scorecardresearch

Weekly Horoscope: June 25- July 01, 2023 Astrological Predictions: വാരഫലം, അശ്വതി മുതൽ ആയില്യം വരെ

June 25- July 01 Weekly Horoscope Astrological Predictions Aswathi to Ayilyam: ഈ ആഴ്ചയിലെ ഗ്രഹനില അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരെ എങ്ങനെ സ്വാധീനിക്കുന്നു/ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഇവിടെ അന്വേഷിക്കുന്നത്

June 25- July 01 Weekly Horoscope Astrological Predictions Aswathi to Ayilyam: ഈ ആഴ്ചയിലെ ഗ്രഹനില അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരെ എങ്ങനെ സ്വാധീനിക്കുന്നു/ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഇവിടെ അന്വേഷിക്കുന്നത്

author-image
S. Sreenivas Iyer
New Update
Horoscope | Weekly Horoscope | Astrology | വാരഫലം | ജ്യോതിഷം

Weekly Horoscope: June 25- July 01, 2023 Astrological Predictions

June 25- July 01 Weekly Horoscope Astrological Predictions Aswathi to Ayilyam: തിരുവാതിര ഞാറ്റുവേലയിലാണ് സൂര്യൻ. ബുധൻ മൗഢ്യത്തോടെ മിഥുനത്തിലേക്ക് പ്രവേശിക്കുന്നു. ശനി കുംഭത്തിൽ വക്രഗതിയിലാണ്. വ്യാഴം ഭരണി നക്ഷത്രത്തിൽ പ്രവേശിക്കുന്നു. രാഹു വാരാന്ത്യത്തിൽ അശ്വതി രണ്ടാം പാദത്തിലേക്കും കേതു ചിത്തിരയിലേക്കും നിഷ്ക്രമിക്കുകയാണ്. ചന്ദ്രൻ പൂരത്തിൽ തുടങ്ങി അനിഴത്തിൽ യാത്ര തുടരുന്നു. ചൊവ്വ ആയില്യം നാളിലെ അവസാന ആഴ്ചയിലാണ്. ശുക്രൻ ആയില്യത്തിൽ സഞ്ചാരം തുടരുന്നു.

ഈ വിധമുള്ള ഈ ആഴ്ചയിലെ ഗ്രഹനില അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരെ എങ്ങനെ സ്വാധീനിക്കുന്നു/ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഇവിടെ അന്വേഷിക്കുന്നത്.

Advertisment

അശ്വതി: വ്യാഴം ജന്മനക്ഷത്രത്തിൽ നിന്നും മാറുന്നത് ആശ്വാസമാണ്. ശനിയുടെ വക്രഗതി ഫലം കണ്ടുതുടങ്ങും. കിട്ടാക്കടങ്ങൾ കിട്ടിയേക്കാം. ബുധന് മൗഢ്യം ഉള്ളതിനാൽ വിദ്യാഭ്യാസത്തിൽ ചില മനക്ലേശങ്ങൾ ഭവിച്ചേക്കാനിടയുണ്ട്. ദേശാന്തരയാത്രകൾ കാര്യസാധ്യത്തിന് ഉതകിയേക്കും. ഗൃഹനവീകരണത്തിന് സാധ്യതയുണ്ട്. സഹപ്രവർത്തകർ സഹായിക്കും. ഞായർ, തിങ്കൾ ദിവസങ്ങൾക്ക് മികവ് കുറയാം.

ഭരണി: മനക്ലേശത്തിനറുതി വരാം. തൊഴിൽ, പഠനം ഇവയുമായി ബന്ധപ്പെട്ട ഗവേഷണം, പ്രോജെക്ട് എന്നിവ ചെയ്യാനായേക്കും. വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താനായത് മെച്ചത്തിന് കാരണമാകാം. ചന്ദ്രൻ ആറ്, ഏഴ് എന്നീ അനുകൂലഭാവങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ പലതരം നേട്ടങ്ങൾ സ്വാഭാവികമായി വന്നെത്തും. എതിർപ്പുകളെ തൃണവൽഗണിക്കും. ദാമ്പത്യസൗഖ്യം ഭവിക്കുന്നതാണ്.

കാർത്തിക: ക്രയവിക്രയങ്ങളിൽ ശ്രദ്ധ കുറയരുത്. ഭൂമി സംബന്ധിച്ച അവകാശത്തർക്കങ്ങൾ ഉയർന്നേക്കാം. വാരത്തിന്റെ തുടക്കത്തിന് ശുഭത്വം കുറവായിരിക്കും. വാരാന്ത്യത്തിൽ തുടർപഠനത്തിന് കളമൊരുങ്ങും. തൊഴിലിൽ നിന്നും വരുമാനമുയരാം. ഉത്തരവാദിത്വമുള്ള പ്രവർത്തനങ്ങൾ അധികാരികളുടെ പ്രശംസ നേടിത്തരും. കുടുംബാംഗങ്ങൾക്കിടയിലെ അനൈക്യം പരിഹരിക്കാനാവും. കഫജന്യരോഗങ്ങൾ ഉപദ്രവിച്ചേക്കാം.

Advertisment

രോഹിണി: ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുന്നതാണ്. കുടുംബവുമൊന്നിച്ച് തീരുമാനിച്ചിരുന്ന ചില വിനോദപരിപാടികൾ മാറ്റിവെക്കേണ്ടി വന്നേക്കാം. യാത്രാക്ലേശം മടുപ്പിച്ചേക്കും. പൊതുപ്രവർത്തകർക്ക് വലിയ വെല്ലുവിളികളെ നേരിടേണ്ടിവരാം. സാമ്പത്തിക സ്രോതസ്സുകൾ അധികാരികളെ ബോധ്യപ്പെടുത്തേണ്ട സാഹചര്യം സംജാതമാകാം. ബുധമൗഢ്യം തുടങ്ങിയതിനാൽ വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധക്കുറവ് ഉണ്ടായേക്കും.

മകയിരം: ശത്രുക്കളുടെ പ്രവർത്തനങ്ങൾ അതിരുകടക്കുന്നതായി തോന്നും. ക്ഷോഭിക്കേണ്ട സാഹചര്യം ഉയരാം. ധനപരമായി തരക്കേടില്ലാത്ത കാലമാണ്. എന്നാൽ ഭൂമിയിൽ നിന്നും പ്രതീക്ഷിച്ച ലാഭം വന്നുചേരണമെന്നില്ല. പുതുജോലിക്കായുള്ള ശ്രമം തുടരുന്നത് അഭികാമ്യമാവും. കരാറുകൾ പുതുക്കിക്കിട്ടാൻ കാലതാമസം ഉണ്ടാവും. വാരമധ്യം മുതൽ ഗുണാനുഭവങ്ങൾ കൂടും. സാഹസകർമ്മങ്ങൾ ഒഴിവാക്കണം.

തിരുവാതിര: ജന്മരാശിയിലും ജന്മനക്ഷത്രത്തിലു മായാണ് സൂര്യസഞ്ചാരം. ദേഹക്ലേശം, പാഴ്ചെലവുകൾ, ചെറുതോൽവികൾ എന്നിവ സാധ്യത. പ്രവൃത്തികളിൽ ആശയക്കുഴപ്പം ഏർപ്പെടാനിടയുണ്ട്. കലാകാരന്മാർക്ക് അംഗീകാരം ഭവിച്ചേക്കാം. ഊഹക്കച്ചവടത്തിൽ നല്ലശ്രദ്ധ വേണ്ടതുണ്ട്. ഗാർഹികമായ ആവശ്യങ്ങളിൽ ചിലതെങ്കിലും നിറവേറ്റപ്പെടുന്നതാണ്. പിന്തുണക്കാൻ സുഹൃത്തുക്കൾ മുന്നോട്ടുവരും. ബുധനാഴ്ച മുതൽ നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം.

പുണർതം: യാത്രകൾ വ്യാപാര പുഷ്ടിയുണ്ടാക്കും. പുതിയ സംരംഭങ്ങളുടെ ആരംഭജോലികൾ നടക്കും. മികച്ച സംഘാടകവൈഭവം പുറത്തെടുക്കേണ്ട സന്ദർഭം സംജാതമാകും. വാക്കുകളിൽ പൗരുഷവും ക്ഷോഭവും ഒപ്പം സൗമ്യതയും നിറയാം. മക്കളുടെ തുടർപഠനാവശ്യത്തിന് പണച്ചെലവ് വന്നുചേരും. വ്യക്തിപരമായ ചിലവുകൾ ചുരുക്കാൻ ശ്രമിക്കുന്നതാണ്. ശ്വാസകോശ രോഗങ്ങൾ വിഷമിപ്പിക്കാം.

പൂയം: രണ്ടാം നക്ഷത്രത്തിൽ ശുക്രനും കുജനും സഞ്ചരിക്കുകയാൽ വൈകാരികവിക്ഷോഭങ്ങൾ ഭവിക്കാം. മനോനിയന്ത്രണം ശീലമാക്കണം. ധനവരവ് ഏറുകയും കുറയുകയും ചെയ്യും. ശാരീരികക്ലേശങ്ങൾ, ആലസ്യം എന്നിവയ്ക്ക് ശമനം കണ്ടേക്കും. കുടുംബാംഗങ്ങളുമായി പൊരുത്തക്കേടുണ്ടാവാം. പൂർണമനസ്സില്ലാതെ ചില കാര്യങ്ങൾ ചെയ്യേണ്ടിവരുന്നതാണ്. ഉദ്യോഗത്തിൽ പുതുദൗത്യങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും. മൂന്നാം ഭാവാധിപനായ ബുധന് മൗഢ്യം ഭവിക്കുകയാൽ പ്രതീക്ഷിച്ച സഹായം വന്നുചേരാൻ വൈകും.

ആയില്യം: ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുകയാൽ ഉദ്വേഗവും ഉൽക്കണ്ഠയും കൂടും. ബൗദ്ധികമായി പ്രവർത്തിക്കേണ്ടിടത്ത് വൈകാരികപ്രതികരണം നടത്തും. പഠനത്തിൽ മടുപ്പോ നൈരാശ്യമോ വരാം. നക്ഷത്രനാഥനായ ബുധന് മൗഢ്യം വന്നിരിക്കുകയാൽ പ്രവർത്തികളിൽ പിന്നോട്ടുപോയേക്കും. ധനവരവ് മുഴുവൻ ചെലവായി മാറുന്ന സ്ഥിതിയുണ്ടാകാം. സർക്കാർ അനുമതികൾ നേടാൻ ഊർജ്ജവും സമയവും കൂടുതൽ വ്യയം ചെയ്യേണ്ടിവരും. ഇഷ്ടവിനോദങ്ങൾ, സുഹൃൽ സമാഗമം എന്നിവ പിന്നീടത്തേക്ക് മാറ്റി വെക്കേണ്ട സ്ഥിതി സംജാതമാകാം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: