scorecardresearch

കർക്കടക മാസത്തിലെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ

KollaVarsham 1198 Karkidakam Malayalam Month Horoscope Astrological Predictions Makam to Thrikketta: നവഗ്രഹങ്ങളുടെ കർക്കടകമാസത്തിലെ രാശിസ്ഥിതി മകം മുതൽ തൃക്കേട്ടവരെയുള്ള നാളുകാരെ സ്വാധീനിക്കുന്നത് എന്ന യാഥാർത്ഥ്യമാണ് ഇവിടെ അപഗ്രഥിക്കുന്നത്

KollaVarsham 1198 Karkidakam Malayalam Month Horoscope Astrological Predictions Makam to Thrikketta: നവഗ്രഹങ്ങളുടെ കർക്കടകമാസത്തിലെ രാശിസ്ഥിതി മകം മുതൽ തൃക്കേട്ടവരെയുള്ള നാളുകാരെ സ്വാധീനിക്കുന്നത് എന്ന യാഥാർത്ഥ്യമാണ് ഇവിടെ അപഗ്രഥിക്കുന്നത്

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Astrology | Horoscope | Karkidakam

കർക്കടക മാസത്തിലെ നക്ഷത്രഫലം

KollaVarsham 1198 Karkidakam Malayalam Month Horoscope Astrological Predictions Makam to Thrikketta: 1198 മിഥുനമാസം 31 ന് ഞായാഴ്ച വൈകിട്ട് 5 മണി 7 മിനിട്ടിനാണ് കർക്കടകരവിസംക്രമം. ഉത്തരായനം അവസാനിക്കുകയും ദക്ഷിണായനം ആരംഭിക്കുകയും ചെയ്യുന്ന വേളയാണത്. 1198 ൽ കർക്കടകമാസം 31 തീയതിയുണ്ട്. 2023 ജൂലൈ 17 തിങ്കളാഴ്ചയാണ് കർക്കടകം ഒന്നാം തീയതി വരുന്നത്. 2023 ആഗസ്റ്റ് 16 ബുധനാഴ്ച കർക്കടകം 31-ാം തീയതിയും ഭവിക്കുന്നു.

Advertisment

വാമൊഴിയുടെ വഴക്കത്തിൽ മലയാളിയുടെ ക്ലേശത്തെ കാണിക്കുന്ന ‘പഞ്ഞമാസം’ ആണ് കർക്കടകം. ‘കർക്കടകം ദുർഘടം’ എന്ന ചൊല്ല് അങ്ങനെ പരന്നു. രാമായണമാസം എന്ന പ്രത്യേകതയുമുണ്ട്, കർക്കടകത്തിന്. കാലപുരുഷന്റെ (Time personified) ഹൃദയമാണ് കർക്കടകം രാശി. രാശിനാഥൻ ചന്ദ്രൻ. ഇത്തവണ അമാവാസിയിൽ തുടങ്ങി അമാവാസിയിൽ അവസാനിക്കുന്നു എന്നത് കർക്കടകത്തിന്റെ പ്രത്യേകത. ജ്യോതിഷ നിയമപ്രകാരം ഇത് ‘അധിമാസം’ ആണ്. രണ്ട് സൂര്യസംക്രമങ്ങൾക്കിടയിൽ രണ്ട് അമാവാസകൾ വരുമ്പോഴാണ് ‘അധിമാസം’ സംഭവിക്കുന്നത്. അതിനാൽ ഇത്തവണ ആഷാഢമാസം ഇരട്ടിക്കുന്നു.

1199 ചിങ്ങം ഒന്നിന് ശ്രാവണമാസവും സമാരംഭിക്കുകയാണ്. പുണർതം ഞാറ്റുവേലയുടെ അവസാന ഭാഗത്ത് തുടങ്ങി ആയില്യം ഞാറ്റുവേല തീരുന്നതുവരെയാണ് കർക്കടകമാസത്തെ സൂര്യഗതി. പുണർതം നക്ഷത്രത്തിൽ തുടങ്ങി ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ആയില്യം നക്ഷത്രത്തിൽ അവസാനിക്കും വിധമാണ് ചന്ദ്രന്റെ കർക്കടക മാസത്തിലെ സഞ്ചാരം.

ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ വക്രഗതിയിൽ തുടരുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ സഞ്ചരിക്കുകയാണ്. രാഹു – കേതു യഥാക്രമം മേടത്തിലും (അശ്വതിയിലും), തുലാത്തിലും (ചിത്തിരയിലും) അപസവ്യഗതി തുടർന്നുകൊണ്ടിരിക്കുന്നു. കുജൻ ചിങ്ങം രാശിയിൽ തന്നെയാണ്. ബുധൻ മാസാദ്യം കർക്കടകത്തിലാണ്. പത്താം തീയതി ചിങ്ങത്തിലേക്ക് പകരുന്നു. ശുക്രൻ ചിങ്ങത്തിലാണ്, മാസത്തിന്റെ ആരംഭത്തിൽ. എന്നാൽ കർക്കടകം എട്ടാം തീയതി വക്രഗതി തുടങ്ങി കർക്കടകം രാശിയിലേക്ക് പോകുന്നു. ഈ മാസം അവസാന ആഴ്ച മുതൽ ശുക്രന് മൗഢ്യം വരുന്നുമുണ്ട്. ഇവ്വിധമാണ് നവഗ്രഹങ്ങളുടെ കർക്കടകമാസത്തിലെ രാശിസ്ഥിതി.

