/indian-express-malayalam/media/media_files/uploads/2023/07/July30-to-August-5-Weekly-Horoscope-Astrological-Predictions-Aswathi-to-Ayilyam.jpg)
വാരഫലം
July 30- August 05 Weekly Horoscope Astrological Predictions Aswathi to Ayilyam: സൂര്യൻ കർക്കടകം രാശിയിൽ ആണ്.പൂയം, ആയില്യം ഞാറ്റുവേലകളാണ് ക്രമത്തിൽ. ചന്ദ്രൻ വെളുത്ത ദ്വാദശിയിൽ തുടങ്ങി പൗർണമിയിലെത്തി, കൃഷ്ണപക്ഷ ചതുർത്ഥി വരെ (മൂലം മുതൽ ഉത്രട്ടാതി വരെ) സഞ്ചരിക്കുന്നു. വ്യാഴവും രാഹുവും മേടം രാശിയിലുണ്ട്. ശനി വക്രഗതിയായി കുംഭം രാശിയിൽ, ചതയം മൂന്നാം പാദത്തിൽ സഞ്ചരിക്കുന്നു. കേതു തുലാം രാശിയിൽ ചിത്തിര നാലാം പാദത്തിലുണ്ട്. ചൊവ്വയും ബുധനും വക്രഗതിയായി ശുക്രനും ചിങ്ങം രാശിയിൽ സഞ്ചരിക്കുകയാണ്. ഗ്രഹങ്ങൾക്കൊന്നും ഇപ്പോൾ മൗഢ്യം ഇല്ല. വാരമധ്യത്തോടെ പൗർണമി കഴിയുമെങ്കിലും കൃഷ്ണപക്ഷത്തിലെ ഷഷ്ഠി വരെ ചന്ദ്രൻ ബലവാനാണ്.
ഈയാഴ്ച ഞായർ, തിങ്കൾ ദിവസങ്ങൾ ഇടവക്കൂറിനും, ചൊവ്വ, ബുധൻ ദിവസങ്ങൾ മിഥുനക്കൂറിനും വ്യാഴം, വെള്ളി ദിവസങ്ങൾ കർക്കടകക്കൂറിനും ശനിയാഴ്ച മുതൽ ചിങ്ങക്കൂറിനും അഷ്ടമരാശി നടക്കുന്നു. കരുതൽ വേണ്ട ദിവസങ്ങളായി അഷ്ടമരാശിയെ വിലയിരുത്തുന്നു. അവരവരുടെ കൂറിന്റെ അഥവാ ജന്മരാശിയുടെ എട്ടാം രാശിയിൽ ചന്ദ്രൻ സഞ്ചരിക്കുന്ന രണ്ടേകാൽ ദിവസങ്ങളെയാണ് ഇപ്രകാരം വിശേഷിപ്പിക്കുന്നത്.
അശ്വതി: ഭാഗ്യഭാവം മുതൽ വ്യയഭാവം വരെ ചന്ദ്രൻ സഞ്ചരിക്കുകയാണ്. ചൊവ്വ മുതൽ വെള്ളി വരെ ദിവസങ്ങൾക്ക് മേന്മയേറും. തൊഴിലിൽ ആധിപത്യം നേടാനാവും. ഏല്പിച്ച ദൗത്യം ഭംഗിയായി നിർവഹിക്കും. പിണങ്ങി നിൽക്കുന്നവരെക്കൂടി പങ്കെടുപ്പിച്ച് സംഘടനാ പ്രവർത്തനങ്ങളിൽ മുന്നേറും. അടഞ്ഞുപോയ ആദായമാർഗങ്ങൾ തുറക്കപ്പെടാം. നിക്ഷേപങ്ങളിൽ നിന്നും പ്രതീക്ഷിച്ചത്ര ലാഭം സിദ്ധിക്കുന്നതാണ്. പൊതുവേ ആത്മവിശ്വാസം കൂടും. അഞ്ചാം ഭാവത്തിൽ ഗ്രഹാധിക്യം ഉള്ളതിനാൽ ചിലപ്പോൾ ചിന്താപ്രവണത കൂടാം.
ഭരണി: സംരംഭങ്ങളിലും പരീക്ഷകളിലും വിജയിക്കാൻ കാലം സർവ്വാത്മനാ അനുകൂലമാണ്. ശക്തമായ പിന്തുണ കുടുംബത്തിൽ നിന്നും ലഭിക്കും. നാലാം ഭാവാധിപനായ ചന്ദ്രന് പക്ഷബലം പൂർണമാവുകയാൽ മനസ്സാന്നിദ്ധ്യം അചഞ്ചലമായിരിക്കും. നേട്ടങ്ങൾക്കു പിന്നിൽ മാതാവ് / സുഹൃത്തുക്കൾ തുടങ്ങിയവരുടെ പ്രേരണയും കാരണമാവാം. കുജബുധശുക്രന്മാർ അഞ്ചാം ഭാവത്തിൽ നിന്ന് പതിനൊന്നിലേക്ക് നോക്കുകയാൽ പല വഴികളിലൂടെ ആദായം സിദ്ധിക്കുന്നതാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.
കാർത്തിക: വാരത്തിന്റെ തുടക്കം ക്ലേശകരമാവാം. അലച്ചിലും പണച്ചെലവുമേറാം. ആരോഗ്യപരമായി അസ്വസ്ഥതകൾ ഉണ്ടാവാം. മറ്റു ദിവസങ്ങൾ ഗുണകരമാവും. കർമ്മരംഗത്ത് നേട്ടങ്ങൾ വന്നുചേരുന്നതാണ്. വ്യാപാരത്തിൽ നിന്നും വരുമാനം വർദ്ധിക്കും. വിദ്യാർത്ഥികൾ പഠിപ്പിൽ മികവ് തെളിയിക്കുന്നതിണ്. ഗൃഹനിർമ്മാണത്തിൽ ചെലവ് പ്രതീക്ഷിച്ചതിലും അധികമായേക്കാം.
രോഹിണി: നാലിൽ ചൊവ്വ നിൽക്കുകയാൽ ഗാർഹികമായ ക്ലേശങ്ങൾ, സുഹൃൽകലഹങ്ങൾ ഇവയുണ്ടാവാം. അയൽ തർക്കങ്ങളും ഭവിച്ചേക്കാം. വൈകാരികക്ഷോഭം നിയന്ത്രിക്കപ്പെടേണ്ടതാണ്. സാമ്പത്തികസ്ഥിതി മോശമാവില്ല. രാശിനാഥനായ ശുക്രൻ വക്രത്തിലാകയാൽ മുൻനിലപാടുകൾ തിരുത്താനിടയുണ്ട്. മുൻപ് ശരിയെന്ന് കരുതിയവ മറിച്ചാവാം എന്ന് തോന്നാനും സാധ്യത കാണുന്നു. തൊഴിൽരംഗം പുഷ്ടിപ്പെടുന്നതാണ്.
മകയിരം: ആദ്ധ്യാത്മിക യാത്രകൾ നടത്തും. കുടുംബകാര്യങ്ങളിൽ അല്പം സ്വസ്ഥതക്കുറവുണ്ടാകാം. ഉദ്യോഗസ്ഥർക്ക് ഉന്നമനേച്ഛ കൂടും. എന്നാൽ അതിനനുസരിച്ച് പദവിയോ വേതനവർദ്ധനവോ ഉണ്ടാവണമെന്നില്ല. ആലോചനായോഗങ്ങളിൽ അഭിപ്രായങ്ങളുടെ പേരിൽ ഒറ്റപ്പെടാം. മക്കളുടെ നേട്ടങ്ങൾ പ്രതീക്ഷിച്ചതു പോലെയായതിൽ ആഹ്ളാദിക്കാനാവും. അന്യദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാധ്യം ഭവിക്കും.
തിരുവാതിര: തെരഞ്ഞെടുപ്പുകളിൽ മത്സരിക്കും. ഗവേഷകരും വിദ്യാർത്ഥികളും വിജ്ഞാന സമ്പാദനത്തിനായി ആത്മാർഥമായ പരിശ്രമം തുടരും. ജോലി അന്വേഷിക്കുന്നവർക്ക് അതിനുള്ള വഴി തുറന്നുകിട്ടും. ഉദ്യോഗസ്ഥർക്ക് പദവികൾ ഉയരും. നവസംരംഭങ്ങൾ സാക്ഷാത്കരിക്കാൻ കഴിഞ്ഞേക്കും. കുടുംബ ജീവിതം കൂടുതൽ രമ്യമായി ഭവിക്കും. സകുടുംബ ഉല്ലാസ യാത്രകൾ മനസ്സന്തോഷമേകും. ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് ശോഭ കുറയുന്നതാണ്.
പുണർതം: പ്രതീക്ഷകളിൽ ചിലതെങ്കിലും സഫലമാകുന്നതാണ്. പുതിയ ചുവടുവെപ്പുകൾക്ക് അംഗീകാരവും പിന്തുണയും ലഭിക്കുന്നതാണ്. വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടും. വായ്പകൾക്കുള്ള അപേക്ഷകൾക്ക് മുൻഗണന കിട്ടുന്നതാണ്. ഗാർഹികരംഗത്ത് സ്വസ്ഥതയുണ്ടാവും. സ്നേഹവിരുന്നുകളിൽ പങ്കെടുക്കും. ഗൃഹസംബന്ധമായി ചില ചെലവുകൾ ഉണ്ടാവുന്നതാണ്. വാരമദ്ധ്യത്തിൽ ക്ലേശസാധ്യത. സാഹസങ്ങളരുത്.
പൂയം: സൂര്യൻ ഈ ആഴ്ച പകുതി വരെ ജന്മനക്ഷത്രത്തിൽ തുടരുകയാണ്. അലച്ചിൽ ഉണ്ടാവും. ദേഹസുഖം കുറയാം. മറ്റു ഗ്രഹങ്ങളുടെ ആനുകൂല്യത്താൽ ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്നതാണ്. സ്വന്തം ബിസിനസ്സിൽ അഭിവൃദ്ധി പതുക്കെയാവും. മത്സരങ്ങളിലും പരീക്ഷകളിലും കഷ്ടിച്ച് വിജയിക്കും. നവസംരംഭങ്ങൾ തുടങ്ങുക ഇപ്പോൾ അഭിലഷണീയമല്ല. കരാറുപണികൾ പുതുക്കിക്കിട്ടിയേക്കാം. കുടുംബാംഗങ്ങൾ പിന്തുണയ്ക്കുന്നതാണ്.
ആയില്യം: പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനു മുൻപ് എല്ലാവശങ്ങളും പരിഗണിക്കുന്നത് നന്നായിരിക്കും. സാമ്പത്തിക സ്ഥിതി മോശമാവില്ല. ഭൂമിയിടപാടുകൾ ലാഭകരമാവുന്നതാണ്. കുടുംബാംഗങ്ങളുടെ സാമ്പത്തികമായ ആവശ്യങ്ങൾ നിറവേറ്റുവാൻ കഴിയും. വ്യവഹാരങ്ങളിൽ അനുകൂലഫലം എന്നത്പകുതി സാധ്യതയാണ്. യാത്രകൾ കൊണ്ട് ചെറിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ദുഷ്പ്രേരണകളെ നിയന്ത്രിക്കേണ്ടതുണ്ട്. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.