദാർഢ്യമേർപ്പെടും. അഷ്ടമത്തിൽ രാഹു സഞ്ചരിക്കുന്നതിനാൽ എല്ലാക്കാര്യത്തിലും ജാഗ്രത വേണ്ടതുണ്ട്.

ആയില്യം

ഉപചയ സ്ഥാനത്ത് പാപഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ ജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കാൻ കഴിയുന്നതാണ്. കർമ്മമേഖല ഉത്സാഹഭരിതമാവും. അദ്ധ്വാനം തിരിച്ചറിയപ്പെടും. സ്വാശ്രയ സ്ഥാപനത്തിൽ വരുത്തിയ പരിഷ്കാരങ്ങൾ ഫലം കണ്ടുതുടങ്ങും. സാമ്പത്തിക ലാഭത്തിന് വഴിതുറക്കപ്പെടുന്നതാണ്. വിദ്യാർത്ഥികൾക്ക് പാഠ്യേതര മേഖലകളിലും പ്രതിഭ തെളിയിക്കാൻ അവസരം സംജാതമാകുന്നതാണ്. അഷ്ടമ രാഹുവും പന്ത്രണ്ടിലെ വ്യാഴവും ഒമ്പതിലെ ശനിയും അലച്ചിലിന് വഴിവെക്കാം.  ദൗർഭാഗ്യങ്ങൾ ഉണ്ടായെന്നു വരാം. ഗാർഹികരംഗം തെല്ല് കലുഷിതമായേക്കും. വാഗ്ദാനലംഘനങ്ങൾ പരിഹാസത്തിന്  കാരണമാകുന്നതാണ്. നല്ലകാര്യങ്ങൾക്ക് ചെലവുണ്ടാവും. ആരോഗ്യകാര്യത്തിൽ ജാഗ്രത അനിവാര്യം.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

മകം

പതിനൊന്നാം ഭാവത്തിലെ വ്യാഴം മത്സരങ്ങളിൽ വിജയമരുളും. ധനനഷ്ടങ്ങൾ നികത്തപ്പെടും. സമൂഹത്തിൽ ബഹുമാന്യത നേടുന്നതാണ്. പഞ്ചമഭാവത്തിൽ സഞ്ചരിക്കുന്ന ആദിത്യനും ചൊവ്വയും ചിന്താക്കുഴപ്പത്തിനിടവരുത്തുന്നതാണ്. ക്രിയയും കർമ്മവും കുറയും; ആലോചന കൂടാം. ദൈവീക സമർപ്പണങ്ങൾ നീണ്ടുപോയേക്കും. മക്കളുടെ കാര്യത്തിൽ ഉത്കണ്ഠ വരാം. ബുധശുക്രന്മാർ ഭാവനാവിലാസം ഉയരാൻ കാരണമാകും. കലാമത്സരങ്ങളിൽ തിളങ്ങുന്നതാണ്. പഠനകാര്യത്തിൽ ഇടയ്ക്കിടെ ആലസ്യമുണ്ടാവാം. ജന്മകേതുവും ഏഴാം ഭാവത്തിലെ രാഹുവും അകാരണഭയം, ദാമ്പത്യത്തിൽ സ്വൈരമില്ലായ്മ എന്നിവ സൃഷ്ടിക്കാം. അഷ്ടമശനി ദേഹക്ലേശം, അനാവശ്യ ഭയം ഇവയുണ്ടാക്കും. വയോജനങ്ങളെ സംരക്ഷിക്കുന്നതിൽ വീഴ്ച വരാനിടയുണ്ട്.