Advertisment

ഇതെങ്ങനെയാണ് മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരെ സ്വാധീനിക്കുന്നത് എന്ന യാഥാർത്ഥ്യമാണ് ഇവിടെ അപഗ്രഥിക്കുന്നത്.

മകം: മാസത്തിന്റെ തുടക്കത്തിൽ ക്ലേശങ്ങൾക്കാണ് ആധിക്യം. പന്ത്രണ്ടിൽ ആദിത്യൻ സഞ്ചരിക്കുകയാൽ അലച്ചിലും സർക്കാർ വിഷയങ്ങളിൽ കാര്യവിഘ്നവും വരാം. മകം നക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുകയാൽ ആരോഗ്യപ്രശ്നങ്ങളും, ആത്മവിക്ഷോഭങ്ങളും വരാം. പലതരം നേട്ടങ്ങൾ ഉണ്ടാവുമെങ്കിലും അവയ്ക്ക് മികവ് കുറയും. ധനവരവ് പ്രതീക്ഷിച്ചതുപോലെ തന്നെയാവും. പുതുജോലി കിട്ടാം; എന്നാൽ പഴയ ജോലി ഉപേക്ഷിക്കുന്നത് ഉചിതമാവില്ല. സാഹസങ്ങൾ ഒഴിവാക്കണം.

പൂരം: പല കാര്യങ്ങളിലും നിലവിലെ സ്ഥിതി തന്നെ തുടരും. വലിയ മാറ്റങ്ങൾ ഉണ്ടാവണമെന്നില്ല. തൊഴിൽപരമായി സമ്മർദ്ദം ഉണ്ടാകാം. മേലധികാരികളുടെ അനിഷ്ടം നേരിടേണ്ടി വന്നേക്കും. ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കണമെന്നില്ല. കുടുംബജീവിതത്തിൽ പിണക്കങ്ങളും ഭിന്നതകളും ഉണ്ടാവാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രത കുറയുന്നതാണ്. ആരോഗ്യപ്രശ്നങ്ങൾക്ക് വൈദ്യ സഹായം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. വ്യവഹാരങ്ങളിൽ അനുരഞ്ജനത്തിന് മുതിരുകയാവും നല്ലത്.

ഉത്രം: ഉന്മേഷത്തോടെ കർമ്മമേഖലയിൽ വ്യാപരിക്കുവാനുള്ള ശ്രമങ്ങൾ കുറച്ചൊക്കെ വിജയിക്കുന്നതാണ്. പുതുസംരംഭങ്ങളിൽ നിന്നും ചെറുനേട്ടങ്ങൾ വരാതിരിക്കില്ല. ചിങ്ങക്കൂറുകാരായ ഉത്രം നാളുകാരെക്കാൾ കർക്കടക മാസത്തിൽ കൂടുതൽ നല്ല ഫലങ്ങൾ അനുഭവിക്കുക കന്നിക്കൂറുകാരായ ഉത്രം നാളുകാരാവും. വിവാഹാലോചനകളിൽ അനുകൂല തീരുമാനം ഉണ്ടാവുന്നതാണ്. ദൂരദിക്കുകളിലുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചേക്കും. വ്യാപാരകാര്യത്തിൽ ലോണോ ചിട്ടികളോ ഗുണം ചെയ്തേക്കാം. ആരോഗ്യപ്രശ്നങ്ങൾ ചികിൽസയിലൂടെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.

അത്തം: ആദർശങ്ങൾ മടക്കി പോക്കറ്റിലിട്ട് പ്രായോഗികമായി ചിന്തിക്കും. വിജയം നേടാനുള്ള വഴികൾ തെളിയും. വ്യാപാരക്കരാറുകൾ പുതുക്കപ്പെടാം. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. വിദ്യാഭ്യാസം, ഗവേഷണം എന്നിവയിൽ മുന്നേറ്റമുണ്ടാകും. കലാകാരന്മാരുടെ പ്രതിഭാവിലാസം അംഗീകരിക്കപ്പെടാം. കൃത്യമായ കരുനീക്കങ്ങളിലൂടെ പ്രതിദ്വന്ദ്വികളെ മറികടക്കാൻ സാധിക്കുന്നതാണ്. പന്ത്രണ്ടിലെ ചൊവ്വയുടെ സ്ഥിതി അനുകൂലമല്ല. ആരോഗ്യത്തിൽ ജാഗ്രത വേണ്ടതുണ്ട്.

ചിത്തിര: കൃത്യതയുണ്ടാവും, പ്രവർത്തനത്തിൽ. ആകയാൽ മേലധികാരികളുടെ പ്രീതിയുണ്ടാവും. ദൗത്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്യും. കുടുംബാംഗങ്ങൾക്കൊപ്പം ദീർഘയാത്രകളിൽ പങ്കെടുത്തേക്കും. ആഢംബരവസ്തു ക്കൾ വാങ്ങുന്നതാണ്. പ്രിയപ്പെട്ടവർക്ക് അവ സംഭാവന ചെയ്തേക്കും. വിനോദപരിപാടികൾ ആസ്വദിക്കാൻ നേരം കണ്ടെത്തും. കുടുംബാംഗങ്ങളുമായി ഒന്നും കൂടിയാലോചിക്കുന്നില്ലെന്ന് പരാതി ഉയരാം. സൂര്യൻ, ചൊവ്വ, ശനി, കേതു, രാഹു എന്നീ പാപഗ്രഹങ്ങൾ പ്രായേണ പ്രതികൂലികളാവുകയാൽ സാഹസകർമ്മങ്ങൾക് മുതിരരുത്. ഇടപാടുകളിൽ സൂക്ഷ്മതയും വേണം.

ചോതി: കാലം അനുകൂലമാണ്, പുതുസംരംഭങ്ങൾ തുടങ്ങാനും നിലവിലുള്ളതിനെ വിപുലീകരിക്കാനും ഒക്കെ. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, വേതനവർദ്ധന എന്നിവ പ്രതീക്ഷിക്കാം. ഭൂമിവാങ്ങുക, വിൽക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ടവർക്കും പതിനൊന്നാം ഭാവത്തിലെ കുജസ്ഥിതിയാൽ ഗുണമുണ്ടാവും. നിക്ഷേപങ്ങളിൽ നിന്നും ഊഹക്കച്ചവടത്തിൽ നിന്നും ആദായം വർദ്ധിക്കുന്നതാണ്. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും പുലരും. കുടുംബാംഗങ്ങൾക്കിടയിലെ പാരസ്പര്യം ദൃഢമാകും.

വിശാഖം: ഗുണാനുഭവങ്ങൾ പലതും അനുഭവത്തിലെത്തുന്ന മാസമാണ്. ഉദ്യോഗാർത്ഥികൾക്ക് പുതിയ അവസരങ്ങൾ ലഭിക്കുന്നതാണ്. നിലവിലെ തൊഴിലിൽ അധികാരമുളള പദവികൾ വന്നുചേരാം. ബിസിനസ്സിൽ ആദായം ഉയരുന്നതാണ്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നടത്തുന്ന പരിഷ്കാരങ്ങൾ പ്രയോജനം ചെയ്യും. വിദ്യാർത്ഥികൾക്ക് പ്രോജക്ടുകൾ വിജയകരമായി പൂർത്തീകരിക്കാനാവും. ദാമ്പത്യരംഗം വിശേഷിച്ചും ഗാർഹിക ജീവിതം പൊതുവേയും ശ്രേയസ്കരമാവും. ആർത്ഥികമായ സുസ്ഥിതി വന്നെത്തും.

അനിഴം: ഗുണദോഷസമ്മിശ്രമായ മാസമാണ്. കച്ചവടത്തിൽ നിന്നും ന്യായമായ ലാഭം പ്രതീക്ഷിക്കാം. വിപുലീകരണത്തിനും കൂടുതൽ മുതൽമുടക്കിനും ഈ മാസം അത്ര അനുകൂലമല്ല. ഉദ്യോഗസ്ഥർക്ക് ചില ദുർഘട ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരാം. വിദ്യാർത്ഥികൾ ഇടക്കാല പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയിൽ ശോഭിക്കും. മക്കളുടെ ഭാവികാര്യങ്ങളിൽ കൃത്യമായ തീരുമാനം കൈക്കൊള്ളാൻ ക്ലേശിക്കും. ഭൂമി സംബന്ധിച്ച ഇടപാടുകളിൽ നഷ്ടം വരാൻ സാധ്യത കാണുന്നു. സ്വന്തം ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്.

തൃക്കേട്ട: കാര്യവിളംബം വരാം. പ്രവൃത്തികളിൽ ശ്രദ്ധ കുറഞ്ഞേക്കും. വിജയഘടകങ്ങളെക്കുറിച്ച് ചിലപ്പോൾ ധാരണയുണ്ടാവണം എന്നില്ല. ഔദ്യോഗിക ജീവിതത്തിൽ അധികാരികളുടെ അപ്രീതി നേടിയേക്കും. സ്വന്തം നിലയ്ക്ക് ചെയ്യുന്ന തൊഴിലുകളിൽ ഉന്നമനം കഷ്ടിയാവും. വീടുവിട്ടുനിൽക്കേണ്ട സാഹചര്യം വരാം. പഴയ ചില വഴക്കുകളോ വ്യവഹാരങ്ങളോ വീണ്ടും തലവേദനയ്ക്ക് കാരണമായേക്കാം. ഗാർഹിക ജീവിതത്തിൽ പിണക്കവും ഇണക്കവും തുടരപ്പെടും. നിത്യച്ചെലവുകൾ നടന്നുകൂടുന്നതാണ്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: