/indian-express-malayalam/media/media_files/uploads/2023/06/July-2-to-July-8-Weekly-Horoscope-Astrological-Predictions-Moolam-to-Revathi.jpg)
2023 ജൂലൈ 2 ഞായർ മുതൽ ജൂലൈ 8 ശനിവരെയുള്ള വാരഫലം
July 01- July 08 Weekly Horoscope Astrological Predictions Moolam to Revathi: തിരുവാതിര ഞാറ്റുവേല തുടരുന്നു. ജൂലൈ 3 ന് ഗുരുപൂർണിമ. പിന്നീടു കൃഷ്ണപക്ഷം. ശനി ചതയത്തിൽ വക്രഗതിയിലും വ്യാഴം ഭരണി നക്ഷത്രത്തിലും സഞ്ചരിക്കുന്നു. രാഹു അശ്വതിയിലും കേതു ചിത്തിരയിലും തുടരുകയാണ്.
നീചം കഴിഞ്ഞ ചൊവ്വ ചിങ്ങം രാശിയിൽ ബലവാനായി സഞ്ചരിക്കുന്നു. ബുധൻ മിഥുനത്തിലാണ്. ശുക്രൻ ആഴ്ചയുടെ ഒടുവിൽ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്കു സംക്രമിക്കുന്നു. ഈവിധത്തിലുള്ള ഗ്രഹസ്ഥിതിയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ ഫലം ഇവിടെ പരിശോധിക്കുകയാണ്.
മൂലം: സാഹചര്യങ്ങൾ തികച്ചും അനുകൂലമാണെന്ന് പറയാനാവില്ല. മുഖ്യമായും വസ്തുസംബന്ധിച്ച കാര്യങ്ങളിൽ കുറച്ചൊക്കെ അനുകൂല ഫലം പ്രതീക്ഷിക്കാം. കുടുംബപ്രശ്നങ്ങളിൽ നല്ല തീരുമാനം കൈക്കൊള്ളും. വ്യാപാരകാര്യത്തിനായി അലച്ചിലുണ്ടാവും. ചില ഉന്നതരുടെ സഹായം പ്രതീക്ഷിക്കുമെങ്കിലും അനുഭവത്തിലെത്താൻ വൈകുന്നതാണ്. തുടർപഠനത്തിൽ തീരുമാനമുണ്ടാകും. ഞായർ, തിങ്കൾ , ചൊവ്വ ദിവസങ്ങൾ മികച്ചതാവും
പൂരാടം: അനുകൂല ഫലങ്ങൾക്കാണ് ഈയാഴ്ച പൊതുവേ മുൻതൂക്കം. വ്യക്തിപരമായ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ കുടുംബാംഗങ്ങളുടെ പക്ഷം കൂടി കേൾക്കുന്നത് നന്നായിരിക്കും. ബിസിനസ്സുകാർക്ക് ലാഭം കൂടുന്നതാണ്. ഉപഭോക്താക്കളെ ആകർഷിക്കുന്ന വിപണനതന്ത്രം ഉപയുക്തമാക്കും. സംഘടനാപ്രവർത്തനം സ്വൈരം കെടുത്തുന്ന വിധത്തിലാവുന്നുണ്ടോ എന്ന് പര്യാലോചിക്കും. നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം സൽകാര്യങ്ങൾക്ക് ഉപയോഗിക്കും.
ഉത്രാടം: വിജയിക്കാനുള്ള തന്ത്രങ്ങൾ സ്വയം മെനയുന്നതാണ്. എന്നാൽ ആവനാഴിയിലെ എല്ലാ അമ്പും ഉപയോഗിക്കണം എന്നില്ല. തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനാവും ശ്രമിക്കുക. കടുത്ത മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടി വരില്ല. വ്യക്തിബന്ധങ്ങളുടെ ഹൃദ്യത ചിലപ്പോൾ മനസ്സിലായില്ലെന്ന് വരാം. വായ്പാ തിരിച്ചടവ് സുഗമമാവും. ആഴ്ചയുടെ മധ്യഭാഗം വരെ ഗുണാധിക്യം പ്രതീക്ഷിക്കാം. രോഗക്ലേശം ഒരു സാധ്യത.
തിരുവോണം: നിയമപ്പോരാട്ടങ്ങളിൽ ചിലപ്പോൾ അനുരഞ്ജനം വേണ്ടി വന്നേക്കും. മൂഢസ്വർഗത്തിലാണ് എന്ന ആരോപണം കേൾക്കാനിടയുണ്ട്. കരുതിയതിൽ ചിലതൊക്കെ ചെയ്യാനാവും. ആഴ്ചയുടെ ആരംഭത്തിൽ നേട്ടങ്ങൾക്കായിരിക്കും, മുൻതൂക്കം. നീതിയുക്തമായ കാര്യനിർവഹണം സഹപ്രവർത്തകരുടെ പ്രശംസക്ക് കാരണമാകുന്നതാണ്. ആരോഗ്യപരമായി കാലം സമ്മിശ്രമാണെന്നത് ഓർമ്മയിലുണ്ടാവണം. പണവരവ് മോശമാകില്ല.