പൂരം

തീരുമാനങ്ങൾ ഏകപക്ഷീയമാണെന്ന് സഹപ്രവർത്തകരുടെ ആക്ഷേപമുയരാം. കാര്യനിർവഹണത്തിന് പരാശ്രയത്വമുണ്ടാവും. കുറച്ചധികം  ചിന്തിച്ചേക്കും. എന്നാൽ വളരെ ചെറിയ കാര്യങ്ങൾ മാത്രമാണ് പ്രാവർത്തികമാക്കാൻ കഴിയുക. തൊഴിലിടം നവീകരിക്കുന്നതിന് സർക്കാരിൽ നിന്നും അനുമതി വൈകാം. പരസ്പര വിരുദ്ധമായ നിലപാടുകൾ കൈക്കൊള്ളുന്നതിനാൽ ചോദ്യശരങ്ങൾ ഉയർന്നേക്കും. വസ്തുവിൽപ്പനയിൽ പ്രതീക്ഷിച്ച ലാഭം ഉണ്ടായേക്കില്ല. പുതുതലമുറയെ മനസ്സിലാക്കാൻ വൈകും. വിദേശത്ത് കഴിയുന്നവരുടെ തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടുന്നതായിരിക്കും. ഉത്സവങ്ങളിലും വിനോദങ്ങളിലും അഭിരമിക്കുവാൻ കഴിയുന്നതാണ്. കലാരംഗം പുഷ്ടിപ്പെടും.

ഉത്രം

ഉത്സാഹം അദ്ധ്വാനം എന്നിവയുടെ ഫലം കർമ്മരംഗത്തിൽ പ്രതിഫലിക്കണമെന്നില്ല. കൂടിയാലോചനകളിൽ തർക്കം ഉയരാം. മേലധികാരികളുടെ നല്ലപുസ്തകത്തിൽ ഇടം പിടിക്കണമെന്നില്ല. ആശയവിനിമയശേഷിയുടെ മൂർച്ച കുറയും. കടബാധ്യത പരിഹരിക്കുവാൻ പുതിയ കടം വാങ്ങുന്ന പ്രേരണ ഒഴിവാക്കണം. പഠിതാക്കൾ ഏകാഗ്രത പുലർത്തും. മത്സരങ്ങളിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കും. പ്രണയികൾക്ക് കുടുംബത്തിൻ്റെ പിന്തുണ ലഭിച്ചേക്കില്ല. ഭൂമി വ്യവഹാരങ്ങൾ നീണ്ടുപോയേക്കും. കരാർ പണികളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. കമ്മീഷൻ വ്യാപാരം ധനലാഭം സൃഷ്ടിക്കും. ബിസിനസ്സ് യാത്രകൾ ഫലം കാണും. സുഹൃൽസംഗമങ്ങൾക്ക് നേരം കണ്ടെത്തുന്നതാണ്.

അത്തം

നാലിൽ കുജനും ആദിത്യനും സഞ്ചരിക്കുകയാൽ മനസ്സമാധാനം കുറയുന്നതാണ്. അനാവശ്യമായ ചിന്തകൾ അലട്ടാം. വാഹനത്തിന് അറ്റകുറ്റപ്പണി വരാനിടയുണ്ട്. വീടുമാറാനോ ദൂരയാത്രകൾക്കോ സാഹചര്യം വരാം. പുതിയ കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം. ഉദ്യോഗസ്ഥർക്ക്  നവസംരംഭങ്ങൾ തുടങ്ങാനായേക്കും. ഗവേഷകർക്ക് പ്രബന്ധാവതരണം സാധ്യമാകുന്നതാണ്. സാമ്പത്തികമായി സമ്മിശ്രമായ കാലമായിരിക്കും. ആവശ്യങ്ങൾ പരിമിതപ്പെടുത്താൻ കഴിയേണ്ടതുണ്ട്. ഹൃദയബന്ധങ്ങൾ ദൃഢമാകുന്നതാണ്. കലാരംഗത്തുള്ളവർക്ക് അവസരങ്ങളോ പാരിതോഷികങ്ങളോ കൈവന്നേക്കും. സർക്കാരിൽ നിന്നുമുള്ള അനുമതികൾക്ക് പുനർശ്രമങ്ങൾ വേണ്ടതായുണ്ട്. ആരോഗ്യപരമായി ജാഗ്രത വേണം.

