/indian-express-malayalam/media/media_files/SPhgE8XcGvc3EuaHqh9V.jpg)
January Monthly Horoscope 2026
January Horoscope: ആദിത്യൻ ധനു - മകരം രാശികളിൽ പൂരാടം, ഉത്രാടം, തിരുവോണം ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ജനുവരി 2-3 തീയതികളിൽ വെളുത്തവാവും, ജനുവരി 18 ന് കറുത്തവാവും (മകരവാവ്) വരുന്നു. ചൊവ്വ ധനു-മകരം രാശികളിൽ സഞ്ചരിക്കുകയാണ്. കുജമൗഢ്യം തുടരുന്നു.
ബുധൻ ധനു, മകരം രാശികളിൽ സഞ്ചരിക്കുന്നു. ജനുവരി മുഴുവൻ ബുധന് മൗഢ്യാവസ്ഥയുണ്ട്. ശുക്രൻ്റെ മൗഢ്യം ജനുവരിയിലും തുടരും. ധനു, മകരം രാശികളിലായാണ് ശുക്രൻ്റെ യാത്ര! ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിലാണ്, മാസാദ്യം. ജനുവരി 20 ന് ഉത്രട്ടാതിയിൽ പ്രവേശിക്കും. വ്യാഴം മിഥുനം രാശിയിൽ പുണർതം നാളിൽ വക്രഗതിയിലാണ്. രാഹു കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും സഞ്ചരിക്കുന്നു.
ഈ ഗ്രഹനിലയെ മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരുടെ 2026 ജനുവരി മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
മൂലം
കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാവും. ആദിത്യൻ ജന്മത്തിലും രണ്ടിലുമായി സഞ്ചരിക്കുകയാൽ കാര്യസാധ്യത്തിനായി അലച്ചിലുണ്ടാവുന്നതാണ്. കർമ്മരംഗത്ത് സഹായിക്കാൻ പലരും മുന്നോട്ടുവരും. ബിസിനസ്സിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. പകരക്കാരെ മാറ്റി സ്വയം ചുമതലകൾ നിർവഹിക്കുക നന്നായിരിക്കും. സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയാനാവും. സാമ്പത്തിക ഇടപാടുകളിൽ കരുതൽ വേണം. നിക്ഷേപങ്ങളിൽ നിന്നും ആദായം വന്നെത്തുന്നതാണ്. ഭോഗസുഖമുണ്ടാവും. പ്രണയികൾ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പുലർത്തും. കലാകാരന്മാർക്ക് അവസരങ്ങൾ ലഭിക്കാം. ഭൂമി കാര്യങ്ങളിൽ നിയമ പ്രശ്നങ്ങൾ ഉടലെടുക്കാനിടയുണ്ട്.
പൂരാടം
ന്യായമായ കാര്യങ്ങൾ നേടാൻ അശ്രാന്തപരിശ്രമം ആവശ്യമാവും. ഔദ്യോഗിക കാര്യങ്ങളിൽ നിഷ്കർഷ കുറയരുത്. വൈകാരിക പ്രതികരണങ്ങൾ ഒഴിവാക്കുന്നത് ഉചിതം. കുടുംബാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിവർത്തിക്കാനാവും. മാതാപിതാക്കളെ ജോലിസ്ഥലത്ത് കൊണ്ടുപോയി താമസിപ്പിക്കാൻ സാധിച്ചേക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയുന്ന കാലമാണ്. മറവി പിടികൂടാം. നഷ്ടപ്പെട്ട രേഖകൾ മടക്കിക്കിട്ടുന്നതാണ്. ഭൗതിക നേട്ടങ്ങൾ ആഹ്ളാദിപ്പിക്കും. ക്ഷോഭം നിയന്ത്രിക്കണം. രോഗികൾക്ക് സമാശ്വാസം ലഭിക്കുന്നതാണ്. കലാമത്സരങ്ങളിൽ തിളങ്ങാൻ സാധിക്കും. ധാർമ്മികത ഉയർത്തുന്ന പ്രവൃത്തികളിലേർപ്പെടുന്നതാണ്. കുടുംബസുഖം പ്രതീക്ഷിക്കാം.
ഉത്രാടം
ജന്മത്തിൽ ആദിത്യനും ചൊവ്വയും സഞ്ചരിക്കുകയാൽ കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പമാവില്ല. ഉത്തരവാദിത്വങ്ങൾ ഒറ്റയ്ക്ക് നിർവഹിക്കേണ്ടി വന്നേക്കും. ധനപരമായ അലട്ടലുകൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും. ജോലി തേടുന്നവർക്ക് നിബന്ധനകളോടെ ചില അവസരങ്ങൾ വന്നെത്തുന്നതാണ്. ശുക്രൻ ഇഷ്ടസ്ഥാനത്ത് സഞ്ചരിക്കുകയാൽ കുടുംബത്തിനൊപ്പം ധാരാളം സമയം ചെലവഴിക്കാനാവും. പ്രണയം പൂവണിയും. ആഢംബര വസ്തുക്കൾ വാങ്ങുന്നതാണ്. ഇഷ്ടജനങ്ങളുമായി യാത്രകൾ നടത്തും. ചികിൽസക്കായി കുറച്ചു ധനം ചെലവായേക്കും. ഗൃഹത്തിൽ സമാധാനം വന്നുംപോയുമിരിക്കും. സേവന പ്രവർത്തനങ്ങൾ സ്വയം ഏറ്റെടുക്കും. ഗൃഹത്തിന് അറ്റകുറ്റപ്പണി വേണ്ടിവന്നേക്കാം.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
തിരുവോണം
ചുമതലകൾ സഹപ്രവർത്തകരുമായി വീതിച്ചുകിട്ടുന്നത് ജോലിഭാരം കുറയ്ക്കും. ഉപജാപങ്ങളെ സമർത്ഥമായി പ്രതിരോധിക്കും. ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. ജോലി തേടുന്നവർക്ക് അല്പം കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്. ബിസിനസ്സിൽ ലാഭം കുറയില്ല. എന്നാൽ കൂടുതൽ മുതൽമുടക്ക് കരുതലോടെ വേണം. അനുഷ്ഠാനങ്ങൾ ഭംഗം വരാതെ നിർവഹിക്കുന്നതാണ്. പ്രോജക്ടുകൾ സമർപ്പിക്കും. ഗവേഷണത്തിനായി കൂടുതൽ നേരം മാറ്റി വെക്കേണ്ട സ്ഥിതിയുണ്ടാവും. പാരമ്പര്യ സ്വത്തിൽ നിന്നും ആദായം ഉയരുന്നതാണ്. ഊഹക്കച്ചവടത്തിൽ ഗുണമുണ്ടാവും. വിദ്യാർത്ഥികളെ ആലസ്യം ബാധിക്കാം. ഗാർഹിക സൗഖ്യം തടസ്സപ്പെടില്ല. യാത്രകളാൽ മാനസികോല്ലാസത്തിന് സാധ്യതയുണ്ട്.
അവിട്ടം
കരുതലോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഗ്രഹങ്ങൾ അനിഷ്ടഭാവങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ ലാഘവത്വം പാടില്ല. തൊഴിൽ തേടുന്നവർക്ക് ഇച്ഛാഭംഗം ഉണ്ടാവാനിടയുണ്ട്. പക്ഷേ അത് താത്കാലികം മാത്രമാണെന്ന് ഓർത്താൽ മതി. സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാൻ ശ്രമിക്കുമെങ്കിലും അതിന് സാധ്യത കുറവാണ്. ചെയ്തുപോരുന്ന തൊഴിൽ ഉപേക്ഷിക്കരുത്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ നേട്ടങ്ങൾ കരഗതമാവാം. വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടാവും. ലോൺ/ ചിട്ടി/ഇൻഷ്വറൻസ് ഇവയിൽ നിന്നും ആദായം വരും. ജീവിതശൈലീരോഗങ്ങളെ മരുന്നു കഴിച്ച് നിയന്ത്രിക്കാനായേക്കും.
ചതയം
ജന്മത്തിൽ രാഹു സഞ്ചരിക്കുന്നത് ആലസ്യത്തിന് കാരണമാവും. പുതിയ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുമെങ്കിലും അതിനായി പ്രയത്നിക്കില്ല. മാസത്തിൻ്റെ ആദ്യ പകുതിയിൽ ആദിത്യൻ പതിനൊന്നിൽ സഞ്ചരിക്കുന്നതു കൊണ്ട് മത്സരങ്ങളിൽ ജയിക്കും. പദവികൾ നിലനിർത്താനാവും. ഭൂമിയിൽ നിന്നുള്ള വരുമാനം തടസ്സപ്പെട്ടില്ല. ബിസിനസ്സിൽ വരവ് അധികരിക്കും. ബന്ധുക്കളുടെ തർക്കം പരിഹരിക്കാൻ മുൻകൈയെടുക്കുന്നതാണ്. മാസത്തിൻ്റെ പകുതിക്കുമേൽ യാത്രകൾ കൂടാം. ആഢംബര വസ്തുക്കൾ വാങ്ങും. ഗൃഹം മോടിപിടിപ്പിക്കും. സന്താനങ്ങളുടെ പഠനം, ജോലി ഇവകളിൽ ഉത്കണ്ഠ കുറയാം. ഉന്നത ചിന്താഗതിയുള്ളവരുമായുള്ള സത്സംഗത്തിന് അവസരം ലഭിക്കും.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
പൂരൂരുട്ടാതി
ആദിത്യൻ, ചൊവ്വ, ശുക്രൻ, വ്യാഴം, ബുധൻ തുടങ്ങിയ ഗ്രഹങ്ങൾ ഹിതസ്ഥാനങ്ങളിലാകയാൽ ഉദ്യോഗസ്ഥർക്ക് ജോലിയിൽ ഉയർച്ചയും സമാധാനവും ഉണ്ടാവുന്നതാണ്. പലകാര്യങ്ങളിലും അനുഭവപ്പെട്ടിരുന്ന തടസ്സം നീങ്ങുന്നതായിരിക്കും. ഭൗതിക സാഹചര്യം പുഷ്ടിയാർജ്ജിക്കും. ശനി പൂരൂരുട്ടാതി നക്ഷത്രത്തിൽ നിന്നും മാറുന്നത് വലിയ ആശ്വാസമേകും. കുടുംബബന്ധങ്ങൾ കൂടുതൽ ഊഷ്മളമാവുന്നതാണ്. സ്വന്തം ധനം ഉപയോഗിച്ച് തൊഴിൽ ചെയ്ത് ജീവിക്കുന്നവർക്ക് അബദ്ധമായില്ല എന്ന ആശ്വാസം വന്നെത്തും. സന്താനതടസ്സം/വിളംബം അനുഭവിക്കുന്നവർക്ക് ശുഭവാർത്ത പ്രതീക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസത്തിൽ മികവ് തെളിയിക്കുന്നതാണ്.
ഉത്രട്ടാതി
ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന് മാറ്റം വരുന്നതാണ്. പഴമയും പുതുമയും സമന്വയിപ്പിക്കുന്നതിൽ വിജയിച്ചേക്കും. കർമ്മരംഗത്ത് ഉണർവ്വുണ്ടാവുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം സന്തോഷിപ്പിക്കും. ഉപജാപങ്ങളെ തിരസ്കരിക്കാൻ കഴിയും. വിട്ടുവീഴ്ചകൾക്ക് തയ്യാറാവുന്നതിനാൽ ദാമ്പത്യത്തിൽ സ്വസ്ഥത ഇടംപിടിക്കുന്നതാണ്. വസ്തുവാങ്ങാനോ വീടുപണി തുടങ്ങാനോ ഒക്കെ അവസരം സംജാതമായേക്കും. രാഷ്ട്രീയ പ്രവർത്തനത്തിൽ ചാരിതാർത്ഥ്യം അനുഭവപ്പെടും. പുതിയ പ്രോജക്ടുകൾക്ക് സർക്കാരിൽ നിന്നും കിട്ടേണ്ട രജിസ്ട്രേഷൻ ലഭിക്കുന്നതാണ്. വിദേശത്തുള്ളവർക്ക് തൊഴിൽ ക്ലേശങ്ങൾ കുറയാം. സ്നേഹബന്ധത്തിൽ ദാർഢ്യമുണ്ടാവും. ജന്മനാട്ടിലെ ഉത്സവാദികൾക്ക് സംബന്ധിക്കാൻ സാധിക്കുന്നതാണ്.
രേവതി
ജന്മശനിക്കാലമാണ്, പന്ത്രണ്ടിൽ രാഹു സഞ്ചരിക്കുന്നു തുടങ്ങിയ കാര്യങ്ങളാൽ ചെറിയ തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. എന്നാൽ ആദിത്യൻ പത്തിലും പതിനൊന്നിലും സഞ്ചരിക്കുകയാൽ ആത്മവിശ്വാസം ചോരില്ല. തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാനാവും. എല്ലാക്കാര്യങ്ങളിലും തിടുക്കം ഒഴിവാക്കേണ്ടതുണ്ട്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ചൊവ്വ ലാഭസ്ഥാനത്ത് ഉച്ചസ്ഥനാവുകയാൽ ധനാഗമവും ഭൂമിയിൽ നിന്നുമുള്ള നേട്ടവും വന്നേക്കും. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. യാത്രകൾ ഗുണമുണ്ടാക്കും. ഗാർഹസ്ഥ്യത്തിൽ ഐക്യം ദൃഢമാവും. കലാവാസന ആവിഷ്കരിക്കാൻ അരങ്ങൊരുങ്ങുന്നതാണ്. വ്യവഹാരങ്ങളിൽ അനുകൂലവിധി വരുന്നതായിരിക്കും.
Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us