വ്യാഴം മേട മാസം വരെ മീനം രാശിയിൽ തുടരുന്നു. ശേഷം മേടത്തിൽ. ശനി മകരം ആദ്യം വരെ മകരത്തിൽ, തുടർന്ന് കുംഭത്തിലും. രാഹു മേടത്തിലും കേതു തുലാത്തിലും തുടരുകയാണ്. ഈ മലയാള വർഷം അവർക്ക് രാശിമാറ്റം ഇല്ല. ചൊവ്വ ഇടവം രാശിയിൽ കുറച്ചധികം കാലം സഞ്ചരിക്കുന്നു. പിന്നെ മിഥുനത്തിലും കർക്കടകത്തിലുമായിട്ടാണ് സഞ്ചാരം, ഇതാണ് 1198 ലെ സുപ്രധാന ഗ്രഹസ്ഥിതികൾ.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): ധാരാളം യാത്ര ചെയ്യേണ്ടിവരും. ബന്ധു സമാഗമം, സുഹൃത്സമാഗമം എന്നിവയുണ്ടാവും. വിദേശത്ത് കഴിയുന്നവർ ജന്മനാട്ടിലേക്ക് മടങ്ങിവന്നേക്കും. പുതുസംരംഭങ്ങൾ തുടങ്ങാൻ വർഷത്തിന്റെ രണ്ടാം പകുതി അനുകൂലമാണ്. മക്കളുടെ വിവാഹം ഭംഗിയായി നടത്തും. കൃത്യനിർവഹണത്തിന് കൂടുതൽ ജാഗ്രത വേണ്ടിവരും. ജീവിതശൈലിരോഗങ്ങൾ ഉപദ്രവിക്കാം. സഹപ്രവർത്തകരുടെ പിന്തുണ ആർജിക്കും. രാഷ്ട്രീയ നേട്ടങ്ങൾക്കായി നിലപാടുകൾതിരുത്തും. സർക്കാരിൽ നിന്നും ധനസഹായം ലഭിക്കുന്നതായിരിക്കും.
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ): അവിവാഹിതർക്ക് വിവാഹ ജീവിതത്തിൽ പ്രവേശിക്കാനാവും. വിദേശ യാത്രകൾ കൊണ്ട് നേട്ടങ്ങളുണ്ടാകും. ബിസിനസ്സിൽ പുതിയ പങ്കാളികളെ ചേർക്കും. കടബാധ്യതകൾ പരിഹരിക്കും. നീണ്ട കാലമായി തുടരുന്ന രോഗങ്ങൾക്ക് പുതുചികിത്സകൾ ഫലിക്കും. വാഗ്വാദങ്ങളിൽ പരാജയപ്പെടാം. ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്തുന്നതിൽ വിജയിക്കണമെന്നില്ല. വ്യവഹാരങ്ങൾ വർഷാന്ത്യത്തിൽ പ്രതികൂലമായേക്കും. കലാപരമായ സിദ്ധികൾക്ക് അംഗീകാരം ലഭിക്കും. വീടോ വാഹനമോ വാങ്ങാനുള്ള ശ്രമം ലക്ഷ്യം കാണും.
തുലാക്കൂറിന് (ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ): വർഷാരംഭത്തിൽ ചില തിരിച്ചടികളുണ്ടായാലും ക്രമേണ പല നേട്ടങ്ങളും വന്നുചേരും. പ്രൊഫഷണലുകൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ബിസിനസ്സുകാർ കർമ്മരംഗം വിപുലീകരിക്കാൻ പദ്ധതികൾ തയ്യാറാക്കും. കുടുംബസമേതം ഉല്ലാസ യാത്രനടത്തും. ഊഹക്കച്ചവടത്തിൽ ലാഭം വർദ്ധിക്കും. പൊതുപ്രവർത്തകർക്ക് പുതിയ പദവികൾ കൈവരാം.സർക്കാർ ഉദ്യോഗസ്ഥർക്ക് വീട്ടിനടുത്തേക്ക് ജോലി മാറ്റം, സ്ഥാനക്കയറ്റം എന്നിവ ലഭിച്ചേക്കും. നാല്, അഞ്ച് രാശികളിലായി സഞ്ചരിക്കുന്ന ശനി ഗാർഹിക ക്ലേശം, മാതൃസൗഖ്യക്കുറവ്, ബന്ധുവിരോധം, മക്കളെച്ചൊല്ലിയുള്ള വിഷമങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. പ്രണയികൾ വർഷാന്ത്യത്തിൽ ദാമ്പത്യത്തിൽ പ്രവേശിക്കാനിടയുണ്ട്.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): സമൂഹത്തിന്റെ ആദരവ് നേടും. പുതുസംരംഭങ്ങൾ തുടങ്ങാനും വിജയിക്കാനും കഴിയും. വിദ്യാർത്ഥികൾക്ക് സഹായ ധനം, അംഗീകാരം എന്നിവ ലഭിക്കും. മക്കളില്ലാത്ത ദമ്പതികൾക്ക് സന്താനസൗഭാഗ്യം ഉണ്ടാവും. ഗുരുജനങ്ങളുടെ അനുഗ്രഹം നേടും. കിടപ്പ് രോഗികൾക്ക് ആശ്വാസമുണ്ടാകുന്ന കാലമാണ്. കരാർപണികളിൽ നിന്നും ആദായമുണ്ടാകും. തെരഞ്ഞെടുപ്പുകളിൽ വിജയിക്കും. പഴയവീടോ വാഹനമോ സ്വന്തമാക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ വേഗത്തിൽ തിരച്ചറിയും. വർഷാന്ത്യത്തിൽ ധനപരമായും തൊഴിൽപരമായും ചില വൈഷമ്യങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.