/indian-express-malayalam/media/media_files/uploads/2023/08/Varshaphalam-Astrological-Predictions-Aswathi-to-Ayilyam.jpg)
കൊല്ലവർഷം 1199 ചിങ്ങമാസം ഒന്ന് (2023 ആഗസ്റ്റ് 17) വ്യാഴാഴ്ച പകൽ 1 മണി 32 മിനിറ്റിനാണ് ചിങ്ങരവി സംക്രമം. മകം ഞാറ്റുവേലയിൽ സൂര്യന്റെ നക്ഷത്ര സഞ്ചാരം തുടങ്ങുന്നു. ചാന്ദ്രമാസമായ ശ്രാവണത്തിന്റെ തുടക്കവും അന്നാണ്. ആഷാഢത്തിനുശേഷമുള്ള അധിമാസമവസാനിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മകം നക്ഷത്രത്തിലാണ് കൊല്ലവർഷത്തിന്റെ ആരംഭം എന്നതും പ്രസ്താവ്യമാണ്.
ഈ വർഷം ശനിക്ക് രാശിപ്പകർച്ചയില്ല. ശനി കുംഭരാശിയിൽ തുടരും. മേടം രാശിയിൽ സഞ്ചരിക്കുന്ന വ്യാഴം 1199 മേടം 18 ന്, (2024 മേയ് 1ന്) ഇടവം രാശിയിൽ പ്രവേശിക്കുന്നു. വ്യാഴത്തിന്റെ രാശിമാറ്റം വാർഷികമായിട്ടാണെന്നത് ഓർമ്മിക്കാം. രാഹുകേതുക്കൾക്ക് ഈ വർഷം രാശിമാറ്റം സംഭവിക്കുന്നുണ്ട്.
1199 തുലാം 13ന് (2023 ഒക്ടോബർ 30ന്) രാഹു മേടത്തിൽ നിന്നും മീനത്തിലേക്കും കേതു തുലാത്തിൽ നിന്നും കന്നിയിലേക്കും നിഷ്ക്രമിക്കും. രാഹുവും കേതുവും അപസവ്യഗതിയിൽ (Anti Clockwise) സഞ്ചരിക്കുന്ന ഗ്രഹങ്ങളാണ് എന്നത് സ്മരണീയം.
ചൊവ്വ വർഷത്തിന്റെ ആരംഭത്തിൽ ചിങ്ങത്തിൽ നിന്നും കന്നിയിലേക്ക് സംക്രമിക്കുന്നു. വർഷാവസാനം ചൊവ്വ ഇടവം രാശിയിൽ നിൽക്കുന്നതായി കാണാം. ബുധൻ വർഷാരംഭത്തിൽ ചിങ്ങത്തിലാണ്; പന്ത്രണ്ട് രാശികളും പിന്നിട്ട് വർഷാന്ത്യം ചിങ്ങത്തിൽ തന്നെ എത്തിനിൽക്കുന്നു. ശുക്രൻ വർഷാരംഭത്തിൽ കർക്കടകത്തിലും, പന്ത്രണ്ട് രാശികളും ഒരുവട്ടംചുറ്റി വർഷാവസാനമാവുമ്പോൾ വീണ്ടും ചിങ്ങത്തിലും തുടരുകയാണ്. ഇതിൽ ശനിയുടെ മൗഢ്യം (combustion) മകരം 30 മുതൽ മീനം 5 വരെയും (2024 ഫെബ്രുവരി 13 മുതൽ മാർച്ച് 18 വരെയും) വ്യാഴത്തിന്റെ മൗഢ്യം മേടം 21 മുതൽ ഇടവം 21 വരെയും (2024 മേയ് 4 മുതൽ ജൂൺ 4 വരെയും) ആകുന്നു. ഗ്രഹയുദ്ധം എന്ന പ്രതിഭാസം അടുത്ത വർഷം പതിവിലും കൂടുതൽ സംഭവിക്കുന്നുണ്ട്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാർഷിക ഫലം ഇവിടെ അപഗ്രഥിക്കുകയാണ്.
അശ്വതി
വർഷത്തിന്റെ മുക്കാൽപ്പങ്കും വ്യാഴം ജന്മരാശിയിൽ തുടരുകയാൽ ഈ വർഷം ഗുണദോഷസമ്മിശ്രമാണ്. കാര്യതടസ്സം, അമിതാദ്ധ്വാനം, ധനക്ലേശം എന്നിവയുണ്ടാവാം. എന്നാൽ ശനി അഭീഷ്ടഭാവമായ പതിനൊന്നിൽ തുടരുന്നതിനാൽ പൂർവ്വിക സ്വത്തുക്കൾ അധീനത്തിലാവും. നിയമപ്പോരാട്ടങ്ങളിൽ വിജയിക്കും. നീണ്ടുനിൽക്കുന്ന രോഗങ്ങൾക്ക് ഫലപ്രദമായ ചികിൽസ ലഭിച്ചേക്കും. രാഹു ജന്മരാശിയിൽ നിന്നും, വിശേഷിച്ചും ജന്മനക്ഷത്രമായ അശ്വതിയിൽ നിന്നും മാറുന്നതിനാൽ ത്വഗ്രോഗം, വാതം, പകർച്ചവ്യാധികൾ എന്നിവയ്ക്ക് ശമനം ഉണ്ടാകുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ പുലർത്താൻ സാധിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. വിദേശ യാത്രകൾ, തൊഴിലിൽ നേട്ടം, തീർത്ഥാടനം എന്നിവ സഫലമാകുന്നതാണ്. വൃശ്ചിക മാസം മുതൽ നല്ല ഫലങ്ങൾക്ക് മുൻതൂക്കം പ്രതീക്ഷിക്കാം.
ഭരണി
ജന്മനക്ഷത്രാധിപനായ ശുക്രന്റെ വക്രമൗഢ്യാദികളോടെ വർഷം തുടങ്ങുന്നു. ആദ്യമാസങ്ങളിൽ യാത്രകൾ കൂടും. നേട്ടങ്ങളിലെത്താൻ കിണഞ്ഞു പരിശ്രമിക്കേണ്ട സ്ഥിതിയുണ്ടാവും. ബന്ധുക്കളുടെ കാര്യത്തിൽ ചില മനപ്രയാസങ്ങൾ വരാം. ജോലി തേടുന്നവർ കുറച്ചുകാലം കാത്തിരിക്കേണ്ടതുണ്ട്. ആരോഗ്യപ്രശ്നങ്ങൾ പൂർണമായും മാറുമെന്ന് പറയാനാവില്ല.
രാഹു കേതു രാശിമാറ്റം തുലാമാസത്തിൽ സംഭവിക്കുന്നതിനാൽ തദനന്തരം ഗുണാനുഭവങ്ങൾ മെല്ലെമെല്ലെ കണ്ടുതുടങ്ങും. തുണി, ഗൃഹോപകരണം, ഹോട്ടൽ, ആഭരണം, അലങ്കാരം, നിത്യോപയോഗ വസ്തുക്കൾ, ഇലക്ട്രോണിക് വസ്തുക്കൾ എന്നിവയുടെ വിപണനത്തിൽ ഏർപ്പെട്ടവർക്ക് ലാഭം വർദ്ധിച്ചു തുടങ്ങും. കലാവാസന അംഗീകരിക്കപ്പെടും. സ്വാശ്രയത്വത്തിൽ അഭിമാനിക്കാറാവും. ജീവിതശൈലീ രോഗങ്ങളുടെ കാര്യത്തിൽ പ്രത്യേകമായ ശ്രദ്ധ വേണം.
