scorecardresearch

Kanni Month 2022: 1198 കന്നിമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം

കന്നി മാസത്തിൽ സൂര്യൻ കന്നിയിൽ, ബുധനും കന്നിയിൽ തന്നെ. കന്നി 8 ന് ശുക്രനും കന്നിയിൽ പ്രവേശിക്കുന്നു.

Kanni Month 2022: 1198 കന്നിമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Kanni Month 2022 Horoscope Astrological Predictions for stars: കന്നി മാസത്തിൽ സൂര്യൻ കന്നിയിൽ, ബുധനും കന്നിയിൽ തന്നെ. കന്നി 8 ന് ശുക്രനും കന്നിയിൽ പ്രവേശിക്കുന്നു. ശനിയും വ്യാഴവും വക്രഗതിയിലാണ്. ശനി മകരത്തിൽ, വ്യാഴം മീനത്തിലും സഞ്ചരിക്കുന്നു.

രാഹു-കേതുക്കൾ യഥാക്രമം മേടത്തിലും തുലാത്തിലും തന്നെയാണ്. ചൊവ്വ കന്നി ഒടുവിൽ മിഥുനത്തിലേക്ക് സംക്രമിക്കുന്നു. കന്നി ഒന്നിന് ചന്ദ്രൻ രോഹിണി നാളിലാണ്; ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മാസാന്ത്യത്തിൽ പുണർതത്തിലുമെത്തുന്നു.

ഈ ഗ്രഹസ്ഥിതി അശ്വതി മുതൽ രേവതി വരെയുള്ള വിവിധ നാളുകാരെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് നോക്കാം.

Ashwathy Nakshathra Star Predictions in Malayalam: അശ്വതി

ആരംഭിച്ച കാര്യങ്ങൾ വിഘ്നങ്ങൾ നീങ്ങി ഭംഗിയായി പര്യവസാനിപ്പിക്കാനാവും. തൊഴിൽ രംഗത്ത് മെച്ചമുണ്ടാകും. നിക്ഷേപങ്ങളിൽ നിന്നും പ്രതീക്ഷിച്ചതിലധികം ധനാഗമം വന്നു ചേരും. എതിർപ്പുകളെ അവഗണിച്ച് മുന്നേറാൻ കഴിയുന്ന മാനസികാവസ്ഥ സംജാതമാകും. സഹപ്രവർത്തകരിൽ നിന്നും മികച്ച സഹവർത്തിത്വം ലഭിക്കും. രോഗാവസ്ഥയെ വൈദ്യസഹായത്താൽ മറികടക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് വായ്പാ ലഭ്യത ഭവിക്കുന്നതാണ്. ഗൃഹത്തിൽ കലഹവും സമാധാനവും മാറി മാറി അനുഭവപ്പെടും.

Bharani Nakshathra Star Predictions in Malayalam: ഭരണി

ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. അധികാരികളുടെ പ്രീതി ലഭിക്കും. വ്യാപാരത്തിലെ മാന്ദ്യം മാറും. സാമൂഹികരംഗത്ത് പ്രവർത്തിക്കാൻ സന്നദ്ധത കാട്ടും. കുടുംബാംഗങ്ങൾക്കിടയിലെ അപശ്രുതികളെ പറഞ്ഞ് നേരെയാക്കും. രാഹുദശയോ വ്യാഴദശയോ നടക്കുന്നവർക്ക് ക്ലേശാധിക്യം വരാം. വിപത്സന്ധികളെ ആത്മബലത്തോടെ അതിജീവിക്കും. മുഖരോഗങ്ങൾക്ക് (ഇ.എൻ.ടി) ചികിത്സ തേടും.

Karthika Nakshathra Star Predictions in Malayalam: കാർത്തിക

മെല്ലപ്പോക്ക് നയം സ്വയം മാറ്റും. കാലത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കും. പുതുസൗഹൃദങ്ങൾ ഉടലെടുക്കും. സാമ്പത്തികമായി മെച്ചം പറയാം. എങ്കിലും ശുക്രൻ നീചത്തിലാവുകയാൽ വരവു- ചെലവുകൾ ക്രമീകരിക്കുന്നത് ഉചിതമാവും. ഉപരിപഠനത്തിന് അന്യനാട്ടിൽ പ്രവേശനം ലഭിക്കും. കുടുംബബന്ധങ്ങളുടെ ഊഷ്മളത നിലനിർത്തുന്നതിൽ ക്ലേശിക്കും. ആരോഗ്യരംഗം സമ്മിശ്രം.

Rohini Nakshathra Star Predictions in Malayalam: രോഹിണി

പണവരവ് കുറയില്ല. തൊഴിലിൽ വളർച്ച പ്രകടമാവും. കരാർ പണി, കച്ചവടം, ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ടവർക്ക് പുരോഗതി ഭവിക്കും. എന്നാൽ പാപഗ്രഹങ്ങളുടെ അനിഷ്ടസ്ഥിതി മൂലം ദേഹക്ലേശമോ മനക്ലേശമോ ഉണ്ടാവാം. ചില ഊരാക്കുടുക്കുകളിൽ ചെന്നുപെടാനിടയുണ്ട്. പ്രമാണങ്ങളിൽ ഒപ്പുവെക്കും മുൻപ് നിയമജ്ഞരുടെ ഉപദേശം സ്വീകരിക്കണം. കലഹങ്ങളിൽ സംയമനം പാലിക്കണം.

Makayiram Nakshathra Star Predictions in Malayalam: മകയിരം

സാഹസകർമ്മങ്ങളിൽ നിന്നും പിൻതിരിയുന്നതാവും അഭികാമ്യം. ആൾക്കൂട്ടത്തിന്റെ തീരുമാനങ്ങൾക്ക് തലകുലുക്കരുത്. കുടുംബപ്രശ്നങ്ങളിൽ വലിയ മാറ്റം വരാനിടയില്ല. തീർത്ഥയാത്ര നടത്താൻ ഒരുങ്ങും. ഊഹക്കച്ചവടത്തിൽ ധനനിക്ഷേപം കരുതലോടെ വേണം. അനുരാഗികൾക്ക് ചില വിഷമങ്ങൾ ഉണ്ടാവാം. ഗൃഹനിർമ്മാണം പുരോഗമിക്കും. ചില സൗഹൃദങ്ങളെ ആത്മപരിശോധനക്ക് വിധേയമാക്കും.

Thiruvathira Nakshathra Star Predictions in Malayalam: തിരുവാതിര

മാതൃ-പിതൃസൗഖ്യം ഉണ്ടാവും. പുതുവാഹനം വാങ്ങാൻ തയ്യാറെടുക്കും. കുടുംബത്തിൽ നവാതിഥി എത്തും. വിദ്യാർത്ഥികളുടെ ബുദ്ധിപരമായ കഴിവ് പ്രശംസിക്കപ്പെടും. പൊതുപ്രവർത്തകർ അസമീക്ഷ്യകാരികളായേക്കും. അനുനയം കൊണ്ട് കാര്യമില്ലെന്നറിയും. പാഴ് ചെലവുകൾ അവസാനിപ്പിക്കാൻ ആത്മാർത്ഥമായി ശ്രമിക്കും. മാസാന്ത്യത്തിൽ എല്ലാക്കാര്യത്തിലും കൂടുതൽ കരുതൽ വേണം.

Punartham Nakshathra Star Predictions in Malayalam: പുണർതം

ആദർശം പറഞ്ഞിരിക്കാതെ പ്രായോഗികമായി ചിന്തിക്കും. സൗഹൃദം കൊണ്ട് നേട്ടങ്ങൾ വന്നുചേരും. കലാകാരന്മാർക്ക് കലാപ്രവർത്തനം നടത്താൻ ഉചിതമായ വേദി ലഭിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കും. പ്രൊഫഷണൽ രംഗത്തുള്ളവർ അഭിനന്ദനങ്ങൾ നേടും. ഗൃഹനിർമ്മാണം പൂർത്തീകരിക്കാനാവും. സാമൂഹിക സേവനത്തിന് സമയം കണ്ടെത്തും.

