Kandaka Shani 2022 Years Calculator Remedies Effects Malayalam: 2022 ജൂലൈ 12 മുതൽ 2023 ജനുവരി 17 വരെ ആറുമാസക്കാലം ശനി വക്രഗതിയായി മകരം രാശിയിൽ സഞ്ചരിക്കുകയാണ്. ശനി എപ്പോഴും 3, 6, 11 എന്നീ മൂന്നു ഭാവങ്ങളിൽ മാത്രമാണ് അനുകൂലനാവുന്നത്. മറ്റു ഭാവങ്ങളിൽ ചിലതിൽ കഠിനദോഷവും ചിലതിൽ മിതമായദോഷവും പ്രദാനം ചെയ്യുന്നു.
വിശ്വാസികൾ എല്ലാവരും ഭയപ്പെടുന്ന കാര്യങ്ങളാണ് ഏഴരശനി, കണ്ടകശനി എന്നീ ശനിദോഷങ്ങൾ. ഏതാണ് കൂടുതൽ കുഴപ്പം പിടിച്ചത് എന്ന ചോദ്യം ഉയരാറുണ്ട്. മുപ്പത് വർഷത്തിലൊരിക്കൽ തുടർച്ചയായ ഏഴരവർഷങ്ങളിൽ സംഭവിക്കുന്നതാണ് ഏഴരശനി. പ്രായേണ ദോഷാധിക്യം അതിനാണ്.
കണ്ടകശനിക്ക് പല അർത്ഥങ്ങൾ പറയാറുണ്ട്. കേന്ദ്രഭാവങ്ങളെയാണ് കണ്ടകം എന്ന് വ്യവഹരിക്കുക എന്ന് ഒരാശയമുണ്ട്. ജനിച്ചകൂറിലും അതിനെ ഒന്ന് ആയി കണക്കാക്കിയാൽ അതിന്റെ 4, 7, 10 എന്നീ കൂറുകളിലും ശനി സഞ്ചരിക്കുന്ന രണ്ടര വർഷങ്ങളാണ് കണ്ടകശനിക്കാലം എന്നറിയപ്പെടുന്നത്. കണ്ടകത്തിന് മുള്ള്, ശത്രു, ഉപദ്രവകാരി തുടങ്ങിയ അർത്ഥങ്ങളുമുണ്ട്. ആ നിലയ്ക്ക് ചിന്തിച്ചാലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാവും കണ്ടകശനിയുടെ രണ്ടരവർഷക്കാലം എന്ന് കാണാം. ഓരോ മുപ്പത് വർഷത്തിലും നാല് കണ്ടകശനിക്കാലം ഉണ്ടാവാറുണ്ട്. അതായത് ശനി ജന്മരാശിയിലും നാലിലും ഏഴിലും പത്തിലും സഞ്ചരിക്കുന്ന പത്തുവർഷങ്ങൾ. (രണ്ടര വർഷം x 4 രാശികൾ = 10 വർഷം).
മകരം രാശിയിലെ ഇപ്പോഴത്തെ ശനിസഞ്ചാരം മൂലം കണ്ടകശനിദോഷം ഏതൊക്കെ കൂറുകളെയാണ്, അതിൽ വരുന്ന ഏതൊക്കെ നക്ഷത്രങ്ങളെയാണ് ബാധിക്കുക എന്ന് നോക്കാം.
Read Here
- Venus Transit in Gemini Shukra Gochar 2022 effects on stars From Aswathi to Ayilyam: ശുക്രൻ മിഥുനം രാശിയിൽ; അശ്വതി മുതല്‍ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ ഫലങ്ങള്‍
- Ezhara Shani: ഈ മൂന്നു കൂറുകാര്‍ക്ക് ഇനി ഏഴരശനിക്കാലം
- ശനി മകരത്തിലേക്ക്; വിശദമായ ഫലങ്ങള്‍
Kandaka Shani 2022: കണ്ടകശനിദോഷം ബാധിക്കുക ഏതൊക്കെ കൂറുകളെ, നക്ഷത്രങ്ങളെ?
മകരക്കൂറിൽ (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ) ജനിച്ചവർക്ക് ശനി ജന്മരാശിയിലാണ്. അഥവാ ഒന്നാം ഭാവത്തിലാണ്. അവർക്ക് ഏഴരശനിയുടെ നടുവിലെ രണ്ടരവർഷക്കാലമാണിപ്പോൾ. ജന്മശനിയും കണ്ടകശനിയും ഒന്നായി ബാധിക്കുന്ന കാലമാകയാൽ ആരോഗ്യപ്രശ്നങ്ങൾ, ആയുർഭീതി, ഭയപ്പാടുകൾ, ദുഷ്ക്കീർത്തി, വ്യക്തിത്വ പ്രതിസന്ധി എന്നിവ ചില സാധ്യതകളാണ്. ധനവരവ് പുഷ്ടിപ്പെടും എന്ന് പറയാനാവില്ല. ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്താൻ അത്യദ്ധ്വാനം ചെയ്യേണ്ടതായി വരും. മുൻകൂട്ടി തീരുമാനിച്ച പദ്ധതികൾ മാറ്റി വെക്കേണ്ട സാഹചര്യം സംജാതമാവാം. സഹായിക്കാം എന്ന് വാക്ക് തന്നവർ അതിൽ നിന്നും പിന്മാറാനും ഇടയുണ്ട്.
തുലാക്കൂറിൽ (ചിത്തിര 2,3 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ) ജനിച്ചവർക്ക് മകരത്തിലെ ശനി നാലാം രാശിയിലാവുകയാൽ കണ്ടകശനിദോഷം ഭവിക്കുന്നു. സുഖാനുഭവങ്ങൾക്ക് കുറവ് വരും. ഗൃഹനിർമ്മാണം ഇഴയും. വസ്തുവിന്റെ ക്രയവിക്രയങ്ങൾ മന്ദഗതിയിലാവും. അയൽപക്കങ്ങളുമായുള്ള ബന്ധത്തിൽ വിള്ളൽ വരാം. മാതാവിന്റെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ട കാലമാണിത്.
സുഹൃത്തുക്കളുമായി പിണങ്ങാനോ തെറ്റിദ്ധാരണകൾ ഉണ്ടാവാനോ സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുന്നവർ ഏറ്റവും കരുതൽ പുലർത്തേണ്ട കാലഘട്ടമാണിത്. കർമ്മരംഗത്ത് പുരോഗതി അത്രയൊന്നും ദൃശ്യമാവുകയുമില്ല. കടം വാങ്ങാനുള്ള പ്രവണത ശക്തമായിരിക്കും.
അടുത്തത് കർക്കടകക്കൂറിൽ ( പുണർതം നാലാംപാദം, പൂയം, ആയില്യം) ജനിച്ചവരുടെ കാര്യമാണ്. ഏഴാംരാശിയിലാണ് ശനി എന്നതിനാൽ ഇവരേയും കണ്ടകശനി ബാധിക്കുന്നു. പ്രണയികൾക്ക് പ്രണയശൈഥില്യത്തെ അഭിമുഖീകരിക്കേണ്ടി
വന്നേക്കും. ഗാർഹസ്ഥ്യത്തിന്റെ സ്വാസ്ഥ്യം തെല്ല് കുറയും. പങ്കുകച്ചവടത്തിൽ ഏർപ്പെട്ടിട്ടുള്ളവരിൽ പരസ്പരമുള്ള വിശ്വാസത്തിന് ഹാനി സംഭവിക്കാം. പഠനം, തൊഴിൽ എന്നിവക്കായി വിദേശത്ത് പോകാൻ തുനിയുന്നവർക്ക് പലതരം പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ട സ്ഥിതി ഉടലെടുക്കാം. തർക്കവിവാദാദികളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നതാണ് കരണീയം. ഉറക്കക്കുറവ്, മാതൃപിതൃക്ലേശം, ദുസ്സ്വപ്നങ്ങൾ മൂലം മനോവിഷമം, സമയത്ത് ഭക്ഷണം കഴിക്കാനാവാതെ വരിക മുതലായവയും ദോഷമായി പറയാറുണ്ട്.
മേടക്കൂറിൽ (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം) ജനിച്ചവർക്ക് പത്താം ഭാവത്തിലാണ് കണ്ടകശനി ഭവിച്ചിരിക്കുന്നത്. മുഖ്യമായും തൊഴിൽരംഗമാണ് പ്രശ്ന സങ്കീർണമാവുക. അധ്വാനഭാരം അമിതമാവും. അതിനനുസരിച്ച് മേലധികാരികളുടെ തൃപ്തി, ന്യായമായ ശമ്പളവർദ്ധനവ്, അർഹമായ സ്ഥാനക്കയറ്റം തുടങ്ങിയവ ലഭിച്ചു കൊളളണം എന്നില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് അനിഷ്ടസ്ഥലങ്ങളിലേക്ക് ജോലിമാറ്റം വരാം. കച്ചവടക്കാർക്ക് വ്യാപാരം മാന്ദ്യത്തിലാവും. പ്രൊഫഷണലുകൾ കിടമത്സരങ്ങളെ നേരിടേണ്ടതായി വരും. പൊതുപ്രവർത്തകരും രാഷ്ട്രീയക്കാരും ജനാപവാദത്തെ ഭയക്കേണ്ടി വന്നേക്കാം. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടമില്ലാത്ത വിഷയങ്ങളിൽ പ്രവേശിക്കേണ്ടി വരിക എന്നതും ഒരു സാധ്യതയാണ്. പൊതുവേ ദുർവ്യയം ഉണ്ടാവുന്ന കാലവും കൂടിയാണിത്.
മകരശനി വക്രഗതിയിൽ സഞ്ചരിക്കുകയാൽ ദോഷങ്ങൾ കുറഞ്ഞിരിക്കും എന്ന പക്ഷവുമുണ്ട്. പാപഗ്രഹങ്ങൾ വക്രത്തിൽ ശക്തന്മാരാണെന്നും അവർക്ക് നന്മ ചെയ്യാനും കഴിയുമെന്നും അഭിജ്ഞന്മാർ പറയാറുണ്ട്. എന്തായാലും ചില ഗുണങ്ങളും നേട്ടങ്ങളും കൂടി വന്നെത്താതിരിക്കില്ല. നല്ലദശകളിലൂടെയും മെച്ചപ്പെട്ട അപഹാരങ്ങളിലൂടെയും കടന്നുപോകുന്നവർക്ക് കണ്ടകശനിദോഷം പേരിന് മാത്രമായിരിക്കും എന്നതും ഓർക്കത്തക്കതാണ്. വ്യാഴം, രാഹു, ചൊവ്വ തുടങ്ങിയ മറ്റ് ഗ്രഹങ്ങളുടെ ഗോചരഫലം അനുകൂലമാവുമ്പോൾ ശനിദോഷത്തിന് അത്ര കടുപ്പം ഭവിക്കില്ല എന്ന വസ്തുതയും പ്രസ്താവ്യമാണ്.