കാർത്തിക
കർമ്മരംഗത്തെ തടസ്സങ്ങളും ക്ലേശങ്ങളും തുടരുന്നതാണ്. ആരോഗ്യപരമായ വിഷമങ്ങൾ കൂടുക, കുറയുക എന്നിങ്ങനെ ആവർത്തിക്കാം. വർഷാരംഭത്തിൽ മനപ്രയാസവും കാര്യവിഘ്നവും തുടർന്നേക്കും. എന്നാൽ വൃശ്ചികമാസം മുതൽ കാര്യങ്ങൾക്ക് മാറ്റം വരാം. ചെലവുണ്ടാകുമെങ്കിലും അത് നല്ലകാര്യങ്ങൾക്കാവും. മക്കളുടെ ഉപരിപഠനം, വിവാഹം, ഗൃഹനിർമ്മാണാരംഭം തുടങ്ങിയ കാര്യങ്ങൾ ശക്തമായ സാധ്യതയാണ്.
വസ്തുവ്യാപാരത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ലാഭം അധികരിക്കും. സർക്കാർ / ബാങ്ക് ഇവയിലൂടെ ലഭിക്കുന്ന വായ്പ, ചിട്ടി മുതലായവ നല്ല കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ സന്ദർഭമുണ്ടാകും. പൂർവ്വസുഹൃത്തുക്കളെ കാണാനാവും. ചിലർക്ക് വീട്ടിൽ നിന്നും / നാട്ടിൽ നിന്നും മാറിത്താമസിക്കേണ്ടതായി വരാം. ദാമ്പത്യ ജീവിതത്തിലെ അലോസരങ്ങൾക്ക് രമ്യമായ തീർപ്പുണ്ടാവും. വാതരോഗം വിഷമിപ്പിച്ചേക്കാം. സംഘടനാ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
രോഹിണി
വ്യാഴത്തിന്റെയും ശനിയുടെയും ആനുകൂല്യം കുറയുകയാൽ ജീവിതത്തിൽ വലിയ പരിവർത്തനങ്ങളോ ഗുണപരമായ മാറ്റങ്ങളോ ഉണ്ടാവണം എന്നില്ല.
വ്യാപാരത്തിൽ വലിയ മുതൽ മുടക്കുകൾക്ക് തുനിയരുത്. ചെറിയസംരംഭങ്ങൾ ഒരുവിധം നടന്നുപോകുന്നതാണ്. കരാറുപണികൾ പുതുക്കിക്കിട്ടിയേക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം എളുപ്പമാവില്ല. സ്ഥലംമാറ്റം പോലുള്ളവയ്ക്ക് സാധ്യതയുണ്ടുതാനും.
വിരോധികളുടെ പ്രവർത്തനങ്ങളെ ഒട്ടൊക്കെ പ്രതിരോധിക്കാനാവും. പ്രണയബന്ധം ദുർബലമാവാം. അവിവാഹിതരുടെ വിവാഹകാര്യം നീളാൻ സാധ്യത കാണുന്നു. ചെറുവായ്പകൾ കൊണ്ട് അത്യാവശ്യങ്ങൾ നിറവേറ്റാനാവും. അന്യനാട്ടിൽ തൊഴിൽ നേടാൻ വൃശ്ചിക മാസം മുതൽ അവസരമൊരുങ്ങും. രാഹുവിന്റെ ദശാപഹാരങ്ങൾ നടക്കുന്നവർക്ക് നല്ലമാറ്റം വന്നുചേരും. ധനപരമായ ക്ലേശങ്ങൾ കുറച്ചൊക്കെ പരിഹൃതമാവുന്നതാണ്.
മകയിരം
ഇടവക്കൂറുകാരായ മകയിരം നാളുകർക്ക് വ്യാഴം, രാഹു എന്നീ ഗ്രഹങ്ങൾ പന്ത്രണ്ടിലും ശനി കണ്ടകസ്ഥാനമായ പത്താം ഭാവത്തിലുമാകയാൽ ഗുണാനുഭവങ്ങൾ കുറയും. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. ആരോഗ്യപരമായി നല്ലശ്രദ്ധയുണ്ടാവണം. വിദ്യാർഥികളുടെ കാര്യത്തിൽ മാതാപിതാക്കൾ ജാഗരൂകരാവണം.
മിഥുനക്കൂറുകാരായ മകയിരം നാളുകാർക്കാവും നേട്ടങ്ങൾ കൂടുതൽ. വ്യവസായം അഭിവൃദ്ധിപ്പെടുന്നതാണ്. മുതൽമുടക്കിന് നഷ്ടം വരാനിടയില്ല. ഉല്പന്നങ്ങൾക്ക് സ്വീകാര്യത ലഭിക്കുന്നതാണ്. ധനോന്നതിയുണ്ടാകും. അവിവാഹിതർക്ക് വിവാഹസിദ്ധി പ്രതീക്ഷിക്കാം. തൊഴിൽ തേടുന്നവർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാനാവും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, വേതന വർദ്ധനവ് എന്നിവ വന്നെത്തും. കലാപ്രവർത്തനം അംഗീകരിക്കപ്പെടും. വൃശ്ചികമാസത്തിനു ശേഷം കർമ്മരംഗത്ത് കരുതൽ അനിവാര്യം.
തിരുവാതിര
വർഷത്തിന്റെ ഭൂരിഭാഗവും ഗുണാനുഭവങ്ങൾക്കാവും മുൻതൂക്കം. നിക്ഷേപങ്ങളിൽ നിന്നും വരവധികരിക്കും. അഭിമുഖങ്ങളിൽ വിജയിക്കും. ഊഹക്കച്ചവടത്തിൽ നിന്നും ആദായം ഭവിക്കുന്നതാണ്. ആശയവിനിമയത്തിൽ വലിയ കഴിവു നേടും. കുടുംബാംഗങ്ങളുടെ പൂർണ പിന്തുണയുണ്ടാവുന്നതാണ്. രാഷ്ട്രീയ മത്സരങ്ങളിൽ വിജയിക്കുവാനാവും.
മക്കളുടെ വിദ്യാഭ്യാസച്ചെലവിന് പണം കരുതും. അന്യനാട്ടിൽ പഠിക്കാനവസരം കിട്ടിയേക്കും. ഗവേഷകർക്ക് പ്രബന്ധസമർപ്പണം സാധ്യമാകുന്നതാണ്. ചെറുപ്പക്കാരുടെ വിവാഹതടസ്സം നീങ്ങാം. കിടപ്പു രോഗികൾക്ക് ആശ്വാസ കാലമാണ്. ഗൃഹനിർമ്മാണം ഏതാണ്ട് മുഴുമിപ്പിക്കാൻ കഴിഞ്ഞേക്കും. വൃശ്ചികമാസം മുതൽ വ്യാപാരത്തിൽ കൂടുതൽ ജാഗ്രത കാട്ടണം. ആരോഗ്യപരമായ പതിവ് പരിശോധനകൾ നീട്ടിവെക്കരുത്. കുടുംബസമേതം വിനോദ / വിദേശ യാത്രകൾക്ക് അവസരം ഭവിക്കും.
പുണർതം
മിഥുനക്കൂറിൽ ജനിച്ച പുണർതം നാളുകാർക്ക് 1199 ക്ഷേമവും ഐശ്വര്യവും നിറയുന്ന വർഷമാണ്.
