1198 മേടം എട്ടിന്, 2023 ഏപ്രിൽ 22 ന്, ശനിയാഴ്ച രാവിലെ മീനം രാശിയിലെ സഞ്ചാരം പൂർത്തിയാക്കി വ്യാഴം മേടം രാശിയിലേക്ക് പ്രവേശിച്ചു. ഇനി ഒരാണ്ടുകാലം വ്യാഴം മേടം രാശിയിലാവും. 2024 മേയ് മാസം ഒന്നാം തീയതിയാണ് വ്യാഴം അടുത്ത രാശിയായ ഇടവം രാശിയിലേക്ക് കടക്കുന്നത്.
വ്യാഴത്തിന്റെ രാശിമാറ്റം വാർഷികമായ ഒരു ജ്യോതിഷ പ്രതിഭാസമാണ്. ‘ശനിമാറ്റം’ പോലെ പ്രധാനവുമാണ്. ഒരു വർഷം വ്യാഴം ഒരു രാശിയിൽ സഞ്ചരിക്കും. മേടത്തിൽ ഒരു വർഷം, ഇടവത്തിൽ ഒരു വർഷം, മിഥുനത്തിൽ ഒരു വർഷം എന്നിങ്ങനെയാണ് വ്യാഴത്തിന്റെ സഞ്ചാരക്രമം. അങ്ങനെ പന്ത്രണ്ട് രാശികൾ ചുറ്റിവരാൻ വ്യാഴത്തിന് പന്ത്രണ്ട് വർഷം വേണ്ടി വരുന്നു. ഇതിനെ ‘വ്യാഴവട്ടം ‘ എന്ന് ജ്യോതിഷം, സാഹിത്യം എന്നിവയിലൊക്കെ വിശേഷിപ്പിക്കാറുണ്ട്.
കാലപുരുഷ (Time Personified) ന്റെ ശരീരഭാഗങ്ങളാണ് പന്ത്രണ്ട് രാശികൾ. മേടം ശിരസ്സിനെ കുറിക്കുന്നു. ഏറ്റവും സാത്വികഗ്രഹമായ, ദേവന്മാരുടെ മന്ത്രിയായ, മറ്റ് ഗ്രഹങ്ങളുടെ ഗുരുനാഥനായ വ്യാഴം ശിരസ്സിൽ പ്രവേശിക്കുകയാൽ പൊതുവേ മനുഷ്യർക്ക് സദ്ചിന്താഗതി വളരാൻ സാഹചര്യം ഒരുങ്ങാം. അങ്ങനെ പറയപ്പെടുന്നു.
മേടം രാശി വ്യാഴത്തിന്റെ മിത്രം ആയ ചൊവ്വയുടെ ഗൃഹമാണ്, ചൊവ്വയുടെ സ്വക്ഷേത്രമാണ്. മിത്രഗൃഹത്തിലെ വ്യാഴം മുദിതനായിരിക്കും. സ്വയം സന്തോഷിക്കുന്ന ഗ്രഹം ലോകത്തെ മുഴുവൻ സന്തോഷിപ്പിക്കുമെന്ന് കരുതുന്നതിൽ തെറ്റില്ലല്ലോ?.
എന്നാൽ ഈ വർഷം തുലാം / ഒക്ടോബർ മാസംവരെ രാഹുവും അപ്രദക്ഷിണഗതി (Anti Clockwise ) ആയി മേടം രാശിയിൽ സഞ്ചരിക്കുകയാൽ വ്യാഴത്തിന്റെ ഉൽകൃഷ്ടതയ്ക്ക് കുറഞ്ഞൊരു മങ്ങൽ വരാനിടയുണ്ട്. പ്രതീക്ഷിച്ചത്ര നേട്ടങ്ങൾ നൽകാൻ വ്യാഴത്തിന് കഴിഞ്ഞില്ലെന്ന് വന്നേക്കാം. ഗുരു- രാഹു യോഗത്താൽ ദുർഫലങ്ങൾ സൃഷ്ടിക്കപ്പെടാം. എന്നാൽ രാഹുവിന്റെ മേടം രാശിസ്ഥിതി മൂലം ക്ലേശങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നവർക്ക് വ്യാഴം രാഹുവിനൊപ്പം ചേരുന്നതോടെ ആശ്വാസമാകും. രാഹുവിന്റെ കളങ്കങ്ങളും പാരുഷ്യങ്ങളും കുറച്ചൊക്കെ വിമലീകൃത (purgation) മാകാം.
‘ഗുരു’ എന്ന പേരിലെ ആദ്യാക്ഷരമായ ‘ഗു’ എന്ന അക്ഷരം കൊണ്ടാണ് ഗ്രഹനിലയിൽ വ്യാഴത്തെ അടയാളപ്പെടുത്തുന്നത്. ജീവൻ, ബൃഹസ്പതി, ദേവമന്ത്രി, സുരാചാര്യൻ തുടങ്ങിയ വ്യാഴത്തിന്റെ പേരുകൾ പ്രശസ്തങ്ങളാണ്. ധനം, സന്താനം, പ്രതിഭാവിലാസം, ബുദ്ധി, വിവേകം, വാക്ക്, സംസ്കാരം എന്നിവയുടെ കാരകഗ്രഹം / Authority വ്യാഴം ആണ്. പൊതുവേ ഗ്രഹനിലയിൽ വ്യാഴത്തിന് ബലമുണ്ടെങ്കിൽ ആ വ്യക്തിയുടെ ജീവിതം ശ്രേയസ്സ് നിറഞ്ഞതാവും എന്നാണ് വിശ്വാസം.
