scorecardresearch
Latest News

Ketu Graha Effects: കേതു ദശയിൽ നിങ്ങളുടെ നാളിന് സംഭവിക്കുന്നതെന്ത്?

Ketu Dasha Time Period, Effects, Remdies, Calculator, Experience: കേതു ദശ ഓരോ നാളുകാരെയും എപ്പോൾ, എങ്ങനെ ബാധിക്കുമെന്ന് ജ്യോതിഭൂഷണം എസ് ശ്രീനിവാസ അയ്യർ

Ketu Graha Effects: കേതു ദശയിൽ നിങ്ങളുടെ നാളിന് സംഭവിക്കുന്നതെന്ത്?
Ketu Dasha

Ketu Dasha Time Period, Effects, Remdies, Calculator, Experience, Related Things: രാഹുവും കേതുവും വിഷ്ണുവിന്റെ സുദർശനചക്രത്താൽ ഉടലും തലയും രണ്ടായിത്തീർന്ന അസുരന്മാരാണ്. മനുഷ്യന്റെ തലയും പാമ്പിന്റെ ഉടലും രാഹുവിന്. മറിച്ച് മനുഷ്യന്റെ ഉടലും പാമ്പിന്റെ തലയും കേതുവിന്. ആ സ്വരൂപം തന്നെ ഭീതിയും ബീഭത്സവും ജനിപ്പിക്കുന്നതുമാണ്. ‘കബന്ധമാത്ര ദേഹൻ’ എന്ന് സ്തുതികളിൽ കേതുവിനെ വർണിക്കുന്നുമുണ്ട്.

കേതുവിന്റെ പ്രവർത്തനരീതി ദുർഗ്രഹമാണ്. മായാഗ്രഹമാണ് എന്നതാവാം ഒരു കാരണം. ഛായാഗ്രഹം, നിഴൽ ഗ്രഹം എന്നൊക്കെ വിശേഷണങ്ങളുണ്ട്, കേതുവിന്. പ്രവർത്തനത്തിന് കാര്യകാരണബന്ധം തീരെ കുറവാണ്. എന്തുകൊണ്ട്? എന്ന ചോദ്യത്തിന് ഉത്തരം കിട്ടില്ല. ആശങ്കയും ആശയക്കുഴപ്പവും ബാക്കിയാവും, പുകപടലത്തിൽ കാഴ്ച മറയുന്ന പ്രതീതി.

ഏറ്റവും ചെറിയ ദശകളിലൊന്നാണ് കേതുദശ. ഏഴ് വർഷമാണ് കേതുവിന്റെ ദശാകാലം. മനുഷ്യായുസ്സ് 120 വർഷമാണ്- അത് നവഗ്രഹങ്ങൾക്കായി (തുല്യമായിട്ടല്ല) വീതിച്ചു നൽകിയിരിക്കുന്നു. 120 വർഷത്തിൽ ഏതാണ്ട് 17 ൽ 1 ആണ് (7 X 17 = 119) കേതുവിന്റെ വിഹിതം.

ചില അംശങ്ങൾ മാത്രം വെച്ച് ചിന്തിച്ചാൽ ചൊവ്വയുമായി ഇഴയടുപ്പമുണ്ട്, കേതുവിന്. അസമീക്ഷ്യകാരി, എടുത്തുചാട്ടക്കാരൻ, ഹിംസാതൽപ്പരൻ, ക്രോധി തുടങ്ങിയ വിശേഷണങ്ങൾ ചൊവ്വയ്ക്കെന്നതുപോലെ കേതുവിനും ഇണങ്ങും. പെരുമ്പാമ്പിഴയുന്നതുപോലെ മന്ദമായി രാഹു ഫലം തരുമ്പോൾ കേതു മിന്നലിനെപ്പോലെയാണെന്നു പറയാം. നല്ലതും ചീത്തയുമൊക്കെ കണ്ണടച്ചുതുറക്കും മുൻപ് ജാതകന് സമ്മാനിക്കുന്നു. ഭയവും അമ്പരപ്പുമൊക്കെയാവും ബാക്കിയാവുക.

Read More Astrology Related Stories in Malayalam

Ketu Dasha Time Period, Effects, Remdies, Calculator, Experience

അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് കേതുദശ എപ്പോഴാണ് വരിക എന്ന അന്വേഷണമാണ് ഇനി. മൂന്ന് നാളുകൾക്ക് വീതം ഒരേ ക്രമത്തിലായിരിക്കും, ദശാവിന്യാസം.

അശ്വതി, മകം, മൂലം എന്നീ നാളുകാരുടെ ജനനം കേതുദശയിൽ. അതിനാൽ അവരുടെ ശൈശവ ബാല്യങ്ങൾക്ക് നിറപ്പകിട്ട് കുറവായിരിക്കും. ‘ബാലാരിഷ്ടത’ എന്നും ഒപ്പമുണ്ടാവും. വീഴ്ചയും മുറിവും സഹജമായിരിക്കും. വിട്ടുമാറാത്ത പനി, പകർച്ചവ്യാധി എന്നിങ്ങനെ തുടരുന്ന രോഗങ്ങളുടെ കാരണം ചികിത്സിക്കുന്ന ഡോക്ടർക്കും അജ്ഞാതമായിരിക്കും.

ആയില്യം, തൃക്കേട്ട, രേവതി എന്നീ നാളുകാരുടെ രണ്ടാമത്തെ ദശയാവും കേതുദശ. (ജനനം ബുധദശയിൽ, തുടർന്ന് കേതുദശ). പഠനവൈകല്യം, ശാഠ്യം, കൂട്ടുകാരുമായി കലഹം, അനുസരണക്കേട്, ആലസ്യം എന്നിവയുണ്ടാവും. വീടുവിട്ടുനിൽക്കാനോ, കൂട്ടുകാരുമായി ഒളിച്ചോടാനോ കേതു, പ്രേരണ ചെലുത്താം. രണ്ടാം ദശയാകയാൽ തനിക്കോ/ മാതാപിതാക്കൾക്കോ വല്ല ധനപരമായ ആനുകൂല്യങ്ങളും വന്നു കൂടായ്കയില്ല. കേതു പരത്തുന്ന ഇരുളിൽ അതൊരു പോസിറ്റീവ് കാര്യമാണു താനും.

പൂയം, അനിഴം, ഉത്രട്ടാതി എന്നീ നാളുകാർക്ക് മൂന്നാംദശയാവും കേതുദശ. (ശനിദശ, ബുധദശ എന്നിവയ്ക്കു ശേഷം). യൗവ്വനത്തിൽ കേതു വരുന്നതിനാൽ പ്രവർത്തനമികവ് വഴിമാറിപ്പോകാം. സാഹസം, ദുസ്സാഹസമായും, സാമർത്ഥ്യം, ദുസ്സാമർത്ഥ്യമായും ഒക്കെ വഴിമാറാം. ‘ആപന്ന ദശ’ എന്ന് മൂന്നാമത്തെ ദശയ്ക്ക് പേരുമുണ്ടല്ലോ? ചിന്തിക്കാതെ പലതിലും എടുത്തചാടും. തൊഴിലിൽ അസ്ഥിരത വരാം. പ്രണയബന്ധം തകരാം. ദുഷ്‌പ്രേരണകളും ചീത്തക്കൂട്ടുകെട്ടുകളും കേതുദശയിലെ ചില സാധ്യതകളാണ്.

പുണർതം, വിശാഖം, പൂരുട്ടാതി എന്നീ മൂന്നുനാളുകളിൽ ജനിച്ചവർക്ക് നാലാമത്തെ ദശയാണ് കേതുദശ. (വ്യാഴം, ശനി, ബുധൻ എന്നീ ദശകൾക്കു ശേഷം). നാലാംദശയ്ക്ക് ‘ക്ഷേമ ദശ’ എന്ന് പേരുണ്ട്. അതിനാൽ കേതുവിന്റെ പരുക്കത്തവും ദുഷ്ടതയും ഇവിടെ അൽപ്പമൊന്ന് മയപ്പെടുകയാണ്. രാക്ഷസന്, ദേവനായി ഉയരാനുമാകും എന്നവിധത്തിൽ ചില നന്മകളും നേട്ടങ്ങളും ഭാഗ്യകടാക്ഷങ്ങളും കേതുദശയിൽ ഉണ്ടാവാം. ആകസ്മികമായി ഭൗതികനേട്ടങ്ങളും വന്നെത്താം.

തിരുവാതിര, ചോതി, ചതയം എന്നിവർക്ക് കേതുദശ അഞ്ചാമതായിട്ടെത്തുന്നു. (രാഹു, വ്യാഴം, ശനി, ബുധൻ , കേതു എന്നിങ്ങനെ ക്രമം). ശത്രു ഉപദ്രവം ഏറുന്ന കാലമാണ്. യൗവനത്തിനും വാർദ്ധക്യത്തിനും മധ്യേ ഒരു ഇളകുന്ന, കൈവരിയും കാൽപ്പാതയും ദുർബലമായ, പാലം പോലെയാണ് കേതുദശ വരിക. ശത്രു, പുറത്തുനിന്നുതന്നെ ആയിക്കൊള്ളണം എന്നില്ല. സ്വയംകൃതാനർത്ഥങ്ങൾ കണ്ണുരുട്ടി പേടിപ്പിക്കാം. രോഗമോ ധനപരമായ ക്ലേശങ്ങളോ, കുടുംബഛിദ്രങ്ങളോ സാധ്യതാപട്ടികയിലുണ്ടാവും.

മകയിരം, ചിത്തിര, അവിട്ടം എന്നീ നാളുകാർക്ക് ആറാംദശയായി കേതുദശ കടന്നുവരും. (ചൊവ്വ, രാഹു, വ്യാഴം, ശനി, ബുധൻ, കേതു എന്നിങ്ങനെ ക്രമം). ആറാംദശയ്ക്ക് ‘സാധകദശ ‘ എന്ന് പേരുണ്ട്. പല കാലത്തെ ആഗ്രഹങ്ങൾ നിറവേറപ്പെടുന്നത് കേതുവിലാണെന്ന് വരാം. കുടുംബപരമായ ചുമതല കളുടെ പൂർത്തീകരണം കേതുവിൽ ഉണ്ടാവും. തീർത്ഥാടനയോഗം, ആത്മീയചര്യകൾ എന്നിവയും ഫലങ്ങളിൽ ഉൾപ്പെട്ടേക്കും.

രോഹിണി, അത്തം, തിരുവോണം എന്നീ നാളുകളിൽ ജനിച്ചവർക്ക് ഏഴാംദശയാണ് കേതുവിന്റേത്. (ചന്ദ്രൻ, ചൊവ്വ, രാഹു, വ്യാഴം, ശനി, ബുധൻ എന്നീ ദശകൾക്കുശേഷം കേതുദശ). ശരാശരി 80 വയസ്സടുപ്പിച്ചാവും, അപ്പോൾ പ്രായം. ക്രൗര്യം കൂടുതലുള്ള ദശയാണ് ഏഴാം ദശ. കയ്പൻ അനുഭവങ്ങൾ ഘോഷയാത്ര പോലെ കടന്നുവരാം. മരണമോ മരണഭീതിയോ ഒക്കെ ഏഴാംദശയുടെ ഫലങ്ങളായി ഗ്രന്ഥങ്ങളിൽ പറയുന്നുമുണ്ട്. ആകയാൽ പലനിലയ്ക്കും കരുതൽ വേണ്ടതുണ്ട്.

കാർത്തിക, ഉത്രം, ഉത്രാടം നാളുകാർക്ക് എട്ടാമതും, ഭരണി, പൂരം, പൂരാടം നാളുകാർക്ക് ഒമ്പതാമതും ആയി എത്തും, കേതുദശ. അതിവാർദ്ധക്യത്തിലെ ദശയാവുകയാൽ പൊതുവേ ക്ലേശപ്രദമാവും. മൈത്രീദശ, പരമമൈത്രീദശ എന്നൊക്കെ യഥാക്രമം എട്ടാമത്തെയും ഒമ്പതാമത്തെയും ദശകൾക്ക് വിളിപ്പേരുണ്ടെന്നത് മറക്കുന്നില്ല. എങ്കിലും കേതു, കേതു തന്നെയാണ്. ലളിതയായി വന്നാലും, പൂതന അങ്ങനെയല്ലാതായി മാറാത്തതു പോലെ.

കേതുദശയിൽ മാത്രമല്ല മറ്റുഗ്രഹങ്ങളുടെയെല്ലാം ദശയിൽ വരുന്ന കേതുവിന്റെ അപഹാരത്തിലും കേതുവിന്റെ സാന്നിധ്യമുണ്ടാവും. ഛിദ്രം, പ്രാണദശ, സൂക്ഷ്മദശ തുടങ്ങിയ ഉൾപ്പിരിവുകൾ വേറെയുമുണ്ട്. നവഗ്രഹങ്ങളുടെ സ്വാധീനത്തിൽ നിന്ന് ആർക്കും മാറിനിൽക്കാനാവില്ല. മനുഷ്യജീവിതത്തിന്റെ അതിരുകളാണ് ദശകൾ. എത്ര വമ്പനായാലും ചാട്ടം ആ വൃത്തത്തിനുള്ളിൽ തന്നെയാവും. അതാണ് ജ്യോതിഷഗ്രന്ഥങ്ങൾ പകരുന്ന പാഠം.

Read More: Bharani Star Predictions July 2022: ഭരണി നാളുകാർ ജീവിത ശൈലീ രോഗങ്ങളെ ശ്രദ്ധിക്കണം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Ketu dasha time period effects remdies calculator experience