/indian-express-malayalam/media/media_files/uploads/2023/07/weekly-horoscope-2-1.jpg)
ജൂലൈ 9 മുതൽ 15 വരെയുള്ള വാരഫലം
July 09- July 15 Weekly Horoscope Astrological Predictions Makam to Thrikketta: സൂര്യൻ പുണർതം ഞാറ്റുവേലയിൽ തുടരുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ കൂടുതൽ പ്രഭാരഹിതനായി യാത്ര തുടരുകയാണ്. ചൊവ്വയും ശുക്രനും ചിങ്ങം രാശിയിൽ. ഇരുഗ്രഹങ്ങളും മകം നക്ഷത്രത്തിലാണ് എന്ന സവിശേഷതയും ഉണ്ട്. വ്യാഴം മേടത്തിൽ ഭരണി നാളിലാണ്. ശനി വക്രത്തിൽ ചതയത്തിലും. ബുധൻ കർക്കടകത്തിൽ യാത്ര തുടരുന്നു. രാഹുവും കേതുവും മേടത്തിലും തുലാത്തിലും സഞ്ചരിക്കുകയാണ്.
ഈ ഗ്രഹനില / ഗ്രഹസ്ഥിതി വ്യക്തമാക്കും വിധം മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരുടെ വാരഫലം ആണ് ഇവിടെ വിശദമായി അന്വേഷിക്കുന്നത്.
മകം: സാഹചര്യങ്ങൾ മുഴുവനായും അനുകൂലമാണെന്ന് പറയാനാവില്ല. ജന്മരാശിയിൽ, വിശിഷ്യാ ജന്മനക്ഷത്രത്തിൽ, ബാധകാധിപനായ ചൊവ്വ സഞ്ചരിക്കുന്ന കാലമാണ്. കാര്യങ്ങളുടെ മേൽ നിയന്ത്രണം നഷ്ടമാകും. ചിലപ്പോൾ ക്ഷോഭം നമ്മുടെ നാവികനാവും. പിരിമുറുക്കങ്ങൾ തുടർന്നേക്കും. ഒമ്പതിലെ വ്യാഴം രണ്ടാം നക്ഷത്രമായ പൂരത്തിന്റെ അനുജന്മത്തിൽ സഞ്ചരിക്കുകയിൽ സാമ്പത്തികമായി ഗുണം പ്രതീക്ഷിക്കാം.
പൂരം: സമയാനുകൂല്യം താൽകാലികമായി കുറവാണ് എന്ന ബോധ്യം ഉണ്ടാവണം. പിരിമുറുക്കങ്ങൾ ഏറും, സകാരണമായും ചിലപ്പോൾ അകാരണമായും. ഹൃദയബന്ധങ്ങളുടെ ഊഷ്മളത കുറയാതെ നോക്കുക ഒരു വെല്ലുവിളിയാവും. തൊഴിലിൽ തടസ്സങ്ങളുണ്ടാവില്ല. എന്നാൽ വൻനേട്ടം പ്രതീക്ഷിക്കാനുമില്ല. വ്യാഴം, വെള്ളി, ശനി ദിവസങ്ങൾക്ക് ഗുണമേറും. ധനപരമായി സംതൃപ്തി വന്നുചേരുന്നതാണ്.
ഉത്രം: ഉദ്യോഗസ്ഥർക്ക് ഉന്നതിക്ക് വഴിതെളിയും. എന്നാൽ കുറുക്കുവഴിയാവില്ല. ഉപരിവിദ്യാഭ്യാസം സുഗമമാകുന്നതാണ്. കൃത്യനിഷ്ഠയിൽ ലോപം വന്നേക്കാം. ചിലരുടെ സഹകരണം പ്രതീക്ഷിച്ചത് വെറുതെയാവും. വ്യവഹാരങ്ങളിൽ ഇരുമനസ്സുണ്ടായേക്കും. ഭൂമിയിടപാടുകളിൽ നിന്നും കരുതിയ ലാഭം കിട്ടിക്കൊള്ളണം എന്നില്ല. അയൽബന്ധം രമ്യമാകുന്നതാണ്. കുടുംബപരമായി സംതൃപ്തി പ്രതീക്ഷിക്കാം.
അത്തം: അഷ്ടമരാശി ദിനങ്ങളാണ്, ചൊവ്വയും ബുധനും. അതിനാൽ കരുതൽ വേണം. എല്ലാക്കാര്യങ്ങളിലും. വിജയിക്കാൻ ഈ സന്നാഹങ്ങൾ പോരെന്ന് തിരിച്ചറിയും. സാമ്പത്തികക്ലേശങ്ങൾ വരാം. വായ്പാ തിരിച്ചടവ് മുടങ്ങുമെന്നായേക്കും. സഹായസ്ഥാനാധിപൻ ചൊവ്വ പന്ത്രണ്ടിലായതിനാൽ വാഗ്ദാനങ്ങൾ കൈമലർത്തപ്പെടും. വെള്ളി, ശനി ദിവസങ്ങളിൽ നേട്ടങ്ങൾ അധികരിക്കും. ഗൃഹസ്വസ്ഥതയുണ്ടാവും.
