/indian-express-malayalam/media/media_files/uploads/2023/08/Varshaphalam-Astrological-Predictions-Makam-to-Thriketta.jpg)
കൊല്ലവർഷം 1199 ചിങ്ങമാസം ഒന്ന് (2023 ആഗസ്റ്റ് 17) വ്യാഴാഴ്ച പകൽ 1 മണി 32 മിനിറ്റിനാണ് ചിങ്ങരവി സംക്രമം. മകം ഞാറ്റുവേലയിൽ സൂര്യന്റെ നക്ഷത്ര സഞ്ചാരം തുടങ്ങുന്നു. ചാന്ദ്രമാസമായ ശ്രാവണത്തിന്റെ തുടക്കവും അന്നാണ്. ആഷാഢത്തിനുശേഷമുള്ള അധിമാസമവസാനിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മകം നക്ഷത്രത്തിലാണ് കൊല്ലവർഷത്തിന്റെ ആരംഭം എന്നതും പ്രസ്താവ്യമാണ്.
ഈ വർഷം ശനിക്ക് രാശിപ്പകർച്ചയില്ല. ശനി കുംഭരാശിയിൽ തുടരും. മേടം രാശിയിൽ സഞ്ചരിക്കുന്ന വ്യാഴം 1199 മേടം 18 ന്, (2024 മേയ് 1ന്) ഇടവം രാശിയിൽ പ്രവേശിക്കുന്നു. വ്യാഴത്തിന്റെ രാശിമാറ്റം വാർഷികമായിട്ടാണെന്നത് ഓർമ്മിക്കാം. രാഹുകേതുക്കൾക്ക് ഈ വർഷം രാശിമാറ്റം സംഭവിക്കുന്നുണ്ട്.
1199 തുലാം 13ന് (2023 ഒക്ടോബർ 30ന്) രാഹു മേടത്തിൽ നിന്നും മീനത്തിലേക്കും കേതു തുലാത്തിൽ നിന്നും കന്നിയിലേക്കും നിഷ്ക്രമിക്കും. രാഹുവും കേതുവും അപസവ്യഗതിയിൽ (anti clockwise) സഞ്ചരിക്കുന്ന ഗ്രഹങ്ങളാണ് എന്നത് സ്മരണീയം.
ചൊവ്വ വർഷത്തിന്റെ ആരംഭത്തിൽ ചിങ്ങത്തിൽ നിന്നും കന്നിയിലേക്ക് സംക്രമിക്കുന്നു. വർഷാവസാനം ചൊവ്വ ഇടവം രാശിയിൽ നിൽക്കുന്നതായി കാണാം. ബുധൻ വർഷാരംഭത്തിൽ ചിങ്ങത്തിലാണ്; പന്ത്രണ്ട് രാശികളും പിന്നിട്ട് വർഷാന്ത്യം ചിങ്ങത്തിൽ തന്നെ എത്തിനിൽക്കുന്നു. ശുക്രൻ വർഷാരംഭത്തിൽ കർക്കടകത്തിലും, പന്ത്രണ്ട് രാശികളും ഒരുവട്ടംചുറ്റി വർഷാവസാനമാവുമ്പോൾ വീണ്ടും ചിങ്ങത്തിലും തുടരുകയാണ്. ഇതിൽ ശനിയുടെ മൗഢ്യം (combustion) മകരം 30 മുതൽ മീനം 5 വരെയും (2024 ഫെബ്രുവരി 13 മുതൽ മാർച്ച് 18 വരെയും) വ്യാഴത്തിന്റെ മൗഢ്യം മേടം 21 മുതൽ ഇടവം 21 വരെയും (2024 മേയ് 4 മുതൽ ജൂൺ 4 വരെയും) ആകുന്നു. ഗ്രഹയുദ്ധം എന്ന പ്രതിഭാസം അടുത്ത വർഷം പതിവിലും കൂടുതൽ സംഭവിക്കുന്നുണ്ട്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാർഷിക ഫലം ഇവിടെ അപഗ്രഥിക്കുകയാണ്.
