/indian-express-malayalam/media/media_files/uploads/2023/06/june-25-to-July-1-Weekly-Horoscope-Astrological-Predictions-Moolam-to-Revathy.jpg)
June 25- July 01 Weekly Horoscope Astrological Predictions Moolam to Revathi
June 25- July 01 Weekly Horoscope Astrological Predictions Moolam to Revathi: തിരുവാതിര ഞാറ്റുവേലയിലാണ് സൂര്യൻ. ബുധൻ മൗഢ്യത്തോടെ മിഥുനത്തിലേക്കു പ്രവേശിക്കുന്നു. ശനി കുംഭത്തിൽ വക്രഗതിയിലാണ്. വ്യാഴം ഭരണി നക്ഷത്രത്തിൽ പ്രവേശിക്കുന്നു. രാഹു വാരാന്ത്യത്തിൽ അശ്വതി രണ്ടാം പാദത്തിലേക്കും കേതു ചിത്തിരയിലേക്കും നിഷ്ക്രമിക്കുകയാണ്. ചന്ദ്രൻ പൂരത്തിൽ തുടങ്ങി അനിഴത്തിൽ യാത്ര തുടരുന്നു. ചൊവ്വ ആയില്യം നാളിലെ അവസാന ആഴ്ചയിലാണ്. ശുക്രൻ ആയില്യത്തിൽ സഞ്ചാരം തുടരുന്നു.
ഈ വിധമുള്ള ഈ ആഴ്ചയിലെ ഗ്രഹനില മൂലം മുതൽ രേവതി വരെയുള്ള നാളുകാരെ എങ്ങനെ സ്വാധീനിക്കുന്നു/ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഇവിടെ അന്വേഷിക്കുന്നത്.
മൂലം: പ്രതീക്ഷിച്ച കാര്യങ്ങൾ മിക്കതും ഭംഗിയായി നിറവേറാനാവും. കരുതൽ ധനം ഉണ്ടാവും. ചന്ദ്രൻ 9, 10, 11 ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ കർമ്മരംഗം ശോഭനമാകും. വ്യാപാരികൾക്ക് തൊഴിൽ വിപുലീകരണം സാധ്യമാകും. ഉദ്യോഗസ്ഥർക്ക് സ്വന്തം സ്വാധീനം ഉയർത്താൻ കഴിയും. ഇഷ്ടവിഷയങ്ങളിൽ ഉപരിപഠനം, പരീക്ഷകളിൽ മികവ് എന്നിവയുണ്ടാവും. ആരോഗ്യപ്രശ്നങ്ങൾ കുറയുന്നതാണ്. കുടുംബസദസ്സുകളിൽ നന്നായി കാര്യങ്ങൾ അവതരിപ്പിക്കും.
പൂരാടം: പ്രധാനതീരുമാനങ്ങൾ ചിലതൊക്കെ കൈക്കൊള്ളും. ഒട്ടൊക്കെ സ്വാശ്രയത്വം സാധ്യമാകും. മേലധികാരികളുടെ വിശ്വാസമാർജ്ജിക്കും.ആശയങ്ങളുടെ മികവുറ്റ അവതരണത്തിലൂടെ സഹപ്രവർത്തകരുടെ നേതൃത്വപദവി ഏറ്റെടുക്കുന്നതാണ്. ശുക്ര - കുജ യോഗത്താൽ ചെറിയ മനപ്രയാസങ്ങളുണ്ടാവും. ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം. വസ്തു, വാങ്ങി വിൽക്കുന്നവർക്ക് നഷ്ടം വന്നേക്കും. പൊതുവേ മനസ്സമാധാനവും ശാന്തിയും അനുഭവപ്പെടുന്ന വാരമായിരിക്കും.
ഉത്രാടം: ഉത്തരവാദിത്വങ്ങൾ നിറവേറുന്നതിൽ വിജയിക്കും. അമിതാദ്ധ്വാനം വിഷമിപ്പിച്ചേക്കാം. ധനപരമായി മെച്ചമുള്ള സമയമാണെങ്കിലും വ്യയം അധികമാകുന്നതാണ്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ പുരോഗതി സന്തോഷമുണ്ടാക്കും. കൃഷികാര്യങ്ങൾക്ക് കൂടുതൽ നേരം ചെലവഴിക്കാൻ തയ്യാറാവും. വസ്തുസംബന്ധിച്ച ക്രയവിക്രയങ്ങളിൽ തടസ്സം നേരിട്ടേക്കാം. സാഹിത്യകാരന്മാർക്ക് മുടങ്ങിയ രചനകൾ പൂർത്തിയാക്കാൻ കഴിഞ്ഞേക്കും.
തിരുവോണം: ആഴ്ചയുടെ തുടക്കം ക്ലേശകരമാവാം. ബുധൻ തൊട്ട് സദ്ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിലെ മുതിർന്നവരുടെ രോഗദുരിതങ്ങൾ കുറയാം. ധനപരമായി നേട്ടങ്ങൾക്കാവും മുൻതൂക്കം. നവസംരംഭങ്ങൾക്കായി ബാങ്ക് / സർക്കാർ ധനസഹായം പ്രയോജനം ചെയ്യാം. വൈജ്ഞാനികമായും ധനാത്മകമായ വാരമാണ്. ആത്മീയയാത്രകൾക്ക് സാധ്യതയുണ്ട്. കൃത്യനിർവ്വഹണം സ്തുത്യർഹമായിരിക്കും
അവിട്ടം: ഉദ്യോഗത്തിലെ സത്യസന്ധത ശ്ലാഘിക്കപ്പെടും. വിമർശനങ്ങൾക്ക് മറുപടി നൽകുന്നതിൽ വിജയിക്കും. വ്യാപാരവിപുലീകരണം ആലോചനയിൽ നിറയും. കുടുംബാംഗങ്ങളുടെ അനൈക്യം രമ്യമാക്കാൻ വലിയ ഊർജ്ജം വേണ്ടിവന്നേക്കും. കുംഭക്കൂറുകാർക്ക് ചൊവ്വാ, ബുധൻ ദിവസങ്ങൾ കുറച്ചൊന്ന് കഠിനങ്ങളാവാം. സാഹസങ്ങൾ ഒഴിവാക്കുക അഭികാമ്യം. ഊഹക്കച്ചവടത്തിൽ ശ്രദ്ധ പുലർത്തണം.
ചതയം: ശനി ചതയം നാളിൽ വക്രസഞ്ചാരം നടത്തുകയാൽ കടുത്ത അനുഭവങ്ങൾ കുറഞ്ഞുതുടങ്ങും. കാര്യതടസ്സവും കർമ്മപുഷ്ടിക്കുറവും നീങ്ങിക്കിട്ടും. കച്ചവടത്തിൽ ലാഭം കൂടുന്നതാണ്. ഉപഭോക്താക്കളെ ആകർഷിക്കുന്ന കച്ചവടതന്ത്രങ്ങൾ വിലപ്പോവും. വിദ്യാർത്ഥികൾക്ക് ഭാവിപഠനത്തെ സംബന്ധിച്ച വ്യക്തത സിദ്ധിച്ചേക്കും. ദുഷ്പ്രേരണകളെ സമർത്ഥമായി പ്രതിരോധിക്കാൻ കഴിയും. പ്രോജക്ടുകൾ മേലധികാരികളുടെ അംഗീകാരം നേടുന്നതായിരിക്കും. കിടപ്പ് രോഗികൾക്ക് സമാശ്വാസം കൈവരുന്നതാണ്.
പൂരുരുട്ടാതി: ദുർഘടങ്ങൾ ഒഴിഞ്ഞുപോകുന്നതായി തോന്നും. ശരീരവും മനസ്സും ഉന്മേഷഭരിതമാവും. പുതുസംരംഭങ്ങൾക്ക് കുറച്ചൊക്കെ കാലം അനുകൂലമായി വരും. സാമ്പത്തിക കാര്യങ്ങളിൽ ആശ്വാസം ഭവിക്കാം. തൊഴിൽ തേടുന്നവർക്ക് പുതിയ അവസരങ്ങൾ വന്നെത്തുന്നതായിരിക്കും. വീടുമായി പിണങ്ങിക്കഴിയുന്നവർ, അകന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒന്നിക്കാൻ സാഹചര്യം സംജാതമായേക്കാം. ലക്ഷ്യബോധത്തോടെയുള്ള പഠനം വിജയിക്കാൻ തുടങ്ങും.
ഉത്രട്ടാതി: ഗ്രഹങ്ങൾക്ക് കുറച്ച് അനുകൂലാവസ്ഥയുള്ള തിനാൽ നീണ്ടുപോയ വിവാഹം നടക്കാനിടയുണ്ട്. തൊഴിലിൽ തടസ്സങ്ങൾ മാറുന്നതാണ്. കടബാധ്യതകളാൽ വിഷമവൃത്തത്തിൽ പെട്ടുപോയവർക്ക് തിരിച്ചടവിന് കഴിയും. പണയവസ്തുക്കൾ ഭാഗികമായെങ്കിലും മടക്കിയെടുക്കാൻ സാധിച്ചേക്കും. അനാവശ്യപിടിവാശികൾ കലുഷമാക്കിയ ബന്ധങ്ങൾ പുനശ്ചിന്തയിലൂടെ ഐക്യപ്പെടാം. പഠനത്തിൽ പുരോഗതി ദൃശ്യമാകുന്നതാണ്. കൂട്ടുകാരുടെ പിന്തുണ പ്രചോദനമേകും. അനാവശ്യ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് നന്ന്.
രേവതി: കഠിനവ്യഥകൾ ക്ക് ഒട്ടൊക്കെ ശമനം വരുന്ന കാലമാണ്. വ്യവഹാര വിഷയങ്ങളിൽ നീതികിട്ടാം. വലിയ തർക്കങ്ങളിൽ അനുരഞ്ജനം പ്രതീക്ഷിക്കാനാവും. അന്യനാടുകളിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം വന്നെത്തുന്നതാണ്. അനാവശ്യച്ചെലവുകൾ നിയന്ത്രണവിധേയമായേക്കും. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയവർക്ക് അവ തുടരാൻ സാധിക്കും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ മാറും. പൊതുവേ ആശ്വാസത്തിന്റെ കാലമാണ്. എങ്കിലും അനാവശ്യമായ തിടുക്കം ഒഴിവാക്കുകയാവും ഉചിതം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.