/indian-express-malayalam/media/media_files/uploads/2023/08/horoscope-1-2.jpg)
മകം, മൂലം, തിരുവോണം,ഉത്രട്ടാതി എന്നീ നാല് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പൊതു വാർഷിക ഫലം
കൊല്ലവർഷം 1199 ചിങ്ങമാസം ഒന്ന് (2023 ആഗസ്റ്റ് 17) വ്യാഴാഴ്ച പകൽ 1 മണി 32 മിനിറ്റിനായിരുന്നു ചിങ്ങരവി സംക്രമം. മകം ഞാറ്റുവേലയിൽ സൂര്യന്റെ നക്ഷത്ര സഞ്ചാരം തുടങ്ങുന്നു. ചാന്ദ്രമാസമായ ശ്രാവണത്തിന്റെ തുടക്കവും അന്നാണ്. ആഷാഢത്തിനുശേഷമുള്ള അധിമാസമവസാനിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മകം നക്ഷത്രത്തിലാണ് കൊല്ലവർഷത്തിന്റെ ആരംഭം.
ഈ വർഷം ശനിക്ക് രാശിപ്പകർച്ചയില്ല. ശനി കുംഭരാശിയിൽ തുടരും. മേടം രാശിയിൽ സഞ്ചരിക്കുന്ന വ്യാഴം 1199 മേടം 18 ന്, (2024 മേയ് 1ന്) ഇടവം രാശിയിൽ പ്രവേശിക്കുന്നു. വ്യാഴത്തിന്റെ രാശിമാറ്റം വാർഷികമായിട്ടാണെന്നത് ഓർമ്മിക്കാം. രാഹുകേതുക്കൾക്ക് ഈ വർഷം രാശിമാറ്റം സംഭവിക്കുന്നുണ്ട്.
1199 തുലാം 13ന് (2023 ഒക്ടോബർ 30ന്) രാഹു മേടത്തിൽ നിന്നും മീനത്തിലേക്കും കേതു തുലാത്തിൽ നിന്നും കന്നിയിലേക്കും മാറും. രാഹുവും കേതുവും അപസവ്യഗതിയിൽ (Anti Clockwise) സഞ്ചരിക്കുന്ന ഗ്രഹങ്ങളാണ് എന്നത് ഓർക്കണം.
ചൊവ്വ വർഷത്തിന്റെ ആരംഭത്തിൽ ചിങ്ങത്തിൽ നിന്നും കന്നിയിലേക്ക് സംക്രമിക്കുന്നു. വർഷാവസാനം ചൊവ്വ ഇടവം രാശിയിൽ നിൽക്കുന്നതായി കാണാം. ബുധൻ വർഷാരംഭത്തിൽ ചിങ്ങത്തിലാണ്; പന്ത്രണ്ട് രാശികളും പിന്നിട്ട് വർഷാന്ത്യം ചിങ്ങത്തിൽ തന്നെ എത്തിനിൽക്കുന്നു. ശുക്രൻ വർഷാരംഭത്തിൽ കർക്കടകത്തിലും, പന്ത്രണ്ട് രാശികളും ഒരുവട്ടംചുറ്റി വർഷാവസാനമാവുമ്പോൾ വീണ്ടും ചിങ്ങത്തിലും തുടരുകയാണ്. ഇതിൽ ശനിയുടെ മൗഢ്യം (combustion) മകരം 30 മുതൽ മീനം അഞ്ച് വരെയും (2024 ഫെബ്രുവരി 13 മുതൽ മാർച്ച് 18 വരെയും) വ്യാഴത്തിന്റെ മൗഢ്യം മേടം 21 മുതൽ ഇടവം 21 വരെയു (2024 മേയ് നാല് മുതൽ ജൂൺ നാല് വരെയും) മാണ്. ഗ്രഹയുദ്ധം എന്ന പ്രതിഭാസം അടുത്ത വർഷം പതിവിലും കൂടുതൽ സംഭവിക്കുന്നുണ്ട്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം, മൂലം, തിരുവോണം,ഉത്രട്ടാതി എന്നീ നാല് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പൊതു വാർഷിക ഫലം ഇവിടെ വായിക്കാം.
മകം
ഭാഗ്യസ്ഥാനത്ത് വ്യാഴം തുടരുന്നതിനാൽ നേട്ടങ്ങൾ കൂടുതൽ വന്നുചേരുന്നതാണ്. പ്രവൃത്തിയിൽ ലക്ഷ്യബോധമുണ്ടാവും. ആസൂത്രണമികവോടെ നവസംരംഭങ്ങളിൽ ഏർപ്പെടും. സാങ്കേതിക വിഷയങ്ങൾ പഠിച്ചറിയും. നവമാധ്യമങ്ങളിൽ നിന്നും വരുമാനമുണ്ടാകാം. ആശയപരമായി ഐക്യമുള്ളവരുടെ കൂട്ടായ്മക്ക് രൂപം കൊടുക്കുവാൻ സാധിക്കും. സാമ്പത്തികശോച്യത ഒരുവിധം പരിഹൃതമാവുന്നതാണ്.
