/indian-express-malayalam/media/media_files/uploads/2023/07/July-23-to-July-29-Weekly-Horoscope-Astrological-Predictions-Moolam-to-Revathi.jpg)
വാരഫലം
July 23- July 29 Weekly Horoscope Astrological Predictions Moolam to Revathi: സൂര്യൻ കർക്കടകം രാശിയിൽ പൂയം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പഞ്ചമി മുതൽ ഏകാദശി വരെയുള്ള തിഥികളിലാണ്. പക്ഷബലം ഉണ്ട് ചന്ദ്രനെന്നു സാരം. ചൊവ്വ പൂരം നക്ഷത്രത്തിലും ബുധൻ ആയില്യം – മകം നക്ഷത്രങ്ങളിലും ഗുരു ഭരണിയിലും സഞ്ചരിക്കുന്നു. ശുക്രൻ വക്രഗതിയിലാണ്. പൂരം, മകം, ആയില്യം എന്നീ നാളുകളിൽ ശുക്രൻ പിന്നോട്ടു പോകുകയാണ്.
ശനി ചതയത്തിൽ വക്രത്തിലാണ് ഇപ്പോൾ. രാഹു അശ്വതി രണ്ടാം പാദത്തിലും കേതു ചിത്തിര നാലാം പാദത്തിലും തുടരുന്നു. ഇതാണ് വരുന്ന ആഴ്ചയിലെ ഗ്രഹസ്ഥിതി. ഈയാഴ്ച്ചയിൽ ഞായർ, തിങ്കൾ ദിവസങ്ങൾ കുംഭക്കൂറിനും ചൊവ്വ ഉച്ചമുതൽ വ്യാഴം വരെ മീനക്കൂറിനും, വെള്ളി, ശനി ദിവസങ്ങൾ മേടക്കൂറിനും അഷ്ടമരാശി ദിവസങ്ങളാണ് എന്നതും പ്രസ്താവ്യം.
മൂലം മുതൽ രേവതി വരെയുള്ള നാളുകാർക്ക് വാരഫലം അനുകൂലമാണോ പ്രതികൂലമാണോ എന്ന അന്വേഷണമാണ് ഇവിടെ നടത്തപ്പെടുന്നത്.
മൂലം: കർമ്മലാഭവ്യയ ഭാവങ്ങളിലൂടെ ഈയാഴ്ച ചന്ദ്രൻ സഞ്ചരിക്കുകയാൽ കർമ്മരംഗം പുഷ്ടിപ്പെടും. കഴിവുകൾക്ക് അംഗീകാരം സിദ്ധിക്കുന്നതാണ്. കച്ചവടത്തിൽ ലാഭം വർദ്ധിക്കും. പുതിയ ഉല്പന്നങ്ങൾക്ക് സ്വീകാര്യതയുണ്ടാവും. കുടുംബബന്ധങ്ങൾ ദൃഢമാകുന്നതാണ്. മക്കളുടെ ജോലികാര്യത്തിൽ പ്രതീക്ഷ സഫലമാകും. വാരാന്ത്യത്തിൽ ചിലവുകൾ വർദ്ധിക്കാം. ക്ഷിപ്രപ്രതികരണങ്ങൾ ശത്രുക്കളെ സൃഷ്ടിച്ചേക്കാം.
പൂരാടം: പ്രതീക്ഷകൾക്കനുസരിച്ച് കുറെ കാര്യങ്ങളൊക്കെ നടന്നുകിട്ടുന്ന ആഴ്ചയാണ്. ഉദ്യോഗസ്ഥർക്ക് കൂടുതൽ ഉത്തരവാദിത്വം ഉണ്ടാവും. പുതുസംരംഭങ്ങൾ വലിയ പരിക്കുകളില്ലാതെ മുന്നോട്ടുപോകും. കിട്ടാക്കടങ്ങളും കൈവായ്പകളും മടക്കിക്കിട്ടാം. തിരിച്ചടവുകൾക്ക് പണം കണ്ടെത്താനാവും. മക്കളുടെ വിവാഹത്തിൽ ഉണ്ടായിരുന്ന തടസ്സം നീങ്ങുന്നതാണ്. അന്യദേശത്ത് ജോലി പ്രതീക്ഷിക്കുന്നവർക്ക് ശുഭവാർത്തകൾ വരാം.
ഉത്രാടം: ഗുണാനുഭവങ്ങൾക്ക് മുൻതൂക്കം കൈവരുന്ന ആഴ്ചയാണ്. കരുതിയവ ചെയ്യാനാവും. വിദ്യാർത്ഥികൾ സെമസ്റ്ററുകളിൽ മികവ് തെളിയിക്കും. കുടുംബജീവിതത്തിൽ സമാധാനമുണ്ടാവുന്നതാണ്. മക്കളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനം വന്നുചേരും. തൊഴിൽ പരമായ വളർച്ച പ്രതീക്ഷിക്കാം. വിയോജിപ്പുകൾ മാറ്റിവെച്ച് സഹപ്രവർത്തകർ സർവ്വാത്മനാ സഹകരിക്കുന്നതാണ്.
തിരുവോണം: ഉപജീവനം ഉന്മേഷകരമാവും. മടുപ്പിച്ചിരുന്ന മാന്ദ്യവും തടസ്സങ്ങളും മാറുന്നതാണ്. കച്ചവടത്തിൽ ആദായം വർദ്ധിക്കും. വിപണനതന്ത്രങ്ങൾ ഫലം കണ്ടെത്തും. ഉദ്യോഗസ്ഥർക്ക് വിഷമം പിടിച്ച ചില ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കും. അതിൽ വിജയം കാണാനും സാധിക്കുന്നതാണ്. അഷ്ടമത്തിൽ കുജൻ തുടരുകയാൽ സാഹസകർമ്മങ്ങൾക്ക് മുതിരരുത്. ആരോഗ്യപരിപാലനം മുടക്കുകയുമരുത്.
അവിട്ടം: ഉന്മേഷരഹിതമായി തോന്നും, ആഴ്ചയുടെ ആരംഭത്തിൽ. ക്രമേണ വ്യക്തിപരമായും തൊഴിൽപരമായും ഗുണം അനുഭവത്തിൽ വരുന്നതാണ്. വായ്പകൾക്കുള്ള ശ്രമം വിജയം കണ്ടേക്കും. വസ്തുവിൽക്കുന്നതിന് ഉണ്ടായിരുന്ന തടസ്സം നീങ്ങുന്നതാണ്. കരാർ ജോലികൾ ചെയ്തിരുന്നവർക്ക് അവ പുതുക്കിക്കിട്ടാൻ സാധ്യതയുണ്ട്. എന്നാൽ നിലവിലെ തൊഴിൽ ഉപേക്ഷിച്ച് പുതിയ തൊഴിൽ തേടുന്നത് അഭികാമ്യമായിരിക്കില്ല. ഗാർഹികജീവിതത്തിലെ പിണക്കങ്ങൾ ഇണക്കമായി മാറുന്നതാണ്. ആരോഗ്യ ജാഗ്രത അനിവാര്യം.
ചതയം: തൊഴിൽപരമായി കുറച്ച് മെച്ചവും വ്യക്തിപരമായി ക്ലേശവും അനുഭവത്തിൽ വരുന്ന വാരമാണ്. അഷ്ടമരാശി ദിനങ്ങളാണ് തുടക്കത്തിൽ. സർവ്വതും ശ്രദ്ധാപൂർവം നിർവഹിക്കണം. ബുധനാഴ്ച തൊട്ട് അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാനാവും. പണക്കഷ്ടം കുറയും. തിരിച്ചടവുകൾ ഭാഗികമായിട്ടെങ്കിലും നടത്താനാവും. ദാമ്പത്യത്തിൽ വിട്ടുവീഴ്ചയില്ലായ്മ മൂലമുള്ള പ്രശ്നങ്ങൾ തലപൊക്കുന്നതാണ്. പതിവ് ആരോഗ്യപരിശോധനകൾ നീട്ടിവെക്കുന്നത് ഉചിതമാവില്ല.
പൂരുരുട്ടാതി: സമ്മിശ്രഫലങ്ങൾ ഉണ്ടാവും, ഈ ആഴ്ചയിൽ. അധികാരവും പദവിയും സ്തുത്യർഹമാം വിധം ഉപയോഗിക്കുന്നതാണ്. എതിർപ്പുകളുടെ മുനയൊടിക്കും. പ്രശ്നങ്ങളുടെ മൂലകാരണം കണ്ടെത്തി അവ പരിഹരിക്കുന്നതിൽ സഹിഷ്ണുത കാട്ടുന്നതാണ്. സഹകരിക്കാത്തവരെ ഒപ്പം കൂട്ടുന്നതിൽ ലക്ഷ്യം കാണും. ധനസ്ഥിതി ആവശ്യങ്ങൾക്ക് ഉതകുന്നവിധത്തിൽ മാത്രമാവാം. കുടുംബജീവിതത്തിൽ സ്വൈരക്കേടുകൾ ഉണ്ടെന്നുവന്നാലും അവ പറഞ്ഞുതീർക്കുന്നതിൽ വിജയിക്കുന്നതാണ്.
ഉത്രട്ടാതി: ആഴ്ചയുടെ മധ്യത്തിൽ അഷ്ടമരാശി വരികയാൽ ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് തിളക്കം കുറയാം. നവസംരംഭങ്ങൾക്ക് മുതിരാതിരിക്കുക അഭികാമ്യം. പണമിടപാടുകളിൽ കണക്ക് സൂക്ഷിക്കുന്നത് നന്ന്. പരീക്ഷകളിലും അഭിമുഖങ്ങളിലും കഷ്ടിച്ച് കടന്നുകൂടും. പ്രതികൂലതകളെ മറികടക്കുന്നതിൽ വിജയിക്കും. ആറാം ഭാവത്തിലെ ചൊവ്വ കർമ്മരംഗത്ത് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുവാൻ സഹായിക്കും. കുടുംബ ബന്ധങ്ങളുടെ ഊഷ്മളത കരുത്തുപകരും. ഭൂമിയിൽ നിന്നും പ്രതീക്ഷിച്ചതിൻവണ്ണം ആദായം ഉണ്ടാകുന്നതാണ്.
രേവതി: തുടക്കത്തിൽ ചില തിരിച്ചടികൾ ഉണ്ടായാലും കർമ്മരംഗം അഭംഗുരമായി മുന്നോട്ടു പോകുന്നതാണ്. അദ്ധ്വാനം വിലമതിക്കപ്പെടും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ സ്തുത്യർഹമാം വിധം നടപ്പിലാക്കാനാവും. വ്യവഹാരങ്ങളിൽ അനുകൂലതയുണ്ടാവും. വീടുവിട്ടു നിൽക്കുന്നവർക്ക് നാട്ടിലേക്ക് / വീട്ടിലേക്ക് മടങ്ങാൻ സാഹചര്യം സഞ്‌ജാതമാകുന്നതാണ്. കച്ചവടത്തിൽ പുരോഗതിയും വരുമാനത്തിൽ ഉയർച്ചയും പ്രതീക്ഷിക്കാം. ഗാർഹികജീവിതത്തിൽ മനസ്സന്തോഷകരങ്ങളായ അനുഭവങ്ങൾ വന്നെത്തും. ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് മേന്മ കുറയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.