ചിത്തിര

കന്നിക്കൂറുകാർക്ക് സമ്മിശ്രഫലങ്ങൾ പ്രതീക്ഷിക്കാം. സുലഭമായിട്ടുള്ളവ ദുർലഭമാവാം. പ്രയത്നവും ആത്മാർത്ഥതയും മേലധികാരികൾ തിരിച്ചറിഞ്ഞില്ലെന്ന് വരും. സാമ്പത്തികമായി പിരിമുറുക്കം ഉണ്ടാവും. വാഗ്ദാനം നിറവേറ്റാൻ അത്യദ്ധ്വാനം വേണ്ടി വരുന്നതായിരിക്കും. നിത്യവരുമാനക്കാർക്കും ഏജൻസികൾ നടത്തുന്നവർക്കും കാര്യവിജയം ഭവിക്കുന്നതാണ്. തുലാക്കൂറുകാർക്ക് ശനി, ആദിത്യൻ, ചൊവ്വ എന്നീ പാപഗ്രഹങ്ങൾ ഉപചയ ഭാവത്തിൽ സഞ്ചരിക്കുകയാൽ സുഖവും ക്ഷേമവുമുണ്ടാവും. അല്പശ്രമങ്ങളാൽ കൂടുതൽ നേട്ടങ്ങൾ കൈവരുന്നതാണ്. പൊതുവേ അലച്ചിൽ കുറയും. സുഖനിദ്രയുണ്ടാവും. കുടുംബ ജീവിതത്തിൽ സമാധാനം നിലനിൽക്കും. രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിയുന്നതായിരിക്കും.

ചോതി

തൊഴിലിടത്തിൽ പ്രാധാന്യം കൈവരുന്നതാണ്. സഹപ്രവർത്തകർക്ക് നൽകുന്ന നിർദ്ദേശങ്ങൾ സ്വീകാര്യമായിത്തീരും.  തൊഴിൽ തേടുന്നവർക്ക് യോഗ്യതക്കൊത്ത അവസരങ്ങൾ ലഭിക്കുന്നതാണ്. സ്വന്തം സ്ഥാപനത്തിൻ്റെ നടത്തിപ്പ് മുന്നത്തേതിലും സുഗമമായിത്തീരും. മുതലിറക്കിയ തുക മടക്കിക്കിട്ടുന്ന സ്ഥിതി വരും. നവീകരണങ്ങൾക്ക് വേഗതയുണ്ടാവും. മത്സരങ്ങളിൽ, വിശേഷിച്ചും കലാമത്സരങ്ങളിൽ നന്നായി ശോഭിക്കുന്നതാണ്. നിലപാടുകളുടെ പേരിൽ പിണങ്ങിപ്പോയവർ വീണ്ടും ഇണങ്ങുന്നതാണ്. ഭിന്ന ദിക്കുകളിൽ ജോലി ചെയ്യുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് മാറ്റം കിട്ടാനിടയുണ്ട്. വസ്തു കച്ചവടത്തിൽ ലാഭം കുറയില്ല. മക്കളുടെ കാര്യത്തിൽ കരുതലുണ്ടാവണം.

വിശാഖം

സ്വയം തിരുത്താൻ സന്നദ്ധതയുണ്ടാവും. പരിസരങ്ങളിലെ മാറ്റങ്ങൾ തിരിച്ചറിയുവാൻ കഴിയുന്നതാണ്. ഉന്നമനത്തിന് ആഗ്രഹമുണ്ടാവും. ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വം കൂടുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കും. ലോൺ അപേക്ഷ പരിഗണിക്കപ്പെടാം. കൈവായ്പകൾ തിരികെ കൊടുക്കുന്നതിലെ വീഴ്ച കലഹമുണ്ടാക്കും. വിദ്യാർത്ഥികളെ തെല്ല് ആലസ്യം പിടികൂടുന്നതാണ്. വിട്ടുവീഴ്ചകൾ ദാമ്പത്യത്തെ മനോഹരമാക്കുന്നതാണ്. ഗൃഹനിർമ്മാണചർച്ച ഗൃഹത്തിൽ സജീവമാകും. എന്നാൽ പാരമ്പര്യവസ്തു വിൽക്കുന്ന വിഷയത്തിൽ തർക്കം വരാം. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടായേക്കാം. വിദേശത്ത് ഉപരിപഠനത്തിന് തയ്യാറെടുപ്പ് നടത്തുന്നതാണ്. വയോധികരുടെ സംരക്ഷണത്തിൽ ജാഗ്രത വേണം.