അവിട്ടം: ഒപ്പമുള്ളവരെ വിഷമിപ്പിച്ചേക്കാം എന്നുകരുതി ചില കാര്യങ്ങൾ വേണ്ടെന്നുവെച്ചേക്കും. നക്ഷത്രനാഥനായ ചൊവ്വയുടെ സുസ്ഥിതി ആത്മശക്തിക്ക് കാരണമാകും. മത്സരങ്ങളിൽ മെച്ചപ്പെട്ട നിലയുണ്ടാവും. മിഥുനസൂര്യൻ സർക്കാർ ഇടപാടുകളിൽ നേട്ടം കൊണ്ടുവരാം. കരാർ പണിക്കാർക്ക് അവരുടെ ബില്ലുകൾ മാറിക്കിട്ടുന്നതാണ്. ഭൂമി സംബന്ധിച്ച ഇടപാടുകളിൽ ഉണ്ടായിരുന്ന തടസ്സം നീങ്ങുന്നതാണ്.
ചതയം: ചൊവ്വ ഏഴിലേക്ക് വരുകയാൽ ദാമ്പത്യ ജീവിതത്തിൽ മലരുകൾക്കൊപ്പം മുള്ളും കലരാം. പ്രണയികൾക്ക് അത്ര അനുകൂലമല്ല, ഏഴിലെ കുജസ്ഥിതി. കർമ്മഗുണം കുറയില്ല. നിശ്ചയിച്ച കാര്യങ്ങൾ ഭംഗിയായി പൂർത്തിയാക്കും. സഹോദരരുടെ പിന്തുണ നാമമാത്രമായിരിക്കും. സ്വന്തം കഴിവുകൾ തിരിച്ചറിയാനുള്ള സാഹചര്യങ്ങൾ ഉണ്ടാകാം. വരുമാനം മോശമാകില്ല. ആറിലെ ശുക്രനാൽ എതിർപ്പുകളുടെ അന്തരീക്ഷവും തുറക്കപ്പെടാം. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം.
പൂരുട്ടാതി: ചില ധർമ്മസങ്കടങ്ങൾ അകലാം. ദിശാബോധം കൈവരുന്നതാണ്. വിജയപ്രതീക്ഷ ഉയരും. കുംഭക്കൂറുകാർക്ക് ചൊവ്വ ഏഴിൽ വരികയാൽ കുടുംബസുഖം കുറഞ്ഞേക്കും. മീനക്കൂറുകാർക്ക് ശത്രുക്കളുടെ പ്രവർത്തനം നന്നായി പ്രതിരോധിക്കാൻ സാധിക്കും. "ക്രിയാ കേവലമുത്തരം" എന്ന മട്ടിൽ പെട്ടെന്ന് തീരുമാനങ്ങളെടുക്കും; നടപ്പിലാക്കും. വരുമാനം ഉയരുന്നതാണ്.
ഉത്രട്ടാതി: ഉന്നമനേച്ഛയുണ്ടാവും. അതിന്നായി പ്രവൃത്തിക്കാനും തുനിയും. എന്നാൽ നാലിലെ സൂര്യസ്ഥിതി ആലസ്യത്തിന് കാരണമാകാം. അധികാരികളുടെ ഇടപെടൽ വിഷമിപ്പിക്കാനിടയുണ്ട്. ഉപരിപഠനതടസ്സങ്ങൾ നീങ്ങുന്നതാണ്. രോഗക്ലിഷ്ടതക്ക് ശമനം വരാം. വ്യവഹാരങ്ങളിൽ നല്ലതീർപ്പുണ്ടായേക്കാം. കുടുംബജീവിതത്തിലെ കീറാമുട്ടികൾക്ക് പരിഹാരം കണ്ടെത്തുന്നതാണ്.
രേവതി: വ്യവഹാരത്തിലെ പൊറുതികേടുകൾക്കും പൊല്ലാപ്പുകൾക്കും ന്യായമായ തീർപ്പുണ്ടാവാം. ദുഷ്ടലാക്കോടെയുള്ള ചിലരുടെ നീക്കങ്ങളെ മുൻകൂട്ടി കണ്ടറിയും. ഉൾക്കരുത്തുള്ള പ്രതിരോധം ഒരുക്കും. ഉദ്യോഗസ്ഥർക്ക് പദവിക്കയറ്റം വരാവുന്നതാണ്. വ്യാപാരികൾക്ക് വികസനം സാധ്യമാകും. തിരിച്ചടവുകൾ മുടങ്ങില്ല. സന്താനങ്ങളുടെ ഉൽകർഷം ആഹ്ളാദം നിറയ്ക്കും. സാമ്പത്തികമായി സുസ്ഥിതിയുണ്ടായില്ലെങ്കിലും ദുസ്ഥിതി ഉണ്ടാവില്ല. വാതസംബന്ധിയായ രോഗങ്ങൾക്ക് ചികിൽസ അനിവാര്യമായേക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.