/indian-express-malayalam/media/media_files/uploads/2023/07/July16-to-July-22-Weekly-Horoscope-Astrological-Predictions-.jpg)
ജൂലൈ 16 മുതൽ 22 വരെയുള്ള വാരഫലം
July 16- July 22 Weekly Horoscope Astrological Predictions Aswathi to Revathi: സൂര്യൻ പുണർതം ഞാറ്റുവേലയിൽ തുടങ്ങി പൂയം ഞാറ്റുവേലയിൽ പ്രവേശിക്കുന്നു, വാരമദ്ധ്യത്തിൽ. ചന്ദ്രൻ കൃഷ്ണചതുർദശിയിൽ നിന്നും അമാവാസി പിന്നിട്ട് പതിയെ വെളുത്ത പക്ഷമായി വളരുന്നു. ശനി വക്രഗതിയിൽ കുംഭത്തിലും ചൊവ്വയും ശുക്രനും മകത്തിലും തുടരുന്നു. വ്യാഴം ഭരണിയിലും ബുധൻ പുണർതത്തിലും രാഹു അശ്വതിയിലും കേതു ചിത്തിരയിലും സഞ്ചാരം തുടരുകയാണ്.
ഈ ഗ്രഹസ്ഥിതി/ ഗ്രഹനില വ്യക്തമാക്കും വിധം അശ്വതി മുതൽ രേവതി വരെ 27 നാളുകാരുടെയും വാരഫലം ആണ് ഇവിടെ വിശദമായി അപഗ്രഥിക്കുന്നത്.
അശ്വതി: ക്രിയാശേഷി വർദ്ധിക്കും. സൂര്യൻ ഏഴാം നക്ഷത്രത്തിൽ നിന്നും നീങ്ങുന്നതോടെ ക്ലേശങ്ങൾ കുറയാം. നല്ല യാത്രകൾ, തീർത്ഥാടനങ്ങൾ ഇവ ഒരു സാധ്യതയാണ്. അനുജന്മനക്ഷത്രത്തിൽ കുജൻ തുടരുന്നത് ചില തടസ്സങ്ങൾക്ക് കാരണമാകാം. രണ്ടാം നക്ഷത്രത്തിലെ വ്യാഴസ്ഥിതി ധനവരവ് സുഗമമാക്കുന്നതാണ്. നാലാം ഭാവാധിപനായ ചന്ദ്രന് ബലം വന്നു തുടങ്ങുകയാൽ ക്രമേണ ബന്ധുക്കൾ മൂലം ചില നേട്ടങ്ങൾ വന്നെത്താം. പൊതുവേ ഗുണാനുഭവങ്ങൾക്ക് വഴിയൊരുക്കുന്ന വാരമായേക്കാം.
ഭരണി: വ്യാഴത്തിന്റെ ജന്മനക്ഷത്ര സഞ്ചാരം ഉയർത്തുന്ന പ്രശ്നങ്ങൾക്ക് പോംവഴി തെളിയില്ല. സൂര്യൻ നാലിൽ സഞ്ചരിച്ചുതുടങ്ങുന്നതിനാൽ മനക്ലേശം വരും. വ്യാപാരികൾക്ക് ചില സമ്മർദം ഉണ്ടായേക്കും. ഉദ്യോഗസ്ഥർക്ക് മേലധികാരകളുമായി അനൈക്യം ഭവിക്കുന്നതാണ്. എന്നാൽ നാലിൽ ബുധൻ തുടരുകയാൽ വിദ്യാർത്ഥികൾക്ക് ഗുണമേറും. വിശാലമായ കാഴ്ചപ്പാട് പല കാര്യത്തിലും പുലർത്തും. ചിലർക്ക് വീടുവിട്ടു നിൽക്കേണ്ട സാഹചരും ഉദിക്കാം.
കാർത്തിക: സ്ഥിരം തലവേദനകളിൽ നിന്നും രക്ഷയുണ്ടാവും. സൂര്യന്റെ മൂന്നിലെ സഞ്ചാരം മന:ശക്തി നൽകും. മുൻപ് നിസ്സഹകരണം പുലർത്തിയവർ സ്വമേധയാ മുന്നോട്ടു വരും. പുതുസംരംഭങ്ങളിൽ ആലോചന ശക്തമാകും. സാമ്പത്തിക അടിത്തറ ബലപ്പെടാം. കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ ഉയർന്നെന്നാലും അവയെ ഭംഗിയായി പരിഹരിക്കാനാവും. പ്രതീക്ഷിച്ച ധനം വന്നെത്തുന്നതാണ്.
രോഹിണി: സാഹചര്യങ്ങളോട് പ്രതിഷേധിക്കുന്നത് അവസാനിപ്പിക്കും. പ്രശ്നങ്ങളോട് ഇണങ്ങിക്കൊണ്ട് അവയെ പരിഹരിക്കാൻ ശ്രമിച്ചേക്കും. അധികാരികളുടെ പിന്തുണ പ്രതീക്ഷിക്കാം. ഉദ്യോഗത്തിൽ പദവികളേറുന്നതാണ്. ഋണബാദ്ധ്യതകളിൽ ആശ്വാസം ഉണ്ടാവും. ഗൃഹ / വാഹന നവീകരണം ഒരു സാധ്യതയായി പറയാം. ആരോഗ്യപ്രശ്നങ്ങളിൽ വൈദ്യസഹായം തേടാൻ അമാന്തിക്കരുത്.
മകയിരം: വലിയ കാര്യങ്ങൾ നേടാൻ ആഗ്രഹിക്കും. എന്നാൽ കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടും. വിജ്ഞാന സമ്പാദനത്തിന് സമയം കണ്ടെത്തും. നല്ല കാര്യങ്ങൾക്ക് ചെലവുണ്ടാകും. തീർത്ഥാടനയോഗം കാണുന്നു. ദേഹസൗഖ്യത്തിന് ചികിൽസകൾ അവലംബിക്കാം. പുതിയ സംരംഭം തുടങ്ങാൻ നിരന്തര പരിശ്രമം വേണ്ടിവരുന്നതാണ്. കൈവായ്പകൾ പ്രയോജനപ്പെടുത്തിയേക്കും.
തിരുവാതിര: കാര്യസാദ്ധ്യത്തിന് രാജവഴികൾ മാത്രമല്ല, കുറുക്കുവഴികളും തേടും. ശക്തമായ പിന്തുണ പലരിൽ നിന്നും ലഭിക്കുന്നതാണ്. കുടുംബപ്രശ്നങ്ങളെ മൗനം കൊണ്ട് നേരിടുക ഉചിതം. ക്ഷമ പരീക്ഷിക്കപ്പെടാം. വാരത്തിന്റെ തുടക്കത്തിന് ശോഭ കുറഞ്ഞേക്കും. ആലസ്യത്തിന്റെ പുതപ്പിൽ ഉറങ്ങിയെന്ന് വരാം. വ്യാഴം മുതൽ ധനപരമായി നന്ന്. അഞ്ചും ആറും ഭാവാധിപന്മാർ ഒരുമിക്കുകയാൽ മക്കളുടെ കാര്യതിൽ ഉൽക്കണ്ഠകൾ ഉണ്ടാവാം.
പുണർതം: മിഥുനക്കൂറുകാർക്ക് നേട്ടം കൂടും. പരീക്ഷണങ്ങൾ പരാജയപ്പെടില്ല. സമയോചിതമായ പ്രവർത്തനം ശ്ലാഘിക്കപ്പെടും. സുഹൃത്തുക്കളുടെ പിന്തുണ കരുത്തേകുന്നതാണ്. വ്യാപാരികൾ ആഴ്ചയുടെ തുടക്കത്തിൽ വായ്പാതിരിച്ചടവിന് വിഷമിച്ചേക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പ്രതീക്ഷിച്ച തുടർച്ച സിദ്ധിക്കുന്നതാണ്. മുഖരോഗങ്ങൾ ഒരു സാധ്യതയാണ്. ആഢംബര വസ്തുക്കൾ വാങ്ങിയേക്കും.
പൂയം: ക്ലേശങ്ങൾ തുടർക്കഥയാണോ എന്ന് ചിലപ്പോൾ തോന്നും. എങ്കിലും ജീവിതത്തോടുള്ള ഇമ്പം കുറയില്ല. എല്ലാവരേയും സഹകരിപ്പിച്ചു കൊണ്ടുപോകാനുള്ള ശ്രമം ഭാഗികമായി വിജയിക്കും. യാത്രകളുണ്ടായേക്കും. ചെറുനേട്ടങ്ങൾ അവയിലൂടെ കൈവരാം. ധനപരമായി സ്ഥിതി സമ്മിശ്രമായിരിക്കും. സാങ്കേതികമായി പുതിയത് പലതും പഠിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തിൽ പൊതുവേ ശ്രദ്ധ വേണ്ടതുണ്ട്.
ആയില്യം: ഏല്പിച്ച ദൗത്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. കർമ്മോത്സുകത പ്രശംസിക്കപ്പെടാം. ഭൂമി സംബന്ധിച്ച ഏർപ്പാടുകൾ തടസ്സം കൂടാതെ നടന്നേക്കും. വ്യാപാരികൾക്ക് ന്യായമായ ലാഭം വന്നുചേരുന്നതാണ്. വമ്പിച്ച മുതൽമുടക്കിന് കാലം അനുകൂലമാണെന്ന് പറയുകവയ്യ! കുടുംബത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങൾ പുത്തനുണർവ്വേകും. വൃദ്ധജനങ്ങളുടെ പതിവുള്ള ആരോഗ്യപരിശോധനകളിൽ ഉദാസീനത കാട്ടരുത്.
മകം: ജന്മനക്ഷത്രത്തിൽ ശുക്രനും കുജനും ഒന്നിക്കുന്നതിനാൽ മനസ്സംഘർഷങ്ങൾ ഉയരാം. വൈകാരിക പ്രതികരണങ്ങൾക്ക് തുനിഞ്ഞേക്കാം. ശുക്രനാൽ ഭൗതിക നേട്ടങ്ങൾ വന്നുചേരും. വിദ്യാഭ്യാസത്തിൽ ശ്രദ്ധ കുറയുന്നതായി തോന്നാം. നിർബന്ധശീലം കൂടുന്നതായി കുടുംബാംഗങ്ങൾ നിരീക്ഷിച്ചേക്കും. ആഴ്ചയുടെ തുടക്കത്തിൽ ചെലവിനും അലച്ചിലിനും സാധ്യതയുണ്ട്. അതിനുശേഷം കാര്യസിദ്ധിയുണ്ടാകും.
പൂരം: ക്രയവിക്രയങ്ങളിൽ പ്രതീക്ഷിച്ച ലാഭം ഉണ്ടാവണമെന്നില്ല. കരുതി വെച്ചിരുന്ന ധനം മറ്റുകാര്യങ്ങൾക്ക് ചെലവായെന്നു വരാം. നിഷ്പ്രയോജനകരങ്ങളായ കാര്യങ്ങൾ ചെയ്യേണ്ടതായി വന്നേക്കും. മനസ്സ് ഒരുകാര്യത്തിലും ഉറച്ചുനിൽക്കുകയില്ല. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറയരുത്. നവസംരംഭങ്ങൾക്ക് കാലം അനുകൂലമാണെന്ന് പറയുക വയ്യ. കുടുംബാംഗങ്ങളെ ഒത്തിണക്കുന്നതിൽ ഒരുവിധം വിജയിക്കും.
ഉത്രം: മുൻ തീരുമാനങ്ങൾ ഭംഗിയായി നിർവഹിക്കും. മത്സരങ്ങളിൽ വിജയിക്കാൻ കഴിയുന്നതാണ്. തൊഴിൽ തേടുന്നവർക്ക് ചെറിയ വരുമാനമാർഗമെങ്കിലും പ്രതീക്ഷിക്കാം. വ്യാപാരത്തിലെ പ്രതിസന്ധികൾ ഒട്ടൊക്കെ പരിഹരിക്കാനാവും. വിജ്ഞാന സമ്പാദനം, പഠിപ്പിൽ പുരോഗതി എന്നിവ സ്വാഭാവികമായി തന്നെ സംഭവിക്കുന്നതാണ്. ഗാർഹികരംഗത്ത് അസ്വാരസ്യങ്ങൾ ഉയർന്നാലും അവയെ സമർത്ഥമായി പരിഹരിക്കുന്നതാണ്.
അത്തം: പന്ത്രണ്ടിലെ കുജസ്ഥിതി മൂലം വസ്തു ഇടപാടുകളിൽ പരാജയം വരാം. കലഹവാസന കുടുംബാന്തരീക്ഷത്തെ കലുഷിതമാക്കാനിടയുണ്ട്. മറ്റുള്ളവരുടെ വാക്കുകൾ ചെവിക്കൊള്ളുകയില്ല. അറിഞ്ഞോ അറിയാതെയോ വാഗ്ദാനങ്ങൾ ലംഘിച്ചേക്കും. സാമ്പത്തികമായി മെച്ചം ഭവിക്കുന്നതാണ്. ചെലവ് നിയന്ത്രിക്കേണ്ടതുണ്ട്. ആരോഗ്യപരമായി സമയം അത്ര മോശമല്ല. ആഴ്ചയുടെ ആദ്യ പകുതിക്ക് മികവേറും.
