/indian-express-malayalam/media/media_files/uploads/2023/08/Chingam-Horoscope-Astrological-Predictions-Aswathi-to-Ayilyam.jpg)
ചിങ്ങ മാസത്തിലെ നക്ഷത്രഫലം
Kolla Varsham 1199 Chingam Malayalam Month Horoscope Astrological Predictions Aswathi to Ayilyam: ചിങ്ങം 1ന് വ്യാഴാഴ്ച പകൽ 1 മണി 32 മിനിട്ടിന് സൂര്യൻ ചിങ്ങം രാശിയിൽ സംക്രമിക്കുന്നു. മകം ഞാറ്റുവേലയും ആരംഭിക്കുകയാണ്. ഈ ചിങ്ങമാസത്തിന് 32 ദിവസങ്ങളുണ്ട്. ആഗസ്റ്റ് 17ന് തുടങ്ങി സെപ്തംബർ 17 ന് അവസാനിക്കുന്നു. വെളുത്ത പ്രഥമയാകയാൽ, പുതിയ ചാന്ദ്രമാസം ആയ ശ്രാവണം ആരംഭിക്കുകയാണ്. മകം നക്ഷത്രം മുതൽ തുടങ്ങി ഒരു വട്ടം ഭ്രമണം പൂർത്തിയാക്കി അത്തംനാളിൽ ചന്ദ്രൻ എത്തിച്ചേരുന്നു.
ശനി കുംഭത്തിൽ വക്രഗതി തുടരുകയാണ്. വ്യാഴം, രാഹു എന്നിവർ മേടത്തിലും കേതു തുലാത്തിലും സഞ്ചരിക്കുന്നു. ചൊവ്വ ചിങ്ങം 2 ന് / ആഗസ്റ്റ് 18 ന് കന്നിരാശിയിലേക്കു സംക്രമിക്കുകയാണ്. ശുക്രൻ കർക്കടകത്തിൽ വക്രമൗഢ്യത്തിലാകുന്നു. ബുധൻ ചിങ്ങത്തിലാണ്. മാസത്തിന്റെ മധ്യം മുതൽ വക്രമൗഢ്യം തുടങ്ങുന്നു.
ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെയും ചിങ്ങമാസത്തെ ജന്മനക്ഷത്രഫലം അപഗ്രഥിക്കാം.
എല്ലാ വായനക്കാർക്കും നവവത്സരാശംസകൾ!
അശ്വതി
പഞ്ചമഭാവാധിപൻ ആയ സൂര്യൻ പഞ്ചമത്തിൽ തന്നെ വരികയാണ്. നാലാം ഭാവാധിപനായ ചന്ദ്രന്റെ വളർച്ചയെ സൂചിപ്പിച്ചാണ് മാസം തുടങ്ങുന്നതും. പൊതുവേ കുടുംബസൗഖ്യം, സുഹൃത്തുക്കളുടെ പിന്തുണ, സന്താന ശ്രേയസ്സ് എന്നിവ ചിങ്ങമാസത്തിലെ സൽഫലങ്ങളായി പ്രതീക്ഷിക്കാം. ബൗദ്ധികരംഗത്തും നേട്ടങ്ങളുണ്ടാക്കാനാവും. രണ്ടാം ഭാവാധിപന് മൗഢ്യവും വക്രവും തുടരുകയാൽ സാമ്പത്തിക കാര്യങ്ങളിൽ നല്ല ശ്രദ്ധവേണം.
ഭരണി
തീരുമാനങ്ങൾ ശ്രദ്ധാപൂർവ്വം കൈക്കൊള്ളണം. ജന്മനക്ഷത്രനാഥനായ ശുക്രന്റെ ബലഹീനത ഭരണിക്കാർക്ക് ഗുണകരമല്ല. അധികാരമുള്ള പദവികൾ പ്രതീക്ഷിച്ച വേഗത്തിൽ കൈവരില്ല. സുഹൃത്തുക്കളുമായി പിണങ്ങിയേക്കാം. ധനപരമായി വിഷമങ്ങൾ വരാം. പഠനത്തിലും പിന്നാക്കം പോയേക്കാം. ദുർബോധനങ്ങൾക്ക് വശംവദരാകരുത്. എന്നാൽ മക്കളുടെ ശ്രേയസ്സ് സന്തോഷമേകുന്നതാണ്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കും.
കാർത്തിക
നക്ഷത്രനാഥനായ സൂര്യൻ സ്വക്ഷേത്ര ബലവാനാകയാൽ കാര്യസിദ്ധിയുണ്ടാകും. മനസ്സിന്റെ ചഞ്ചലത്വം നീങ്ങി ആത്മവിശ്വാസം വർദ്ധിക്കും. തടസ്സങ്ങളെ അവഗണിച്ച് മുന്നേറുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനലബ്ധിയോ പുതിയ ഉത്തരവാദിത്വങ്ങളോ പ്രതീക്ഷിക്കാം. മത്സരങ്ങളിൽ ഉയർന്ന വിധത്തിൽ വിജയിക്കാനാവും. പിതാവിന്റെ ആരോഗ്യനില മെച്ചപ്പെടാം. ക്രയവിക്രയങ്ങളിൽ അനുകൂലതയുണ്ടാവും. ഗൃഹനിർമ്മാണത്തിൽ പുരോഗതി പ്രതീക്ഷിക്കാം.
രോഹിണി
ആലസ്യം നീങ്ങി മനസ്സ് പ്രവർത്തന സജ്ജമാകും. കുടുംബത്തിലെ പ്രശ്നങ്ങൾ നന്നായി പരിഹരിക്കാനാവും. വ്യാപാരത്തിൽ സാമാന്യമായ പുരോഗതിയുണ്ടാവും. പ്രതീക്ഷിച്ച സഹായ ധനം സിദ്ധിക്കും. മക്കളുടെ ഉപരിപഠന സാധ്യതയ്ക്ക് മങ്ങൽ വന്നേക്കാം. ഉദരരോഗത്തിന് ചികിത്സ തേടും. അനാവശ്യമായ നിർബന്ധബുദ്ധി ശത്രുക്കളെ സൃഷ്ടിച്ചേക്കാം.
മകയിരം
ഇടവക്കൂറുകാരെക്കാൾ മിഥുനക്കൂറുകാർക്ക് മെച്ചമുണ്ടാകും. സമൂഹത്തിൽ സ്വാധീനശക്തി വർദ്ധിക്കും. ഉന്നതരുടെ പിന്തുണ ലഭിക്കുന്നതാണ്. ദൗത്യങ്ങളിൽ വിജയിക്കും. വ്യാപാരത്തിലെ തടസ്സങ്ങൾ പരിഹരിക്കപ്പെടുന്നതാണ്. ബന്ധുക്കളുടെയും മിത്രങ്ങളുടെ അകമഴിഞ്ഞ പിന്തുണയുണ്ടാവും. കലാകായിക മത്സരങ്ങളിൽ അംഗീകാരം നേടും. നാലിൽ ചൊവ്വ സ്ഥിതിചെയ്യുകയാൽ വിവാഹകാര്യത്തിൽ വിളംബം വന്നേക്കും. ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ തർക്കങ്ങൾ ഉണ്ടാവാം. സാമ്പത്തികസ്ഥിതി മോശമാവില്ല.
തിരുവാതിര
വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിൽ പ്രവേശിക്കാനാവും. സർക്കാരിൽ നിന്നും അനുമതി / സഹായ ധനം പ്രതീക്ഷിക്കുന്നവർക്ക് അവ ലഭിക്കുന്നതാണ്. മാനസികമായി കരുത്തുനേടും. ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനാവും. സഹോദരരുമായുള്ള പ്രശ്നങ്ങൾ അനുരഞ്ജനത്തിലെത്തുന്നതാണ്.
വീട്ടമ്മമാരുടെ അഭിനന്ദിക്കപ്പെടും. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത വേണം. ദാമ്പത്യത്തിൽ ഒരല്പം സമാധാനക്കുറവ് വന്നേക്കാം. വരവനുസരിച്ച് ചെലവും അധികരിക്കാം.
പുണർതം
വ്യാപാരത്തിൽ നല്ല മുന്നേറ്റമുണ്ടാക്കും. ആസൂത്രണ മികവ് അംഗീകരിക്കപ്പെടും. ഉന്നത പദവികൾ വഹിക്കുന്നവരുടെ പ്രീതി ലഭിക്കുന്നതാണ്. പിതൃസ്വത്തുക്കളിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. ദുർവാസനകളെ നിയന്ത്രിക്കുന്നതിൽ ഭാഗികമായി വിജയിക്കുന്നതാണ്. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്തയുണ്ടാവും. വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകുന്നതാണ്. ആഢംബര വസ്തുക്കൾ വാങ്ങും. ആരോഗ്യപരമായി മെച്ചപ്പെട്ട സമയമാണ്.
പൂയം
പുതിയ കർമ്മരംഗത്ത് പ്രവേശിക്കും. പഠിപ്പിനും പരിചയത്തിനും അനുസരിച്ചുള്ള തൊഴിൽ ലഭിക്കുന്നതാണ്. പഴയ കടബാധ്യതകൾ ഭാഗികമായി വീട്ടാനാവും. ന്യായമായ ആവശ്യങ്ങൾ നിറവേറുന്നതിനുള്ള ധനം വന്നുചേരുന്നതാണ്. പരോപകാരം പ്രശംസിക്കപ്പെടും. സഹോദരരുടെ പിന്തുണ ലഭിക്കുന്നതാണ്. കുടുംബവസ്തുക്കളെ സംബന്ധിച്ച വ്യവഹാരം അനുരഞ്ജനത്തിലൂടെ തീർപ്പാക്കാൻ തീരുമാനിക്കും. പ്രണയികൾക്ക് കാലം അനുകൂലമാണ്.
ആയില്യം
അസാധ്യം എന്നു കരുതിയ കാര്യങ്ങൾ പണിപ്പെട്ടിട്ടാണെങ്കിലും നേടാൻ സാധിക്കും. വിമർശിക്കുവാൻ ആളേറുമെങ്കിലും അതിനെ തൃണവൽഗണിക്കും. വിദ്യാർത്ഥികൾ പാഠ്യേതര വിഷയങ്ങളിൽ വാസന കാട്ടും. വസ്തുവില്പനയിലൂടെ തരക്കേടില്ലാത്ത ആദായമുണ്ടാകുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ
ജോലി ചെയ്യുന്നവർക്ക് പുതിയ ചുമതലകൾ ലഭിച്ചേക്കും. നാട്ടിലെ ആഘോഷങ്ങളിൽ സജീവവും സക്രിയവുമായ സാന്നിധ്യമാകും. കുടുംബത്തോടൊപ്പം ഉല്ലാസയാത്രകൾക്ക് അവസരമൊരുങ്ങും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.