/indian-express-malayalam/media/media_files/uploads/2023/07/karkkidakam-horoscope-2.jpg)
കർക്കടക മാസത്തെ നക്ഷത്രഫലം
1198 മിഥുനമാസം 31 ന് ഞായാഴ്ച വൈകിട്ട് അഞ്ച് മണി ഏഴ് മിനിട്ടിനായിരുന്നു കർക്കടക രവിസംക്രമം. ഉത്തരായനം അവസാനിക്കുകയും ദക്ഷിണായനം ആരംഭിക്കുകയും ചെയ്യുന്ന വേളയാണത്. 1198 ൽ കർക്കടകമാസം 31 തീയതിയുണ്ട്. 2023 ജൂലൈ 17 തിങ്കളാഴ്ചയായിരുന്നു കർക്കടകം ഒന്നാം തീയതി. 2023 ആഗസ്റ്റ് 16 ബുധനാഴ്ച കർക്കടകം 31-ാം തീയതിയും.
വാമൊഴിയുടെ വഴക്കത്തിൽ മലയാളിയുടെ ക്ലേശത്തെ കാണിക്കുന്ന ‘പഞ്ഞമാസം’ ആണ് കർക്കടകം. ‘കർക്കടകം ദുർഘടം’ എന്ന ചൊല്ല് അങ്ങനെ പരന്നു. കാലപുരുഷന്റെ (Time personified) ഹൃദയമാണ് കർക്കടകം രാശി. രാശിനാഥൻ ചന്ദ്രൻ. ഇത്തവണ അമാവാസിയിൽ തുടങ്ങി അമാവാസിയിൽ അവസാനിക്കുന്നു എന്നത് കർക്കടകത്തിന്റെ പ്രത്യേകത. ജ്യോതിഷ നിയമപ്രകാരം ഇത് ‘അധിമാസം’ ആണ്. രണ്ട് സൂര്യസംക്രമങ്ങൾക്കിടയിൽ രണ്ട് അമാവാസികൾ വരുമ്പോഴാണ് ‘അധിമാസം’ സംഭവിക്കുന്നത്. അതിനാൽ ഇത്തവണ ആഷാഢമാസം ഇരട്ടിക്കുന്നു.
1199 ചിങ്ങം ഒന്നിന് ശ്രാവണമാസവും സമാരംഭിക്കുകയാണ്. പുണർതം ഞാറ്റുവേലയുടെ അവസാന ഭാഗത്ത് തുടങ്ങി ആയില്യം ഞാറ്റുവേല തീരുന്നതുവരെയാണ് കർക്കടകമാസത്തെ സൂര്യഗതി. പുണർതം നക്ഷത്രത്തിൽ തുടങ്ങി ഒരുവട്ടം രാശിചക്ര ഭ്രമണം പൂർത്തിയാക്കി ആയില്യം നക്ഷത്രത്തിൽ അവസാനിക്കും വിധമാണ് ചന്ദ്രന്റെ കർക്കടക മാസത്തിലെ സഞ്ചാരം.
ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ വക്രഗതിയിൽ തുടരുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ സഞ്ചരിക്കുകയാണ്. രാഹു കേതു യഥാക്രമം മേടത്തിലും (അശ്വതിയിലും), തുലാത്തിലും (ചിത്തിരയിലും) അപസവ്യ ഗതി തുടർന്നുകൊണ്ടിരിക്കുന്നു. കുജൻ ചിങ്ങം രാശിയിൽ തന്നെയാണ്. ബുധൻ മാസാദ്യം കർക്കടകത്തിലാണ്. പത്താം തീയതി ചിങ്ങത്തിലേക്ക് പകരുന്നു. ശുക്രൻ ചിങ്ങത്തിലാണ്, മാസത്തിന്റെ ആരംഭത്തിൽ. എന്നാൽ കർക്കടകം എട്ടാം തീയതി വക്രഗതി തുടങ്ങി കർക്കടകം രാശിയിലേക്ക് പോകുന്നു. ഈ മാസം അവസാന ആഴ്ച മുതൽ ശുക്രന് മൗഢ്യം വരുന്നുമുണ്ട്. ഇവ്വിധമാണ് നവഗ്രഹങ്ങളുടെ കർക്കടകമാസത്തിലെ രാശിസ്ഥിതി.
ഈ രാശി സ്ഥിതി പ്രകാരം ചിത്തിര, മൂലം, പൂരാടം, ഉത്രാടം എന്നീ നാളുകാരിൽ ഈ ദുർഘട മാസം എന്തൊക്കെ സ്വാധീനം ചെലുത്തും എന്ന് വായിക്കാം.
ചിത്തിര: കൃത്യതയുണ്ടാവും, പ്രവർത്തനത്തിൽ. ആകയാൽ മേലധികാരികളുടെ പ്രീതിയുണ്ടാവും. ദൗത്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്യും. കുടുംബാംഗങ്ങൾക്കൊപ്പം ദീർഘയാത്രകളിൽ പങ്കെടുത്തേക്കും. ആഢംബരവസ്തു ക്കൾ വാങ്ങുന്നതാണ്. പ്രിയപ്പെട്ടവർക്ക് അവ സംഭാവന ചെയ്തേക്കും. വിനോദപരിപാടികൾ ആസ്വദിക്കാൻ നേരം കണ്ടെത്തും. കുടുംബാംഗങ്ങളുമായി ഒന്നും കൂടിയാലോചിക്കുന്നില്ലെന്ന് പരാതി ഉയരാം. സൂര്യൻ, ചൊവ്വ, ശനി, കേതു, രാഹു എന്നീ പാപഗ്രഹങ്ങൾ പ്രായേണ പ്രതികൂലികളാവുകയാൽ സാഹസകർമ്മങ്ങൾക് മുതിരരുത്. ഇടപാടുകളിൽ സൂക്ഷ്മതയും വേണം.
മൂലം: ദാമ്പത്യത്തിലും തൊഴിലിലുമൊക്കെ പലതരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാം. എന്നാലും അവയെ അതിജീവിക്കാനുള്ള സഹജശക്തിയും ഉണർന്ന് പ്രവർത്തിക്കും. കടബാധ്യതകൾ അലട്ടാം. അതേസമയം പുതിയ ചിട്ടി, വായ്പ എന്നിവയിലൂടെ ധനം സമാഹരിക്കാനും സാധിക്കുന്നതാണ്. പുതുസംരംഭങ്ങൾ സമാരംഭിക്കാൻ കർക്കടകം കഴിയുന്നതുവരെ കാക്കുകയാവും ഉചിതം. ചിലരുടെ അപ്രതീക്ഷിത പിന്തുണ കരുത്തേകും. അനാവശ്യ വിവാദങ്ങളിൽ നിന്നും ഒഴിയുകയാവും ഉചിതം. ആരോഗ്യപാലനത്തിൽ ശ്രദ്ധ വേണം.
പൂരാടം: സ്വന്തം ശക്തിയിൽ വിശ്വാസം കുറയാം. അതിനാൽ പല കാര്യങ്ങൾക്കും പരാശ്രയത്വമേറും. കൃത്യനിഷ്ഠ പാലിക്കുന്നതിൽ വീഴ്ചവന്നേക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ സ്വതസ്സിദ്ധമായ കഴിവ് പുറത്തെടുക്കാൻ കഴിഞ്ഞെന്നു വരുന്നതല്ല. തൊഴിലിൽ അനുഭവപ്പെടുന്ന ധനപരമായ ഏറ്റക്കുറച്ചിലുകൾ വിഷമം ഉണ്ടാക്കിയേക്കാം. വൈകാരികപ്രതികരണങ്ങൾ ശത്രുക്കളെ സൃഷ്ടിക്കുമെന്ന് ഓർക്കേണ്ടതുണ്ട്. ക്ഷമയാണ് ഏറ്റവും വലിയ ആയുധം എന്ന പാഠം പ്രാവർത്തികമാക്കേണ്ട സന്ദർഭമാണ്. പതിവ് ആരോഗ്യപരിശോധനകളിൽ മുടക്കം വരുത്തരുത്.
ഉത്രാടം: പ്രൊഫഷണലുകൾക്ക് തൊഴിൽ രംഗത്ത് മത്സരങ്ങളെ നേരിടേണ്ടി വന്നേക്കാം. കരാറുകൾ പുതുക്കി കിട്ടുവാൻ സാധ്യത കുറവാണ്. സാമ്പത്തിക സ്വാശ്രയത്വം പരീക്ഷിക്കപ്പെടാം. ഭൂമിയിൽ നിന്നും ആദായം നാമമാത്രമായിരിക്കും. ഉദ്യോഗം തേടുന്നവർക്ക് കൂടുതൽ കാത്തിരിക്കേണ്ടതായി വന്നേക്കാം. മറ്റുള്ളവർക്ക് നിസ്സാരം എന്നു തോന്നുന്ന പ്രശ്നങ്ങൾ വലുതായിട്ട് അനുഭവത്തിൽ വരാം. കച്ചവടത്തിൽ നിന്നും വരവ് സാധാരണ പോലെ പ്രതീക്ഷിക്കാം. പ്രണയ ജീവിതത്തിൽ ചില വഴിത്തിരിവുകൾ ഉണ്ടാവാം. സാഹസങ്ങൾക്ക് മുതിരാതിരിക്കുക ഉത്തമം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.