scorecardresearch

വ്യാഴം മേടം രാശിയിലേക്ക് മാറുന്നു

Jupiter transit to Aries 2023 Star Predictions: വ്യാഴത്തിന്റെ മേടം രാശിപ്രവേശം മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് കൂറുകളിൽ ജനിച്ചവർക്ക്, അതായത് അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകളിൽ ജനിച്ചവർക്ക് എന്തെല്ലാം ഫലങ്ങളാവും സൃഷ്ടിക്കുക എന്ന അന്വേഷണമാണ് ഇവിടെ തുടങ്ങുന്നത്

horoscope, astrology, ie malayalam

Jupiter transit to Aries 2023 Star Predictions: 1198 മേടം 8 ന്, 2023 ഏപ്രിൽ 22 ന്, ശനിയാഴ്ച പ്രഭാതത്തിൽ വ്യാഴം രാശി മാറുകയാണ്. മീനം രാശിയിലെ സഞ്ചാരം പൂർത്തിയാക്കി വ്യാഴം മേടം രാശിയിലേക്ക് പ്രവേശിക്കുന്നു. ഇനി ഒരാണ്ടുകാലം വ്യാഴം മേടം രാശിയിലാവും. 2024 മേയ് മാസം ഒന്നാം തീയതിയാണ് വ്യാഴം അടുത്ത രാശിയായ ഇടവം രാശിയിലേക്ക് പകരുന്നത്.

വ്യാഴത്തിന്റെ രാശിമാറ്റം വാർഷികമായ ഒരു ജ്യോതിഷ പ്രതിഭാസമാണ്. ‘ശനിമാറ്റം’ പോലെ പ്രധാനവുമാണ്. ഒരു വർഷം വ്യാഴം ഒരു രാശിയിൽ സഞ്ചരിക്കും. മേടത്തിൽ ഒരു വർഷം, ഇടവത്തിൽ ഒരു വർഷം, മിഥുനത്തിൽ ഒരു വർഷം എന്നിങ്ങനെയാണ് വ്യാഴത്തിന്റെ സഞ്ചാരക്രമം. അങ്ങനെ പന്ത്രണ്ട് രാശികൾ ചുറ്റിവരാൻ വ്യാഴത്തിന് പന്ത്രണ്ട് വർഷം വേണ്ടി വരുന്നു. ഇതിനെ ‘വ്യാഴവട്ടം ‘ എന്ന് ജ്യോതിഷം, സാഹിത്യം എന്നിവയിലൊക്കെ വിശേഷിപ്പിക്കാറുണ്ട്.

കാലപുരുഷ (Time Personified) ന്റെ ശരീരഭാഗങ്ങളാണ് പന്ത്രണ്ട് രാശികൾ. മേടം ശിരസ്സിനെ കുറിക്കുന്നു. ഏറ്റവും സാത്വികഗ്രഹമായ, ദേവന്മാരുടെ മന്ത്രിയായ, മറ്റ് ഗ്രഹങ്ങളുടെ ഗുരുനാഥനായ വ്യാഴം ശിരസ്സിൽ പ്രവേശിക്കുകയാൽ പൊതുവേ മനുഷ്യർക്ക് സദ്ചിന്താഗതി വളരാൻ സാഹചര്യം ഒരുങ്ങാം. അങ്ങനെ പറയപ്പെടുന്നു.

മേടം രാശി വ്യാഴത്തിന്റെ മിത്രം ആയ ചൊവ്വയുടെ ഗൃഹമാണ്, ചൊവ്വയുടെ സ്വക്ഷേത്രമാണ്. മിത്രഗൃഹത്തിലെ വ്യാഴം മുദിതനായിരിക്കും. സ്വയം സന്തോഷിക്കുന്ന ഗ്രഹം ലോകത്തെ മുഴുവൻ സന്തോഷിപ്പിക്കുമെന്ന് കരുതുന്നതിൽ തെറ്റില്ലല്ലോ?

എന്നാൽ ഈ വർഷം തുലാം / ഒക്ടോബർ മാസംവരെ രാഹുവും അപ്രദക്ഷിണഗതി (Anti Clockwise ) ആയി മേടം രാശിയിൽ സഞ്ചരിക്കുകയാൽ വ്യാഴത്തിന്റെ ഉൽകൃഷ്ടതയ്ക്ക് കുറഞ്ഞൊരു മങ്ങൽ വരാനിടയുണ്ട്. പ്രതീക്ഷിച്ചത്ര നേട്ടങ്ങൾ നൽകാൻ വ്യാഴത്തിന് കഴിഞ്ഞില്ലെന്ന് വന്നേക്കാം. ഗുരു- രാഹു യോഗത്താൽ ദുർഫലങ്ങൾ സൃഷ്ടിക്കപ്പെടാം. എന്നാൽ രാഹുവിന്റെ മേടം രാശിസ്ഥിതി മൂലം ക്ലേശങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നവർക്ക് വ്യാഴം രാഹുവിനൊപ്പം ചേരുന്നതോടെ ആശ്വാസമാകും. രാഹുവിന്റെ കളങ്കങ്ങളും പാരുഷ്യങ്ങളും കുറച്ചൊക്കെ വിമലീകൃത (purgation) മാകാം.

‘ഗുരു’ എന്ന പേരിലെ ആദ്യാക്ഷരമായ ‘ഗു’ എന്ന അക്ഷരം കൊണ്ടാണ് ഗ്രഹനിലയിൽ വ്യാഴത്തെ അടയാളപ്പെടുത്തുന്നത്. ജീവൻ, ബൃഹസ്പതി, ദേവമന്ത്രി, സുരാചാര്യൻ തുടങ്ങിയ വ്യാഴത്തിന്റെ പേരുകൾ പ്രശസ്തങ്ങളാണ്. ധനം, സന്താനം, പ്രതിഭാവിലാസം, ബുദ്ധി, വിവേകം, വാക്ക്, സംസ്കാരം എന്നിവയുടെ കാരകഗ്രഹം / Authority വ്യാഴം ആണ്. പൊതുവേ ഗ്രഹനിലയിൽ വ്യാഴത്തിന് ബലമുണ്ടെങ്കിൽ ആ വ്യക്തിയുടെ ജീവിതം ശ്രേയസ്സ് നിറഞ്ഞതാവും എന്നാണ് വിശ്വാസം.

വ്യാഴത്തിന്റെ മേടം രാശിപ്രവേശം മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് കൂറുകളിൽ ജനിച്ചവർക്ക്, അതായത് അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകളിൽ ജനിച്ചവർക്ക് എന്തെല്ലാം ഫലങ്ങളാവും സൃഷ്ടിക്കുക എന്ന അന്വേഷണമാണ് ഇവിടെ തുടങ്ങുന്നത്.

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): ഭാവിയെ സംബന്ധിച്ച നല്ല തീരുമാനങ്ങൾ കൈക്കൊള്ളും. ധാരാളം കൂടിയാലോചനകൾ നടത്തും. കർമ്മരംഗത്തും കുടുംബത്തിലും കാര്യങ്ങൾ കൂടുതൽ സുഗമവും സുതാര്യവുമായിത്തീരുന്നതാണ്. സന്താനങ്ങളുടെ ശ്രേയസ്സിനായി ഉചിതനടപടികൾ കൈക്കൊള്ളും. പ്രണയബന്ധങ്ങൾ ദൃഢമാകും. അവിവാഹിതർക്ക് വിവാഹം നടക്കാം. പൊതുവേ ധനക്ലേശം കുറയുന്നതാണ്. പാഴ്ച്ചെലവുകൾ, അനാവശ്യയാത്രകൾ എന്നിവ നിയന്ത്രിക്കാനാവും. തടസ്സപ്പെട്ടിരുന്ന സ്ഥാനക്കയറ്റം, ശമ്പളവർദ്ധനവ് എന്നിവ സഫലമാകും. ഭാഗ്യഭാവത്തിലേക്ക് വ്യാഴം നോക്കുകയാൽ ഭാഗ്യപുഷ്ടി ഉണ്ടാകുന്ന കാലമാണ്. തടസ്സങ്ങൾ അകലും. ആദ്യ മൂന്ന് മാസങ്ങളിൽ ആരോഗ്യപരമായി കൂടുതൽ കരുതൽ വേണം.

ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): പന്ത്രണ്ടാം വ്യാഴത്തിന്റെ കാലമാണ്. പ്രവർത്തനങ്ങൾ വിജയിക്കാൻ ലക്ഷ്യബോധവും നിരന്തര പരിശ്രമവും ആവശ്യമായി വരും. ഗൃഹനവീകരണം, പുതുവാഹന ലബ്ധി എന്നിവ പ്രതീക്ഷിക്കാം. മാതാവിന് രോഗം നീങ്ങി ആരോഗ്യസൗഖ്യം വന്നുചേരുന്നതാണ്. കുടുംബാംഗങ്ങൾ തമ്മിലുള്ള അനൈക്യം അകലും. കടം കുറയ്ക്കാനാവും. വരുമാനം ഉയരുമെങ്കിലും ചെലവുകളും ഉണ്ടാകുന്നതാണ്. നല്ലകാര്യങ്ങൾക്ക് വേണ്ടിയുള്ള ചെലവും കൂട്ടത്തിൽ പ്രതീക്ഷിക്കാം. അനാവശ്യയാത്രകൾ ഒഴിവാക്കേണ്ടതുണ്ട്. കൂട്ടുകാരുടെ സഹായം ആശ്വാസം നൽകും. ആരോഗ്യകാര്യങ്ങളിൽ തെല്ലും അലംഭാവമരുത്.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം മുക്കാൽ): പതിനൊന്നാം വ്യാഴത്തിന്റെ പ്രതാപകാലമാണ്. ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടും. സജ്ജനങ്ങളുടെ സഹായം, വിവാഹസിദ്ധി, സന്താനലബ്ധി, സന്താനങ്ങൾക്ക് ശ്രേയസ്സ് തുടങ്ങി പലതരം നല്ല അനുഭവങ്ങൾ വന്നുചേരാം. കർമ്മരംഗം ഉണരും. ഉദ്യോഗത്തിൽ ഉയർച്ച പ്രതീക്ഷിക്കാം. വ്യാപാരം തുടങ്ങാനോ വിപുലീകരിക്കാനോ സാധിച്ചേക്കും. സർക്കാരിൽ നിന്നും അനുമതി / വായ്പ/ ആനുകൂല്യങ്ങൾ സിദ്ധിച്ചേക്കും. ഉപരിപഠനം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. വ്യാഴം, രാഹു, ശനി തുടങ്ങിയ പ്രധാന മൂന്ന് ഗ്രഹങ്ങളും അനുകൂലഭാവത്തിലാകയാൽ ഗ്രഹനില പ്രകാരം കർമ്മബലവും കൂടിയുണ്ടെങ്കിൽ ജീവിതം ഐശ്വര്യ പൂർണമായിത്തീരുന്നതാണ്.