ചിത്തിര: സ്വശക്തി തിരിച്ചറിയും. ആത്മക്ലേശങ്ങൾ കുറയാം. അദ്ധ്വാനം ലഘൂകരിക്കപ്പെടും. അവിവാഹിതരുടെ വിവാഹ പരിശ്രമങ്ങൾ ഫലവത്താകുന്ന കാലമാണ്. ഋണബാധ്യതകൾ തെല്ല് പരിഹൃതമാകാം. രാഷ്ട്രീയ സ്ഥാനങ്ങൾ ലഭിച്ചേക്കാം. ഭൂമി സംബന്ധിച്ച ഇടപാടുകളിൽ ലാഭം കൈവരുന്നതാണ്. അഗ്നി, ആയുധം, വൈദ്യുതി, ക്രമസമാധാനം, സൈന്യം മുതലായ മേഖലകളിൽ ജോലി നോക്കുന്നവർക്ക് പദവി, വേതനം എന്നിവയിൽ ഗുണപരമായ മാറ്റം പ്രതീക്ഷിക്കാവുന്നതാണ്.
ചോതി: യാത്രകൾ കൊണ്ട് നേട്ടങ്ങൾ വന്നുചേരും. ബിസിനസ്സ് വിപുലീകരിക്കുന്നതിനുള്ള വഴി തെളിയുന്നതാണ്. കൈവായ്പകൾ മടക്കാൻ സാധിച്ചേക്കും. ആദിത്യബുധന്മാർ പത്തിൽ തുടരുകയാൽ നൈപുണ്യത്തോടെ ഏതു കാര്യവും നിർവഹിക്കാനാവും. ഉദ്യോഗസ്ഥർക്കും ചില ഗുണാനുഭവങ്ങൾ ഉണ്ടായേക്കും. പ്രണയികൾക്ക് അനുരാഗം ഹൃദയബന്ധമായി മാറാം. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ നീങ്ങിയേക്കും.
വിശാഖം: ഗുണാനുഭവങ്ങൾക്ക് മുൻതൂക്കമുള്ള വാരമായേക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് കൈവരിക്കാൻ സാധിക്കും. സാങ്കേതിക വിഷയങ്ങളിൽ വൈദഗ്ദ്ധ്യം നേടുവാൻ കഴിയുന്നതാണ്. പ്രധാന ഗ്രഹങ്ങളെല്ലാം അനുകൂല ഭാവങ്ങളിലാകയാൽ കുറച്ചു നാളായി തുടർന്നുവരുന്ന ക്ലേശങ്ങളും കാര്യതടസ്സങ്ങളും നീങ്ങുന്നതാണ്. തൊഴിൽ മേഖലയിൽ മുന്നേറ്റവും ആദായവും സഞ്ജാതമാകും. കുടുംബ സൗഖ്യം ഭവിക്കും.
അനിഴം: ആഴ്ചയുടെ രണ്ടാം പകുതിക്ക് മികവുണ്ടാവും. തുടക്കത്തിൽ തൊഴിൽപരമായ സമ്മർദ്ദങ്ങൾ കൂടാം. ചുമതലകൾ നിർവഹിക്കുന്നതിൽ ക്ലേശിക്കുന്നതാണ്. വ്യാപാരത്തിൽ മാന്ദ്യം വന്നേക്കും. അലച്ചിലുകൾ വരാം. കുടുംബപരമായ വിയോജിപ്പുകൾ അനുരഞ്ജനത്തിലാവും. വായ്പകൾക്കുള്ള ശ്രമം വിജയം കാണുന്നതാണ്. കരാർ പണികളിൽ നിന്നും കിട്ടേണ്ടതുക ലഭിച്ചേക്കും. ആരോഗ്യപരമായി ശ്രദ്ധ വേണം.
തൃക്കേട്ട: ബുദ്ധിപരമായ തീരുമാനങ്ങൾ വിജയത്തിലേക്ക് നയിക്കും. വൈകാരികമായ സംയമം പാലിക്കണം. കലഹ പ്രേരണകൾ നിയന്ത്രിക്കപ്പെടേണ്ടതാണ്. ഭൂമിവ്യവഹാരങ്ങൾക്ക് കാലം അനുകൂലമല്ല. കരാർ പണികൾ തുടർന്നും ലഭിക്കുന്നതിൽ അനിശ്ചിതത്വം വരാം. കഫജന്യരോഗങ്ങളുടെ ഉപദ്രവം ഉണ്ടായേക്കാം. പുതിയ വീട്ടിലേക്ക് മാറാൻ തയ്യാറെടുക്കും. വാരത്തിന്റെ പകുതി മുതൽ സാമ്പത്തികമായും തൊഴിൽപരമായും നന്ന്.
