/indian-express-malayalam/media/media_files/uploads/2023/07/July30-to-August-5-Weekly-Horoscope-Astrological-Predictions-Makam-to-Thriketta.jpg)
വാരഫലം
July 30- August 05 Weekly Horoscope Astrological Predictions Makam to Thrikketta: സൂര്യൻ കർക്കടകം രാശിയിൽ ആണ്.പൂയം, ആയില്യം ഞാറ്റുവേലകളാണ് ക്രമത്തിൽ. ചന്ദ്രൻ വെളുത്ത ദ്വാദശിയിൽ തുടങ്ങി പൗർണമിയിലെത്തി, കൃഷ്ണപക്ഷ ചതുർത്ഥി വരെ (മൂലം മുതൽ ഉത്രട്ടാതി വരെ) സഞ്ചരിക്കുന്നു. വ്യാഴവും രാഹുവും മേടം രാശിയിലുണ്ട്. ശനി വക്രഗതിയായി കുംഭം രാശിയിൽ, ചതയം മൂന്നാം പാദത്തിൽ സഞ്ചരിക്കുന്നു. കേതു തുലാം രാശിയിൽ ചിത്തിര നാലാം പാദത്തിലുണ്ട്. ചൊവ്വയും ബുധനും വക്രഗതിയായി ശുക്രനും ചിങ്ങം രാശിയിൽ സഞ്ചരിക്കുകയാണ്. ഗ്രഹങ്ങൾക്കൊന്നും ഇപ്പോൾ മൗഢ്യം ഇല്ല. വാരമധ്യത്തോടെ പൗർണമി കഴിയുമെങ്കിലും കൃഷ്ണപക്ഷത്തിലെ ഷഷ്ഠി വരെ ചന്ദ്രൻ ബലവാനാണ്.
ഈയാഴ്ച ഞായർ, തിങ്കൾ ദിവസങ്ങൾ ഇടവക്കൂറിനും, ചൊവ്വ, ബുധൻ ദിവസങ്ങൾ മിഥുനക്കൂറിനും വ്യാഴം, വെള്ളി ദിവസങ്ങൾ കർക്കടകക്കൂറിനും ശനിയാഴ്ച മുതൽ ചിങ്ങക്കൂറിനും അഷ്ടമരാശി നടക്കുന്നു. കരുതൽ വേണ്ട ദിവസങ്ങളായി അഷ്ടമരാശിയെ വിലയിരുത്തുന്നു. അവരവരുടെ കൂറിന്റെ അഥവാ ജന്മരാശിയുടെ എട്ടാം രാശിയിൽ ചന്ദ്രൻ സഞ്ചരിക്കുന്ന രണ്ടേകാൽ ദിവസങ്ങളെയാണ് ഇപ്രകാരം വിശേഷിപ്പിക്കുന്നത്.
മകം: ജന്മരാശിയിൽ മൂന്നുഗ്രഹങ്ങൾ നിൽക്കുകയാൽ ആശയക്കുഴപ്പം നേരിടാം. ലക്ഷ്യത്തിലെത്താൻ കഠിനവഴികൾ താണ്ടേണ്ടിവരും. ആരോഗ്യപ്രശ്നങ്ങൾ, അകാരണമായ ക്ഷോഭം എന്നിവയും സാധ്യതകൾ. അപ്രതീക്ഷിത യാത്രകൾ വേണ്ടിവരും. ചെലവുകളിൽ നിയന്ത്രണം വേണം. ചെറിയ നേട്ടങ്ങൾ, ചെറിയ ലാഭങ്ങൾ എന്നിവ പ്രതീക്ഷിക്കാം. വലിയ ക്രയവിക്രയങ്ങൾക്ക് മുതിരാതിരിക്കുക അഭികാമ്യം.
പൂരം: നക്ഷത്രാധിപനായ ശുക്രന് വക്രഗതി തുടരുന്നതിനാൽ ഉറച്ച തീരുമാനങ്ങൾക്ക് ഇളക്കം വരാം. വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാവുമെങ്കിലും അവയ്ക്ക് തിളക്കം കുറയാനിടയുണ്ട്. സർക്കാർ കാര്യങ്ങൾ നേടാൻ അലച്ചിലുണ്ടാവും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ ഏറും; ഒപ്പം അദ്ധ്വാനവും. കുടുംബകാര്യങ്ങളിൽ ഗുണത്തിനാവും മുൻതൂക്കം. മുൻകോപം നിയന്ത്രിക്കേണ്ടതുണ്ട്. ആരോഗ്യകാര്യങ്ങളിൽ അലംഭാവമരുത്.
ഉത്രം: ഗുണാനുഭവങ്ങൾക്കൊപ്പം വിഷമങ്ങളെയും അഭിമുഖീകരിക്കേണ്ടി വരാം. കടബാധ്യതകൾ ക്ലേശമുണ്ടാക്കും. കടം വാങ്ങി കടം വീട്ടേണ്ട സാഹചര്യം വരാം. പ്രതീക്ഷിച്ച വാഗ്ദാനങ്ങൾ നിറവേറപ്പെടണം എന്നില്ല. തൊഴിൽ സാഹചര്യങ്ങളിൽ നേരിയ ആനുകൂല്യം വന്നേക്കാം. ജോലിതേടുന്നവർക്ക്, ചെറിയ ജോലിയെങ്കിലും ലഭിക്കാനിടയുണ്ട്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് അഭിലഷണീയമായിരിക്കില്ല. വാഹനം, അഗ്നി, ആയുധം തുടങ്ങിയവയുടെ ഉപയോഗം അത്യന്തം ശ്രദ്ധിച്ചാവണം. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ പ്രത്യാശയേകും.
അത്തം: ആഴ്ചയുടെ രണ്ടാം പകുതി കൂടുതൽ പ്രയോജനകരമാവും. ആദ്യപകുതിയിൽ സാമ്പത്തിക ക്ലേശങ്ങൾ വരാം; ബുധൻ തൊട്ട് ധനസ്ഥിതി മെച്ചമാകും. വിദ്യാഭ്യാസത്തിൽ അലസത വരാം. ഏകാഗ്രത കുറഞ്ഞേക്കും. ഉദ്യോഗസ്ഥർക്ക് പിടിപ്പുകേടിന് മേലധികാരിയുടെ ശകാരം കിട്ടാം.
കുടുംബബന്ധങ്ങൾ ഹൃദ്യമാവുന്നതിന് സ്വന്തം മനോഭാവം തടസ്സമാണെന്നറിയും. അവ തിരുത്തി മുന്നോട്ടുപോകാനുള്ള ശ്രമം ഭാഗികമായി വിജയിക്കുന്നതാണ്.
ചിത്തിര: സൽകർമ്മങ്ങൾ ചെയ്യാൻ സന്ദർഭമുണ്ടാകും. വാഗ്വാദങ്ങളിലും സംവാദങ്ങളിലും വിജയിക്കുന്നതാണ്. രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനങ്ങളിൽ വിജയിക്കും. ഭൂമിയുടെ ക്രയവിക്രയങ്ങൾ നേട്ടത്തിന് കാരണമാകുന്നതാണ്. വ്യാപാരത്തിൽ നിന്നും കുറച്ചെങ്കിലും ലാഭം വന്നെത്തും. ബന്ധുക്കൾക്കു ചില സഹായങ്ങൾ ചെയ്യാൻ തയ്യാറാവും. പഠിതാക്കൾക്ക് ഗവേഷണ പ്രബന്ധങ്ങൾ സമർപ്പിക്കാനാവും. വാരാന്ത്യത്തിൽ ചെലവധികരിക്കും.
ചോതി: വാരത്തിന്റെ തുടക്കം തന്നെ നല്ല ഫലങ്ങളുണ്ടാവും. തടസ്സങ്ങൾ നീങ്ങി പ്രവൃത്തിയിൽ മുഴുകാനാവും. സ്വന്തം വ്യാപാരത്തിലും മറ്റുള്ള തൊഴിലുകളിലും വിജയിക്കുന്നതാണ്. ഉപഭോക്താക്കളുടെ താല്പര്യങ്ങൾ മനസ്സിലാക്കും. ധനവിനിയോഗം മികച്ചതായിരിക്കും. വരവും ചെലവും സമീകരിക്കുവാനാവും. കലാപ്രവർത്തനം പ്രോൽസാഹിക്കപ്പെടും. കുടുംബാംഗങ്ങളുടെ കാര്യങ്ങൾ ശ്രദ്ധാപൂർവം മനസ്സിലാക്കുവാനും ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാനും സമയം കണ്ടെത്തും.
വിശാഖം: പതിനൊന്നാം ഭാവത്തിൽ മൂന്ന് ഗ്രഹങ്ങളുള്ളതിനാൽ തൊഴിലിൽ പുരോഗതിയും വിജയവും മനസ്സ്വസ്ഥതയും വന്നെത്തും. ധനപരമായ ക്ലേശങ്ങൾ താൽകാലികമായെങ്കിലും അവസാനിക്കും. സർക്കാർ കാര്യങ്ങളിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. കർമ്മമേഖലയിൽ നവോന്മേഷം സിദ്ധിക്കും. പ്രണയികൾക്ക് അവസ്മരണീയമായ അനുഭവങ്ങൾ വന്നെത്തും. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
അനിഴം: പൊതുവേ നേട്ടങ്ങളും കോട്ടങ്ങളും അനുഭവത്തിൽ വരുന്ന ആഴ്ചയാണ്. എന്നാൽ കൂടുതൽ അദ്ധ്യാനിക്കേണ്ട സാഹചര്യം സംജാതമാകുന്നതാണ്. വിജയത്തിന് തിളക്കം കുറഞ്ഞുപോയതായി തോന്നാം. ശത്രുക്കളുടെ രഹസ്യകരുനീക്കങ്ങൾ ശ്രദ്ധയിൽപ്പെടണമെന്നില്ല. ഉപരിവിദ്യാഭ്യാസത്തിൽ ചില ക്ലേശങ്ങൾ ഭവിക്കാം. ദൂരദിക്കുകളിൽ തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ നിലവിലെ തൊഴിൽ ഉപേക്ഷിച്ച്, മറ്റൊരു ജോലി തേടുന്നത് അഭിലഷണീയമാവില്ല. ദൈവിക സമർപ്പണങ്ങൾ തടസ്സപ്പെടാം. സാമ്പത്തികസ്ഥിതി ശരാശരിയായിരിക്കും.
തൃക്കേട്ട: പഠനമോ ജോലിയോ മൂലം വീടുവിട്ടുനിൽക്കേണ്ട സാഹചര്യം വന്നുചേരാം. എന്നാൽ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ മനസ്സ് തയ്യാറായേക്കില്ല. പ്രൊഫഷണലുകൾക്ക് ചില വിളംബങ്ങളോ വിഘ്നങ്ങളോ വരാം. ക്ഷമാപൂർവമുള്ള കാത്തിരിപ്പും സാമ്പത്തിക സാഹസങ്ങൾ ഒഴിവാക്കുന്നതും പരീക്ഷണങ്ങൾക്ക് തുനിയാതിരിക്കുന്നതും ഈയാഴ്ചയിൽ നല്ല മറുമരുന്നുകളാണ്. ദാമ്പത്യ ജീവിതത്തിൽ അല്പം സ്വൈരക്കേടുകൾ ഭവിക്കാം. കലാപ്രവർത്തനത്തിൽ നൈരന്തര്യം കുറയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.