അനിഴം

ആദിത്യനും ചൊവ്വയും രണ്ടിൽ സഞ്ചരിക്കുന്നതിനാൽ വാക്കിലെ അധികാരവും പാരുഷ്യവും എതിരാളികളെ സൃഷ്ടിക്കുന്നതാണ്. ധനാഗമത്തിൽ വിളംബമോ വിഘ്നമോ വരാം. തൊഴിലിടത്തിൽ യോജിച്ചെടുത്ത തീരുമാനങ്ങൾ ഭഞ്ജിക്കപ്പെടുന്നത് ഖേദിപ്പിക്കാം. അഷ്ടമവ്യാഴം പലകാര്യങ്ങളിലും സന്ദിഗ്ദ്ധാവസ്ഥ സൃഷ്ടിക്കുന്നതാണ്. സാമ്പത്തിക തട്ടിപ്പുകളിൽ കരുതൽ വേണ്ടതുണ്ട്. നാലിലെ രാഹുസ്ഥിതിയാൽ സുഹൃദ്ബന്ധം ദുർബലപ്പെടും. ഭൂമിയിൽ നിന്നുമുള്ള ആദായം കുറയുവാനിടയുണ്ട്. പഞ്ചമ ഭാവത്തിലെ ശനി അനാവശ്യമായ ആധികൾക്ക് കാരണമാകും. സമയബന്ധിതമായി പലതും ചെയ്തുതീർക്കാൻ കഴിഞ്ഞേക്കില്ല. ഭോഗസുഖം, ചെറിയ നേട്ടങ്ങൾ, കമ്മീഷനിലൂടെ ലാഭം എന്നിവ പ്രതീക്ഷിക്കാം.

തൃക്കേട്ട

സ്വതസ്സിദ്ധമായ കഴിവുകൾ മുഴുവനായും പ്രയോജനപ്പെടുത്താൻ സാധിച്ചേക്കില്ല. മേലധികാരികളുമായി രമ്യബന്ധം ഉണ്ടാവില്ല. ഉയർന്ന പദവികളിൽ അനർഹരെ നിയമിക്കുന്നത് മനസ്സിനെ തളർത്തുന്നതാണ്. സ്വന്തം സ്ഥാപനം നടത്തുന്നവർക്ക് ചെറിയ നേട്ടങ്ങൾ ഉണ്ടാവും. ലോൺ ലഭിച്ചേക്കും. സഹോദരരുടെ സഹായം ലഭിക്കാം. കക്ഷിരാഷ്ട്രീയത്തോട് കയ്പൻ അനുഭവങ്ങളാൽ വിരക്തിതോന്നാം. പ്രലോഭനങ്ങളെ നിരാകരിക്കേണ്ടതുണ്ട്. ഭദ്രതയില്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നും പിന്മാറേണ്ടത് അനിവാര്യമാണ്. നാട്ടിലെ സൽക്കർമ്മങ്ങൾക്ക് മുൻനിരയിലുണ്ടാവു. ക്ഷോഭം, പരുക്കൻ വാക്കുകൾ പറയുക എന്നിവ ഒഴിവാക്കേണ്ടതുണ്ട്. പ്രണയ ബന്ധം ഊഷ്മളമാവും. ഭാവിയെക്കുറിച്ചുള്ള സുന്ദര സ്വപ്നങ്ങളിൽ മുഴുകുന്നതാണ്.

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

മൂലം

ജന്മരാശിയിൽ, ജന്മനക്ഷത്രത്തിൽ ആദിത്യനും ചൊവ്വയും സഞ്ചരിക്കുകയാൽ ദേഹക്ലേശവും മനക്ലേശവുമണ്ടാവു ന്നതാണ്. ആകസ്മികയാത്രകൾ ഉണ്ടാവും. വിഷമം പിടിച്ച ദൗത്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കും. ബിസനസ്സുകാർക്ക് ഉപഭോക്താക്കളുടെ അപ്രീതി നേരിടേണ്ടിവരുന്നതായിരിക്കും.  പ്രൈവറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുമായി ഇണങ്ങിപ്പോവുക വിഷമകരമാവും. ഗാർഹികാവശ്യങ്ങൾക്ക് ചെലവധികരിക്കും. തന്മൂലം കുടുംബത്തിൽ കലഹങ്ങൾ വരാം. പൊതുരംഗത്തുള്ളവർക്ക് സാമൂഹികമായി പിന്തുണ ഉയരുന്ന കാലമാണ്. പ്രണയാനുഭവങ്ങൾ മനസ്സിനെ തരളമാക്കാം. ഭാവികാര്യങ്ങളിൽ വ്യക്തത വരുന്നതാണ്. ഫലപ്രദമായ സാമ്പത്തിക നിക്ഷേപങ്ങൾ നടത്താനാവും.