മൂലം: ആദിത്യനും ചൊവ്വയും അനുകൂല ഭാവത്തിലല്ല. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ കരുതൽ പുലർത്തണം. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ കാര്യത്തിൽ പ്രത്യേകമായ ജാഗ്രത വേണം. തൊഴിലിൽ ഉദാസീനരായേക്കും. ധനപരമായി വരവും ചെലവും തുല്യമാകുന്നതാണ്. ഭാര്യാഭർത്താക്കന്മാരുടെ ഇടയിലെ രമ്യതക്ക് കോട്ടം ഉണ്ടാവാം. നവസംരംഭങ്ങൾ തുടങ്ങുന്നത് നീട്ടി വെക്കുകയാവും ഉചിതം.
പൂരാടം: കാര്യങ്ങൾക്ക് വേഗത കുറയാം. തീരുമാനങ്ങൾ സാക്ഷാൽക്കരിക്കുക അത്ര എളുപ്പമാവില്ല. സുഹൃൽബന്ധങ്ങൾ ഉലയാം. ഭാഗ്യാനുഭവങ്ങൾക്ക് തെളിച്ചം കുറയുന്നതാണ്. കച്ചവട രംഗം നിരാശപ്പെടുത്തിയേക്കും. കടം വാങ്ങി കടം വീട്ടേണ്ട സ്ഥിതി വരാം. ആഴ്ചയുടെ ഒടുവിൽ ചില ശുഭസൂചനകൾ ഉണ്ടാകുന്നതാണ്. ഗാർഹികസൗഖ്യം ഭവിക്കാം. വിദ്യാർത്ഥികൾക്ക് പഠന വിഷയങ്ങളുമായി പൊരുത്തപ്പെടാനാവും.
ഉത്രാടം: പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ സാവകാശം ലഭിച്ചേക്കും. വ്യവഹാരവിഷയങ്ങൾ നിയമജ്ഞരുമായി കൂടിയാലോചിക്കും. പ്രൊഫഷണലുകൾക്ക് സ്വന്തം തൊഴിലിൽ പൂർണമായ സംതൃപ്തിയുണ്ടാവില്ല. സ്വയം സ്വീകരിക്കുന്ന തീരുമാനങ്ങൾക്ക് കുടുംബാംഗങ്ങളുടെ പിന്തുണ കിട്ടണമെന്നില്ല. ഊഹക്കച്ചവടത്തിൽ നഷ്ടം വന്നേക്കും. വായ്പാ തിരിച്ചടവിനായി സമ്മർദ്ദം ഉണ്ടാകാം. അന്യനാട്ടിൽ തൊഴിൽ തേടുന്നവർക്ക് അതിനവസരമുണ്ടാകുന്നതായിരിക്കും.
തിരുവോണം: അവിവാഹിതരുടെ വിവാഹാലോചനകൾ നീളാം. പ്രണയികൾക്ക് കാലം അനുകൂല ഭാവത്തിലല്ല. മാതാവിന്റെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധയുണ്ടാവണം. കലഹ പ്രേരണകൾക്ക് വശംവദരാവാതിരിക്കാൻ ശ്രമം വേണം. ഉദ്യോഗസ്ഥർക്ക് സ്ഥാനപ്രാപ്തി എളുതാവില്ല. ചെറുനേട്ടണ്ടൾക്ക് പോലും കൂടുതൽ അദ്ധ്വാനം വേണ്ടതായി വരും. വാഹനം, അഗ്നി, യന്ത്രം ഇവയുടെ ഉപയോഗത്തിൽ ഏറ്റവും സൂക്ഷ്മത പാലിക്കണം.
അവിട്ടം: ദാമ്പത്യക്ലേശങ്ങൾ മാനസിക ശക്തിയെ ദുർബലമാക്കും. പ്രവൃത്തി മികവ് ശ്രദ്ധിക്കപ്പെട്ടില്ലെന്ന് വരാം. ഉദ്യോഗസ്ഥർ അവഗണന നേരിട്ടേക്കും. വ്യാപാരത്തിലെ ചില മുൻ ഉടമ്പടികളിൽ നിന്നും രക്ഷനേടാൻ വഴികൾ തേടും. സാഹചര്യങ്ങൾ അനുകൂലമാവുമ്പോൾ വ്യാപാര രംഗം വികസിപ്പിക്കാൻ ഉചിതമായ ഉപദേശം ലഭിക്കുന്നതാണ്. സാഹസകർമ്മങ്ങൾ ഒഴിവാക്കുന്നത് ഉത്തമം. പണമിടപാടുകളിൽ ചെറുലാഭം വന്നെത്തും.
ചതയം: സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി/അനുമതി എന്നിവ പ്രതീക്ഷിക്കാം. വിദ്യാർത്ഥികളുടെ ഉപരിപഠന പ്രവേശം പ്രതീക്ഷിച്ചതിൻ വിധമാകും. നവോർജ്ജം പ്രസ്ഥാനത്തിന്റെ ഉന്നമനത്തിന് ഉപയോഗിക്കും. വിഷയാധിഷ്ഠിതമായി പ്രബന്ധങ്ങൾ അവതരിപ്പിക്കും. കുടുംബജീവിതത്തിൽ ചെറിയ പിണക്കങ്ങളും അസ്വാരസ്യങ്ങളും വന്നേക്കും. സഹജമായ നിർമ്മമതയോടെ എല്ലാക്കാര്യങ്ങളേയും സമീപിക്കുന്നതാണ്.
പൂരുരുട്ടാതി: കഠിനയാഥാർത്ഥ്യങ്ങളെ പുഞ്ചിരിയോടെ നേരിടുന്ന ആർജ്ജവം കൈവരും. എതിർശബ്ദങ്ങളെ തൃണവൽഗണിച്ച് മുന്നേറും. സഹപ്രവർത്തകരുടെ ആവശ്യങ്ങൾക്ക് മുന്നിട്ടിറങ്ങും. കുടുംബ കാര്യങ്ങളിൽ ശ്രദ്ധ കുറയുന്നതായി പരാതി ഉയരാം. പുതിയ തൊഴിലിനായി നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് ഉചിതമാവില്ല. ധനവരവ് പ്രതീക്ഷിച്ചത്ര തന്നെ വന്നെത്തും. ഭോഗസുഖങ്ങൾക്ക് പണം കണ്ടെത്തും. യാത്രകളിൽ ഇഷ്ടം കൂടും.
ഉത്രട്ടാതി: ജ്ഞാനാന്വേഷണം അഭിവൃദ്ധമാകും. മക്കളുടെ പഠനപുരോഗതിയിൽ സംതൃപ്തി വരും. കുടുംബജീവിതത്തിലും സമാധാനമുണ്ടാവുന്നതാണ്. ചിലനേരത്ത് കൂടുതൽ ആലോചനകളിൽ മുഴുകുന്നതുകൊണ്ട് ക്രിയാത്മകത കുറയാം. സുഹൃത്തുക്കളിൽ നിന്നും ചില ആശയപരമായ എതിർപ്പുകൾ ഉണ്ടാവാനിടയുണ്ട്. എന്നാൽ തർക്കവിവാദ സംവാദാദികളിൽ വിജയം ഉറപ്പിക്കാനാവും. ഊഹക്കച്ചവടത്തിന് അത്ര അനുകൂല സമയമല്ല. പാരമ്പര്യ തൊഴിലുകൾ പിന്തുടരുന്നവർക്ക് നേട്ടങ്ങൾ വന്നുകൂടായ്കയില്ല.
രേവതി: നല്ല ചിന്തകൾ മനസ്സിലുണ്ടാവും. ദുശ്ശീലങ്ങൾ അവസാനിപ്പിക്കാൻ ആഗ്രഹിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതാണ്. സമാജങ്ങളിൽ നന്നായി പ്രസംഗിക്കും. ബന്ധുക്കളുടെ സംരംഭങ്ങളിൽ പാർട്ണർഷിപ്പ് വ്യവസ്ഥയിൽ പങ്കെടുക്കുന്നതിന് ക്ഷണം കിട്ടാം. അവിവാഹിതരുടെ വിവാഹകാര്യത്തിൽ ചില തീരുമാനങ്ങൾ ഉണ്ടാവാനിടയുണ്ട്. വരവുചിലവുകൾ പൊരുത്തപ്പെടുന്നതാണ്. വാത/പാദരോഗങ്ങൾ വിഷമിപ്പിച്ചേക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.