/indian-express-malayalam/media/media_files/uploads/2023/08/Chingam-Horoscope-Astrological-Predictions-Moolam-to-Revathi.jpg)
ചിങ്ങ മാസത്തിലെ നക്ഷത്രഫലം
Kolla Varsham 1199 Chingam Malayalam Month Horoscope Astrological Predictions Moolam to Revathi: ചിങ്ങം 1ന് വ്യാഴാഴ്ച പകൽ 1 മണി 32 മിനിട്ടിന് സൂര്യൻ ചിങ്ങം രാശിയിൽ സംക്രമിക്കുന്നു. മകം ഞാറ്റുവേലയും ആരംഭിക്കുകയാണ്. ഈ ചിങ്ങമാസത്തിന് 32 ദിവസങ്ങളുണ്ട്. ആഗസ്റ്റ് 17ന് തുടങ്ങി സെപ്തംബർ 17 ന് അവസാനിക്കുന്നു. വെളുത്ത പ്രഥമയാകയാൽ, പുതിയ ചാന്ദ്രമാസം ആയ ശ്രാവണം ആരംഭിക്കുകയാണ്. മകം നക്ഷത്രം മുതൽ തുടങ്ങി ഒരു വട്ടം ഭ്രമണം പൂർത്തിയാക്കി അത്തംനാളിൽ ചന്ദ്രൻ എത്തിച്ചേരുന്നു.
ശനി കുംഭത്തിൽ വക്രഗതി തുടരുകയാണ്. വ്യാഴം, രാഹു എന്നിവർ മേടത്തിലും കേതു തുലാത്തിലും സഞ്ചരിക്കുന്നു. ചൊവ്വ ചിങ്ങം 2 ന് / ആഗസ്റ്റ് 18 ന് കന്നിരാശിയിലേക്കു സംക്രമിക്കുകയാണ്. ശുക്രൻ കർക്കടകത്തിൽ വക്രമൗഢ്യത്തിലാകുന്നു. ബുധൻ ചിങ്ങത്തിലാണ്. മാസത്തിന്റെ മധ്യം മുതൽ വക്രമൗഢ്യം തുടങ്ങുന്നു.
ഈ ഗ്രഹനിലയെ മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെയും ചിങ്ങമാസത്തെ ജന്മനക്ഷത്രഫലം അപഗ്രഥിക്കാം.
എല്ലാ വായനക്കാർക്കും നവവത്സരാശംസകൾ!
മൂലം
ക്ലേശങ്ങളുടെ വലിയ അദ്ധ്യായം കഴിഞ്ഞതായി തോന്നും. ആശ്വാസകിരണങ്ങൾ ആഹ്ളാദിപ്പിക്കും.
സമൂഹത്തിന് പ്രയോജനമുള്ള ചില നല്ല കാര്യങ്ങൾ ചെയ്യാൻ മുന്നിട്ടിറങ്ങും. ആഘോഷങ്ങളുടെ ചുക്കാൻ പിടിക്കും. സ്വാശ്രയത്വം പുലർത്തുന്നതാണ്. തൊഴിലിൽ കുറെയൊക്കെ വിജയിക്കാനാവും. മുൻപ് ആസൂത്രണം ചെയ്ത എല്ലാക്കാര്യങ്ങളും പ്രാവർത്തികമാക്കാൻ കഴിയാത്തതിൽ ഖേദിക്കും. കുടുംബപരമായി സംതൃപ്തിക്കുതന്നെയാവും മുൻതൂക്കം.
