scorecardresearch
Latest News

വ്യാഴം മേടം രാശിയിൽ: കർമ്മരംഗത്ത് സജീമാകും, മാനസിക സംഘർഷത്തിന് അയവ് വരും

വ്യാഴം മേടം രാശിയിൽ പ്രവേശിച്ച സാഹചര്യത്തിൽ മകയിരം, തിരുവാതിര, പുണർതം, മകം, പൂരം, ഉത്രം, ഉത്രാടം, തിരുവോണം, അവിട്ടം എന്നീ ഒമ്പത് നാളുകളിൽ ജനിച്ചവരുടെ വരുന്ന ഒരു വർഷത്തെ പൊതുഫലം വായിക്കാം

astrology, horoscope, ie malayalam
പ്രതീകാത്മക ചിത്രം

1198 മേടം എട്ടിന്, 2023 ഏപ്രിൽ 22 ന്, ശനിയാഴ്ച രാവിലെ മീനം രാശിയിലെ സഞ്ചാരം പൂർത്തിയാക്കി വ്യാഴം മേടം രാശിയിലേക്ക് പ്രവേശിച്ചു. ഇനി ഒരാണ്ടുകാലം വ്യാഴം മേടം രാശിയിലാവും. 2024 മേയ് മാസം ഒന്നാം തീയതിയാണ് വ്യാഴം അടുത്ത രാശിയായ ഇടവം രാശിയിലേക്ക് കടക്കുന്നത്.

വ്യാഴത്തിന്റെ രാശിമാറ്റം വാർഷികമായ ഒരു ജ്യോതിഷ പ്രതിഭാസമാണ്. ‘ശനിമാറ്റം’ പോലെ പ്രധാനവുമാണ്. ഒരു വർഷം വ്യാഴം ഒരു രാശിയിൽ സഞ്ചരിക്കും. മേടത്തിൽ ഒരു വർഷം, ഇടവത്തിൽ ഒരു വർഷം, മിഥുനത്തിൽ ഒരു വർഷം എന്നിങ്ങനെയാണ് വ്യാഴത്തിന്റെ സഞ്ചാരക്രമം. അങ്ങനെ പന്ത്രണ്ട് രാശികൾ ചുറ്റിവരാൻ വ്യാഴത്തിന് പന്ത്രണ്ട് വർഷം വേണ്ടി വരുന്നു. ഇതിനെ ‘വ്യാഴവട്ടം ‘ എന്ന് ജ്യോതിഷം, സാഹിത്യം എന്നിവയിലൊക്കെ വിശേഷിപ്പിക്കാറുണ്ട്.

കാലപുരുഷ (Time Personified) ന്റെ ശരീരഭാഗങ്ങളാണ് പന്ത്രണ്ട് രാശികൾ. മേടം ശിരസ്സിനെ കുറിക്കുന്നു. ഏറ്റവും സാത്വികഗ്രഹമായ, ദേവന്മാരുടെ മന്ത്രിയായ, മറ്റ് ഗ്രഹങ്ങളുടെ ഗുരുനാഥനായ വ്യാഴം ശിരസ്സിൽ പ്രവേശിക്കുകയാൽ പൊതുവേ മനുഷ്യർക്ക് സദ്ചിന്താഗതി വളരാൻ സാഹചര്യം ഒരുങ്ങാം. അങ്ങനെ പറയപ്പെടുന്നു.

മേടം രാശി വ്യാഴത്തിന്റെ മിത്രം ആയ ചൊവ്വയുടെ ഗൃഹമാണ്, ചൊവ്വയുടെ സ്വക്ഷേത്രമാണ്. മിത്രഗൃഹത്തിലെ വ്യാഴം മുദിതനായിരിക്കും. സ്വയം സന്തോഷിക്കുന്ന ഗ്രഹം ലോകത്തെ മുഴുവൻ സന്തോഷിപ്പിക്കുമെന്ന് കരുതുന്നതിൽ തെറ്റില്ലല്ലോ?