പൂരാടം

ധനുരാശിയിലൂടെ ആദിത്യനും ചൊവ്വയും സഞ്ചരിക്കുന്നു. അതിനാൽ ആയാസം,  വിഭവനാശം, അമിതാദ്ധ്വാനം ഇവയുണ്ടാവും. ലഘുകാര്യങ്ങൾ സ്വന്തമാക്കാൻ കൂടുതൽ പ്രയത്നം ആവശ്യമായി വന്നേക്കും. ശുക്രൻ ജന്മരാശിയിലൂടെ കടന്നുപോവുന്ന കാലമാകയാൽ സുഖഭോഗങ്ങൾ, രുചിഭക്ഷണയോഗം, പ്രണയാനുഭവങ്ങൾ ഇവയും പ്രതീക്ഷിക്കാം. കണ്ടകശനിക്കാലത്തിൻ്റെ പ്രശ്നങ്ങൾ ഇടക്കിടെ കടന്നുവന്ന് മനസ്സിൻ്റെ സ്വൈരം നഷ്ടപ്പെടുത്താം. ഏഴിലെ വ്യാഴം യാത്രകൾ മൂലം നേട്ടം, കൂട്ടുകച്ചവടത്താൽ അഭ്യുദയം, ദാമ്പത്യസൗഖ്യം എന്നിവയെ സൂചിപ്പിക്കുന്നു. മൂന്നിലെ രാഹു ബലവാനാകയാൽ ശക്തമായ പിന്തുണകൾ പ്രതിസന്ധികളിൽ തുണയായെത്തുന്നതായിരിക്കും.

ഉത്രാടം

ധനു - മകരം കൂറുകളിലായി വരുന്ന നക്ഷത്രമാണ് ഉത്രാടം. ആദിത്യനും ചൊവ്വയും പ്രതികൂല ഭാവത്തിലാണ്. സർക്കാർ കാര്യങ്ങളിൽ തടസ്സം അനുഭവപ്പെടും. ഉന്നതാധികാരികളുടെ അപ്രീതി നേടാം. ചെറിയ നേട്ടങ്ങൾക്കായി ഒരുപാട് വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. രാഷ്ട്രീയ ഇച്ഛകൾക്ക് മങ്ങലുണ്ടാവും. ശുക്രനും ബുധനും പഠനത്തിൽ ശ്രദ്ധ, കലകൾ കൊണ്ട് നേട്ടം, ബിസിനസ്സിൽ ലാഭം, പ്രണയ പുഷ്ടി എന്നിവ സൃഷ്ടിക്കാം. സാഹസകർമ്മങ്ങൾക്ക് മുതിരരുത്. ഗൃഹത്തിൽ സമാധാനവും സമാധാനക്കേടുമുണ്ടാവുന്നതാണ്. കരാർ പണികൾ ഗുണമുണ്ടാക്കും. വിദേശ യാത്രകൾക്ക്  ശ്രമിക്കുന്നവർക്ക് അവസരം കൈവരും. ഗൃഹനിർമ്മാണം മെല്ലെയാവും. പുതിയ കടം വാങ്ങി കടബാധ്യത പെരുക്കാൻ ഇടവരുത്തരുത്.

തിരുവോണം

പന്ത്രണ്ടാം ഭാവത്തിൽ ആദിത്യനും ചൊവ്വയും രണ്ടിൽ രാഹുവും സഞ്ചരിക്കുകയാൽ മാനസിക സംഘർഷം ഉയരുന്നതാണ്. സജ്ജനങ്ങളുമായി കൂട്ടുകൂടാനാവില്ല. ദുർബോധനങ്ങൾ കേൾക്കും. പ്രവർത്തന സ്വാതന്ത്ര്യം കുറയും. നിരർത്ഥകമായ ചിന്തകൾ കൂടുന്നതാണ്. സാമ്പത്തിക അച്ചടക്കമുണ്ടാവില്ല. ദുർവ്യയം അനുഭവപ്പെടും. വ്യാപാരികൾക്കും വ്യവസായികൾക്കും മുന്നേറാൻ തടസ്സങ്ങൾ വരുന്നതാണ്. സുഖാനുഭവങ്ങൾ വിരളമാവും. ഉദ്യോഗസ്ഥർ ദുർഘട ദൗത്യങ്ങൾ ഏറ്റെടുക്കാൻ ബാധ്യസ്ഥരായേക്കും.  ചെറുകിട സംരംഭങ്ങൾ വിജയിക്കാം. സഹോദരാനുകൂല്യം സന്തോഷമേകും. ഉത്സവങ്ങളിൽ പങ്കെടുക്കാനും തീർത്ഥയാത്രകൾക്കും സാഹചര്യം വന്നെത്തുന്നതാണ്.

അവിട്ടം

നക്ഷത്രനാഥനായ ചൊവ്വയ്ക്ക് മൗഢ്യാവസ്ഥ തുടരുന്നതിനാൽ പുതിയ കാര്യങ്ങൾ തുടങ്ങാനുള്ള ആത്മവിശ്വാസം കുറയും. വിശേഷിച്ചും മകരക്കൂറുകാർക്ക്. പന്ത്രണ്ടിലെയും രണ്ടാം ഭാവത്തിലെയും പാപഗ്രഹ സാന്നിദ്ധ്യം തടസ്സങ്ങൾ, ദുസ്സാഹസം, അധികാരികളുടെ അപ്രീതി ഇവ സൃഷ്ടിക്കാം.  അല്പലാഭം കൊണ്ട് സന്തോഷിക്കേണ്ടി വരുന്നതാണ്. എന്നാൽ കുംഭക്കൂറുകാർക്ക് പതിനൊന്നിൽ ആദിത്യനും ചൊവ്വയും സഞ്ചരിക്കുന്നതിൻ്റെ ആനുകൂല്യം സിദ്ധിക്കുന്നതാണ്. രാഷ്ട്രീയാധികാരം നേടിയെടുക്കും. വെല്ലുവിളികളെ ധൈര്യപൂർവ്വം അഭിമുഖീകരിക്കാൻ കഴിയുന്നതാണ്. സ്വന്തം സ്ഥാപനത്തിന് പുതിയശാഖ തുറക്കാനായേക്കും. ഗാർഹികമായി സംതൃപ്തിയുണ്ടാവുന്നതാണ്.

ചതയം

ജന്മനക്ഷത്രത്തിൽ രാഹു സഞ്ചരിക്കുന്നു. രണ്ടാം നക്ഷത്രത്തിൽ ശനിയുമുണ്ട്. ആലസ്യം പിടികൂടുന്നതാണ്. ആത്മവിശ്വാസത്തിന് ഭംഗം വരാം. കൂട്ടുകെട്ടുകളിൽ ജാഗ്രത വേണം. വ്യാഴാനുകൂല്യമുള്ളതിനാൽ സാമ്പത്തിക ക്ലേശങ്ങളെ മറികടക്കുന്നതാണ്. ജീവകാരുണ്യ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങും. മത്സരങ്ങളിൽ ശക്തമായ തിരിച്ചുവരവ് നടത്തും. ആദിത്യനും ചൊവ്വയും പതിനൊന്നിലാകയാൽ ഉദ്യോഗസ്ഥർക്ക് വളർച്ചയുണ്ടാവും. മേലധികാരികൾ കഴിവുകളെ പ്രശംസിക്കുന്നതാണ്.  ഭൂമി വിൽപ്പനയിലെ തടസ്സങ്ങൾ നീങ്ങും. കമ്മീഷൻ വ്യാപാരം പുരോഗമിക്കും. പ്രണയത്തിൽ സന്തോഷിക്കും. ഗാർഹികാന്തരീക്ഷംമക്കളുടെ ശ്രേയസ്സിനാൽ സമാധാനം നിറഞ്ഞതാവും.