പൂരാടം
ഏർപ്പെടുന്ന തൊഴിലിൽ പൂർണ്ണത വരുത്താൻ ശ്രമിക്കും. വിവിധ ഘടകങ്ങളെ സമന്വയിപ്പിക്കുന്നതിൽ മികവ് കാട്ടും. മേലധികാരികളുടെ അഭിനന്ദനപാത്രമാകും. കലാകായിക മേഖലകളിലും പങ്കെടുക്കുന്നതാണ്. ആൾക്കൂട്ടത്തിൽ അലിയുമ്പോഴും സ്വന്തം വ്യക്തിമുദ്ര നിലനിർത്തുന്നതിൽ വിജയിക്കും. മക്കളുടെ കാര്യങ്ങൾക്കായി ചെറുതോ വലുതോ ആയ യാത്രകൾ വേണ്ടി വരുന്നതാണ്. ധനസ്ഥിതി അല്പമെങ്കിലും മെച്ചപ്പെടാതിരിക്കില്ല. ആരോഗ്യസ്ഥിതി തരക്കേടില്ല എന്ന നിലയിലെത്തും.
ഉത്രാടം
മകരക്കൂറുകാർക്ക് അഷ്ടമത്തിൽ സൂര്യനും ഒമ്പതിൽ ചൊവ്വയും സഞ്ചരിക്കുകയാൽ ക്ലേശങ്ങൾ, ഗുണാനുഭവങ്ങളെ കുറച്ചേക്കാം. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. വാഹനം, അഗ്നി, യന്ത്രം ഇവ ഉപയോഗിക്കുമ്പോൾ കരുതൽ വേണം. ഉദ്യോഗസ്ഥർ അധികാരികളുടെ അപ്രീതിക്ക് പാത്രമാകാം.
കുടുംബ ബന്ധങ്ങളിൽ പരസ്പരധാരണ കുറയാനിടയുണ്ട്. പണം അത്യാവശ്യങ്ങൾക്ക് മാത്രമായി ചെലവഴിക്കുന്നത് നന്ന്. ധനുക്കൂറുകാരായ ഉത്രാടം നാളുകാർക്ക് സ്ഥിതിഗതികൾ മെച്ചപ്പെട്ട നിലയിലാവാം.
തിരുവോണം
ഭൗതിക സാഹചര്യങ്ങൾ തീർത്തും അനുകൂലമാണെന്ന് പറയാനാവില്ല. ആസൂത്രണം പാളിയേക്കാം. അവസരത്തിനൊത്ത് ഉയരാനും പ്രവർത്തിക്കാനുമാകാതെ വിഷമിക്കും. ഉദ്യോഗസ്ഥലത്ത് സുഖകരമായ അന്തരീക്ഷമാവില്ല. സാമ്പത്തിക കാര്യങ്ങളിൽ തെല്ല് ഞെരുക്കം അനുഭവപ്പെടാം. വായ്പാ തിരിച്ചടവിന് ക്ലേശിക്കും. ആത്മവിശ്വാസത്തോടെ മുന്നോട്ടു നീങ്ങേണ്ട സന്ദർഭമാണ്. ആലോചനാപൂർവ്വം, എന്നാൽ സഹിഷ്ണുത കൈവിടാതെ പ്രവർത്തിക്കണം. അത്യാവശ്യ കാര്യങ്ങൾ നിറവേറപ്പെടുന്നതാണ്.
അവിട്ടം
നക്ഷത്രനാഥനായ ചൊവ്വ കന്നിരാശിയിലേക്ക് മാസാദ്യം പ്രവേശിക്കുന്നു. കുംഭക്കൂറിലെ അവിട്ടം നാളുകാർക്ക് അതത്ര ഗുണകരമല്ല. വിജയിക്കാൻ കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. സൽകാര്യങ്ങൾ ചിലതൊക്കെ തടസ്സപ്പെടാം. മകരക്കൂറുകാർക്കും ഏറെക്കുറെ ഇതേ ഫലം തന്നെയാവും. ഗൃഹത്തിലെ വയോജനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പണവരവ് മന്ദഗതിയിലാവും. ചെലവ് ഏറ്റവും ചുരുക്കുകയാവും ഉചിതം. അപ്രസക്ത കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുക ഉചിതം.
ചതയം
ഉത്കർഷാപകർഷങ്ങൾ മാറി മാറി അനുഭവത്തിലെത്തും. പൊതുജനാംഗീകാരം നേടുക എളുപ്പമാവില്ല. ചതിക്കുഴികളെക്കുറിച്ച് ബോധ്യമുണ്ടാവണം. ചെറിയ സാമ്പത്തിക ലാഭം വന്നെത്തും. ഉദ്യോഗസ്ഥർക്ക് അദ്ധ്വാനഭാരം തെല്ല് കുറയാം. വ്യാപാരത്തിലും കരാർപണികളിലും വരുമാനം കൂടും. കടക്കെണിയിൽ നിന്നും ചെറിയ ആശ്വാസം കിട്ടാം. കിടപ്പ് രോഗികൾക്ക് ചികിൽസാരീതി മാറുന്നതിലൂടെ സുഖം വരാം
പൂരുരുട്ടാതി
കർമ്മകാണ്ഡത്തിന്റെ മികവിൽ ജീവിതം സുരഭിലമാവും. നേട്ടങ്ങൾ ചെറുതായാൽപ്പോലും വിയർപ്പിന്റെ വിലയാണെന്നതിൽ അഭിമാനിക്കാനാവും. കുടുംബബന്ധങ്ങളുടെ ശക്തി ജീവിക്കാനുള്ള ഊർജ്ജം പകരും. പുതിയ തൊഴിൽ ലഭിച്ചേക്കാം. പക്ഷേ നിലവിലുള്ളത് ഉപേക്ഷിച്ചിട്ടാവരുത് അന്വേഷണം എന്നു മാത്രം. സാഹസങ്ങൾക്ക് മുതിരരുത്. ചെലവിൽ നിയന്ത്രണം പാലിക്കുന്നത് ഉത്തമം.
ഉത്രട്ടാതി
ബിസിനസ്സ് ചർച്ചകൾ വഴിമുട്ടും. പങ്കുകച്ചവടം പൊളിയുമെന്ന സ്ഥിതിയിലാവും. ദാമ്പത്യത്തിലെ സ്വരച്ചേർച്ചയില്ലായ്മ മറനീക്കി പുറത്തുവരാം. ഏഴിലെ ദുർബലനായ ചൊവ്വ ക്ലേശങ്ങളെ ദ്വിഗുണീഭവിപ്പിച്ചേക്കാൻ ഇടയുണ്ട്. ദീർഘയാത്രകളിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തണം. ധനക്ലേശം കുറയുന്നതാണ്. നിക്ഷേപങ്ങളിൽ നിന്നും നേട്ടം പ്രതീക്ഷിക്കാം. ചെറുകിട കച്ചവടക്കാർക്ക് ആദായം വർദ്ധിച്ചേക്കാം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്.
രേവതി
ആറിലെ ആദിത്യനും ആരോഹിയായ ബുധനും കർമ്മഗുണം, ആത്മശക്തി എന്നിവ യേകും. വിരുദ്ധശക്തികളെ പ്രതിരോധിക്കാനാവും. തൊഴിൽപരമായി നല്ല കാലമാണ്. വ്യാപാരത്തിൽ മുന്നേറാൻ വഴിതെളിയും. ഉപഭോക്താവിന്റെ ആവശ്യമറിഞ്ഞ് പ്രവർത്തിക്കും. ധനസമാഹരണം സാധ്യമാകുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മിടുക്ക് തെളിയിക്കാൻ കഴിയും. പ്രണയികൾക്ക് കാലം അനുകൂലമല്ല. ചെറുപ്പക്കാരുടെ വിവാഹാലോചനകൾ തടസ്സപ്പെടാനിടയുണ്ട്. ഭാര്യാഭർത്താക്കന്മാർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കാം. ആരോഗ്യപ്രശ്നങ്ങളുള്ളവർ ജാഗ്രത പുലർത്തേണ്ടതുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.