വൃശ്ചികമാസം മുതൽ രാഹു അഷ്ടമസ്ഥനാവുകയാൽ ആരോഗ്യപരമായി ശ്രദ്ധ വേണം. വാഹനം, അഗ്നി, യന്ത്രം എന്നിവ സൂക്ഷിച്ച് ഉപയോഗിക്കണം. ശനി സപ്തമഭാവത്തിൽ തുടരുന്നതിനാൽ ചെറുപ്പക്കാരുടെ ദാമ്പത്യസ്വപ്നങ്ങൾ നീണ്ടേക്കും. കുടുംബ ജീവിതത്തിൽ പിണക്കവും ഇണക്കവും ആവർത്തിക്കും. പാരമ്പര്യസ്വത്തുക്കളെ സംബന്ധിച്ച വ്യവഹാരം ഇഴയാനിടയുണ്ട്.
മൂലം
ഗ്രഹങ്ങളുടെ ശുഭസ്ഥാനസ്ഥിതി സൃഷ്ടിക്കുന്ന അനുകൂലത ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രതിഫലിക്കുന്നതാണ്. കഴിവുകൾ എത്ര ചെറുതായിരുന്നാലും അത് പുറംലോകമറിയും. അതിന് അംഗീകാരമുണ്ടാവുകയും ചെയ്യും. ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി പ്രതീക്ഷിക്കാം. പുതിയ ദൗത്യങ്ങളിൽ വിജയിക്കാനാവും. അന്യനാട്ടിൽ നിന്നും സ്വന്തം നാട്ടിലേക്ക് മാറ്റം കിട്ടും. ബിസിനസ്സ് ആദായകരമായി തുടരുന്നതാണ്. വിപുലീകരണത്തിനാവശ്യമായ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തും. പഠനം പൂർത്തിയാക്കിയവർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. വിവാഹ സ്വപ്നങ്ങൾ പൂവണിയും. സന്താനജന്മം ജീവിതത്തെ ധന്യമാക്കും. തുലാം, ധനു, മകരം, കർക്കടകം മാസങ്ങൾക്ക് മേന്മ കുറയുന്നതാണ്.
തിരുവോണം
വ്യാഴം നാലിൽ നിന്നും അഞ്ചിലേക്കും രാഹു നാലിൽ നിന്നും മൂന്നിലേക്കും മാറുന്നതിനാൽ ധാരാളം ഗുണകരമായ പരിവർത്തനങ്ങൾ നടക്കുന്ന വർഷമാണിത്. പുതിയ തൊഴിൽപരിസരം ഉണ്ടാകും. ജീവിത സാഹചര്യം മെച്ചപ്പെടുന്നതാണ്. സാമ്പത്തിക ക്ലേശങ്ങൾ ഒട്ടൊക്കെ പരിഹൃതമാവും. വീടുപണി പൂർത്തിയായേക്കും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കുന്നതാണ്. തടസ്സപ്പെട്ട പഠനം പുനരാരംഭിക്കുവാൻ സാധിച്ചേക്കും. കുറ്റാരോപണങ്ങളെ സമർത്ഥമായി മറികടക്കാനാവും. മക്കളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. പിണങ്ങിക്കഴിയുന്ന കുടുംബബന്ധങ്ങൾ വീണ്ടും ഇണങ്ങിച്ചേരുന്നതാണ്. ചിങ്ങം, ധനു, മകരം, ഇടവം മാസങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ വരാം.
ഉത്രട്ടാതി
കർമ്മഗുണം നിറഞ്ഞ വർഷമാണ്. കൃത്യനിർവഹണത്തിൽ മിടുക്കേറും. അധികാരികളുടെ വിശ്വസ്തരാവും. തൊഴിൽരംഗം കാലാനുസൃതമാക്കും. നയപരമായ സമീപനത്താൽ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കും. സഹോദരരുമായി ഇണങ്ങും. സാമ്പത്തിക സുസ്ഥിതിയുണ്ടാവും. സന്താനങ്ങൾക്കായി നിക്ഷേപം നടത്താനാവും. കൃഷിയിൽ താത്പര്യമേറുന്നതാണ്. മട്ടുപ്പാവ് കൃഷി ആരംഭിക്കും. പഴയകാല സുഹൃത്തുക്കളെ കാണാനായേക്കും. സുഹൃദ് സംഗമങ്ങൾക്ക് മുൻകൈയ്യെടുക്കും. പ്രണയവിവാഹത്തിന് സാധ്യതയുണ്ട്. ജീവിതപങ്കാളിക്ക് വിലകൂടിയ പാരിതോഷികങ്ങൾ സമ്മാനിക്കും. തുലാം, കുംഭം, മീനം, കർക്കടകം എന്നീ മാസങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.