/indian-express-malayalam/media/media_files/uploads/2023/06/July-Horoscope-Astrological-Predictions-Aswathi-to-Ayilyam.jpg)
July Month 2023 Astrological Predictions for stars Aswathi to Ayilyam
July Month 2023 Astrological Predictions for stars Aswathi to Ayilyam: 1198 മിഥുനം 16 ന് ശനിയാഴ്ചയാണ് 2023 ജൂലൈ ഒന്നാം തീയതി വരുന്നത്. സൂര്യൻ മിഥുനം- കർക്കടകം രാശികളിലായി സഞ്ചരിക്കുന്നു. ചന്ദ്രൻ അനിഴത്തിൽ തുടങ്ങി ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി പൂരാടത്തിൽ എത്തുന്നു. ശനി കുംഭം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. രാഹു-കേതു മേടം തുലാം രാശികളിൽ സഞ്ചരിക്കുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ യാത്ര തുടരുകയാണ്. ചൊവ്വ നീചം കഴിഞ്ഞ് കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്ക് സംക്രമിക്കുകയാണ്, മാസാദ്യദിവസം തന്നെ. ബുധൻ മിഥുനത്തിലും കർക്കടകത്തിലും ചിങ്ങത്തിലുമായി സഞ്ചരിക്കുന്നു.
ജൂലൈ 6 ന് ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്കു സംക്രമിക്കുകയാണ്. മാസാന്ത്യം വക്രവും വരുന്നുണ്ട്. ഈ ഗ്രഹസ്ഥിതി എങ്ങനെയാണ് അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരെ സ്വാധീനിക്കുന്നുവെന്ന അന്വേഷണമാണിവിടെ.
അശ്വതി: രാശിനാഥനായ ചൊവ്വ നീചം കഴിഞ്ഞ് ചിങ്ങത്തിലേക്ക് കടക്കുന്നത് ശുഭലക്ഷണമാണ്. നഷ്ടമായിരുന്ന പ്രതാപവും വീര്യവും ഒക്കെ മടങ്ങിവരും. എതിരാളികളെ നേരിടും. വ്യവഹാരങ്ങളിൽ വിജയിക്കാനാവും. തടഞ്ഞുവെച്ചിരുന്ന വേതനവർദ്ധന അനുഭവത്തിലെത്തും. സഹോദരരുമായുണ്ടായിരുന്ന കലഹങ്ങൾ പരിഹൃതാമാവും. വാഹനം അറ്റകുറ്റപ്പണി കഴിഞ്ഞ് നിരത്തിലേക്കിറക്കാൻ കഴിയുന്നതാണ്. വസ്തുക്കളിൽ നിന്നും ആദായം കിട്ടിത്തുടങ്ങും.
ഭരണി: വ്യാഴം ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നത് സമ്മർദ്ദങ്ങൾക്കിടയുണ്ടാക്കാം. വിരോധികൾക്ക് ബലം കിട്ടുന്നകാലമാന്ന്. നിക്ഷേപങ്ങൾക്ക് അനുകൂല സന്ദർഭമല്ല. ചൊവ്വയുടെ നീചം കഴിയുന്നത് നല്ലതാണ്. എന്നാൽ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാവും ഉചിതം. മക്കളുടെ കാര്യത്തിൽ നേരിയ ഉൽക്കണ്ഠകൾക്ക് അവകാശം ഉണ്ട്. പഞ്ചമഭാവത്തിലേക്ക് ജൂലൈ രണ്ടാം വാരം മുതൽ ശുക്രനെത്തുകയാൽ കലാപരമായ സിദ്ധികൾ വികസിപ്പിക്കാൻ / പ്രകടിപ്പിക്കാൻ സാധിച്ചേക്കും. പഴയ കിട്ടാക്കടങ്ങൾ കിട്ടാൻ സാധ്യത കാണുന്നു.
കാർത്തിക: ശ്രമകരങ്ങളായ ദൗത്യങ്ങൾ ഏറ്റെടുക്കും. ഉദ്യോഗസ്ഥർക്ക് നീതി ബോധത്തോടെയുള്ള പ്രവർത്തനങ്ങൾ നിർവഹിക്കാനാവും. അന്യനാട്ടിൽ തൊഴിൽ നേടാനുള്ള പരിശ്രമങ്ങൾ ശനിയുടെ വക്രഗതി മൂലം മന്ദഗതിയിലായേക്കും. വിദ്യാഭ്യാസപരമായി അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾ നീങ്ങും. പ്രണയികൾക്ക് കാലം അനുകൂലമാണ്. നാലിലേക്ക് ചൊവ്വ പ്രവേശിക്കുകയാൽ ഗൃഹനിർമ്മാണത്തിൽ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരാം. അർഹതയുള്ള ധനം കൈവശം വന്നെത്തും.
രോഹിണി: ശനി- ചൊവ്വ പരസ്പരദ്യഷ്ടി വരികയാൽ ഗാർഹിക ക്ലേശങ്ങൾ ഉണ്ടാവാം. തൊഴിലിടത്തിലും ജാഗ്രത വേണം. വ്യാപാരത്തിൽ തീരുമാനിച്ചിരുന്ന പരിഷ്കാരങ്ങൾ പിന്നീടത്തേക്കാക്കുകയാവും ഉചിതം. ഊഹക്കച്ചവടത്തിന് കാലം അനുകൂലമല്ല. നിലവിലെ തൊഴിൽ ഉപേക്ഷിച്ച് മറ്റൊരു തൊഴിൽ തേടുന്നത് അഭിലഷണീയമാവില്ല. പാരമ്പര്യ തൊഴിലുകൾ ചെയ്യുന്നവർക്ക്
നല്ല അവസരങ്ങൾ വന്നെത്തും. കരാറുകൾ പുതുക്കപ്പെടാം. വിദ്യാർത്ഥികൾക്ക് അന്യനാട്ടിൽ പഠനാവസരം സിദ്ധിക്കുന്നതാണ്.
മകയിരം: നക്ഷത്രാധിപന് നീചം അവസാനിക്കുന്നതിനാൽ വിഘ്നങ്ങളും വിളംബങ്ങളും ഒഴിയും. ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താൻ സാധിക്കും. തൊഴിലിടത്തിൽ അംഗീകാരം ലഭിക്കുന്നതാണ്. ഭൂമിസംബന്ധിച്ച് തടസ്സപ്പെട്ടിരുന്ന കൈമാറ്റങ്ങൾ നടന്നുകിട്ടും. വിദ്യാർത്ഥികളുടെ തുടർപഠനം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ അവസാനിച്ചേക്കും. വിജയിക്കുക എന്നത് ഒരു ശീലമായി മാറാം. ദാമ്പത്യത്തിൽ വിശേഷിച്ചും കുടുംബജീവിതത്തിൽ പൊതുവേയും അനുഭവപ്പെട്ടിരുന്ന പ്രശ്നങ്ങൾ ഒട്ടൊക്കെ പരിഹൃതമാകും.
തിരുവാതിര: നക്ഷത്രനാഥനായ രാഹുനിന്നിരുന്ന നക്ഷത്രത്തിൽ തന്നെ, വ്യാഴവും സഞ്ചരിച്ചിരുന്നസ്ഥിതി മാറുകയാൽ തിരുവാതിരക്കാരെ ചില നല്ലസുഹൃത്തുക്കൾ കൈവിടുന്നതായി തോന്നാം. വിജയിക്കാൻ അല്പം ക്ലേശിക്കേണ്ടിവന്നേക്കും. ജന്മരാശിയിലെ ബുധനും ആദിത്യനും അനിഷ്ടഫലങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. വികാരവിക്ഷോഭങ്ങൾ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ചൊവ്വ മൂന്നിലേക്ക് വരികയാൽ വിപദിധൈര്യം ഏറും. സാമ്പത്തിക പ്രശ്നങ്ങൾക്ക് ചെറിയ ആശ്വാസം വന്നുചേരുന്നതാണ്. ഗാർഹികജീവിതം തൃപതികരമാവും.
പുണർതം: നക്ഷത്രനാഥനായ വ്യാഴം ശുക്രന്റെ നക്ഷത്രമായ ഭരണിയിൽ സഞ്ചരിക്കുകയാൽ ഭോഗസിദ്ധി, ആഢംബരം, പ്രണയപുഷ്ടി എന്നിവ പ്രതീക്ഷിക്കാം. ഗൃഹത്തിൽ ആർഭാട വസ്തുക്കൾ വാങ്ങാൻ പണച്ചെലവുണ്ടാകും. അല്പം അലച്ചിൽ കൂടും. ചെറിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾ വരാം. ശനിയുടെ വക്രഗതിയാൽ പിതൃസ്വത്തിൽ നിന്നും ആദായം പ്രതീക്ഷിക്കാം. മത്സരങ്ങളിലും അഭിമുഖങ്ങളിലും മികവ് കാഴ്ചവെക്കാൻ സാധിക്കുന്നതാണ്. സഹോദരപിന്തുണ ഗുണകരമാവും. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല.
പൂയം: കഷ്ടനഷ്ടങ്ങളുടെ അദ്ധ്യായത്തിന് അർദ്ധവിരാമമെങ്കിലും പ്രതീക്ഷിക്കാം. ദിശാബോധത്തോടെ പ്രവർത്തിക്കാനാവും. ഈ മാസം പന്ത്രണ്ടിലും ജന്മരാശിയിലുമായി സഞ്ചരിക്കുന്ന ആദിത്യൻ ദേഹസൗഖ്യക്കുറവ്, അമിതക്ഷീണം, സർക്കാർ കാര്യങ്ങളിൽ വിഘ്നം എന്നിവയ്ക്ക് വഴിതുറക്കാം. എന്നാൽ ജന്മരാശിയിൽ നിന്നും ചൊവ്വ മാറുന്നത് വലിയ ആശ്വാസം തന്നെയാവും. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനും കുടുംബത്തോടൊപ്പം ചേരാനും അവസരം ഭവിക്കാം. തൊഴിൽപരമായ തടസ്സങ്ങൾ നീങ്ങും. കൃത്യമായവരുമാനത്തിന് സന്ദർഭം ഒരുങ്ങുന്നതാണ്.
ആയില്യം: വ്യക്തിജീവിതത്തിലെ പ്രക്ഷുബ്ധതകൾക്ക് ഉപശാന്തിയുണ്ടാവുന്നതാണ്. ദാമ്പത്യക്ലേശങ്ങൾ പരിഹരിക്കാൻ കൈക്കൊള്ളുന്ന യത്നങ്ങൾ വിജയിക്കും. ദൂരദിക്കിലേക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റം വരാൻ സാധ്യതയുണ്ട്. പഠനകാര്യങ്ങൾക്കായും അന്യദേശവാസം വേണ്ടിവന്നേക്കും. ഭൂമിസംബന്ധിച്ച ക്രയവിക്രയങ്ങളിൽ തടസ്സങ്ങൾ മാറാം. പിതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കുന്നതും ആരോഗ്യ ജാഗ്രത പുലർത്തുന്നതും നന്നായിരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.