/indian-express-malayalam/media/media_files/uploads/2023/07/July-23-to-July-29-Weekly-Horoscope-Astrological-Predictions-Aswathi-to-Ayilyam.jpg)
വാരഫലം
July 23- July 29 Weekly Horoscope Astrological Predictions Aswathi to Ayilyam: സൂര്യൻ കർക്കടകം രാശിയിൽ പൂയം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പഞ്ചമി മുതൽ ഏകാദശി വരെയുള്ള തിഥികളിലാണ്. പക്ഷബലം ഉണ്ട് ചന്ദ്രനെന്നു സാരം. ചൊവ്വ പൂരം നക്ഷത്രത്തിലും ബുധൻ ആയില്യം - മകം നക്ഷത്രങ്ങളിലും ഗുരു ഭരണിയിലും സഞ്ചരിക്കുന്നു. ശുക്രൻ വക്രഗതിയിലാണ്. പൂരം, മകം, ആയില്യം എന്നീ നാളുകളിൽ ശുക്രൻ പിന്നോട്ടു പോകുകയാണ്.
ശനി ചതയത്തിൽ വക്രത്തിലാണ് ഇപ്പോൾ. രാഹു അശ്വതി രണ്ടാം പാദത്തിലും കേതു ചിത്തിര നാലാം പാദത്തിലും തുടരുന്നു. ഇതാണ് വരുന്ന ആഴ്ചയിലെ ഗ്രഹസ്ഥിതി. ഈയാഴ്ച്ചയിൽ ഞായർ, തിങ്കൾ ദിവസങ്ങൾ കുംഭക്കൂറിനും ചൊവ്വ ഉച്ചമുതൽ വ്യാഴം വരെ മീനക്കൂറിനും, വെള്ളി, ശനി ദിവസങ്ങൾ മേടക്കൂറിനും അഷ്ടമരാശി ദിവസങ്ങളാണ് എന്നതും പ്രസ്താവ്യം.
അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാർക്ക് വാരഫലം അനുകൂലമാണോ പ്രതികൂലമാണോ എന്ന അന്വേഷണമാണ് ഇവിടെ നടത്തപ്പെടുന്നത്.
അശ്വതി: രണ്ടാം ഭാവാധിപനായ ശുക്രൻ വക്രഗതിയിലാകയാൽ സാമ്പത്തിക ക്ലേശം ഏർപ്പെടാം. മുഖാഭരണങ്ങൾ കളവ് പോയേക്കാം. പഠനത്തിൽ ശ്രദ്ധ കുറയാനിടയുണ്ട്. ചൊവ്വയുടെ പഞ്ചമ സ്ഥിതിയാൽ മനക്ലേശം, അനാവശ്യ കാര്യങ്ങളിൽ നിർബന്ധബുദ്ധി എന്നിവയും ഫലം. വാരത്തിന്റെ തുടക്കത്തിൽ കർമ്മരംഗം പുഷ്ടിപ്പെടുന്നതാണ്.
ഭരണി: മനസ്സ്വസ്ഥത കുറയും. തീവ്രമായ ഇഷ്ടാനിഷ്ടങ്ങൾ പുലർത്തും. ഉദരരോഗം ഒരു സാധ്യതയാണ്. പ്രവൃത്തികളിൽ ആലസ്യമുണ്ടാകാനിടയുണ്ട്. നക്ഷത്രാധിപന് വക്രഗതി തുടങ്ങുകയാൽ നിലപാടുകളിൽ നിന്നും പിന്നോട്ടു പോയേക്കും, ആദർശത്തിൽ വെള്ളം ചേർക്കാൻ തയ്യാറാകുന്നതാണ്. പ്രണയികൾക്ക് പാരസ്പര്യം കുറയാം. ജീവിതശൈലി രോഗങ്ങൾ വിഷമിപ്പിക്കാം. വാരാദ്യത്തിൽ അധികാര സിദ്ധിയുണ്ടാകും.
കാർത്തിക: അനുകൂല സാഹചര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേട്ടമുണ്ടാകും. ഔദ്യോഗിക കാര്യങ്ങളിൽ കൃത്യനിഷ്ഠ പുലർത്തും. ചില പുതുചുമതലകൾ വന്നുചേർന്നാൽ അത്ഭുതപ്പെടാനില്ല. വിനോദിക്കാനും മനസ്സിന് സന്തോഷിക്കാനുമുള്ള സന്ദർഭം സംജാതമാകും. കുടുംബജീവിതത്തിൽ സമാധാനം ഭവിക്കുന്നതാണ്.
രോഹിണി: നാലാം ഭാവത്തിലെ ചൊവ്വ മനപ്രയാസങ്ങൾ സൃഷ്ടിച്ചേക്കാം. ദേഹസുഖക്കുറവു വരുത്താം. എന്നാൽ മറ്റു ഗ്രഹങ്ങളുടെ അനുകൂലത ഗുണകരമാവും. സൂര്യൻ ശക്തമായ പിന്തുണയേകും. സംരംഭങ്ങളിൽ സർക്കാർ അനുമതിയുണ്ടാവും. തൊഴിൽ തടസ്സം നീങ്ങാം. വ്യാപാരത്തിലെ മാന്ദ്യം പരിഹൃതമായേക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രതയോടെ പഠനത്തിൽ മുഴുകാനാവും.
മകയിരം: വിജയിക്കാൻ പല വഴികൾ തുറക്കപ്പെടും. അവ പ്രയോജനപ്പെടുത്തുന്നതിൽ പത്താം ഭാവത്തിലെ ശനി തടസ്സങ്ങൾ സൃഷ്ടിക്കാം. മിഥുനക്കൂറുകാർക്ക് സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. ഭൂമി വ്യാപാരത്തിൽ നിന്നും ആദായം ഉണ്ടാകുന്നതാണ്. കുടുംബാംഗങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധിക്കും. പുതുതൊഴിൽ നേടാനാവും. വരുമാനം മോശമാവില്ല. ഇടവക്കൂറുകാർ കൂടുതൽ ആലോചിക്കും. അക്കാരണത്താൽ നേട്ടങ്ങൾ കുറയാം.
തിരുവാതിര: വിജ്ഞാന സമ്പാദനം എളുപ്പമാവും. പരീക്ഷയിൽ വിജയിക്കാൻ സാധിക്കും. ഉദ്യോഗസ്ഥർക്ക് ചുമതലകളും അധികാരവും കൂടും. സ്നേഹവിരുന്നുകളിൽ പങ്കെടുക്കാനാവും. വ്യാപാരികൾക്ക് ലോൺ, ചിട്ടി മുതലായവയിൽ നിന്നും ധനാഗമം ഉണ്ടാവും. മക്കളുടെ ശ്രേയസ്സിനായി നല്ല തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്. വീട് , വാഹനം മുതലായവ നവീകരിക്കുവാൻ ശ്രമം തുടങ്ങും. ആരോഗ്യനില തൃപ്തികരമാവും.
പുണർതം: ഭരണപരമായ തീരുമാനങ്ങൾ സ്വാഗതം ചെയ്യപ്പെടും. സുഹൃത്തുക്കളുടെ പിന്തുണ ശക്തിയേകും. ധനപരമായി പൊതുവേ കാലം അനുകൂലമാണ്. വായ്പകൾ മുടക്കം കൂടാതെ അടയ്ക്കാനാവും. കാലാവധി തീരുന്ന കരാറുകൾ പുതുക്കിക്കിട്ടും. വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും ഉപരിപഠനത്തിന് പോകാനും കഴിയുന്നതാണ്. ആരോഗ്യപരമായി നല്ല സമയമാണെങ്കിലും പരിശോധനാദികൾ മുടക്കരുത്.
പൂയം: സൂര്യൻ ജന്മരാശിയിൽ തുടരുകയാൽ ദേഹസൗഖ്യം കുറയും. ക്ഷോഭശീലം ഉയരും. ചെറുകാര്യങ്ങൾ പോലും ദുർലഭമാകാം. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ 'നല്ല പുസ്തകത്തിൽ' ഇടം നേടാൻ കഴിഞ്ഞേക്കില്ല. അപവാദങ്ങൾ അലട്ടാം. സാമ്പത്തിക സ്ഥിതി മോശമാവില്ല. പ്രതീക്ഷിക്കാത്ത വഴികളിൽ നിന്നും പണവരവ് ഉണ്ടാകും. കുടുംബാംഗങ്ങളുടെ ഐക്യം ഹൃദയോന്മേഷം പകർന്നേക്കും. ആരോഗ്യ പരിശോധനകൾ മുടക്കരുത്.
ആയില്യം: ജന്മരാശിയിൽ സൂര്യൻ, രണ്ടിൽ ചൊവ്വ, നാലിൽ കേതു, അഷ്ടമത്തിൽ ശനി, പത്തിൽ രാഹു എന്നിങ്ങനെ പാപഗ്രഹങ്ങളുടെ പ്രധാനഭാവസ്ഥിതി തുടരുന്നതിനാൽ നേട്ടങ്ങൾ എളുപ്പമാവില്ല. ചെറുകാര്യങ്ങൾ പോലും വിയർത്തു നേടേണ്ടിവരും. കെണികളിൽ വീഴാതെ നോക്കണം. കടബാധ്യത കൂടാം. ശുക്രനും ബുധനും അനുകൂല ഭാവങ്ങളിൽ തുടരുകയാൽ അതിജീവനം വിഷമമാവില്ല. പഠന മികവ്, ഗൃഹ സൗഖ്യം, കച്ചവടത്തിൽ പുരോഗതി എന്നിവ ഗുണാനുഭവങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.