ചിത്തിര: ചിന്തയേയും കർമ്മത്തേയും ഏകോപിപ്പിക്കുന്നതിൽ തെല്ല് അനവധാനത വന്നേക്കും. കരാർ പണികൾ പുതുക്കിക്കിട്ടാൻ സാധ്യത കാണുന്നു. വ്യാപാരാവശ്യത്തിന് വായ്പ നേടാൻ ശ്രമം നടത്തും. വിദ്യാർത്ഥികൾ പ്രോജക്ടുകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം എടുക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടാം ഗൃഹകാര്യങ്ങളിൽ അനാസ്ഥയുണ്ടാവുന്നതാണ്. മുതിർന്ന അംഗങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണ്ടതുണ്ട്.
ചോതി: ആഴ്ചയുടെ പകുതി വരെ പല നേട്ടങ്ങളും വന്നുചേരും. ബിസിനസ്സിൽ പുരോഗതി പ്രതീക്ഷിക്കാം. സാമ്പത്തികമായ മെച്ചം ഉണ്ടാവും. പ്രൊഫഷണലുകൾക്ക് തൊഴിലിൽ തിളങ്ങാൻ സാധിക്കുന്നതാണ്. വലിയ കമ്പനികളുമായി കരാർ ഒപ്പിടാനാവും. ആരോഗ്യപ്രശ്നങ്ങളാൽ ഒഴിവെടുത്തിരുന്നവർക്ക് തുടർന്ന് ജോലിയിൽ പ്രവേശിക്കാൻ കഴിയും. യുവാക്കളുടെ വിവാഹാലോചനകൾ സഫലമാകാനിടയുണ്ട്. വ്യാഴ്ച അഷ്ടമരാശി തുടങ്ങുകയാൽ മനോവാക്കർമ്മങ്ങളിൽ ജാഗ്രത വേണം.
വിശാഖം: ഉദ്യോഗസ്ഥർ വിശ്വസിച്ചേൽപ്പിച്ച ജോലികൾ ഭംഗിയായി നിർവഹിക്കും. തൊഴിൽ സംബന്ധിച്ച യാത്രകൾ ഉണ്ടാവാം. കൃത്യനിഷ്ഠ പ്രശംസിക്കപ്പെടും. വ്യാപാരികൾ ഗുണപരമായ ചില കരാറുകളിൽ ഏർപ്പെട്ടേക്കും. ധനപരമായ അലട്ടലുകൾ കുറയും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാം. പ്രണയികൾക്ക് അനുകൂലമായ വാരമാണ്. അനാവശ്യ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കേണ്ട തുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് മികവ് കുറയാം.
അനിഴം: കർമ്മരംഗം കുറച്ചൊന്നു കലുഷമായേക്കും. ഒരേനേരത്ത് പലതും ചെയ്ത് ഏകാഗ്രത നഷ്ടമാകും. നാലിൽ ശനിയും പത്തിൽ ചൊവ്വയുമിരുക്കുകയാൽ തർക്കവിവാദാദികൾ തൊഴിൽ രംഗത്തുയരാം. സാമ്പത്തിക ക്ലേശം കുറയും. കൈവായ്പകൾ തിരിച്ചു നൽകാനായേക്കും. കുടുംബാംഗങ്ങളെ ഒരുമിപ്പിക്കുക എന്നത് ഒരു ഭഗീരഥ പ്രയത്നമെന്നറിയും. പഠനത്തിൽ ആലസ്യം ഭവിക്കാം. സൂര്യൻ അഷ്ടമത്തിൽ തുടരുകയാൽ സർക്കാർ സംബന്ധിച്ച സഹായം / അനുമതി എന്നിവയ്ക്ക് വിളംബം വരാനിടയുണ്ട്.
തൃക്കേട്ട: നക്ഷത്രാധിപൻ ബുധൻ ശത്രുക്ഷേത്രമായ കർക്കടകത്തിൽ തുടരുകയാൽ ശത്രുക്കളെ അഭിമുഖീകരിക്കേണ്ടി വരാം. തൊഴിൽ മുന്നേറ്റത്തിന് തടസ്സങ്ങളുള്ളതായറിയും. വരവുചെലവുകൾ സമമാകുന്നതാണ്. കടം വാങ്ങാനുള്ള പ്രവണതയെ നിയന്ത്രിക്കേണ്ടതുണ്ട്. സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ അറിവുനേടും. ഉപാസനാദികൾക്ക് സമയം കണ്ടെത്താനായി എന്ന് വന്നേക്കില്ല. ദാമ്പത്യത്തിൽ വിയോജിപ്പുകളുണ്ടാവുമെങ്കിലും ഹൃദയബന്ധം ദൃഢമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.