പുതുവർഷം പിറന്നതോടെ ജീവിതത്തിൽ നല്ല കാലമെത്തുന്ന പ്രതീക്ഷയിലാണ് പലരും. വിവിധ കൂറുകാർ, നക്ഷത്രക്കാർ ഇവർക്ക് ഈ പുതുവർഷത്തിൽ ഫലം വ്യത്യസ്തമാണ്. ചിലർക്ക് ജോലിയിൽ ഉയർച്ചയും പുതിയ സംരംഭങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതകളുണ്ട്. പുതുവർഷം കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം എന്നീ 5 നാളുകാർക്ക് ഏറെ ഗുണകരമാണ്.
ഇടവക്കൂറിന് (കാർത്തിക 2,3,4 , രോഹിണി, മകയിരം1,2 പാദങ്ങൾ): ഗുണഫലങ്ങൾ കൂടുതലും ചിങ്ങം തൊട്ട് മീനം വരെയുള്ള മാസങ്ങളിലാവും. തൊഴിലിൽ ഉയർച്ച വരും. പ്രൊഫഷണലുകൾക്ക് അംഗീകാരവും ആദരവും ലഭിക്കും. രാശിയിലെ ചൊവ്വയും പന്ത്രണ്ടിലെ രാഹുവും വഴക്കിനും വക്കാണത്തിനും സന്ദർഭം സൃഷ്ടിച്ചേക്കും. ചിലർക്ക് അന്യദേശത്തേക്ക് മാറിത്താമസിക്കേണ്ടി വരാം. പുതിയ സംരംഭങ്ങളിലേർപ്പെടും. അതിന് വർഷത്തിന്റെ ആദ്യപകുതിയിലാവും സാധ്യത. കലാകായിക രംഗത്തുള്ളവർക്ക് കഴിവ് തെളിയിക്കാൻ ധാരാളം അവസരങ്ങളുണ്ടാകും. രാഷ്ട്രീയത്തിലുള്ളവർക്ക് ജനപിന്തുണ വർദ്ധിക്കും. അവിവാഹിതർക്ക് വിവാഹ ജീവിതത്തിൽ പ്രവേശിക്കാനാവും. സൗഹൃദ ബന്ധങ്ങൾ ദൃഢമാകും. ഋണ ബാദ്ധ്യതയിൽ നിന്നും മുക്തി നേടും.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ): പൈതൃക സ്വത്തിൽ അവകാശം ഭവിക്കും. ഉപരിപഠനത്തിന് വിദേശത്ത് പോകും. തൊഴിൽ തേടുന്നവർക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ / ഏജൻസികളിൽ അവസരം ലഭിക്കും. വിദേശത്ത് നിന്ന് ശുഭവാർത്തയുണ്ടാകും. കമിതാക്കൾക്കിടയിൽ സ്നേഹം ദൃഢമാകും. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ നയോപായത്തിലൂടെ പരിഹരിക്കും. പുതുവാഹനം വാങ്ങും. സർക്കാരിൽ നിന്നും സഹായധനം വന്നുചേരും. സഹപ്രവർത്തകരെ വിശ്വാസത്തിലെടുത്തു കൊണ്ട് തൊഴിൽ സ്ഥാപനം നവീകരിക്കും. ഉദരരോഗം വിഷമിപ്പിച്ചേക്കാം. എതിർപ്പുകളെ തന്ത്രപരമായി തുരത്തും.