/indian-express-malayalam/media/media_files/LSqyrqLmBYSFGOEJiSeq.jpg)
January Monthly Horoscope 2026
January Horoscope: ആദിത്യൻ ധനു - മകരം രാശികളിൽ പൂരാടം, ഉത്രാടം, തിരുവോണം ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ജനുവരി 2-3 തീയതികളിൽ വെളുത്തവാവും, ജനുവരി 18 ന് കറുത്തവാവും (മകരവാവ്) വരുന്നു. ചൊവ്വ ധനു-മകരം രാശികളിൽ സഞ്ചരിക്കുകയാണ്. കുജമൗഢ്യം തുടരുന്നു.
ബുധൻ ധനു, മകരം രാശികളിൽ സഞ്ചരിക്കുന്നു. ജനുവരി മുഴുവൻ ബുധന് മൗഢ്യാവസ്ഥയുണ്ട്. ശുക്രൻ്റെ മൗഢ്യം ജനുവരിയിലും തുടരും. ധനു, മകരം രാശികളിലായാണ് ശുക്രൻ്റെ യാത്ര! ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിലാണ്, മാസാദ്യം. ജനുവരി 20 ന് ഉത്രട്ടാതിയിൽ പ്രവേശിക്കും. വ്യാഴം മിഥുനം രാശിയിൽ പുണർതം നാളിൽ വക്രഗതിയിലാണ്. രാഹു കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും സഞ്ചരിക്കുന്നു.
ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകളിൽ ജനിച്ചവരുടെ 2026 ജനുവരി മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം
ഇവിടെ അവതരിപ്പിക്കുന്നു.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
അശ്വതി
നാലു ഗ്രഹങ്ങൾ 9, 10 ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ കർമ്മപുരോഗതിയുണ്ടാവും. പ്രത്യേകിച്ചും മാസത്തിൻ്റ രണ്ടാം പകുതിയിൽ. സർക്കാരിൽ നിന്നും അനുമതി/ ആനുകൂല്യം പ്രതീക്ഷിക്കാം. രാഹു പതിനൊന്നിലാകയാൽ രഹസ്യധനം വന്നുചേരും. രാശിയുടെ നാഥനായ ചൊവ്വ ഉച്ചത്തിൽ സഞ്ചരിക്കുന്നതിനാൽ പദവികൾ ഉയരുന്നതാണ്. ആത്മവിശ്വാസം വർദ്ധിക്കും. സ്വഭാവത്തിൽ തിരുത്തലുകൾ വരുത്താനുള്ള സന്നദ്ധതയുണ്ടാവും. ജോലിസ്ഥലത്തെ സമ്മർദ്ദങ്ങൾ ഒഴിയുന്നതാണ്. പുതിയ ജോലിക്കായുള്ള പരിശ്രമം ഫലവത്താകും. അവിവാഹിതർക്ക് ദാമ്പത്യ പ്രവേശത്തിന് വഴിതെളിയാം. വസ്തു/ വീട്/ പുതുവാഹനം വാങ്ങുന്നതിന് സാധിച്ചേക്കും. കോടതി തർക്കങ്ങൾക്ക് അനുരഞ്ജന നീക്കം ഉണ്ടാവും. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുവാൻ മടിക്കരുത്.
ഭരണി
നക്ഷത്രനാഥനായ ശുക്രനും രാശിനാഥനായ ചൊവ്വയ്ക്കും ജനുവരി മുഴുവൻ മൗഢ്യാവസ്ഥയുണ്ട്. അതിനാൽ പ്രയത്നങ്ങളിൽ കുറച്ചൊക്കെ പാഴാവുന്ന സ്ഥിതിയുണ്ടാവും. തെറ്റായ തീരുമാനങ്ങൾ എടുക്കാനിടയുണ്ട്. വിവേകത്തിനു പകരം വികാരം മേൽക്കൈ നേടാം. ബിസിനസ്സിൽ സാമാന്യമായ ലാഭം പ്രതീക്ഷിക്കാം. നവസംരംഭങ്ങൾ നിശ്ചിത തീയതിയിൽ തുടങ്ങാൻ കഴിഞ്ഞില്ലെന്നു വരും. പതിനൊന്നിലെ രാഹു കുമാർഗങ്ങളിലൂടെയും വരുമാനം ഉയർത്താനിടയുണ്ട്. കണ്ടകശനി തുടരുന്നത് അലച്ചിലിനിടവരും. ദീർഘയാത്രകൾ ഉണ്ടാവും. നിയമപ്രശ്നങ്ങൾ സമയബന്ധിതമായി തീരുകയില്ല. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ഭൂമി വാങ്ങാനോ വിൽക്കാനോ കഴിയുന്നതായിരിക്കും.
കാർത്തിക
താരതമ്യേന അനുകൂലമായ സാഹചര്യമാണ്. ആദിത്യൻ ഇഷ്ടഭാവത്തിലാകയാൽ അധികാരമുള്ള പദവികൾ ലഭിക്കാം. എതിർത്തവർ അനുകൂലികളാവും. ശനി ഇടവക്കൂറുകാർക്ക് ഇഷ്ടഫലദാതാവ് ആകുന്നതിനാൽ നേട്ടങ്ങൾ ഉണ്ടാവും. അപ്രതീക്ഷിത തടസ്സങ്ങൾ താനേ നീങ്ങിക്കിട്ടുന്നതാണ്. കിടപ്പ് രോഗികൾക്ക് സമാശ്വാസം ലഭിക്കുന്നതിന് പുതുചികിൽസകൾ ഉപകാരപ്പെടും. നിക്ഷേപങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാമ്പത്തിക വിദഗ്ദ്ധരുടെ ഉപദേശം തേടുന്നതാണ്. ബന്ധുക്കളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കും. പുതിയ ബിസിനസ്സിന് വായ്പ ലഭിക്കാം. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിക്കാനിടയുള്ളതിനാൽ പതിവ് ആരോഗ്യ പരിശോധനകൾ ഒഴിവാക്കരുത്.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
രോഹിണി
ആദിത്യൻ അഷ്ടമത്തിലും ഒമ്പതിലും സഞ്ചരിക്കുകയാൽ ഉദ്യോഗസ്ഥർക്ക് പ്രതികൂലതകൾ വരാം. മേലധികാരികൾ വിരോധിക്കുന്നതാണ്. പണമെടപാടുകളിൽ ജാഗ്രത വേണം. വസ്തു സംബന്ധിച്ചുള്ള നിയമ പ്രശ്നങ്ങൾ വ്യവഹാരമായേക്കാം. സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പിന് സാമ്പത്തിക സഹായം ആവശ്യമായേക്കും. കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയുമായി തർക്കങ്ങൾ ഉടലെടുക്കാം. സഹോദരരുടെ ജോലിക്കാര്യത്തിൽ ശുപാർശ ഫലം കാണും. ശനി അനുകൂല ഭാവത്തിൽ തുടരുന്നത് പ്രതിസന്ധികളിൽ മാനസിക ശക്തി പകരും. സ്വന്തം നിലപാടുകൾ വെളിപ്പെടുത്തുന്നത് വിയോജിപ്പുകൾ ഉണ്ടാക്കും.
പൂർവ്വിക ധനം കൈവശം വരാൻ സാഹചര്യം അനുകൂലമാണ്.
മകയിരം
ഇടവക്കൂറുകാർക്ക് ആദിത്യൻ 8, 9 രാശികളിലും, മിഥുനക്കൂറുകാർക്ക് ആദിത്യൻ 7, 8 രാശികളിലും സഞ്ചരിക്കുന്നു. ലാഭനഷ്ടങ്ങൾ സമമായിരിക്കും. അദ്ധ്വാനത്തിനൊത്ത ലാഭവിഹിതം കിട്ടണമെന്നില്ല. പരാശ്രയം വേണ്ടി വന്നേക്കും. അധികാരമുള്ള പദവി കിട്ടുവാൻ കിടമത്സരമുണ്ടാവുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം കുറയും. ഗവേഷണം, ശാസ്ത്രീയ പഠനം എന്നിവയിൽ വെല്ലുവിളികൾ ഉയരാം. പ്രണയികൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാവാനിടയുണ്ട്. വാഹനം ഉപയോഗിക്കുന്നതിൽ കരുതൽ വേണം. ദാമ്പത്യത്തിൽ പിണക്കങ്ങൾ കൂടും; ഇണക്കം കുറയാം ഉത്സവങ്ങളിൽ പങ്കെടുക്കും.
തിരുവാതിര
ആദിത്യ സ്ഥിതിയാൽ യാത്രകളും അതിൻ്റെ ഭാഗമായ യാത്രാക്ലേശം, പണച്ചെലവ് മുതലായവയും ഉണ്ടാവും. ബിസിനസ്സിൽ പുരോഗതി കുറയില്ല. മത്സരങ്ങളിൽ ജയിക്കും. പക്ഷേ ആധികാരികമായ ജയം അവകാശപ്പെടാൻ കഴിഞ്ഞേക്കില്ല. ഉന്നതോദ്യോഗസ്ഥർ കഴിവ് പരിശോധിക്കാൻ ചില ദൗത്യങ്ങൾ ഏല്പിക്കുന്നതിന് സാധ്യതയുണ്ട്. ഗൃഹനിർമ്മാണത്തിന് പണം കണ്ടെത്താൻ വിഷമിക്കും. കണ്ടകശനിയും ജന്മവ്യാഴവും ചൊവ്വയുടെ അനിഷ്ടസ്ഥിതിയും കാരണം മാസാദ്യം കൂടുതൽ വൈഷമ്യങ്ങൾക്ക് സാധ്യതയുണ്ട്. മിതവ്യയം അനിവാര്യമാണ്. താരതമ്യേന മാസത്തിൻ്റെ രണ്ടാം പകുതിയിൽ നേട്ടങ്ങൾ സംജാതമാകും. വിദേശത്ത് വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്ക്ക് അവസരങ്ങൾ തെളിയും.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
പുണർതം
നവസംരംഭങ്ങളുമായി മുന്നോട്ടുപോകാനാവും. സർക്കാരിൽ നിന്നും പ്രോജക്ടുകൾക്ക് അനുമതി ലഭിക്കുന്നതാണ്. യാത്രകൾ കൂടുവാനിടയുണ്ട്. ഇച്ഛാജ്ഞാന ക്രിയകളുടെ ഏകോപനം എളുപ്പമാവും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രതയുണ്ടാവും. കലാവാസന പുഷ്ടിപ്പെടും. കലാകാരന്മാർക്ക് അവസരങ്ങൾ കൂടുന്നതാണ്. രോഗഗ്രസ്തർക്ക് ചികിൽസാമാറ്റം ഫലവത്താകും. സാമ്പത്തിക കാര്യങ്ങളിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പദവി ഉയരാം. ദൗത്യങ്ങൾ ഏറ്റെടുക്കാൻ ആത്മവിശ്വാസമുണ്ടാവും. ദൈവിക സമർപ്പണങ്ങൾ മനസ്സിന് സമാധാനം നൽകുന്നതാണ്.
പൂയം
കാര്യങ്ങൾ മുൻമാസത്തിൻ്റെ തുടർച്ചപോലെ അനുഭവപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അവിചാരിത തടസ്സങ്ങൾ വന്നെത്തും. സർക്കാരിൽ നിന്നും ഇടപെടലുകൾ/ നിയമ തടസ്സങ്ങൾ ഉണ്ടാവുന്നതാണ്. വേണ്ടപ്പെട്ടവരുമായി കാര്യമല്ലാത്ത കാര്യങ്ങൾക്ക് പിണങ്ങും. കൂട്ടുകച്ചവടത്തോട് താല്പര്യം കുറയുന്നതാണ്. പഴയ കാര്യങ്ങൾ ഓർമ്മയിൽ കടന്നുവന്നു കൊണ്ടിരിക്കും. ധനപരമായ ആവശ്യങ്ങൾ ഒരുവിധം ഭംഗിയായി നിറവേറ്റാനാവും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഭൂമിയുടെ ക്രയവിക്രയം വിജയകരമാവും. പുതിയ ജോലിയിൽ പ്രവേശിക്കുവാൻ സാഹചര്യം കൈവരും. സമൂഹത്തിൽ സ്വാധീനം ഉയരുന്നതാണ്. അന്യദേശത്തുനിന്നും ശുഭവാർത്തകളെത്തും.
ആയില്യം
ചിന്തിക്കുന്ന കാര്യങ്ങൾ സാമാന്യമായി പ്രാവർത്തികമാക്കാനാവും. വിയോജിക്കുന്നവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കും. കുടുംബകാര്യങ്ങൾ ഒരുവിധം സുഗമമാവും. നിലവിലെ ജോലി ഉപേക്ഷിച്ചവർക്ക് പുതുജോലി കിട്ടുന്നതിന് സാധ്യത വളരെയുണ്ട്. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. പ്രണയികളോട് വീട്ടുകാർ എതിർപ്പറിയിച്ചേക്കാം. വാടകവീട്ടിൽ കഴിയുന്നവർക്ക് പുതുവീട്ടിലോട്ട് മാറാനാവും. ആത്മവിശ്വാസം അമിതമാവാതിരിക്കാൻ പ്രത്യേകശ്രദ്ധ വേണം. അഷ്ടമത്തിലെ രാഹു രോഗക്ലേശങ്ങൾ വരുത്താം. ഒമ്പതിലെ ശനി ഭാഗ്യഭ്രംശം ഉണ്ടാക്കാം. ഊഹക്കച്ചവടത്തിലൂടെ ആദായം ഉയരുന്നതാണ്. കടബാധ്യതകൾ അല്പാല്പമായി വീട്ടിത്തുടങ്ങും. വയോജനങ്ങൾ വൈദ്യപരിശോധന മുടക്കരുത്.
Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us