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം): സവിശേഷശ്രദ്ധ വേണ്ടത് കർമ്മരംഗത്തിലാണ്. ഉദ്യോഗസ്ഥരായാലും വ്യാപാരികളായാലും ലക്ഷ്യഭ്രഷ്ടരാവാതെ പ്രവൃത്തി ചെയ്യേണ്ട സന്ദർഭമാണ്. നിലവിലെ തൊഴിൽ ഉപേക്ഷിച്ച് പുതിയതിനായി ശ്രമിക്കുന്നത് ഗുണകരമാവില്ല. കഠിനാധ്വാനം നേട്ടങ്ങൾ അനുഭവത്തിലെത്തിക്കും. സർക്കാരിന്റെ ആനുകൂല്യങ്ങളും അനുമതികളും വൈകിയേക്കാം. വ്യാഴം രണ്ടാം ഭാവത്തിലേക്ക് നോക്കുകയാൽ ധനസ്ഥിതി മോശമാവില്ല. നാലിലെ വ്യാഴദൃഷ്ടി സുഖാനുഭവങ്ങൾക്കും കുടുംബ ഭദ്രതയ്ക്കും വഴിതെളിക്കാം. പുതുവാഹനലബ്ധി, ഗൃഹനവീകരണം എന്നിവ സാധ്യതകളാണ്. ശത്രുക്കളെ അതിജീവിക്കാനാവും. കടക്കെണിയിൽ നിന്നും ആശ്വാസമുണ്ടാകും. ചികിൽസാഭേദം കൊണ്ട് ആരോഗ്യനില മെച്ചപ്പെടുന്നതാണ്.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): ഒമ്പതാം രാശിയിലാണ് വ്യാഴം സംക്രമിച്ചിരിക്കുന്നത്. ഭാഗ്യം, സദ്ഗുണങ്ങൾ, സൗശീല്യം , ഗുരു, കാരണർ എന്നിവ ഒമ്പതാമെടം കൊണ്ട് ചിന്തിക്കുന്നു. പ്രസ്തുത വിഷയങ്ങൾക്കെല്ലാം നേട്ടവും പുഷ്ടിയും അനുഭവപ്പെടുന്ന വർഷമാണ്. കഴിഞ്ഞ വർഷത്തെ സാമ്പത്തികമായ കഷ്ടനഷ്ടങ്ങളെ ഒട്ടൊക്കെ തിരിച്ചു പിടിക്കുവാൻ കഴിയും. കർമ്മരംഗം ഉന്മേഷഭരിതമാകും. ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്താൻ സാധിക്കും. വ്യാഴം ജന്മരാശിയിലേക്ക് നോക്കുകയാൽ പൊതുവേ എല്ലാക്കാര്യങ്ങളിലും ഈശ്വരാധീനം അനുഭവപ്പെടും. മക്കൾക്ക് ശ്രേയസ്സ് കൈവരും. സജ്ജനങ്ങളുടെ പിൻതുണ നേടാനാവും. വ്യാഴത്തിനൊപ്പം രാഹുവും നവമഭാവത്തിലിരിക്കുകയാൽ വ്യാഴം പൂർണ ഗുണപ്രദനാവാൻ ഇടവമാസം കഴിയും. ജാതകവശാലും അനുകൂലമായ കാലഘട്ടമാണെങ്കിൽ ഒരു നല്ലവർഷം തന്നെയാവും.

കന്നിക്കൂറിന് (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി): അഷ്ടമവ്യാഴം പലതരം സംഘർഷങ്ങൾ ഉയർത്താം. ചില പ്രതീക്ഷകൾ സഫലമാകാൻ വൈകിയേക്കും. ധനസ്ഥിതി മോശമാകില്ല. എന്നാൽ മക്കളുടെ വിദ്യാഭ്യാസം, വിവാഹം പോലുള്ള സൽകാര്യങ്ങൾക്ക് പ്രതീക്ഷിച്ചതിലധികം ചെലവുണ്ടാകാം. തീർത്ഥാടനം ഒരു സാധ്യതയാണ്. കുടുംബസൗഖ്യം, പഠനനേട്ടങ്ങൾ, വാക് വൈഭവം എന്നിവ പ്രധാന ഗുണാനുഭവങ്ങൾ. വീട്ടിൽ സമാധാനം പുലരുന്നതാണ്. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ പ്രത്യേകമായ ശ്രദ്ധ വേണം. ജാമ്യം നിൽക്കുക, പ്രമാണങ്ങളിൽ ഒപ്പിടുക തുടങ്ങിയവ തികഞ്ഞ ആലോചനയോടെയാവണം. സാഹസങ്ങൾക്ക് മുതിരാതിരിക്കുകയും കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്തുകയും വേണ്ടതുണ്ട്.

