/indian-express-malayalam/media/media_files/uploads/2023/08/Horoscope.jpg)
അനിഴം, ഉത്രാടം, ചതയം, രേവതി എന്നീ നാല് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പൊതു വാർഷിക ഫലം
കൊല്ലവർഷം 1199 ചിങ്ങമാസം ഒന്ന് (2023 ആഗസ്റ്റ് 17) വ്യാഴാഴ്ച പകൽ 1 മണി 32 മിനിറ്റിനായിരുന്നു ചിങ്ങരവി സംക്രമം. മകം ഞാറ്റുവേലയിൽ സൂര്യന്റെ നക്ഷത്ര സഞ്ചാരം തുടങ്ങുന്നു. ചാന്ദ്രമാസമായ ശ്രാവണത്തിന്റെ തുടക്കവും അന്നാണ്. ആഷാഢത്തിനുശേഷമുള്ള അധിമാസമവസാനിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മകം നക്ഷത്രത്തിലാണ് കൊല്ലവർഷത്തിന്റെ ആരംഭം.
ഈ വർഷം ശനിക്ക് രാശിപ്പകർച്ചയില്ല. ശനി കുംഭരാശിയിൽ തുടരും. മേടം രാശിയിൽ സഞ്ചരിക്കുന്ന വ്യാഴം 1199 മേടം 18 ന്, (2024 മേയ് 1ന്) ഇടവം രാശിയിൽ പ്രവേശിക്കുന്നു. വ്യാഴത്തിന്റെ രാശിമാറ്റം വാർഷികമായിട്ടാണെന്നത് ഓർമ്മിക്കാം. രാഹുകേതുക്കൾക്ക് ഈ വർഷം രാശിമാറ്റം സംഭവിക്കുന്നുണ്ട്.
1199 തുലാം 13ന് (2023 ഒക്ടോബർ 30ന്) രാഹു മേടത്തിൽ നിന്നും മീനത്തിലേക്കും കേതു തുലാത്തിൽ നിന്നും കന്നിയിലേക്കും മാറും. രാഹുവും കേതുവും അപസവ്യഗതിയിൽ (Anti Clockwise) സഞ്ചരിക്കുന്ന ഗ്രഹങ്ങളാണ് എന്നത് ഓർക്കണം.
ചൊവ്വ വർഷത്തിന്റെ ആരംഭത്തിൽ ചിങ്ങത്തിൽ നിന്നും കന്നിയിലേക്ക് സംക്രമിക്കുന്നു. വർഷാവസാനം ചൊവ്വ ഇടവം രാശിയിൽ നിൽക്കുന്നതായി കാണാം. ബുധൻ വർഷാരംഭത്തിൽ ചിങ്ങത്തിലാണ്; പന്ത്രണ്ട് രാശികളും പിന്നിട്ട് വർഷാന്ത്യം ചിങ്ങത്തിൽ തന്നെ എത്തിനിൽക്കുന്നു. ശുക്രൻ വർഷാരംഭത്തിൽ കർക്കടകത്തിലും, പന്ത്രണ്ട് രാശികളും ഒരുവട്ടംചുറ്റി വർഷാവസാനമാവുമ്പോൾ വീണ്ടും ചിങ്ങത്തിലും തുടരുകയാണ്. ഇതിൽ ശനിയുടെ മൗഢ്യം (combustion) മകരം 30 മുതൽ മീനം അഞ്ച് വരെയും (2024 ഫെബ്രുവരി 13 മുതൽ മാർച്ച് 18 വരെയും) വ്യാഴത്തിന്റെ മൗഢ്യം മേടം 21 മുതൽ ഇടവം 21 വരെയു (2024 മേയ് നാല് മുതൽ ജൂൺ നാല് വരെയും) മാണ്. ഗ്രഹയുദ്ധം എന്ന പ്രതിഭാസം അടുത്ത വർഷം പതിവിലും കൂടുതൽ സംഭവിക്കുന്നുണ്ട്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അനിഴം, ഉത്രാടം, ചതയം, രേവതി എന്നീ നാല് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പൊതു വാർഷിക ഫലം ഇവിടെ വായിക്കാം.
അനിഴം
കണ്ടകശനി, ആറിൽ വ്യാഴം തുടങ്ങി ചില പ്രതികൂലതകൾ ഉണ്ടെങ്കിലും ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ മുന്നോട്ടു പോയാൽ വിജയിക്കാൻ സാധിക്കും. അദ്ധ്വാനഭാരം കൂടും. എന്നാൽ അതിന് തക്കതായ പ്രതിഫലം കിട്ടുന്നതാണ്. തൊഴിൽരംഗത്തെ തന്ത്രപരമായ സമീപനം നല്ല ഫലം സൃഷ്ടിക്കും. നിലവിലെ ഉദ്യോഗം ഉപേക്ഷിച്ച് പുതിയ ഒന്നിന് ശ്രമിക്കുന്നത് ചിലപ്പോൾ ഫലപ്രദമാവണമെന്നില്ല.
കലാകാരന്മാരുടെ കഴിവുകൾ അംഗീകരിക്കപ്പെടുന്നതാണ്. വീട്ടിൽ നിന്നും വിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. ബന്ധുക്കളിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചേക്കില്ല. സാങ്കേതിക വിദ്യാഭ്യാസത്തിൽ ഉയർന്ന ബിരുദം നേടാനാവും. മേടമാസത്തിനു ശേഷം പ്രണയ സാഫല്യം, വിവാഹ സിദ്ധി എന്നിവ സാധ്യതയാണ്. ജീവിതശൈലീ രോഗങ്ങൾ അധികരിക്കാം.
ഉത്രാടം
പരിശ്രമശാലികൾക്ക് വിജയശ്രീലാളിതരാവാൻ കഴിയുന്ന വർഷമാണ്. ശനിയും വ്യാഴവുമൊക്കെ അനുകൂലരാവുകയാൽ അദ്ധ്വാനശക്തി വിലമതിക്കപ്പെടും. ഭൗതികമായ ഐശ്വര്യങ്ങൾ വന്നെത്തും. പ്രതീക്ഷകൾ സഫലമാകുന്നതാണ്. പഠനം നിന്നുപോയവർക്ക് അവ തുടരാനാവും. വിദേശജോലിക്ക് പ്രയോജനപ്പെടുന്ന ഭാഷാപരിശീലന പദ്ധതിയിൽ പങ്കെടുക്കും. നഷ്ടസാധ്യതകൾ കണക്കിലെടുത്ത് വൻ സംരംഭങ്ങളിൽ നിന്നും പിന്മാറുവാൻ അഭ്യുദയകാംക്ഷികൾ ഉപദേശിക്കും. മുൻഗാമികളുടെ പ്രവർത്തനരീതി തിരുത്തിക്കുറിക്കും. അവിവാഹിതർക്ക് വർഷത്തിന്റെ രണ്ടാം പകുതിക്കുശേഷം വിവാഹ സാധ്യത കാണുന്നു. കുടുംബജീവിതത്തിൽ സംതൃപ്തി അനുഭവിക്കും. പുതിയ കൂട്ടുകാരെ ലഭിക്കുന്നതാണ്.
ചതയം
ജന്മശനി തുടരുന്ന വർഷമാണ്. ഇച്ഛാജ്ഞാനക്രിയാശക്തികളെ സമന്വയിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് കരണീയം. അമിത പ്രതീക്ഷകൾ പുലർത്താതിരിക്കുക. ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും. പുതിയ തൊഴിൽ കോഴ്സുകൾ, ഭാഷാ പഠനങ്ങൾ എന്നിവ പ്രയോജനം ചെയ്യും. വിദേശത്ത് പോകാനുള്ള ആഗ്രഹം നടന്നേക്കും. ചെറുകിട സംരംഭങ്ങളിൽ നിന്നും തരക്കേടില്ലാത്ത വരുമാനം വന്നെത്തും. വ്യവഹാരങ്ങൾക്ക് മുതിരാതിരിക്കുന്നതാണ് സമുചിതം. എഴുത്തുകാർ രചനയിൽ പുതുപരീക്ഷണങ്ങൾ നടത്തും. ചിങ്ങം, കന്നി, കുംഭം, മകരം എന്നീ മാസങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ, കടബാധ്യത, കുടുംബവഴക്ക് എന്നിവ സാധ്യതകൾ. മേടമാസം മുതൽ സ്ഥിതി മെച്ചപ്പെടാം.
രേവതി
രണ്ടാം നാളിൽ രാഹുവും മൂന്നാം നാളിൽ വ്യാഴവും തുടരുന്നതിനാൽ പണക്ലേശം, വാഗ്വാദങ്ങൾ എന്നിവ ചില സാധ്യതകളാണ്. മനസ്സാന്നിദ്ധ്യം കൊണ്ടും പ്രത്യുല്പന്നമതിത്വം കൊണ്ടും ദുരിതങ്ങളെ മറികടക്കും. അനുഭവജ്ഞാനമുള്ള മേഖലകളിൽ പണംമുടക്കാനും സംരംഭങ്ങൾ തുടങ്ങാനും ശ്രദ്ധ വേണം. സംഘടനകളുടെ സാരഥ്യം വഹിക്കും. വ്യക്തിപരമായ കാര്യങ്ങളിൽ ശ്രദ്ധ കുറയുന്നതായി കുടുംബാംഗങ്ങളിൽ നിന്നും പഴി കേൾക്കുന്നതാണ്. വിദേശ / അന്യദേശ യാത്രകൾ കൂടും. ഉദ്യോഗത്തിനുള്ള ശ്രമങ്ങൾ വിജയിക്കും. വിദ്യാഭ്യാസത്തിൽ പ്രതീക്ഷിച്ചത്ര മുന്നേറാൻ കഴിഞ്ഞേക്കില്ല. മക്കളുടെ വിവാഹാവശ്യത്തിന് വസ്തുവിൽക്കാൻ തീരുമാനിക്കും. ആരോഗ്യകാര്യങ്ങളിൽ അലംഭാവമരുത്. ചിങ്ങം, ധനു, മകരം, ഇടവം എന്നീ മാസങ്ങൾക്ക് മേന്മയേറും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.