വ്യാഴത്തിന്റെ മേടം രാശിപ്രവേശം ചിത്തിര, ചോതി, വിശാഖം, മൂലം, പൂരാടം, ഉത്രാടം, അവിട്ടം, ചതയം, പൂരുട്ടാതി എന്നിങ്ങനെ ഒമ്പത് നാളുകളിൽ ജനിച്ചവർക്ക് എന്തെല്ലാം ഫലങ്ങളാവും സൃഷ്ടിക്കുക എന്ന ജ്യോതിഷപരമായ വിലയിരുത്തൽ വായിക്കാം.
തുലാക്കൂർ (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ): വ്യാഴം സപ്തമഭാവത്തിലേക്ക് പകരുകയാണ്. ബാഹ്യലോകവുമായുള്ള ബന്ധം മെച്ചപ്പെടും. സമൂഹത്തിന്റെ ആദരവും അംഗീകാരവും ലഭിക്കും. തൊഴിലിൽ അഭിവൃദ്ധിയുണ്ടാകും. വിദേശപഠനം/ വിദേശ തൊഴിൽ എന്നിവയ്ക്ക് അവസരം ഒരുങ്ങും. നവമാധ്യമങ്ങളിൽ ശ്രദ്ധേയത കൈവരിക്കും. പ്രണയം സുരഭിലമാകും. അവിവാഹിതർക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാൻ കഴിയും. ധനപരമായി മെച്ചമുണ്ടാകുന്നതാണ്. മാനസികമായി, ഔദ്യോഗികമായി ഒക്കെ ഒരു മുന്നോട്ട് പോക്ക് കൈവരുന്ന വർഷമാണെന്ന് ചുരുക്കം. ഗ്രഹനിലപ്രകാരം ദശാപഹാരങ്ങൾ കൂടി അനുകൂലമാണെങ്കിൽ ജീവിതം ശ്രേയസ്സിലേക്ക് നീങ്ങുമെന്നതിൽ തർക്കമില്ല.
ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): പഞ്ചമഭാവത്തിലേക്കാണ് വ്യാഴസംക്രമം. ബുദ്ധിപ്രഭാവം കൊണ്ട് പരീക്ഷകളിൽ വലിയ വിജയം നേടും. ഭവനാവിലാസത്താൽ കലാരംഗത്തും മുടിചൂടും. ദൗർഭാഗ്യങ്ങൾ നീങ്ങി ജീവിതം പ്രശോഭിതമാകുന്നതാണ്. സന്താനതടസ്സം മാറും. സന്താനങ്ങൾക്ക് ശ്രേയസ്സും ഉണ്ടാകും. ധനസ്ഥിതി ഉയരുന്നതാണ്. മേഖല ഏതായാലും കർമ്മവിജയം പ്രതീക്ഷിക്കാം. ഗൃഹനവീകരണം നടക്കും. ചിരകാല പ്രാർത്ഥിതങ്ങൾ സാക്ഷാൽകരിക്കപ്പെടുന്ന കാലം കൂടിയാണ്. പൊതുവേ ജീവിതം പുരോഗതിയിലേക്ക് നീങ്ങുന്നതാണ്. എന്നാൽ ദശാപഹാരാദികൾ അനുകൂലമാണോ എന്നതും പ്രസക്തമാണ്.
കുംഭക്കൂർ (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ): ഭാഗ്യാനുഭവങ്ങൾ കുറയില്ല. പിതൃസ്വത്തിൽ അധികാരാവകാശങ്ങൾ സിദ്ധിക്കും. കർമ്മഗുണമുണ്ടാവും. തീർത്ഥാടനയോഗം കാണുന്നു. അവിവാഹിതരുടെ വിവാഹ സ്വപ്നങ്ങൾ പൂവണിയുന്നതാണ്. പലരുമായി കൂട്ടുചേർന്ന് നവസംരംഭങ്ങൾ ആരംഭിക്കുവാനുള്ള ശ്രമം സഫലമാകും. വ്യാഴം പതിനൊന്നാം ഭാവത്തിലേക്ക് നോക്കുന്നതിനാൽ പണവരവ് വർദ്ധിക്കും. പഠനഗവേഷണാദികളിൽ വിജയം നേടും. ന്യായമായ ഇച്ഛകൾ ഫലവത്താകുന്നതാണ്. ദാമ്പത്യജീവിതത്തിൽ സമാധാനം പുലരും. കഴിവുള്ളവരുടെ ഒത്താശ ധൈര്യമേകും. വ്യാഴരാഹു യോഗം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനിടയുള്ളതിനാൽ കരുതൽ വേണം. ദശാപഹാരങ്ങൾ കൂടി അനുകൂലമാണെങ്കിൽ വ്യാഴമാറ്റം പ്രയോജനപ്രദമാവും.