Pooyam Nakshathra Star Predictions in Malayalam: പൂയം

വിവാഹാലോചനകൾ സഫലമാവാൻ അല്പം കൂടി കാത്തിരിക്കേണ്ടിവരും. തൊഴിലിടം നവീകരിക്കാൻ മുതിരും. നിലനിൽക്കുന്ന വ്യവഹാരങ്ങളിൽ പൂർണമായും വിജയം ഉണ്ടാവുമെന്ന് ഉറപ്പിക്കാനാവില്ല. നന്നായി സംസാരിക്കാനും സദസ്സിൽ ശോഭിക്കാനും സന്ദർഭം വന്നുചേരും. ബന്ധുസമാഗമത്തിന് സാധ്യതയുണ്ട്. വിദേശത്ത് നിന്നും ശുഭവാർത്ത കേൾക്കും. പണമിടപാടുകളിൽ അശ്രദ്ധ കൊണ്ടുള്ള നഷ്ടങ്ങൾക്കിടയുണ്ട്. ആരോഗ്യരംഗം സമ്മിശ്രം.

Ayilyam Nakshathra Star Predictions in Malayalam: ആയില്യം

യാത്രകൾ കൊണ്ട് വിചാരിച്ച നേട്ടം ഉണ്ടായിക്കൊള്ളണമെന്നില്ല. മക്കളുടെ കാര്യത്തിൽ അനാവശ്യമായ ചില ഉൽക്കണ്ഠകൾക്കിടയുണ്ട്. ദാമ്പത്യത്തിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. വിദേശത്ത് പോകാൻ അവസരമുണ്ടാകും. ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വം വർദ്ധിക്കും. സ്വകാര്യജോലിക്കാർക്ക് വരുമാനം കൂടും. ദിനചര്യകളുടെ താളം തെറ്റും. മാസത്തിന്റെ രണ്ടാം പകുതിയിൽ ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം.

Read More Astrology Related Articles Here

Makam Nakshathra Star Predictions in Malayalam: മകം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ ഉപജാപങ്ങളെ മറികടക്കും. വിദ്യാർത്ഥികൾ പഠനത്തിൽ മികവ് പുലർത്തും. സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും. ക്രയവിക്രയങ്ങളിൽ നേട്ടം വരാം. വ്യവഹാരങ്ങളിൽ അനുകൂലവിധിയുണ്ടാവും. ആസൂത്രണം ചെയ്ത കാര്യങ്ങൾ ബിസിനസ്സിൽ അതേപടി ആവിഷ്കരിക്കും. ദാമ്പത്യജീവിതത്തിൽ അഭിപ്രായഭിന്നത ഉയരാം. സന്താനങ്ങളുടെ വിവാഹക്കാര്യം അല്പം നീണ്ടു പോകാം.

Pooram Nakshathra Star Predictions in Malayalam: പൂരം

വാഗ്ദാനങ്ങൾ അതേപടി നിറവേറ്റാൻ കഴിയാതെ വിഷമിക്കും. പ്രണയികൾക്ക് സൗന്ദര്യപ്പിണക്കത്തിന്റെ കാലമാണ്. കലാകാരന്മാർ അർഹിക്കുന്ന പ്രതിഫലം ലഭിക്കാതെ നിരാശപ്പെടും. വരവും ചെലവും തുല്യമായിരിക്കും. പഠനയാത്രകൾക്ക് അനുമതി കിട്ടാം. പുതുസംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബസമേതം വിനോദയാത്ര പോകും.

Uthram Nakshathra Star Predictions in Malayalam: ഉത്രം

രാഷ്ട്രീയ പ്രവർത്തകർക്ക് പദവികൾ ലഭിക്കാം. കൃഷി കാര്യങ്ങളിൽ ശ്രദ്ധയേറും. നവസംരംഭങ്ങളിൽ വ്യാപൃതരാകും. കായികമത്സരങ്ങളിൽ തിളങ്ങും. കുടുംബാംഗങ്ങളുടെ അനൈക്യം ഒത്തുതീർപ്പാക്കും. വിദേശത്ത് നിന്നും അനുകൂല വാർത്തകൾ വന്നെത്തും. കഫരോഗം ക്ലേശിപ്പിച്ചേക്കാം. യുവജനങ്ങളുടെ വിവാഹക്കാര്യത്തിൽ തീർപ്പുണ്ടാകും.

Atham Nakshathra Star Predictions in Malayalam: അത്തം

ധനപരമായ ക്ലേശം മറികടക്കാൻ പല വഴികൾ തേടും. കടം വാങ്ങാനുള്ള പ്രേരണ ഏറും. ഗാർഹികമായ ആവശ്യങ്ങൾക്ക് ചില പരിഹാരങ്ങളുണ്ടാകും. മക്കളുടെ ജോലിക്കാര്യത്തിൽ നല്ലവാർത്തയെത്തും. പുതുസംരംഭങ്ങൾ തുടങ്ങാൻ വിദഗ്ദ്ധരുടെ ഉപദേശം തേടും. പ്രണയത്തിൽ കയ്പുരസം കുടിക്കേണ്ടിവരും. കാര്യാലോചനകളിൽ അംഗീകാരം കിട്ടാത്തത് വിഷമമുണ്ടാക്കും. ആരോഗ്യപരമായി സമ്മിശ്രകാലം.

Chithira Nakshathra Star Predictions in Malayalam: ചിത്തിര

സ്ഥാനമാനങ്ങളുണ്ടാകും. സൽകർമ്മങ്ങൾ ചെയ്യാനാവും. വിശ്വസ്തരായ സഹപ്രവർത്തകരിൽ നിന്നും നേട്ടങ്ങൾ ഭവിക്കും. വാക്കുതർക്കങ്ങളിൽ ക്ഷീണം സംഭവിക്കാനിടയുണ്ട്. രഹസ്യബന്ധങ്ങളുടെ പേരിൽ പഴി കേട്ടേക്കാം. സന്താനങ്ങളാൽ മേന്മ വർദ്ധിക്കും. പൈതൃകസ്വത്ത് അനുഭവത്തിൽ വരും. ഉദരരോഗത്തിന് വൈദ്യസഹായം വേണ്ടി വന്നേക്കും.

Chothi Nakshathra Star Predictions in Malayalam: ചോതി

വർദ്ധിച്ചു വരുന്ന സാമ്പത്തിക ക്ലേശം പരിഹരിക്കാൻ വിശ്രമവേളകളിലും പണിയെടുക്കും. രോഗം കൊണ്ടുള്ള വിഷമങ്ങളെ വിദഗ്ദ്ധ ചികിൽസയിലൂടെ പരിഹരിക്കും. ചില ബന്ധുക്കൾ പിണങ്ങാനും ചിലർ ഇണങ്ങാനും സാധ്യത കാണുന്നു. സുഹൃത്തുക്കളുമൊത്ത് വിനോദ യാത്ര നടത്തും. ഇഷ്ടമില്ലാത്ത കാര്യങ്ങൾക്കായി വാദിക്കേണ്ടിവരും. പ്രണയാനുഭവങ്ങൾ മനസ്സന്തോഷമേകും. കലാകാരൻമാർക്ക് നല്ല പ്രോത്സാഹനം ലഭിക്കും. വിദ്യാർത്ഥികൾക്ക് തിളങ്ങാനുള്ള സന്ദർഭങ്ങൾ വന്നെത്തും.

Vishakham Nakshathra Star Predictions in Malayalam: വിശാഖം

വരവിനെക്കാൾ ചെലവ് മുന്നിട്ടു നിൽക്കും. കച്ചവടത്തിൽ പുരോഗതി കുറയാം. പുതിയ കാര്യങ്ങൾക്കായി പരിശ്രമിക്കും. വ്യവഹാരത്തിൽ ക്ഷീണം പറ്റാം. ചിത്തക്ഷോഭവും കലഹ വാസനയും നിയന്ത്രിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റത്തിന് സാധ്യത കാണുന്നു. കിടപ്പ് രോഗികൾ ചികിത്സ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കും. ഭൂമിവിൽപ്പന മന്ദതയിലാവും.

Anizham Nakshathra Star Predictions in Malayalam: അനിഴം

മംഗളവേളകളിൽ പങ്കെടുക്കും. തീർത്ഥാടനയോഗമുണ്ട്. സന്താനങ്ങളിൽ നിന്നും നല്ലവാർത്തയുണ്ടാകും. സമൂഹമധ്യത്തിൽ സമാദരിക്കപ്പെടും. കലാരംഗത്തുള്ളവരെ പുരസ്കാരങ്ങൾ തേടിയെത്തും. രാഷ്ട്രീയ പ്രവർത്തകർക്ക് നേതാക്കളുടെ പ്രീതിയുണ്ടാകും. വിട്ടുമാറാത്ത അസുഖങ്ങൾക്ക് മികച്ച വൈദ്യസഹായം ലബ്ധമാകും. ഊഹക്കച്ചവടം വിജയിക്കും.

Thrikketta Nakshathra Star Predictions in Malayalam: തൃക്കേട്ട

വ്യഥാസഞ്ചാരവും അകാലയാത്രയും ഒഴിവാക്കണം. കർമ്മരംഗത്ത് സമയബന്ധിതമായി കാര്യങ്ങൾ പൂർത്തിയാക്കും. തൊഴിൽ തേടുന്നവർക്ക് ചെറിയ തൊഴിലെങ്കിലും ലഭിക്കുന്നതായിരിക്കും. വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉന്നതവിജയം നേടും. പ്രൊഫഷണലുകളുടെ പ്രോജെക്ടുകൾ അംഗീകരിക്കപ്പെടും. സർക്കാരിൽ നിന്നും വായ്പാസഹായം കൈവരാം. പ്രണയികൾക്ക് നല്ല ദിനങ്ങളാണ്. ഹൃദയപൂർവമുള്ള പാരിതോഷികങ്ങൾ സ്വീകരിക്കുവാനോ സമ്മാനിക്കാനോ സാഹചര്യം ഉദയം ചെയ്യാം.

Moolam Nakshathra Star Predictions in Malayalam: മൂലം

ഉദ്യോഗസ്ഥർക്ക് നാനാവിധത്തിൽ ഉയർച്ചയുണ്ടാകും. സ്വന്തം തൊഴിലിൽ ഏർപ്പെട്ടവർക്ക് വരുമാന വർദ്ധന പ്രതീക്ഷിക്കാം. സർക്കാർ അനുമതി കൈവരും. ആഢംബരത്തിൽ ആശയേറും. പാരമ്പര്യ വസ്തുക്കളിൽ നിന്നും ആദായം ഉണ്ടാകും. കുടുംബാംഗങ്ങൾക്കൊപ്പം നല്ല യാത്രകൾ ഉണ്ടാവും. പ്രണയാനുഭവം ഊഷ്മളമായിത്തീരും. കിടപ്പുരോഗികൾക്ക് ആശ്വാസം ലഭിക്കുന്നതാണ്.

Pooradam Nakshathra Star Predictions in Malayalam: പൂരാടം

കുടുംബബന്ധങ്ങളുടെ ഊഷ്മളത സന്തോഷം നിറയ്ക്കും. ഊഹിച്ചതുപോലെ കാര്യങ്ങൾ നീങ്ങുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. കൂട്ടായി ഭാവിപരിപാടികൾ ആസൂത്രണം ചെയ്യും. തൊഴിൽ തേടുന്നവർക്ക് അഭ്യുദയം ഭവിക്കും. വിദ്യാർത്ഥികൾ മത്സരങ്ങളിൽ വിജയം കാണും. വരുമാനത്തിൽ കാര്യമായ വർദ്ധനവുണ്ടാകും. സാഹിത്യം, സിനിമ, നൃത്തം, നാടകം എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ആദരവും കീർത്തിയും ലഭിക്കും. സുഹൃത്തുക്കളിൽ നിന്നും ശക്തമായ പിൻബലം ഉണ്ടാകും. ആരോഗ്യപരമായി ആശ്വാസം കൈവരുന്ന കാലമാണ്.

Uthadam Nakshathra Star Predictions in Malayalam: ഉത്രാടം

നിക്ഷേപങ്ങൾ ലാഭകരമാകും. തൊഴിൽ രംഗം കരുതിയതിലധികം വളർച്ച നേടും. മാനസിക സംഘർഷങ്ങൾക്ക് അയവുണ്ടാകും. അയൽ പ്രശ്നങ്ങൾ രമ്യമായി പരിഹൃതമാകും. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പ്രീതിയുണ്ടാകും. സഹപ്രവർത്തകരുടെ പിന്തുണ ബലം പകരും. കൃഷിയിൽ നിന്നും ആദായം വർദ്ധിക്കും. ജന്മശനിയുടെ കാലമാകയാൽ ഏതുകാര്യം ചെയ്യുമ്പോഴും കരുതൽ വേണ്ടതുണ്ട്. വൈദ്യപരിശോധനകളിൽ വിളംബമരുത്.

Thiruvonam Nakshathra Star Predictions in Malayalam: തിരുവോണം

പൊതുകാര്യത്തിൽ താത്പര്യമേറും. അണികളുടെ ആരവം ആവേശകരമായിരിക്കും. എന്നാൽ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നില്ലെന്ന പരാതി ഉയരാം. സാമ്പത്തികമായി അച്ചടക്കം പാലിക്കേണ്ട കാലമാണ്. നവസംരംഭങ്ങളിൽ മുതൽ മുടക്കുന്നത് വിദഗ്ദ്ധരുടെ ഉപദേശം അനുസരിച്ച് മതിയാകും. വിദേശജോലിക്ക് അവസരം ലഭിക്കാം. അജീർണതയോ ഉദരരോഗങ്ങളോ പെട്ടെന്ന് ബാധിച്ചേക്കാം. വയോജനങ്ങൾ ആരോഗ്യപരമായി ഏറെ ശ്രദ്ധിക്കേണ്ട സമയമാണിത്.

Avittam Nakshathra Star Predictions in Malayalam: അവിട്ടം

ചില ദുർവാശികൾ ഉപേക്ഷിക്കണമെന്ന് വിചാരിക്കും. ആത്മപരിശോധന നടത്തും. ഏഴരശനിയുടെ ദുരിതങ്ങൾ തുടരും. യാത്രാക്ലേശം, മനശാന്തിയില്ലായ്മ, കാര്യവിഘ്നം, അധ്വാനത്തിനനുസരിച്ച് വേതനമില്ലായ്മ അങ്ങനെ പലതും. തൊഴിൽ മാറ്റത്തെക്കുറിച്ച് അഗാധമായി ചിന്തിക്കും. പക്ഷേ എളുപ്പം പുതുലാവണങ്ങൾ തുറക്കപ്പെടുകയില്ല. സാമ്പത്തിക സ്ഥിതി പര്യാപ്തമായിരിക്കും.

Chathayam Nakshathra Star Predictions in Malayalam: ചതയം

അഷ്ടമരാശിയായ കന്നിരാശിയിൽ സ്ഥിതി ചെയ്യുന്ന സൂര്യൻ പിതാവിന് അനിഷ്ടകാരിയാണ്. സർക്കാർ കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാവാം. അധികാര സ്ഥാനത്തുള്ളവർ കലഹിച്ചേക്കും. രണ്ടിലെ വ്യാഴം ധനസ്ഥിതി മോശമാക്കില്ല. ശിരോ- ഹൃദയ രോഗികൾ സൂക്ഷിക്കേണ്ട കാലമാണ്. വിദേശത്ത് പോകാൻ ഒരുങ്ങുന്നവർക്ക് അല്പം കൂടി കാത്തിരിക്കേണ്ടി വരാം. വിദ്യാഭ്യാസത്തിലും കലാ പ്രവർത്തനത്തിലും വിജയം നേടും. ബൗദ്ധികമായി ശോഭിക്കാൻ കഴിയും. ബന്ധുവിരോധം തീർക്കാൻ മുൻകൈയ്യെടുക്കും.

Pooruttathi Nakshathra Star Predictions in Malayalam: പൂരുട്ടാതി

പല കാര്യങ്ങളിൽ ഇച്ഛാഭംഗങ്ങൾ ഉണ്ടാവാം. ക്ഷമ പരീക്ഷിക്കപ്പെട്ടേക്കും. ഏതിലും വിജയിക്കാൻ സമയവും ധനവും ഊർജ്ജവും കൂടുതൽ ചെലവഴിക്കേണ്ടിവരും. രാഷ്ട്രീയ നേതാക്കൾ അണികളുടെ വിരോധം നേടും. പ്രസ്താവനകൾ വളച്ചൊടിക്കപ്പെടും. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അല്പം കൂടി കാത്തിരിക്കേണ്ടതായി വരാം. ഉന്നത വിദ്യാഭ്യാസത്തിൽ പുരോഗതിയുണ്ടാവും. കായികമത്സരങ്ങളിൽ വിജയം വരിക്കും. ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.

Uthrattathi Nakshathra Star Predictions in Malayalam: ഉത്രട്ടാതി

അപ്രതീക്ഷിത യാത്രകൾ വേണ്ടി വരും. മുൻ തീരുമാനങ്ങൾ മാറ്റും. വിവാഹാലോചനകൾ നീളാം. അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്നും ശക്തമായ പിന്തുണ ലഭിക്കും. കൃഷിയിൽ വിദഗ്ദ്ധോപദേശം തേടും. രണ്ടിലെ രാഹുസ്ഥിതിമൂലം കലഹത്തിനോ വാഗ്വാദത്തിനോ മുതിർന്നേക്കും. അഷ്ടമകേതു, ആരോഗ്യസ്ഥിതിയെ ബാധിക്കാം. വാഹനത്തിന് കേടുപാട് തീർക്കൽ വേണ്ടിവരാം. ഉദ്യോഗത്തിലെ സ്ഥാനക്കയറ്റം വൈകും.

Revathi Nakshathra Star Predictions in Malayalam: രേവതി

കൗശലം കൊണ്ട് എതിരാളികളെ നിശബ്ദരാക്കും. സമൂഹത്തിൽ സക്രിയമായ ഇടപെടലുകൾ നടത്തും. വിനോദങ്ങൾക്കും വിജ്ഞാന സമ്പാദനത്തിനും സമയം കണ്ടെത്തും. കമിതാക്കൾക്കിടയിൽ ഹൃദയൈക്യം ദൃഢമാകും. ഗാർഹസ്ഥ്യത്തിൽ ചില താളപ്പിഴകൾ ഉയർന്നേക്കാം. ധനവരവ് കൂടും. അനാവശ്യചെലവുകൾ നിയന്ത്രിക്കുന്നത് നന്നായിരിക്കും. വാഹനം ഉപയോഗിക്കുന്നവർ ജാഗ്രത കൈവിടരുത്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Kanni month 2022 horoscope astrological predictions for stars