പൂരൂരുട്ടാതി

ശനി ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നതിനാൽ മനക്ലേശം, അകാരണഭയം ഇവ അനുഭവപ്പെടും. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധ്യതയുണ്ട്. ആദിത്യനും ചൊവ്വയും അനുകൂല ഭാവത്തിലാകയാൽ രാഷ്ട്രീയ നേട്ടങ്ങൾ കൈവരുന്നതാണ്. കാലത്തിൻ്റെ മാറ്റം ഉൾക്കൊള്ളുവാൻ കഴിയും. തുടങ്ങിയ സംരംഭവുമായി മുന്നോട്ടുപോകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാം. വീടുപണി തുടരുമെങ്കിലും ഇടയ്ക്കിടെ ധനക്ലേശം വരാം. സ്ത്രീസൗഹൃദം പുഷ്ടിപ്പെടും. വിദേശയാത്രകൾക്ക് അനുമതിയാവും. സാമ്പത്തിക ഇടപാടുകളുടെ കണക്ക് സൂക്ഷിക്കുന്നത് നന്നായിരിക്കും. സത്കർമ്മങ്ങൾക്ക് ചെലവു ചെയ്യും. ശസ്ത്രക്രിയ മൂലം രോഗം ഭേദപ്പെടുന്നതാണ്.

ഉത്രട്ടാതി

മനശ്ചാഞ്ചല്യത്താൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിക്കുന്നതാണ്. ആദർശത്തിൽ വിശ്വസിക്കുകയാൽ പ്രായോഗികതയുടെ ഗൂഢതന്ത്രങ്ങളെ വെറുക്കും.  എങ്കിലും തൊഴിൽ മേഖലയിൽ വിജയിക്കാനാവും. ഒപ്പമുള്ളവരുടെ പിന്തുണ ലഭിക്കും.  വ്യവഹാരങ്ങളിൽ നിന്നും പിൻതിരിയുന്നതാണ്. പുതുതലമുറയുടെ നിർബന്ധത്താൽ നവീന ഉല്പന്നങ്ങൾ വാങ്ങിനൽകും. ശത്രുതാ മനോഭാവമുള്ളവരോട് നിലപാടുകൾ വിശദീകരിക്കാൻ ശ്രമിക്കുന്നതാണ്. കലാകാരന്മാർക്ക് അവസരങ്ങൾ കൂടും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് ഇപ്പോൾ ഉചിതസമയമല്ല. പിതൃസ്വത്തുക്കളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. സാംക്രമിക രോഗങ്ങൾ ബാധിക്കാതിരിക്കാൻ ശ്രദ്ധയുണ്ടാവണം.

രേവതി

വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളിൽ നിന്നും പിന്മാറും. സ്വാശ്രയ സ്ഥാപനത്തിൻ്റെ നടത്തിപ്പിൽ പലതരം ക്ലേശങ്ങളെ അഭിമുഖീകരിക്കുന്നതാണ്. പുതിയ പാർട്ണർമാരെ കണ്ടെത്താനുള്ള ശ്രമം വിജയിക്കണമെന്നില്ല.  ലോൺ അപേക്ഷ പരിഗണിക്കപ്പെടാം. പുതുതലമുറയുടെ രീതികളോട് പൊരുത്തപ്പെടാൻ ക്ലേശിച്ചേക്കും. വിട്ടുവീഴ്ചകൾക്ക് മുതിരാത്തത് ദാമ്പത്യത്തെ കലുഷിതമാക്കും. അനാവശ്യമായ ആധിയും ഭാവിയെക്കുറിച്ചുള്ള  ഉത്കണ്ഠയും ഒഴിവാക്കുക തന്നെ വേണം. പുതുവാഹനം വാങ്ങുന്നതിൽ തീരുമാനമുണ്ടാകും. ആദ്ധ്യാത്മിക കാര്യങ്ങളിൽ ഉത്സുകതയേറും. കൂടുതൽ കാര്യങ്ങൾ പഠിച്ചറിയാൻ ശ്രമം തുടരുന്നതാണ്. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുക കരണീയം. മൗനത്തിൻ്റെ വിലയറിയും.

Read More: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: