/indian-express-malayalam/media/media_files/uploads/2023/07/July30-to-August-5-Weekly-Horoscope-Astrological-Predictions-Moolam-to-Revathi.jpg)
വാരഫലം
July 30- August 05 Weekly Horoscope Astrological Predictions Moolam to Revathi: സൂര്യൻ കർക്കടകം രാശിയിൽ ആണ്.പൂയം, ആയില്യം ഞാറ്റുവേലകളാണ് ക്രമത്തിൽ. ചന്ദ്രൻ വെളുത്ത ദ്വാദശിയിൽ തുടങ്ങി പൗർണമിയിലെത്തി, കൃഷ്ണപക്ഷ ചതുർത്ഥി വരെ (മൂലം മുതൽ ഉത്രട്ടാതി വരെ) സഞ്ചരിക്കുന്നു. വ്യാഴവും രാഹുവും മേടം രാശിയിലുണ്ട്. ശനി വക്രഗതിയായി കുംഭം രാശിയിൽ, ചതയം മൂന്നാം പാദത്തിൽ സഞ്ചരിക്കുന്നു. കേതു തുലാം രാശിയിൽ ചിത്തിര നാലാം പാദത്തിലുണ്ട്. ചൊവ്വയും ബുധനും വക്രഗതിയായി ശുക്രനും ചിങ്ങം രാശിയിൽ സഞ്ചരിക്കുകയാണ്. ഗ്രഹങ്ങൾക്കൊന്നും ഇപ്പോൾ മൗഢ്യം ഇല്ല. വാരമധ്യത്തോടെ പൗർണമി കഴിയുമെങ്കിലും കൃഷ്ണപക്ഷത്തിലെ ഷഷ്ഠി വരെ ചന്ദ്രൻ ബലവാനാണ്.
ഈയാഴ്ച ഞായർ, തിങ്കൾ ദിവസങ്ങൾ ഇടവക്കൂറിനും, ചൊവ്വ, ബുധൻ ദിവസങ്ങൾ മിഥുനക്കൂറിനും വ്യാഴം, വെള്ളി ദിവസങ്ങൾ കർക്കടകക്കൂറിനും ശനിയാഴ്ച മുതൽ ചിങ്ങക്കൂറിനും അഷ്ടമരാശി നടക്കുന്നു. കരുതൽ വേണ്ട ദിവസങ്ങളായി അഷ്ടമരാശിയെ വിലയിരുത്തുന്നു. അവരവരുടെ കൂറിന്റെ അഥവാ ജന്മരാശിയുടെ എട്ടാം രാശിയിൽ ചന്ദ്രൻ സഞ്ചരിക്കുന്ന രണ്ടേകാൽ ദിവസങ്ങളെയാണ് ഇപ്രകാരം വിശേഷിപ്പിക്കുന്നത്.
മൂലം: ജന്മനക്ഷത്രത്തിലാണ് വാരം തുടങ്ങുന്നത്. സന്തോഷാനുഭവങ്ങൾ ഉണ്ടാവും. നല്ല ഭക്ഷണം, ആവോളം വിശ്രമം ഇവ ഉണ്ടാകും. മനസ്സിനെ ആഹ്ളാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാനാവും. വ്യാപാരത്തിൽ വലിയ പുരോഗതി പ്രതീക്ഷിക്കേണ്ടതില്ല. സാമ്പത്തിക സ്ഥിതി ശരാശരിയായി തുടരും. സർക്കാർ കാര്യങ്ങളിൽ തടസ്സങ്ങൾ വന്നുചേരുന്നതാണ്. ഉദ്യോഗസ്ഥർക്ക് മേലധികാരിയുമായി പൊരുത്തപ്പെടാൻ കഴിഞ്ഞേക്കില്ല.
പൂരാടം: ആരോഗ്യപ്രശ്നങ്ങൾ അലട്ടാം. ശാരീരിക സൗഖ്യമുണ്ടായാൽ വല്ലകാര്യവും മനക്ലേശത്തിന് ഇടവരുത്തിയെന്നു വന്നേക്കാം. വ്യാപാരത്തിൽ പുരോഗതി ഭാഗികമായിട്ടാവും. സാമ്പത്തിക സ്ഥിരത പറയാനാവില്ല. പിതാവുമായി കലഹിച്ചേക്കാം. കുടുംബജീവിതത്തിൽ ഇണക്കവും പിണക്കവും ഇടകലരും. ചില സുഹൃത്തുക്കൾ സഹായഹസ്തവുമായി പിന്തുണയ്ക്കും. ബന്ധുക്കൾ ശത്രുക്കളെപ്പോലെ പെരുമാറിയെന്നും വരാം. ജാഗ്രത എല്ലാക്കാര്യത്തിലും ഉണ്ടാവണം.
ഉത്രാടം: നിശ്ചിത സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള ശ്രമം മുഴുവനായും വിജയിക്കണമെന്നില്ല. ചില നേട്ടങ്ങൾ സന്തോഷമേകും. വാരത്തിന്റെ തുടക്കത്തിൽ ക്ലേശങ്ങൾക്കാവും മുൻതൂക്കം. ചെലവേറുന്നതാണ്. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങേണ്ടി വരാം. സുഹൃത്തുക്കളുമായി രമ്യബന്ധം നിലനിർത്തുന്നതിൽ പരാജയപ്പെടാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രത കുറഞ്ഞേക്കാം.
തിരുവോണം: വാഗ്ദാനങ്ങൾ യഥാർത്ഥമാണോ എന്നന്വേഷിക്കുന്നത് നന്നായിരിക്കും. ഉപജീവനവൃത്തിയിൽ പരിഷ്ക്കരംകൊണ്ടുവരാൻ ശ്രമം തുടരും. പുതുജോലി തേടുന്നത്, നിലവിലെ ജോലി ഉപേക്ഷിച്ചാവരുത്. സാമ്പത്തിക രംഗം മോശമാവില്ല. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടുന്നതാണ്. മക്കളുടെ വിവാഹ കാര്യത്തിൽ തീരുമാനമാകത്തത് വിഷമിപ്പിക്കും. ഏഴിലും എട്ടിലും പാപഗ്രഹങ്ങൾ സഞ്ചരിക്കുന്നതിനാൽ ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം.
അവിട്ടം: കർമ്മമേഖലയിലെ മികവ് നിലനിർത്തും. സഹപ്രവർത്തകർ ഉപദേശം തേടും. പുതുദൗത്യങ്ങളിൽ നന്നായി പങ്കുകൊള്ളും. ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ ശ്രമം തുടരും. ദാമ്പത്യരംഗം സുഖകരമാവണമെന്നില്ല. സാമ്പത്തിക അസമത്വങ്ങൾ കലഹപ്രേരണയായേക്കും. പ്രണയികൾക്കിടയിൽ ഊഷ്മളത കുറയാം. അവിവാഹിതരുടെ വിവാഹസ്വപ്നം നീളുന്നതാണ്. മകരക്കൂറുകാർക്ക് ആരോഗ്യപ്രശ്നങ്ങൾ, കാര്യവിഘ്നം ഇവ ഭവിക്കാം.
ചതയം: മത്സരബുദ്ധിയോടെ പ്രവൃത്തികളിൽ മുഴുകും. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ ഭംഗിയായി പൂർത്തിയാക്കും. സർക്കാരിൽ നിന്നും അനുമതികളും ആനുകൂല്യങ്ങളും പ്രതീക്ഷിച്ച സമയത്ത് വന്നെത്തും. ഭദ്രതയില്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നും പിന്മാറുന്നതാണ്. വിദേശയാത്രകൾക്ക് അല്പം കൂടി കാത്തിരിക്കേണ്ടിവന്നേക്കാം. ദാമ്പത്യത്തിൽ സ്വൈരക്കേടുകൾ ഉണ്ടാവുന്നതാണ്.
പൂരുരുട്ടാതി: അധികാരികളുടെ വിശ്വാസം നേടും. പദവി ഉയരുന്നതാണ്. സംഘടനകളിലും രാഷ്ട്രീയ സ്ഥാപനങ്ങളിലും താക്കോൽ സ്ഥാനങ്ങളിലെത്തും. വിജയതന്ത്രങ്ങൾ ഫലപ്രദമായി ആവിഷ്കരിക്കും. കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടരും. ഭൂമി സംബന്ധിച്ച ഇടപാടുകളിൽ നേട്ടം പ്രതീക്ഷിക്കാം. സഹോദരബന്ധം ഊഷ്മളമാകും. ദൈവിക സമർപ്പണങ്ങൾക്ക് സമയം കണ്ടെത്താനാവും.
ഉത്രട്ടാതി: വ്യവഹാരങ്ങൾക്കായി അലച്ചിൽ തുടരും. എതിർ ശബ്ദങ്ങളെ തിരിച്ചറിയുന്നതാണ്. അതിജീവന വഴികൾ തെളിഞ്ഞുകിട്ടാം. പാരമ്പര്യ തൊഴിലുകൾ പിന്തുടരുന്നവർക്ക് നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. കുടുംബാംഗങ്ങളുടെ പിന്തുണ കരുത്തുപകരും. അവരുടെ ശ്രേയസ്സ് ആഹ്ളാദമേകും. ദീർഘയാത്രകൾ മുൻനിശ്ചയിച്ചതിൻ പടി നടന്നേക്കും. വായ്പകൾ ലഭിക്കാൻ വഴികൾ തേടും. സാമ്പത്തിക അച്ചടക്കം ഗുണമേകും.
രേവതി: സംഘടനാ പ്രവർത്തനത്തിന്റെ ചുക്കാൻ പിടിക്കും. പ്രവൃത്തിമേഖലയിൽ അനിഷേധ്യത തുടരുന്നതാണ്. ഗൃഹനിർമ്മാണത്തിലെ തടസ്സം പരിഹരിക്കും. വ്യവഹാരങ്ങളിൽ നീതി ലഭിച്ചേക്കാം. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് പ്രവേശം കിട്ടുന്നതാണ്. മക്കളുടെ ഭാവികാര്യങ്ങൾക്കായി അലച്ചിലുണ്ടായേക്കാം. സാമ്പത്തികമായി തരക്കേടില്ലാത്ത കാലമാണ്. പൂജാദികർമ്മങ്ങളിൽ പങ്കെടുക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.