എന്നാൽ ഈ വർഷം തുലാം / ഒക്ടോബർ മാസംവരെ രാഹുവും അപ്രദക്ഷിണഗതി (Anti Clockwise ) ആയി മേടം രാശിയിൽ സഞ്ചരിക്കുകയാൽ വ്യാഴത്തിന്റെ ഉൽകൃഷ്ടതയ്ക്ക് കുറഞ്ഞൊരു മങ്ങൽ വരാനിടയുണ്ട്. പ്രതീക്ഷിച്ചത്ര നേട്ടങ്ങൾ നൽകാൻ വ്യാഴത്തിന് കഴിഞ്ഞില്ലെന്ന് വന്നേക്കാം. ഗുരു- രാഹു യോഗത്താൽ ദുർഫലങ്ങൾ സൃഷ്ടിക്കപ്പെടാം. എന്നാൽ രാഹുവിന്റെ മേടം രാശിസ്ഥിതി മൂലം ക്ലേശങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നവർക്ക് വ്യാഴം രാഹുവിനൊപ്പം ചേരുന്നതോടെ ആശ്വാസമാകും. രാഹുവിന്റെ കളങ്കങ്ങളും പാരുഷ്യങ്ങളും കുറച്ചൊക്കെ വിമലീകൃത (purgation) മാകാം.

‘ഗുരു’ എന്ന പേരിലെ ആദ്യാക്ഷരമായ ‘ഗു’ എന്ന അക്ഷരം കൊണ്ടാണ് ഗ്രഹനിലയിൽ വ്യാഴത്തെ അടയാളപ്പെടുത്തുന്നത്. ജീവൻ, ബൃഹസ്പതി, ദേവമന്ത്രി, സുരാചാര്യൻ തുടങ്ങിയ വ്യാഴത്തിന്റെ പേരുകൾ പ്രശസ്തങ്ങളാണ്. ധനം, സന്താനം, പ്രതിഭാവിലാസം, ബുദ്ധി, വിവേകം, വാക്ക്, സംസ്കാരം എന്നിവയുടെ കാരകഗ്രഹം / Authority വ്യാഴം ആണ്. പൊതുവേ ഗ്രഹനിലയിൽ വ്യാഴത്തിന് ബലമുണ്ടെങ്കിൽ ആ വ്യക്തിയുടെ ജീവിതം ശ്രേയസ്സ് നിറഞ്ഞതാവും എന്നാണ് വിശ്വാസം.

വ്യാഴത്തിന്റെ മേടം രാശിപ്രവേശം മകയിരം, തിരുവാതിര, പുണർതം, മകം, പൂരം, ഉത്രം, ഉത്രാടം, തിരുവോണം, അവിട്ടം,എന്നീ ഒമ്പത് നാളുകളിൽ ജനിച്ചവർക്ക് എന്തെല്ലാം ഫലങ്ങളാവും ലഭിക്കുക എന്ന് ജ്യോതിഷപരമായ വിലയിരുത്തൽ വായിക്കാം

മിഥുനക്കൂർ (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം മുക്കാൽ): പതിനൊന്നാം വ്യാഴത്തിന്റെ പ്രതാപകാലമാണ്. ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടും. സജ്ജനങ്ങളുടെ സഹായം, വിവാഹസിദ്ധി, സന്താനലബ്ധി, സന്താനങ്ങൾക്ക് ശ്രേയസ്സ് തുടങ്ങി പലതരം നല്ല അനുഭവങ്ങൾ വന്നുചേരാം. കർമ്മരംഗം ഉണരും. ഉദ്യോഗത്തിൽ ഉയർച്ച പ്രതീക്ഷിക്കാം. വ്യാപാരം തുടങ്ങാനോ വിപുലീകരിക്കാനോ സാധിച്ചേക്കും. സർക്കാരിൽ നിന്നും അനുമതി / വായ്പ/ ആനുകൂല്യങ്ങൾ സിദ്ധിച്ചേക്കും. ഉപരിപഠനം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. വ്യാഴം, രാഹു, ശനി തുടങ്ങിയ പ്രധാന മൂന്ന് ഗ്രഹങ്ങളും അനുകൂലഭാവത്തിലാകയാൽ ഗ്രഹനില പ്രകാരം കർമ്മബലവും കൂടിയുണ്ടെങ്കിൽ ജീവിതം ഐശ്വര്യ പൂർണമായിത്തീരുന്നതാണ്.

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം ഒന്നാം പാദം): ഒമ്പതാം രാശിയിലാണ് വ്യാഴം സംക്രമിച്ചിരിക്കുന്നത്. ഭാഗ്യം, സദ്ഗുണങ്ങൾ, സൗശീല്യം , ഗുരു, കാരണർ എന്നിവ ഒമ്പതാമെടം കൊണ്ട് ചിന്തിക്കുന്നു. പ്രസ്തുത വിഷയങ്ങൾക്കെല്ലാം നേട്ടവും പുഷ്ടിയും അനുഭവപ്പെടുന്ന വർഷമാണ്. കഴിഞ്ഞ വർഷത്തെ സാമ്പത്തികമായ കഷ്ടനഷ്ടങ്ങളെ ഒട്ടൊക്കെ തിരിച്ചു പിടിക്കുവാൻ കഴിയും. കർമ്മരംഗം ഉന്മേഷഭരിതമാകും. ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്താൻ സാധിക്കും. വ്യാഴം ജന്മരാശിയിലേക്ക് നോക്കുകയാൽ പൊതുവേ എല്ലാക്കാര്യങ്ങളിലും ഈശ്വരാധീനം അനുഭവപ്പെടും. മക്കൾക്ക് ശ്രേയസ്സ് കൈവരും. സജ്ജനങ്ങളുടെ പിൻതുണ നേടാനാവും. വ്യാഴത്തിനൊപ്പം രാഹുവും നവമഭാവത്തിലിരിക്കുകയാൽ വ്യാഴം പൂർണ ഗുണപ്രദനാവാൻ ഇടവമാസം കഴിയും. ജാതകവശാലും അനുകൂലമായ കാലഘട്ടമാണെങ്കിൽ നല്ലവർഷം തന്നെയാവും.

മകരക്കൂർ (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി): വ്യാഴപ്പകർച്ച നാലാം ഭാവത്തിലേക്കാണ്. കുടുംബജീവിതത്തിൽ ശാന്തിയും സമാധാനവും നിറയും. മനസ്സിന്റെ പിരിമുറുക്കങ്ങൾക്ക് അയവുണ്ടാകും. പഴയ വീട് പുതുക്കാനാവും. വാഹനം വാങ്ങാൻ കഴിഞ്ഞേക്കും. മാതൃബന്ധുക്കളുടെ പിന്തുണ ആർജിക്കുന്നതാണ്. ഉന്നത പഠനത്തിന് അവസരം ലഭിക്കും. വ്യാഴം കർമ്മസ്ഥാനത്ത് നോക്കുന്നതിനാൽ തൊഴിൽരഹിതർക്ക് തൊഴിൽ സിദ്ധിക്കും. കച്ചവടത്തിൽ വളർച്ചയുണ്ടാകും. കരാർജോലികൾ സ്ഥിരപ്പെടുന്നതാണ്. വ്യാപാരസ്ഥാപനം നവീകരിക്കാനാവും. കടക്കെണിയിൽ നിന്നും മോചനം നേടാനും ഉള്ള ശ്രമം വിജയിച്ചേക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കുന്നതാണ്. നല്ലകാര്യങ്ങൾക്കായുള്ള ചെലവും ഭവിക്കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Jupiter transit to aries makayiram thiruvathira punartham makam pooram uthram uthradam thiruvonam avittam people star predictions