scorecardresearch

തേച്ചിട്ടു പോകുമോ? പ്രണയിനിയുടെ നക്ഷത്രം നോക്കിയാലറിയാം

‘പ്രണയത്തെ എങ്ങനെയാണ് നക്ഷത്രങ്ങൾ സ്വാധീനിക്കുന്നത്,’ ജ്യോതിഷഭൂഷണം എസ്. ശ്രീനിവാസ അയ്യർ വിശദീകരിക്കുന്നു

തേച്ചിട്ടു പോകുമോ? പ്രണയിനിയുടെ നക്ഷത്രം നോക്കിയാലറിയാം

ഭൂമിയെ സ്വർഗമാക്കുന്ന വികാരമാണ് പ്രണയം എന്ന് പറയാറുണ്ട്. പ്രായവും ജാതിയും മതവും ഭാഷയും ലിംഗഭേദവും ഒന്നും ഇല്ലാതെ പ്രണയം മനുഷ്യവികാരങ്ങളിൽ മഴവില്ലഴകായി നിറയുകയാണ്. മനസ്സിനെ മസ്തിഷ്കവും, ഹൃദയത്തെ കമ്പ്യൂട്ടറും നയിക്കുന്ന കാലം വന്നാലും അത് അങ്ങനെ തന്നെയാവും എന്ന് കരുതാം.

പ്രണയത്തിനും സ്നേഹത്തിനും ജ്യോതിഷം ഒരു വകുപ്പ് തന്നെ തുറന്നിട്ടിട്ടുണ്ട്. വകുപ്പദ്ധ്യക്ഷനെയും നിയമിച്ചിട്ടുണ്ട്. മിക്കവാറും ഗ്രഹനിലയിലെ ഏഴാമെടം/ഏഴാംഭാവം കൊണ്ടാണ് പ്രണയത്തെ ചിന്തിക്കുക. ലഗ്നഭാവം, രണ്ടാം ഭാവം, നാലാംഭാവം എന്നിവയ്ക്കുമുണ്ട് പ്രണയബന്ധം. പതിനൊന്നാം ഭാവം അഭീഷ്ടസ്ഥാനം എന്നറിയപ്പെടുന്നതിനാൽ പ്രണയത്തിന്റെ ശുഭാശുഭത്വങ്ങൾ പ്രസ്തുതഭാവം കൊണ്ടറിയാം. ഈ ഭാവങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങൾ, അവിടെ നിൽക്കുന്ന ഗ്രഹങ്ങൾ, അവിടേക്ക് നോക്കുന്ന ഗ്രഹങ്ങൾ എന്നിവർ പ്രണയത്തെ സൃഷ്ടിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. പ്രണയമുണ്ടോ, പ്രണയം പുരോഗമിക്കുമോ, പ്രണയസാഫല്യം ഭവിക്കുമോ, ആദർശപ്രേമമാണോ, “മാംസനിബദ്ധമായ രാഗമാണോ” എന്നതൊക്കെ ഗ്രഹനില പരിശോധിക്കുമ്പോൾ പരിചയസമ്പന്നനായ ദൈവജ്ഞന് കണ്ടെത്താനാവുന്ന കാര്യങ്ങളാണ്.

പ്രണയം എന്ന വിഷയത്തിന്റെ കാന്തഗ്രഹം ശുക്രനാണ്. പ്രേമം എന്ന ആ മധുരമാസ്മര മനോഭാവത്തിന്റെ വകുപ്പ് തലവൻ ശുക്രനല്ലാതെ മറ്റാരുമല്ല. പ്രണയവികാരത്തിന്റെ സ്ഫുലിംഗം വിലോലമായ മനുഷ്യമനസ്സിൽ കത്തിക്കാളിക്കുന്നത് ശുക്രൻ തന്നെയാണ്. ശുക്രദശ, ശുക്രന്റെ അപഹാരം എന്നിവയൊക്കെ നടക്കുമ്പോൾ, കുഞ്ഞുങ്ങളുടേയും അതിവൃദ്ധരുടേയും കാര്യം ഒഴിച്ചാൽ, ആരുടേയും ഉള്ളിൽ പ്രണയം ഒരു പനിനീർപ്പൂവായി മൊട്ടിടുകയും വിടർന്ന് പരിമളം പരത്തുകയും ചെയ്യും. അതാണ് ശുക്രന്റെപ്രണയ ‘മാജിക്!’

തീവ്രമായ പ്രണയവികാരത്താൽ പരവശരാകുന്ന നാളുകാർ ആരൊക്കെയാവും? സംശയമില്ല, ശുക്രന്റെ നക്ഷത്രങ്ങളായ ഭരണി, പൂരം, പൂരാടം എന്നിവയിൽ ജനിക്കുന്നവർ തന്നെയാവും. പ്രണയക്കാറ്റ് അങ്ങ് ദൂരെ കടലിന് മുകളിലൂടെ വീശിയാലും ഭൂമിയിൽ ഈ നാളുകാരുടെ മനസ്സിൽ ചിറ്റോളങ്ങൾ വിരിയുകയായി. പ്രണയപുഷ്പം വിരിയുകയായി. രമണനെയും ചന്ദ്രികയേയും സൃഷ്ടിക്കുകയും തന്റെ ഹ്രസ്വായുഷ്കാലം മുഴുവൻ പ്രണയാതുരനായി ജീവിക്കുകയും ചെയ്ത മഹാകവി ചങ്ങമ്പുഴ ഭരണി നാളുകാരനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആത്മകഥയായ ‘തുടിക്കുന്ന താളുകളി’ ൽ നിന്നറിയാൻ കഴിയും.

ശുക്രന് ആധിപത്യമുള്ള രണ്ട് രാശികൾ/രണ്ട് കൂറുകളുണ്ട്. ഇടവം, തുലാം എന്നീ രാശികൾ/കൂറുകൾ ആണവ. അവയിൽ വരുന്ന നക്ഷത്രക്കാരും പ്രണയത്തിന്റെ അരയന്നത്തോണികളിൽ സഞ്ചരിക്കുന്നവരായിരിക്കും. ഇടവക്കൂറിലെ നക്ഷത്രങ്ങൾ കാർത്തിക 1, 2, 3 പാദങ്ങൾ, രോഹിണി, മകയിരം ആദ്യ പകുതി എന്നിവയാകുന്നു. തുലാക്കൂറിലെ നക്ഷത്രങ്ങൾ ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1, 2, 3 പാദങ്ങൾ എന്നിവയുമാണ്. പ്രണയത്തെ ഒരു തപസ്സായി കാണാൻ, പ്രണയമഴയിൽ നനയാൻ വെമ്പുന്നവരാവും ഈ നക്ഷത്രങ്ങളിൽ ജനിച്ചവർ.

ശുക്രനുമായി ബന്ധമുള്ള മറ്റ് രണ്ട് രാശികൾ കൂടിയുണ്ട്. അവ ശുക്രന്റെ ഉച്ചരാശിയായ മീനവും നീചരാശിയായ കന്നിയുമാകുന്നു. മീനക്കൂറിലെ നക്ഷത്രങ്ങൾ പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി എന്നിവയാകുന്നു. പ്രണയം ഒരു’vibe ‘ ആണ് ഈ മൂന്നു നാളുകാർക്കും. ഉണങ്ങിയ കരിയിലയിൽ വീഴുന്ന അഗ്നികണം പോലെ പ്രണയം അവരിൽ ആളിക്കത്തുകയായി. അതിന്റെ കമ്പനവും പ്രകമ്പനവും ക്ഷോഭവും പ്രക്ഷോഭവും എല്ലാം അവരുടെ ജീവിത പുസ്തകത്തിലെ വർണ്ണപ്പകിട്ടുള്ള അദ്ധ്യായങ്ങളായി തുടിക്കും.

ശുക്രന്റെ നീചരാശിയായ കന്നിക്കൂറിൽ വരുന്ന നക്ഷത്രങ്ങൾ ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര എന്നിവയാണ്. ഇവരിലും പ്രണയം തരളവും മുഗ്ദ്ധവുമായ വികാരമായി നിറയാറുണ്ട്. എന്നാൽ രാശിനാഥനായ ബുധന്റെ ബൗദ്ധികത മൂലം പ്രണയത്തിന്റെ വരുംവരായ്കകളെക്കുറിച്ച് ഇവർ ആലോചിക്കും. ഹൃദയത്തിനുപകരം തലച്ചോറ് കടന്നുവരുന്നതോടെ പ്രണയം ഒരു അർദ്ധവിരാമ ചിഹ്നമായി ചുരുങ്ങിയേക്കും.

ഗ്രഹനിലയിൽ ശുക്രൻ ദുർബലനാണെങ്കിൽ ആ വ്യക്തിക്ക് പ്രണയം ഒരു സഫലതയായി കൊള്ളണമെന്നില്ല. പ്രണയപരാജയം ഏറ്റുവാങ്ങാനാവും അയാളുടെ വിധി. അയാൾ/അവൾ ‘crush ‘എന്ന് പ്രണയത്തെക്കുറിച്ച് വിശേഷിപ്പിക്കുന്നവരായിരിക്കും. ഉണ്ടായിരുന്ന വിലോലമായ ഒരു അനുരാഗത്തിന്റെ സ്മരണത്തൊട്ടിലിൽ സ്വപ്നം കണ്ടുറങ്ങുവാനാവും വിധി!.

ശുക്രനെ രാഹു, കേതു, ശനി, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങൾ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുമ്പോൾ പ്രണയം ഒന്നുകിൽ മുരടിക്കും. അല്ലെങ്കിൽ അവർ ‘move on ‘ ചെയ്യുന്നവർ ആയിരിക്കും. നാടൻഭാഷയിൽ പറയുമ്പോൾ “തേച്ചിട്ടു പോകുന്നവർ.”

പ്രണയം പോലെ സാർവ്വലൗകികമായ മറ്റൊരു വികാരമില്ല. ഏതു നക്ഷത്രത്തിൽ ജനിച്ചാലും പ്രണയത്തോണിയിലെ അരയന്നമാകാൻ കൊതിക്കാതിരിക്കില്ല. അതാണ് സഹജമായ മനുഷ്യപ്രകൃതി. എങ്കിലും ചില നക്ഷത്രക്കാരിൽ പ്രണയത്തിന്റെ കാറ്റ് ഹൃദയവാതായനങ്ങൾ തുറന്ന് അകത്ത് കടക്കാൻ വിഷമിക്കും. പ്രണയപുഷ്പത്തെ മറ്റുചില മനോഭാവങ്ങൾ കശക്കിയെറിയും.

ഒരുപക്ഷേ കേതുവിന്റെ നക്ഷത്രങ്ങളായ മകം, മൂലം, രാഹുവിന്റെ നക്ഷത്രമായ ചതയം, ശനിയുടെ നക്ഷത്രമായ പൂയം, ബുധന്റെ നക്ഷത്രങ്ങളായ ആയില്യം, തൃക്കേട്ട, ചൊവ്വയുടെ നക്ഷത്രങ്ങളായ മകയിരം, ചിത്തിര, അവിട്ടം എന്നീ നാളുകാരിൽ പ്രണയത്തിന്റെ മധുരനാദം വേണ്ടത്ര നന്നായി കേൾക്കപ്പെടുന്നില്ല എന്നുവരാം. അനുരാഗത്തിന് ആദ്യം വേണ്ടത് പരസ്പരമുള്ള ആകർഷണമാണല്ലോ? Ego ഈ നാളുകാരിൽ കൂടുതലായതു കൊണ്ടാവാം, ഇപ്രകാരം സംഭവിക്കുന്നത്. അവർക്കും പ്രണയമുണ്ട്, പക്ഷേ അതിന്റെ കനൽ ജ്വലനമായി മാറാൻ വൈകുമെന്നു മാത്രം!

Read Here: ബുധൻ കന്നിയിലേക്ക് ഈ കൂറുകാരുടെ ഭാവി ശോഭനമാകും

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Love relationship marriage porutham match horoscope astrology