മകം
ഭാഗ്യസ്ഥാനത്ത് വ്യാഴം തുടരുന്നതിനാൽ നേട്ടങ്ങൾ കൂടുതൽ വന്നുചേരുന്നതാണ്. പ്രവൃത്തിയിൽ ലക്ഷ്യബോധമുണ്ടാവും. ആസൂത്രണമികവോടെ നവസംരംഭങ്ങളിൽ ഏർപ്പെടും. സാങ്കേതിക വിഷയങ്ങൾ പഠിച്ചറിയും. നവമാധ്യമങ്ങളിൽ നിന്നും വരുമാനമുണ്ടാകാം. ആശയപരമായി ഐക്യമുള്ളവരുടെ കൂട്ടായ്മക്ക് രൂപം കൊടുക്കുവാൻ സാധിക്കും. സാമ്പത്തികശോച്യത ഒരുവിധം പരിഹൃതമാവുന്നതാണ്.
വൃശ്ചികമാസം മുതൽ രാഹു അഷ്ടമസ്ഥനാവുകയാൽ ആരോഗ്യപരമായി ശ്രദ്ധ വേണം. വാഹനം, അഗ്നി, യന്ത്രം എന്നിവ സൂക്ഷിച്ച് ഉപയോഗിക്കണം. ശനി സപ്തമഭാവത്തിൽ തുടരുന്നതിനാൽ ചെറുപ്പക്കാരുടെ ദാമ്പത്യസ്വപ്നങ്ങൾ നീണ്ടേക്കും. കുടുംബ ജീവിതത്തിൽ പിണക്കവും ഇണക്കവും ആവർത്തിക്കും. പാരമ്പര്യസ്വത്തുക്കളെ സംബന്ധിച്ച വ്യവഹാരം ഇഴയാനിടയുണ്ട്.
പൂരം
വിജയപരാജയങ്ങൾ സമമാകുന്ന വർഷമാണ്. ചില പ്രതീക്ഷകൾ നിറവേറും. നേട്ടങ്ങൾക്ക് പിന്നിൽ അദ്ധ്വാനമേറും. പാതിവഴിയിൽ നിർത്തിയവ പുനരാംഭിക്കാൻ ശ്രമം തുടരും. ഉദ്യോഗനിയമനങ്ങൾ പ്രതീക്ഷിക്കുന്നവർക്ക് കാലതാമസമുണ്ടായാലും അവ കരഗതമാവും. വ്യാപാരത്തിൽ കരാറുകളിൽ ഏർപ്പെടുന്നതാണ്. വിദ്യാഭ്യാസത്തിൽ മികച്ച വിജയം കൈവരിക്കുമെന്ന് പറയാനാവില്ല. വൃശ്ചികം മുതൽ അഷ്ടമരാഹു ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാം. പാദരോഗങ്ങളിൽ ശ്രദ്ധവേണം. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. വിദേശത്തു പോകാൻ ശ്രമം നടത്തുന്നവർക്ക് അതിനവസരം ലഭിച്ചേക്കും. ഭാവിയിൽ പ്രയോജനപ്പെടുന്ന കാര്യങ്ങൾക്കായി ചില ഉദ്യമങ്ങൾ നടത്തും.
ഉത്രം
അത്ഭുതങ്ങൾ ഒന്നും നടക്കാനിടയില്ലാത്ത സാധാരണ വർഷമാണ്. എന്നാൽ കഴിവുകൾ സ്വയം തിരിച്ചറിയാനാവും. അവയിൽ ചില സിദ്ധികൾ പ്രയോജനപ്പെടുത്താനും സാധിക്കുന്നതാണ്. വിജയിക്കാൻ കഠിനാദ്ധ്വാനം വേണ്ടി വന്നേക്കും. അത് പാഴായിപ്പോവില്ല; പ്രയോജനകരമാവും വിധം വിനിമയം ചെയ്യാനാവും.
ഭൗതിക കാര്യങ്ങളെക്കാൾ ആത്മീയ ഉണർവുകൾക്കും വഴിയുണ്ട്. പ്രാർത്ഥനയുടെ ശീതളച്ഛായയിൽ അഭയം തേടാം. രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറപ്പെടുന്നതാണ്. ഉദ്യോഗലബ്ധി പ്രതീക്ഷിക്കാം. വിവാഹതടസ്സങ്ങൾ വർഷത്തിന്റെ മുക്കാൽപ്പങ്കുവരെ നീളാം. ആരോഗ്യകാര്യങ്ങളിൽ അലംഭാവമരുത്. ചിങ്ങം, ധനു, മേടം, കർക്കടകം മാസങ്ങൾക്ക് മേന്മ കുറയാം.