തുലാക്കൂറിന് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ): വ്യാഴം സപ്തമഭാവത്തിലേക്ക് പകരുകയാണ്. ബാഹ്യലോകവുമായുള്ള ബന്ധം മെച്ചപ്പെടും. സമൂഹത്തിന്റെ ആദരവും അംഗീകാരവും ലഭിക്കും. തൊഴിലിൽ അഭിവൃദ്ധിയുണ്ടാകും. വിദേശപഠനം/ വിദേശ തൊഴിൽ എന്നിവയ്ക്ക് അവസരം ഒരുങ്ങും. നവമാധ്യമങ്ങളിൽ ശ്രദ്ധേയത കൈവരിക്കും. പ്രണയം സുരഭിലമാകും. അവിവാഹിതർക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാൻ കഴിയും. ധനപരമായി മെച്ചമുണ്ടാകുന്നതാണ്. മാനസികമായി, ഔദ്യോഗികമായി ഒക്കെ ഒരു മുന്നോട്ട് പോക്ക് കൈവരുന്ന വർഷമാണെന്ന് ചുരുക്കം. ഗ്രഹനിലപ്രകാരം ദശാപഹാരങ്ങൾ കൂടി അനുകൂലമാണെങ്കിൽ ജീവിതം ശ്രേയസ്സിലേക്ക് നീങ്ങുമെന്നതിൽ തർക്കമില്ല.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): കഠിനാദ്ധ്വാനത്തിലൂടെ വലിയ ലക്ഷ്യങ്ങൾ നേടാനാവും. വിദേശയാത്രകൊണ്ട് പഠിപ്പ് /തൊഴിൽ എന്നിവയിൽ വിജയം നേടും. സ്വാശ്രയത്വം അഭിനന്ദിക്കപ്പെടും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ക്ഷേത്രാടനം, ആത്മീയ കാര്യങ്ങൾ എന്നിവയിൽ താല്പര്യം ഉണ്ടായേക്കും. വ്യാഴം രണ്ടിലേക്ക് ദൃഷ്ടി ചെയ്യുകയാൽ കുടുംബസൗഖ്യം ഭവിക്കാം. സമുചിതസംഭാഷണം ആദരിക്കപ്പെടും. നൂതന സാങ്കേതിക വിദ്യകളിൽ പാടവം സിദ്ധിക്കുന്നതാണ്. ബാങ്കിൽ നിന്നും വായ്പാ സഹായം കൈവരും. കലാ പ്രവർത്തനങ്ങളിൽ വളർച്ചയുണ്ടാകുന്നതാണ്. ആരോഗ്യപരമായി കൂടുതൽ ശ്രദ്ധവേണം. വ്യവഹാരങ്ങളിൽ നിന്നും അകന്ന് നിൽക്കുന്നത് ഉത്തമം.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): പഞ്ചമഭാവത്തിലേക്കാണ് വ്യാഴസംക്രമം. ബുദ്ധിപ്രഭാവം കൊണ്ട് പരീക്ഷകളിൽ വലിയ വിജയം നേടും. ഭവനാവിലാസത്താൽ കലാരംഗത്തും മുടിചൂടും. ദൗർഭാഗ്യങ്ങൾ നീങ്ങി ജീവിതം പ്രശോഭിതമാകുന്നതാണ്. സന്താനതടസ്സം മാറും. സന്താനങ്ങൾക്ക് ശ്രേയസ്സും ഉണ്ടാകും. ധനസ്ഥിതി ഉയരുന്നതാണ്. മേഖല ഏതായാലും കർമ്മവിജയം പ്രതീക്ഷിക്കാം. ഗൃഹനവീകരണം നടക്കും. ചിരകാല പ്രാർത്ഥിതങ്ങൾ സാക്ഷാൽകരിക്കപ്പെടുന്ന കാലം കൂടിയാണ്. പൊതുവേ ജീവിതം പുരോഗതിയിലേക്ക് നീങ്ങുന്നതാണ്. എന്നാൽ ദശാപഹാരാദികൾ അനുകൂലമാണോ എന്നതും പ്രസക്തമാണ്.

മകരക്കൂറിന് (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി): വ്യാഴപ്പകർച്ച നാലാം ഭാവത്തിലേക്കാണ്. കുടുംബജീവിതത്തിൽ ശാന്തിയും സമാധാനവും നിറയും. മനസ്സിന്റെ പിരിമുറുക്കങ്ങൾക്ക് അയവുണ്ടാകും. പഴയ വീട് പുതുക്കാനാവും. വാഹനം വാങ്ങാൻ കഴിഞ്ഞേക്കും. മാതൃബന്ധുക്കളുടെ പിന്തുണ ആർജിക്കുന്നതാണ്. ഉന്നത പഠനത്തിന് അവസരം ലഭിക്കും. വ്യാഴം കർമ്മസ്ഥാനത്ത് നോക്കുന്നതിനാൽ തൊഴിൽരഹിതർക്ക് തൊഴിൽ സിദ്ധിക്കും. കച്ചവടത്തിൽ വളർച്ചയുണ്ടാകും. കരാർജോലികൾ സ്ഥിരപ്പെടുന്നതാണ്. വ്യാപാരസ്ഥാപനം നവീകരിക്കാനാവും. കടക്കെണിയിൽ നിന്നും മോചനം നേടാനും ഉള്ള ശ്രമം വിജയിച്ചേക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കുന്നതാണ്. നല്ലകാര്യങ്ങൾക്കായുള്ള ചെലവും ഭവിക്കും.

