scorecardresearch
Latest News

സമ്പൂർണ വർഷഫലം: അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രക്കാരുടെ ഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ സമ്പൂർണ വർഷഫലം നോക്കാം.

horoscope, astrology, ie malayalam

വ്യാഴം മേട മാസം വരെ മീനം രാശിയിൽ തുടരുന്നു. ശേഷം മേടത്തിൽ. ശനി മകരം ആദ്യം വരെ മകരത്തിൽ, തുടർന്ന് കുംഭത്തിലും. രാഹു മേടത്തിലും കേതു തുലാത്തിലും തുടരുകയാണ്. ഈ മലയാള വർഷം അവർക്ക് രാശിമാറ്റം ഇല്ല. ചൊവ്വ ഇടവം രാശിയിൽ കുറച്ചധികം കാലം സഞ്ചരിക്കുന്നു. പിന്നെ മിഥുനത്തിലും കർക്കടകത്തിലുമായിട്ടാണ് സഞ്ചാരം, ഇതാണ് 1198 ലെ സുപ്രധാന ഗ്രഹസ്ഥിതികൾ.

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദത്തിന്): താരതമ്യേന മകരമാസം മുതലാവും നല്ല മാറ്റം വന്നെത്തുക. അപ്പോൾ ശനി പതിനൊന്നിലാവുകയാൽ തൊഴിലിൽ മുന്നേറ്റവും സാമ്പത്തിക മെച്ചവും ഭവിക്കും. ഊഹക്കച്ചവടത്തിൽ നിന്നും ആദായമുയരും. വ്യാഴത്തിന്റെ സ്ഥിതി മൂലം സൽക്കർമ്മങ്ങൾക്കും മക്കളുടെ ശ്രേയസ്സിനുമായി പണം ചെലവാകും. തൊഴിലിനായോ കുടുംബത്തോടൊപ്പം ചേരാനായോ വിദേശയാത്ര ഉണ്ടാകും. രാഹു കാര്യവിളംബം, അനാരോഗ്യം, അപകീർത്തി എന്നിവയ്ക്ക് വഴിതുറക്കും. ഏഴിലെ കേതു പ്രണയികളെ ആശാഭംഗത്തിലേക്ക് നയിക്കാം. വിവാഹാലോചനകൾ തടസ്സപ്പെടാം. ഭൂമിസംബന്ധിച്ച വ്യവഹാരങ്ങളിൽ വിജയിക്കാൻ സാധ്യതയുണ്ട്. ഗൃഹനിർമ്മാണത്തിന് പ്രാരംഭ നടപടികൾ സ്വീകരിക്കും. പ്രതിബന്ധങ്ങൾ ചിലപ്പോൾ മാനസിക സമ്മർദത്തിന് കാരണമാകാം. വിദ്യാഭ്യാസം ചെയ്യുന്നവർക്ക് പഠനത്തിൽ പുരോഗതിയുണ്ടാകും. വൃദ്ധജനങ്ങളുടെ കാര്യത്തിൽ കുടുംബാംഗങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഉടമ്പടികളിൽ ഒപ്പുവയ്ക്കാൻ തുലാം മാസം വരെ കാലം അനുകൂലമല്ല.

ഇടവക്കൂറിന് (കാർത്തിക 2,3,4 , രോഹിണി, മകയിരം1,2 പാദങ്ങൾ): ഗുണഫലങ്ങൾ കൂടുതലും ചിങ്ങം തൊട്ട് മീനം വരെയുള്ള മാസങ്ങളിലാവും. തൊഴിലിൽ ഉയർച്ച വരും. പ്രൊഫഷണലുകൾക്ക് അംഗീകാരവും ആദരവും ലഭിക്കും. രാശിയിലെ ചൊവ്വയും പന്ത്രണ്ടിലെ രാഹുവും വഴക്കിനും വക്കാണത്തിനും സന്ദർഭം സൃഷ്ടിച്ചേക്കും. ചിലർക്ക് അന്യദേശത്തേക്ക് മാറിത്താമസിക്കേണ്ടി വരാം. പുതിയ സംരംഭങ്ങളിലേർപ്പെടും. അതിന് വർഷത്തിന്റെ ആദ്യപകുതിയിലാവും സാധ്യത. കലാകായിക രംഗത്തുള്ളവർക്ക് കഴിവ് തെളിയിക്കാൻ ധാരാളം അവസരങ്ങളുണ്ടാകും. രാഷ്ട്രീയത്തിലുള്ളവർക്ക് ജനപിന്തുണ വർദ്ധിക്കും. അവിവാഹിതർക്ക് വിവാഹ ജീവിതത്തിൽ പ്രവേശിക്കാനാവും. സൗഹൃദ ബന്ധങ്ങൾ ദൃഢമാകും. ഋണ ബാദ്ധ്യതയിൽ നിന്നും മുക്തി നേടും.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ): പൈതൃക സ്വത്തിൽ അവകാശം ഭവിക്കും. ഉപരിപഠനത്തിന് വിദേശത്ത് പോകും. തൊഴിൽ തേടുന്നവർക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ / ഏജൻസികളിൽ അവസരം ലഭിക്കും. വിദേശത്ത് നിന്ന് ശുഭവാർത്തയുണ്ടാകും. കമിതാക്കൾക്കിടയിൽ സ്നേഹം ദൃഢമാകും. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ നയോപായത്തിലൂടെ പരിഹരിക്കും. പുതുവാഹനം വാങ്ങും. സർക്കാരിൽ നിന്നും സഹായധനം വന്നുചേരും. സഹപ്രവർത്തകരെ വിശ്വാസത്തിലെടുത്തു കൊണ്ട് തൊഴിൽ സ്ഥാപനം നവീകരിക്കും. ഉദരരോഗം വിഷമിപ്പിച്ചേക്കാം. എതിർപ്പുകളെ തന്ത്രപരമായി തുരത്തും.

കർക്കടകക്കൂറിന് (പുണർതം നാലാംപാദം, പൂയം, ആയില്യം): മാനസോല്ലാസവും ഭൗതിക നേട്ടങ്ങളും ഉണ്ടാകുന്ന വർഷമാണ്. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഗൃഹനവീകരണം പൂർത്തീകരിക്കും. മക്കളുടെ ശ്രേയസ്സ് സന്തോഷത്തിന് ഇടവരുത്തും. യാത്രകളിലൂടെ വ്യാപാരം അഭിവൃദ്ധിപ്പെടുത്തും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം / ശമ്പളാധിക്യം എന്നിവ വന്നുചേരാം. അഷ്ടമശനിയുടെ പ്രവർത്തനം മൂലം ചെറിയ കാലത്തേക്കെങ്കിലും ആശുപത്രിവാസം ഉണ്ടായേക്കാം. അയൽപക്കവുമായി അതിർത്തി തർക്കത്തിന്റെ സാധ്യതകൾ തള്ളിക്കളയാനാവില്ല. തിരിച്ചടവുകളുടെ കാര്യത്തിൽ ആലസ്യം അരുത്. ജനിച്ച നാടും വീടും സകുടുംബം പോയി കാണും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Kolla varsham 1198 star predictions aswathy to ayilyam