ഗുരുവും രാഹുവും പതിനൊന്നിൽ തുടരുകയാൽ തൊഴിലിൽ നിന്നും ലാഭവും ഭൂമി സമ്പാദ്യവും ഉദ്യോഗത്തിൽ ഉയർച്ചയും ഉണ്ടാകും. ന്യായമായ അഭിലാഷങ്ങൾ നിറവേറപ്പെടും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് കരസ്ഥമാക്കാനാവും. വ്യവഹാരങ്ങളിൽ അനുകൂലമായ തീർപ്പ് വന്നെത്തുന്നതാണ്. നൂതനമായ ആശയങ്ങൾ നിറഞ്ഞ പ്രോജക്ടുകൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാവും. ദാമ്പത്യത്തിൽ ശ്രേയസ്സും സമാധാനവും ഉണ്ടാകുന്നതാണ്. കർക്കടകക്കൂറുകാരായ പുണർതം നാളുകാർക്ക് കഷ്ടപ്പാടുകളും ക്ലേശങ്ങളും തുടരാം. സാമ്പത്തിക കാര്യത്തിൽ നല്ല അദ്ധയുണ്ടാവണം. ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ വർദ്ധിച്ചേക്കാം. അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കുകയാവും ഉചിതം. മേടമാസത്തിനു ശേഷം വ്യാഴം പതിനൊന്നിലേക്ക് പകരുകയാൽ ഗുണാനുഭവങ്ങൾ ഉണ്ടാവും. അതുവരെ പുതുസംരംഭങ്ങൾക്ക് മുതൽമുടക്കുന്നത് ആശാസ്യമാവില്ല.
പൂയം
ഗുണദോഷസമ്മിശ്രമായ വർഷമാണ്. ക്ഷമയും സഹിഷ്ണതയും കൂടുതൽ ആവശ്യമുണ്ട്. ലക്ഷ്യം നേടാൻ നിരന്തരമായ അധ്വാനം വേണ്ടി വരും. സുലഭം എന്ന് കരുതിയവ ദുർലഭമായേക്കാം. അഷ്ടമശനിയുടെ സ്ഥിതിയാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാവാനിടയുണ്ട്. വൈദ്യപരിശോധനകളിൽ അലംഭാവമരുത്. വസ്തു ഇടപാടുകളിൽ കൃത്യത വേണം. വ്യവഹാരങ്ങൾക്ക് മുതിരാതിരിക്കുകയാണ് കാമ്യം.
പ്രതീക്ഷിച്ച നിയമനം ലഭിക്കാൻ അല്പം കൂടി കാത്തിരിക്കേണ്ടി വരാം. ഉദ്യോഗസ്ഥർ ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ചയുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം. സാമ്പത്തികമായ വലിയ മുതൽ മുടക്കുകൾക്ക് കാലം ഉചിതമല്ല. ന്യായമായ ആവശ്യങ്ങൾ നടന്നു പോകും. ചെറിയ കരാറുകൾ ഉറപ്പിച്ചു കിട്ടും. മേടമാസത്തിനു ശേഷം വ്യാഴം പതിനൊന്നിൽ വരികയാൽ തുടർന്ന് കൂടുതൽ
ശോഭന ഫലങ്ങൾ ഉണ്ടാവുന്നതാണ്.
ആയില്യം
കർമ്മരംഗത്തെ തടസ്സങ്ങൾ ഭാഗികമായി നീക്കപ്പെടും. പുതിയ അവസരങ്ങൾ തേടിവരും. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ഉണ്ടാകാം. എന്നാൽ ഒപ്പം പദവിയിൽ ഉയർച്ചയോ വേതനാധിക്യമോ പ്രതീക്ഷിക്കാം. വിദേശത്ത് ജോലിക്ക് ശ്രമം നടത്തുന്നവർക്ക് ശുഭവാർത്തയെത്തും. വലിയ സാമ്പത്തിക മുടക്കുള്ള കാര്യങ്ങൾ മേടമാസത്തിനുശേഷം തുടങ്ങുന്നതാവും ഉചിതം. കലാപ്രവർത്തകർക്ക് കഴിവുകൾ തെളിയിക്കാൻ അരങ്ങൊരുങ്ങുന്നതാണ്. പ്രണയസാഫല്യത്തിന് കാത്തിരിക്കേണ്ടിവന്നേക്കും. സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിക്കാം.
ഹൃദയസംബന്ധമായ രോഗങ്ങളുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. മക്കളുടെ വിവാഹകാര്യത്തിലെ തടസ്സം നീങ്ങുന്നതാണ്. പണയവസ്തുക്കൾ പുതുക്കാനാവും. അപകടങ്ങളെ അതിജീവിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.