അത്തം
രാഹു, വ്യാഴം എന്നീ ഗ്രഹങ്ങളുടെ അഷ്ടമസ്ഥിതി ക്ലേശത്തിനിടവരുത്തും. മനസ്സന്താപം തുടരും. വിരോധികളുടെ പ്രവർത്തനങ്ങൾ വേട്ടയാടപ്പെടാം. ശനിയുടെ ആനുകൂല്യത്താൽ വിപൽസന്ധികളെ മറികടക്കുന്നതാണ്. കർമ്മരംഗത്ത് പതുക്കെയെങ്കിലും സ്ഥായിയായ നേട്ടങ്ങൾ സംഭവിക്കുന്നതാണ്. സ്വസംരംഭങ്ങൾ വിജയിക്കാൻ അത്യധ്വാനം ആവശ്യമായി വന്നേക്കും.
കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് സാധ്യത കാണുന്നു. മക്കളുടെ പഠനപൂർത്തീകരണം, വിവാഹം എന്നിവ നടന്നേക്കാം. കടബാധ്യത പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങളിൽ ഒരു പരിധിവരെ വിജയം നേടും. സമയബന്ധിതമായി ദൗത്യങ്ങൾ പൂർത്തീകരിക്കാം. വൈദ്യപരിശോധനകളിൽ അലംഭാവമരുത്.
ചിത്തിര
നല്ലകാര്യങ്ങൾക്കായി ചെലവുണ്ടാകും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ അദ്ധ്വാനം കൂടും. മിച്ചം വെക്കാനൊന്നുമുണ്ടാവില്ല. അധികാരികൾ വിരോധിച്ചേക്കും. വൃശ്ചികം മുതൽ കാലം അനുകൂലമാവുന്നതാണ്. മുൻ തീരുമാനങ്ങൾ നടപ്പിലാക്കാനാവും. വായ്പ കൊണ്ട പ്രയോജനമുണ്ടാവും. കുടുംബാംഗങ്ങളുടെ ഇടയിലെ അനൈക്യം പരിഹരിക്കും.
രാഷ്ട്രീയപ്പോരാട്ടങ്ങൾ വിജയമേകുന്നതാണ്. കുംഭമാസത്തിൽ കർമ്മഗുണാഭിവൃദ്ധി പ്രതീക്ഷിക്കാം. മീനം-മേടം മാസങ്ങളിൽ അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകാം. ഇടവമാസത്തിൽ ആരോഗ്യപ്രശ്നങ്ങൾ വരാം. മിഥുനം, കർക്കടകം മാസങ്ങളിൽ
തൊഴിൽ ലാഭം, ധനപുഷ്ടി, ദാമ്പത്യസൗഖ്യം എന്നിവയുണ്ടാകുന്നതാണ്.
ചോതി
ചിങ്ങം, ധനു, മീനം, കർക്കടകം എന്നീ മാസങ്ങൾക്ക് ഗുണമേറും. വ്യാപാരത്തിൽ നേട്ടങ്ങൾ വർദ്ധിക്കുന്നതായിരിക്കും. പുതിയ കരാറുകളിൽ ഏർപ്പെടാനാവും. മത്സരങ്ങളിൽ വിജയിക്കും. ആത്മാഭിമാനം ഉയരുന്നതാണ്. ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. കന്നി, തുലാം,ഇടവം എന്നീ മാസങ്ങൾക്കാവും മേന്മ കുറവ്.
ആരോഗ്യപ്രശ്നങ്ങൾ അലട്ടാം. യാത്രകൾ നിഷ്പ്രയോജനകരമായേക്കാം. കടബാധ്യതകൾ ശല്യം ചെയ്യാം. കുടുംബ ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്തുന്നതിൽ ക്ലേശിക്കും. മറ്റു മാസങ്ങളിൽ ശരാശരി ഫലം. വൃശ്ചികമാസം മുതൽ കേതുജന്മരാശിയിൽ നിന്നും മാറുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ കുറയാം. രാഹു ഏഴിൽ നിന്നും നിഷ്ക്രമിക്കുകയാൽ വിവാഹതടസ്സം നീങ്ങിയേക്കും.
വിശാഖം
സമൂഹത്തിൽ നിന്നും അവഗണന നീങ്ങി പരിഗണന ലഭിക്കും. നീതിബോധത്തോടെ പ്രവർത്തിക്കാൻ സാധിക്കും. വ്യാപാരികൾക്ക് ലാഭമുണ്ടാകുന്നതാണ്. കർമ്മരംഗം നവീകരിക്കാനുള്ള ശ്രമങ്ങൾ ലക്ഷ്യം കാണും. ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കും. വായ്പാ തിരിച്ചടവുകൾ അധികം മുടങ്ങിയേക്കില്ല. വിദേശ യാത്രയ്ക്ക് സന്ദർഭമുണ്ടാകുന്നതാണ്. ഉപരിപഠനത്തിനായി വിദേശ/ അന്യദേശ യാത്ര ഒരു സാധ്യതയാണ്.
പ്രണയികളുടെ ഹൃദയബന്ധം ദൃഢമാകും. കുടുംബാംഗങ്ങളുമൊത്ത് തീർത്ഥയാത്ര നടത്താനായേക്കും. പൂർവികമായ വസ്തു വില്ക്കുവാനുള്ള ശ്രമം ഫലം കാണുന്നതാണ്. ഹൃദയ സംബന്ധമായ രോഗമുള്ളവർ കൂടുതൽ ശ്രദ്ധാലുക്കളാകണം. കിടപ്പ് രോഗികൾക്ക് സമാശ്വാസമുണ്ടാകും. വൃശ്ചികമാസം മുതൽ ഉദ്യോഗസ്ഥർക്ക് പുതിയ പദവി ലഭിക്കാം.
അനിഴം
കണ്ടകശനി, ആറിൽ വ്യാഴം തുടങ്ങി ചില പ്രതികൂലതകൾ ഉണ്ടെങ്കിലും ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ മുന്നോട്ടു പോയാൽ വിജയിക്കാൻ സാധിക്കും. അദ്ധ്വാനഭാരം കൂടും. എന്നാൽ അതിന് തക്കതായ പ്രതിഫലം കിട്ടുന്നതാണ്. തൊഴിൽരംഗത്തെ തന്ത്രപരമായ സമീപനം നല്ല ഫലം സൃഷ്ടിക്കും. നിലവിലെ ഉദ്യോഗം ഉപേക്ഷിച്ച് പുതിയ ഒന്നിന് ശ്രമിക്കുന്നത് ചിലപ്പോൾ ഫലപ്രദമാവണമെന്നില്ല.
കലാകാരന്മാരുടെ കഴിവുകൾ അംഗീകരിക്കപ്പെടുന്നതാണ്. വീട്ടിൽ നിന്നും വിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. ബന്ധുക്കളിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചേക്കില്ല. സാങ്കേതിക വിദ്യാഭ്യാസത്തിൽ ഉയർന്ന ബിരുദം നേടാനാവും. മേടമാസത്തിനു ശേഷം പ്രണയ സാഫല്യം, വിവാഹ സിദ്ധി എന്നിവ സാധ്യതയാണ്. ജീവിതശൈലീ രോഗങ്ങൾ അധികരിക്കാം.
തൃക്കേട്ട
ലക്ഷ്യം നേടാൻ ഏകാഗ്രമായ പഠനം, നിരന്തരമായ അദ്ധ്വാനം എന്നിവ വേണ്ടിവരും. പ്രവർത്തനങ്ങളുടെ മികവ് ഉടനെയല്ലെങ്കിലും, ക്രമേണ അംഗീകരിക്കപ്പെടും. ഗൃഹനിർമ്മാണത്തിൽ പുരോഗതി കുറയും. വസ്തുവില്‌പനയിൽ വിളംബമുണ്ടായേക്കാം. കടബാധ്യതകൾ മനപ്രയാസ ഹേതുവാകാം.
വാഹനം വാങ്ങാനുള്ള മോഹം നീണ്ടുപോകും. തർക്കം, വിവാദം തുടങ്ങിയവയിൽ നിന്നും അകന്നുനിൽക്കുകയാവും അഭിലഷണീയം. അന്യദേശത്ത് പഠനാവസരങ്ങൾ ഉണ്ടാവും. തൊഴിലിൽ പരീക്ഷണങ്ങൾ നടത്തും. മേടമാസം വരെ ജീവിതത്തിന് വലിയ പുരോഗതി ഉണ്ടാവുമെന്ന് പറയാൻ കഴിയില്ല. സുഹൃത്തുക്കളുമായി ഇണങ്ങിയും പിണങ്ങിയും മുന്നോട്ടു പോകും. കുടുംബജീവിതത്തിലും സ്നേഹദ്വേഷങ്ങൾ കലരും. പാരമ്പര്യ ചികിത്സാരീതി രോഗനിവൃത്തിക്കായി പ്രയോജനപ്പെടുത്തുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.