കുംഭക്കൂറിന് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ): ഭാഗ്യാനുഭവങ്ങൾ കുറയില്ല. പിതൃസ്വത്തിൽ അധികാരാവകാശങ്ങൾ സിദ്ധിക്കും. കർമ്മഗുണമുണ്ടാവും. തീർത്ഥാടനയോഗം കാണുന്നു. അവിവാഹിതരുടെ വിവാഹ സ്വപ്നങ്ങൾ പൂവണിയുന്നതാണ്. പലരുമായി കൂട്ടുചേർന്ന് നവസംരംഭങ്ങൾ ആരംഭിക്കുവാനുള്ള ശ്രമം സഫലമാകും. വ്യാഴം പതിനൊന്നാം ഭാവത്തിലേക്ക് നോക്കുന്നതിനാൽ പണവരവ് വർദ്ധിക്കും. പഠനഗവേഷണാദികളിൽ വിജയം നേടും. ന്യായമായ ഇച്ഛകൾ ഫലവത്താകുന്നതാണ്. ദാമ്പത്യജീവിതത്തിൽ സമാധാനം പുലരും. കഴിവുള്ളവരുടെ ഒത്താശ ധൈര്യമേകും. വ്യാഴരാഹു യോഗം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനിടയുള്ളതിനാൽ കരുതൽ വേണം. ദശാപഹാരങ്ങൾ കൂടി അനുകൂലമാണെങ്കിൽ വ്യാഴമാറ്റം പ്രയോജനപ്രദമാവും.

മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): രണ്ടാമെടത്തിലെ വ്യാഴസ്ഥിതിയാൽ ധനോന്നതി, വിദ്യാവിജയം, കുടുംബസൗഖ്യം, വാഗ്വൈഭവം എന്നിവ ചില സാധ്യതകളാണ്. വാഗ്ദാനങ്ങൾ നിറവേറ്റും. സമൂഹമധ്യത്തിൽ ആദരിക്കപ്പെടും. കലാപ്രവർത്തനം പൂർവ്വാധികം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാവും. ശത്രുക്കളുടെ വലയം ഭേദിച്ച് പുറത്ത് കടക്കാൻ സാധിച്ചേക്കും. രോഗാരിഷ്ടകൾ ലഘൂകൃതമാവും. കടബാധ്യത കുറഞ്ഞുതുടങ്ങും. കാര്യതടസ്സം നീങ്ങി പുതിയ തൊഴിലിൽ പ്രവേശിക്കാൻ സാഹചര്യം വന്നേക്കും. ഉദ്യോഗസ്ഥർക്ക് അധികാരമുള്ള പദവികൾ സിദ്ധിക്കുന്നതാണ്. പ്രൊഫഷണലുകൾക്ക് സ്വമേഖലകളിലെ മത്സരങ്ങളെ മറികടക്കാനാവും. പഠനത്തിനോ തൊഴിലിനോ അന്യദേശങ്ങളിൽ പോകേണ്ടി വന്നേക്കാം. ജീവിതശൈലീ രോഗങ്ങളെ കരുതേണ്ടതുണ്ട്.

Also Read
Vishu Phalam 2023: സമ്പൂർണ്ണ വിഷു ഫലം 2023, ശ്രീനിവാസ അയ്യർ എഴുതുന്നു
Vishu Phalam 2023: സമ്പൂർണ്ണ വിഷു ഫലം 2023, സിവി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
1198 മേടമാസത്തിലെ സമ്പൂർണ നക്ഷത്രഫലം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Jupiter transit to aries 2023 star predictions