/indian-express-malayalam/media/media_files/uploads/2023/07/Astrology-3.jpg)
കർക്കടക മാസത്തെ നക്ഷത്രഫലം
1198 മിഥുനമാസം 31 ന് ഞായാഴ്ച വൈകിട്ട് അഞ്ച് മണി ഏഴ് മിനിട്ടിനായിരുന്നു കർക്കടക രവിസംക്രമം. ഉത്തരായനം അവസാനിക്കുകയും ദക്ഷിണായനം ആരംഭിക്കുകയും ചെയ്യുന്ന വേളയാണത്. 1198 ൽ കർക്കടകമാസം 31 തീയതിയുണ്ട്. 2023 ജൂലൈ 17 തിങ്കളാഴ്ചയായിരുന്നു കർക്കടകം ഒന്നാം തീയതി. 2023 ആഗസ്റ്റ് 16 ബുധനാഴ്ച കർക്കടകം 31-ാം തീയതിയും.
വാമൊഴിയുടെ വഴക്കത്തിൽ മലയാളിയുടെ ക്ലേശത്തെ കാണിക്കുന്ന ‘പഞ്ഞമാസം’ ആണ് കർക്കടകം. ‘കർക്കടകം ദുർഘടം’ എന്ന ചൊല്ല് അങ്ങനെ പരന്നു. കാലപുരുഷന്റെ (Time personified) ഹൃദയമാണ് കർക്കടകം രാശി. രാശിനാഥൻ ചന്ദ്രൻ. ഇത്തവണ അമാവാസിയിൽ തുടങ്ങി അമാവാസിയിൽ അവസാനിക്കുന്നു എന്നത് കർക്കടകത്തിന്റെ പ്രത്യേകത. ജ്യോതിഷ നിയമപ്രകാരം ഇത് ‘അധിമാസം’ ആണ്. രണ്ട് സൂര്യസംക്രമങ്ങൾക്കിടയിൽ രണ്ട് അമാവാസികൾ വരുമ്പോഴാണ് ‘അധിമാസം’ സംഭവിക്കുന്നത്. അതിനാൽ ഇത്തവണ ആഷാഢമാസം ഇരട്ടിക്കുന്നു.
1199 ചിങ്ങം ഒന്നിന് ശ്രാവണമാസവും സമാരംഭിക്കുകയാണ്. പുണർതം ഞാറ്റുവേലയുടെ അവസാന ഭാഗത്ത് തുടങ്ങി ആയില്യം ഞാറ്റുവേല തീരുന്നതുവരെയാണ് കർക്കടകമാസത്തെ സൂര്യഗതി. പുണർതം നക്ഷത്രത്തിൽ തുടങ്ങി ഒരുവട്ടം രാശിചക്ര ഭ്രമണം പൂർത്തിയാക്കി ആയില്യം നക്ഷത്രത്തിൽ അവസാനിക്കും വിധമാണ് ചന്ദ്രന്റെ കർക്കടക മാസത്തിലെ സഞ്ചാരം.
ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ വക്രഗതിയിൽ തുടരുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ സഞ്ചരിക്കുകയാണ്. രാഹു കേതു യഥാക്രമം മേടത്തിലും (അശ്വതിയിലും), തുലാത്തിലും (ചിത്തിരയിലും) അപസവ്യ ഗതി തുടർന്നുകൊണ്ടിരിക്കുന്നു. കുജൻ ചിങ്ങം രാശിയിൽ തന്നെയാണ്. ബുധൻ മാസാദ്യം കർക്കടകത്തിലാണ്. പത്താം തീയതി ചിങ്ങത്തിലേക്ക് പകരുന്നു. ശുക്രൻ ചിങ്ങത്തിലാണ്, മാസത്തിന്റെ ആരംഭത്തിൽ. എന്നാൽ കർക്കടകം എട്ടാം തീയതി വക്രഗതി തുടങ്ങി കർക്കടകം രാശിയിലേക്ക് പോകുന്നു. ഈ മാസം അവസാന ആഴ്ച മുതൽ ശുക്രന് മൗഢ്യം വരുന്നുമുണ്ട്. ഇവ്വിധമാണ് നവഗ്രഹങ്ങളുടെ കർക്കടകമാസത്തിലെ രാശിസ്ഥിതി.
ഈ രാശി സ്ഥിതി പ്രകാരം ഭരണി, തിരുവോണം, ആയില്യം, പൂരം, തൃക്കേട്ട എന്നീ അഞ്ച് നാളുകാരുടെ ഓഗസ്റ്റ് 16 വരെയുള്ള ഫലം ഇങ്ങനെയാണ്.
ഭരണി: ജന്മനക്ഷത്രത്തിൽ വ്യാഴവും ഏഴാം നക്ഷത്രമായ പൂയത്തിൽ സൂര്യനും സഞ്ചരിക്കുന്നത് കുറച്ച് മാനസികവും തൊഴിൽ പരവുമായ സമ്മർദ്ദങ്ങൾക്ക് വഴിവെച്ചേക്കാം. വിജയത്തിന് തിളക്കം കുറഞ്ഞുപോയതായി തോന്നാം. രണ്ടാം ഭാവാധിപനായ ശുക്രന് വക്രഗതി വരികയാൽ പ്രതീക്ഷിച്ച ധനം കൈയ്യിൽ എത്തിച്ചേരാൻ താമസമുണ്ടായേക്കാം. ഇതൊക്കെയാണെങ്കിലും ന്യായമായ ആവശ്യങ്ങൾ നിറവേറാൻ സാധിക്കും. തൊഴിൽ യാത്രകൾ ഗുണപ്രദമാവാം. ഗാർഹികമായി സന്തോഷവും സംതൃപ്തിയും അനുഭവപ്പെടു ന്നതാണ്.
തിരുവോണം: പാപഗ്രഹങ്ങൾ സുപ്രധാന ഭാവങ്ങളിൽ സഞ്ചരിക്കുന്നതിനാൽ വളരെ ജാഗ്രത വേണ്ട കാലഘട്ടമാണ്. കരാറുകളിലും ഉടമ്പടികളിലും പങ്കാളിയാവും മുൻപ് എല്ലാവശങ്ങളും മനസ്സിലാക്കണം. കടബാധ്യത വിഷമിപ്പിക്കാം. ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവാനിടയുണ്ട്. ആരോഗ്യപ്രശ്നങ്ങൾക്ക് സത്വര ചികിൽസ തേടേണ്ടത് അനിവാര്യമാണ്. വ്യവഹാരങ്ങളിൽ അനുരഞ്ജനത്തിന് ശ്രമിക്കുകയാവും ഉചിതം. ഗൃഹനവീകരണാദികൾക്ക് പ്രതീക്ഷിച്ചതിലുമധികം ചെലവ് വന്നേക്കും.
ആയില്യം: സഹപ്രവർത്തകരുടെ കുതന്ത്രങ്ങളെ പ്രതിരോധിക്കും. കുത്സിതകർമ്മങ്ങളെ മറികടക്കും. ഔദ്യോഗിക കാര്യങ്ങളിൽ അതൃപ്തി തോന്നാം. വ്യാപാര കാര്യങ്ങൾക്ക് യാത്രയുണ്ടായേക്കും. ദേഹാലസ്യം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ സാധ്യതകളാണ്. പല വഴികളിലൂടെ പണം വരാം. മിതവ്യയശീലം വഴിമാറാനിടയുണ്ട്. ദാമ്പത്യത്തിൽ അലോസരങ്ങൾ ഉയർന്നേക്കാമെങ്കിലും അത് താൽകാലികമായിരിക്കും. വിദ്യാഭ്യാസത്തിൽ ഉയർച്ച ഉണ്ടാകുന്നതാണ്. വയോധികരുടെ ആരോഗ്യകാര്യത്തിൽ കരുതൽ വേണ്ടതുണ്ട്.
പൂരം: പല കാര്യങ്ങളിലും നിലവിലെ സ്ഥിതി തന്നെ തുടരും. വലിയ മാറ്റങ്ങൾ ഉണ്ടാവണമെന്നില്ല. തൊഴിൽപരമായി സമ്മർദ്ദം ഉണ്ടാകാം. മേലധികാരികളുടെ അനിഷ്ടം നേരിടേണ്ടി വന്നേക്കും. ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കണമെന്നില്ല. കുടുംബജീവിതത്തിൽ പിണക്കങ്ങളും ഭിന്നതകളും ഉണ്ടാവാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രത കുറയുന്നതാണ്. ആരോഗ്യപ്രശ്നങ്ങൾക്ക് വൈദ്യ സഹായം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. വ്യവഹാരങ്ങളിൽ അനുരഞ്ജനത്തിന് മുതിരുകയാവും നല്ലത്.
തൃക്കേട്ട: കാര്യവിളംബം വരാം. പ്രവൃത്തികളിൽ ശ്രദ്ധ കുറഞ്ഞേക്കും. വിജയഘടകങ്ങളെക്കുറിച്ച് ചിലപ്പോൾ ധാരണയുണ്ടാവണം എന്നില്ല. ഔദ്യോഗിക ജീവിതത്തിൽ അധികാരികളുടെ അപ്രീതി നേടിയേക്കും. സ്വന്തം നിലയ്ക്ക് ചെയ്യുന്ന തൊഴിലുകളിൽ ഉന്നമനം കഷ്ടിയാവും. വീടുവിട്ടുനിൽക്കേണ്ട സാഹചര്യം വരാം. പഴയ ചില വഴക്കുകളോ വ്യവഹാരങ്ങളോ വീണ്ടും തലവേദനയ്ക്ക് കാരണമായേക്കാം. ഗാർഹിക ജീവിതത്തിൽ പിണക്കവും ഇണക്കവും തുടരും. നിത്യച്ചെലവുകൾ നടന്നുപോകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.