/indian-express-malayalam/media/media_files/30NynUV5yQ627nWbijqQ.jpg)
January Monthly Horoscope 2026
January Horoscope: ആദിത്യൻ ധനു - മകരം രാശികളിൽ പൂരാടം, ഉത്രാടം, തിരുവോണം ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ജനുവരി 2-3 തീയതികളിൽ വെളുത്തവാവും, ജനുവരി 18 ന് കറുത്തവാവും (മകരവാവ്) വരുന്നു. ചൊവ്വ ധനു-മകരം രാശികളിൽ സഞ്ചരിക്കുകയാണ്. കുജമൗഢ്യം തുടരുന്നു.
ബുധൻ ധനു, മകരം രാശികളിൽ സഞ്ചരിക്കുന്നു. ജനുവരി മുഴുവൻ ബുധന് മൗഢ്യാവസ്ഥയുണ്ട്. ശുക്രൻ്റെ മൗഢ്യം ജനുവരിയിലും തുടരും. ധനു, മകരം രാശികളിലായാണ് ശുക്രൻ്റെ യാത്ര! ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിലാണ്, മാസാദ്യം. ജനുവരി 20 ന് ഉത്രട്ടാതിയിൽ പ്രവേശിക്കും. വ്യാഴം മിഥുനം രാശിയിൽ പുണർതം നാളിൽ വക്രഗതിയിലാണ്. രാഹു കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും സഞ്ചരിക്കുന്നു.
ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരുടെ 2026 ജനുവരി മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
അശ്വതി
നാലു ഗ്രഹങ്ങൾ 9, 10 ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ കർമ്മപുരോഗതിയുണ്ടാവും. പ്രത്യേകിച്ചും മാസത്തിൻ്റ രണ്ടാം പകുതിയിൽ. സർക്കാരിൽ നിന്നും അനുമതി/ആനുകൂല്യം പ്രതീക്ഷിക്കാം. രാഹു പതിനൊന്നിലാകയാൽ രഹസ്യധനം വന്നുചേരും. രാശിയുടെ നാഥനായ ചൊവ്വ ഉച്ചത്തിൽ സഞ്ചരിക്കുന്നതിനാൽ പദവികൾ ഉയരുന്നതാണ്. ആത്മവിശ്വാസം വർദ്ധിക്കും. സ്വഭാവത്തിൽ തിരുത്തലുകൾ വരുത്താനുള്ള സന്നദ്ധതയുണ്ടാവും. ജോലിസ്ഥലത്തെ സമ്മർദ്ദങ്ങൾ ഒഴിയുന്നതാണ്. പുതിയ ജോലിക്കായുള്ള പരിശ്രമം ഫലവത്താകും. അവിവാഹിതർക്ക് ദാമ്പത്യ പ്രവേശത്തിന് വഴിതെളിയാം. വസ്തു/ വീട്/ പുതുവാഹനം വാങ്ങുന്നതിന് സാധിച്ചേക്കും. കോടതി തർക്കങ്ങൾക്ക് അനുരഞ്ജന നീക്കം ഉണ്ടാവും. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുവാൻ മടിക്കരുത്.
ഭരണി
നക്ഷത്രനാഥനായ ശുക്രനും രാശിനാഥനായ ചൊവ്വയ്ക്കും ജനുവരി മുഴുവൻ മൗഢ്യാവസ്ഥയുണ്ട്. അതിനാൽ പ്രയത്നങ്ങളിൽ കുറച്ചൊക്കെ പാഴാവുന്ന സ്ഥിതിയുണ്ടാവും. തെറ്റായ തീരുമാനങ്ങൾ എടുക്കാനിടയുണ്ട്. വിവേകത്തിനു പകരം വികാരം മേൽക്കൈ നേടാം. ബിസിനസ്സിൽ സാമാന്യമായ ലാഭം പ്രതീക്ഷിക്കാം. നവസംരംഭങ്ങൾ നിശ്ചിത തീയതിയിൽ തുടങ്ങാൻ കഴിഞ്ഞില്ലെന്നു വരും. പതിനൊന്നിലെ രാഹു കുമാർഗങ്ങളിലൂടെയും വരുമാനം ഉയർത്താനിടയുണ്ട്. കണ്ടകശനി തുടരുന്നത് അലച്ചിലിനിടവരും. ദീർഘയാത്രകൾ ഉണ്ടാവും. നിയമപ്രശ്നങ്ങൾ സമയബന്ധിതമായി തീരുകയില്ല. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ഭൂമി വാങ്ങാനോ വിൽക്കാനോ കഴിയുന്നതായിരിക്കും.
കാർത്തിക
താരതമ്യേന അനുകൂലമായ സാഹചര്യമാണ്. ആദിത്യൻ ഇഷ്ടഭാവത്തിലാകയാൽ അധികാരമുള്ള പദവികൾ ലഭിക്കാം. എതിർത്തവർ അനുകൂലികളാവും. ശനി ഇടവക്കൂറുകാർക്ക് ഇഷ്ടഫലദാതാവ് ആകുന്നതിനാൽ നേട്ടങ്ങൾ ഉണ്ടാവും. അപ്രതീക്ഷിത തടസ്സങ്ങൾ താനേ നീങ്ങിക്കിട്ടുന്നതാണ്. കിടപ്പ് രോഗികൾക്ക് സമാശ്വാസം ലഭിക്കുന്നതിന് പുതുചികിൽസകൾ ഉപകാരപ്പെടും. നിക്ഷേപങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാമ്പത്തിക വിദഗ്ദ്ധരുടെ ഉപദേശം തേടുന്നതാണ്. ബന്ധുക്കളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കും. പുതിയ ബിസിനസ്സിന് വായ്പ ലഭിക്കാം. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിക്കാനിടയുള്ളതിനാൽ പതിവ് ആരോഗ്യ പരിശോധനകൾ ഒഴിവാക്കരുത്.
രോഹിണി
ആദിത്യൻ അഷ്ടമത്തിലും ഒമ്പതിലും സഞ്ചരിക്കുകയാൽ ഉദ്യോഗസ്ഥർക്ക് പ്രതികൂലതകൾ വരാം. മേലധികാരികൾ വിരോധിക്കുന്നതാണ്. പണമെടപാടുകളിൽ ജാഗ്രത വേണം. വസ്തു സംബന്ധിച്ചുള്ള നിയമ പ്രശ്നങ്ങൾ വ്യവഹാരമായേക്കാം. സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പിന് സാമ്പത്തിക സഹായം ആവശ്യമായേക്കും. കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയുമായി തർക്കങ്ങൾ ഉടലെടുക്കാം. സഹോദരരുടെ ജോലിക്കാര്യത്തിൽ ശുപാർശ ഫലം കാണും. ശനി അനുകൂല ഭാവത്തിൽ തുടരുന്നത് പ്രതിസന്ധികളിൽ മാനസിക ശക്തി പകരും. സ്വന്തം നിലപാടുകൾ വെളിപ്പെടുത്തുന്നത് വിയോജിപ്പുകൾ ഉണ്ടാക്കും. പൂർവ്വിക ധനം കൈവശം വരാൻ സാഹചര്യം അനുകൂലമാണ്.
മകയിരം
ഇടവക്കൂറുകാർക്ക് ആദിത്യൻ 8, 9 രാശികളിലും, മിഥുനക്കൂറുകാർക്ക് ആദിത്യൻ 7, 8 രാശികളിലും സഞ്ചരിക്കുന്നു. ലാഭനഷ്ടങ്ങൾ സമമായിരിക്കും. അദ്ധ്വാനത്തിനൊത്ത ലാഭവിഹിതം കിട്ടണമെന്നില്ല. പരാശ്രയം വേണ്ടി വന്നേക്കും. അധികാരമുള്ള പദവി കിട്ടുവാൻ കിടമത്സരമുണ്ടാവുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം കുറയും. ഗവേഷണം, ശാസ്ത്രീയ പഠനം എന്നിവയിൽ വെല്ലുവിളികൾ ഉയരാം. പ്രണയികൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാവാനിടയുണ്ട്. വാഹനം ഉപയോഗിക്കുന്നതിൽ കരുതൽ വേണം. ദാമ്പത്യത്തിൽ പിണക്കങ്ങൾ കൂടും; ഇണക്കം കുറയാം ഉത്സവങ്ങളിൽ പങ്കെടുക്കും.
തിരുവാതിര
ആദിത്യ സ്ഥിതിയാൽ യാത്രകളും അതിൻ്റെ ഭാഗമായ യാത്രാക്ലേശം, പണച്ചെലവ് മുതലായവയും ഉണ്ടാവും. ബിസിനസ്സിൽ പുരോഗതി കുറയില്ല. മത്സരങ്ങളിൽ ജയിക്കും. പക്ഷേ ആധികാരികമായ ജയം അവകാശപ്പെടാൻ കഴിഞ്ഞേക്കില്ല. ഉന്നതോദ്യോഗസ്ഥർ കഴിവ് പരിശോധിക്കാൻ ചില ദൗത്യങ്ങൾ ഏല്പിക്കുന്നതിന് സാധ്യതയുണ്ട്. ഗൃഹനിർമ്മാണത്തിന് പണം കണ്ടെത്താൻ വിഷമിക്കും. കണ്ടകശനിയും ജന്മവ്യാഴവും ചൊവ്വയുടെ അനിഷ്ടസ്ഥിതിയും കാരണം മാസാദ്യം കൂടുതൽ വൈഷമ്യങ്ങൾക്ക് സാധ്യതയുണ്ട്. മിതവ്യയം അനിവാര്യമാണ്. താരതമ്യേന മാസത്തിൻ്റെ രണ്ടാം പകുതിയിൽ നേട്ടങ്ങൾ സംജാതമാകും. വിദേശത്ത് വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്ക്ക് അവസരങ്ങൾ തെളിയും.
പുണർതം
നവസംരംഭങ്ങളുമായി മുന്നോട്ടുപോകാനാവും. സർക്കാരിൽ നിന്നും പ്രോജക്ടുകൾക്ക് അനുമതി ലഭിക്കുന്നതാണ്. യാത്രകൾ കൂടുവാനിടയുണ്ട്. ഇച്ഛാജ്ഞാന ക്രിയകളുടെ ഏകോപനം എളുപ്പമാവും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രതയുണ്ടാവും. കലാവാസന പുഷ്ടിപ്പെടും. കലാകാരന്മാർക്ക് അവസരങ്ങൾ കൂടുന്നതാണ്. രോഗഗ്രസ്തർക്ക് ചികിൽസാമാറ്റം ഫലവത്താകും. സാമ്പത്തിക കാര്യങ്ങളിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പദവി ഉയരാം. ദൗത്യങ്ങൾ ഏറ്റെടുക്കാൻ ആത്മവിശ്വാസമുണ്ടാവും. ദൈവിക സമർപ്പണങ്ങൾ മനസ്സിന് സമാധാനം നൽകുന്നതാണ്.
പൂയം
കാര്യങ്ങൾ മുൻമാസത്തിൻ്റെ തുടർച്ചപോലെ അനുഭവപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അവിചാരിത തടസ്സങ്ങൾ വന്നെത്തും. സർക്കാരിൽ നിന്നും ഇടപെടലുകൾ/ നിയമ തടസ്സങ്ങൾ ഉണ്ടാവുന്നതാണ്. വേണ്ടപ്പെട്ടവരുമായി കാര്യമല്ലാത്ത കാര്യങ്ങൾക്ക് പിണങ്ങും. കൂട്ടുകച്ചവടത്തോട് താല്പര്യം കുറയുന്നതാണ്. പഴയ കാര്യങ്ങൾ ഓർമ്മയിൽ കടന്നുവന്നു കൊണ്ടിരിക്കും. ധനപരമായ ആവശ്യങ്ങൾ ഒരുവിധം ഭംഗിയായി നിറവേറ്റാനാവും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഭൂമിയുടെ ക്രയവിക്രയം വിജയകരമാവും. പുതിയ ജോലിയിൽ പ്രവേശിക്കുവാൻ സാഹചര്യം കൈവരും. സമൂഹത്തിൽ സ്വാധീനം ഉയരുന്നതാണ്. അന്യദേശത്തുനിന്നും ശുഭവാർത്തകളെത്തും.
ആയില്യം
ചിന്തിക്കുന്ന കാര്യങ്ങൾ സാമാന്യമായി പ്രാവർത്തികമാക്കാനാവും. വിയോജിക്കുന്നവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കും. കുടുംബകാര്യങ്ങൾ ഒരുവിധം സുഗമമാവും. നിലവിലെ ജോലി ഉപേക്ഷിച്ചവർക്ക് പുതുജോലി കിട്ടുന്നതിന് സാധ്യത വളരെയുണ്ട്. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. പ്രണയികളോട് വീട്ടുകാർ എതിർപ്പറിയിച്ചേക്കാം. വാടകവീട്ടിൽ കഴിയുന്നവർക്ക് പുതുവീട്ടിലോട്ട് മാറാനാവും. ആത്മവിശ്വാസം അമിതമാവാതിരിക്കാൻ പ്രത്യേകശ്രദ്ധ വേണം. അഷ്ടമത്തിലെ രാഹു രോഗക്ലേശങ്ങൾ വരുത്താം. ഒമ്പതിലെ ശനി ഭാഗ്യഭ്രംശം ഉണ്ടാക്കാം. ഊഹക്കച്ചവടത്തിലൂടെ ആദായം ഉയരുന്നതാണ്. കടബാധ്യതകൾ അല്പാല്പമായി വീട്ടിത്തുടങ്ങും. വയോജനങ്ങൾ വൈദ്യപരിശോധന മുടക്കരുത്.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
മകം
ആദിത്യൻ 5, 6 ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ സമ്മിശ്രഫലങ്ങൾ പ്രതീക്ഷിക്കാം. ഭൗതിക സാഹചര്യങ്ങൾ കുറച്ചൊക്കെ മെച്ചപ്പെടും. നിക്ഷിപ്തമായ ചുമതലകൾ ഭംഗിയായി നിർവഹിക്കുന്നതിലൂടെ ഉന്നതാധികാരികളുടെ പ്രീതി നേടും. കർമ്മമേഖലയിൽ തുടക്കത്തിൽ അല്പം സ്വൈരക്കേടുകൾ തലപൊക്കാം. ക്രമേണ സ്ഥിതിഗതികൾ വരുതിയിലാവും. സാമ്പത്തിക തടസ്സങ്ങൾക്ക് പോംവഴി തെളിയുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ ആവർത്തിത ശ്രമങ്ങൾക്കുശേഷം ലഭിക്കാം. അനുരഞ്ജനത്തിലൂടെ ദാമ്പത്യത്തിൽ സംതൃപ്തി കണ്ടെത്തും. മകൻ്റെ ജോലിക്കാര്യത്തിലെ തടസ്സം നീങ്ങുന്നതായിരിക്കും. ധനാഗമം മോശമാവില്ല.
പൂരം
പുതിയ കാര്യങ്ങൾ തുടങ്ങാൻ സാധിക്കും. പ്രാരംഭത്തിൽ തടസ്സങ്ങൾ വരാനിടയുണ്ട്. അധികാരികളിൽ നിന്നും സമ്മിശ്രമായ പ്രതികരണം പ്രതീക്ഷിക്കാം. യാഥാർത്ഥ്യങ്ങളറിഞ്ഞ് പ്രവർത്തിക്കാൻ ചിലപ്പോൾ കഴിയാതെ വന്നേക്കും. സാമ്പത്തിക ഞെരുക്കത്തിന് വൈകാതെ മാറ്റം വരുന്നതാണ്. മുൻകോപവും അസഹിഷ്ണുതയും ഉറ്റവരുടെ തന്നെ വിമർശനത്തിന് കാരണമാകും. കലാപരിശീലനത്തിന് കൂടുതൽ സമയം കണ്ടെത്താനാവും. മത്സരങ്ങളിൽ വിജയിക്കാം. ജോലി തേടുന്നവർക്ക് പരിമിതികളോടു കൂടിയതാണെങ്കിലും വരുമാനമാർഗം തുറക്കപ്പെടും. പുതുവാഹനം വാങ്ങിയേക്കും. വസ്തുസംബന്ധിച്ച തർക്കങ്ങൾ കോടതി കയറാതിരിക്കാൻ കരുതൽ വേണ്ടതുണ്ട്.
ഉത്രം
നിസ്സാരം എന്നു കരുതിയ കാര്യങ്ങൾ നേടാൻ കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്വന്തം ജോലിയോട് അസംതൃപ്തി തോന്നാം.
എന്നാൽ ജോലി ഉപേക്ഷിക്കുന്നത് ഇപ്പോൾ അഭികാമ്യമല്ല. വീടുപണിക്ക് ധനം കണ്ടെത്താനാവും. വ്യവഹാരങ്ങൾക്ക് മുതിരാൻ പലതരം പ്രേരണകൾ ഉണ്ടായേക്കാം. മനോനിയന്ത്രണം അനിവാര്യമാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ ധാരാളം കാര്യങ്ങൾ ചെയ്തുതീർക്കാൻ കഴിയുന്നത് തിരിഞ്ഞുനോക്കുമ്പോൾ സന്തോഷത്തിന് കാരണമാകുന്നതാണ്. പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക, സാക്ഷി പറയുക തുടങ്ങിയവയിൽ ജാഗ്രത അനിവാര്യം. പ്രണയിക്കുന്നവർക്ക് ഭാവികാര്യങ്ങളിൽ ഉൽക്കണ്ഠയുണ്ടാവുന്നതാണ്.
അത്തം
നിലപാടുകളിൽ ഉറച്ചുനിൽക്കാൻ സാധിച്ചേക്കും. ഭിന്ന സാഹചര്യങ്ങളോട് എളുപ്പം പൊരുത്തപ്പെടും. വാഗ്ദാനങ്ങൾ പാലിക്കുന്നതാണ്. മനസ്സിൽ രാഷ്ട്രിയ കാര്യങ്ങളോട് വൈമുഖ്യമുണ്ടാവാനിടയുണ്ട്. കുടുംബത്തിലെ ചടങ്ങുകൾക്കും അനുഷ്ഠാനങ്ങൾക്കും നേതൃത്വം വഹിക്കുന്നതാണ്. കച്ചവട സ്ഥാപനം നടത്തുന്നവർക്ക് സാമ്പത്തികലാഭം കുറയില്ല. നാലാമെടത്ത് പാപഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ അലച്ചിലുണ്ടാവും. ഗൃഹനിർമ്മാണം / നവീകരണം ഇവ തടസ്സപ്പെടാം. ദേഹസുഖം കുറയുന്നതാണ്. അലച്ചിലുണ്ടാവും. പ്രണയികൾക്ക് കാര്യം സുഗമമാവും. ദാമ്പത്യത്തിലെ നീരസങ്ങൾക്ക് മഞ്ഞുരുക്കം വരാം. പുതിയ കാര്യങ്ങൾ പഠിച്ചറിയുന്നതിന് ഔൽസുക്യമേറാം. നിക്ഷേപങ്ങൾ സംബന്ധിച്ച് ഉചിതതീരുമാനം കൈക്കൊള്ളുന്നതാണ്.
ചിത്തിര
പ്രവർത്തന മികവ് അംഗീകരിക്കപ്പെടും. ശത്രുക്കൾ അനുരഞ്ജനത്തിന് മുതിരുന്നതാണ്. ഭൗതിക സാഹചര്യം നിലവിലുള്ളതുപോലെ തുടരുന്നതായിരിക്കും. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം കിട്ടും. പാരമ്പര്യ തൊഴിലുകൾ നടത്തുന്നവർക്ക് വിപണിയിൽ മുന്നേറ്റമുണ്ടാക്കുവാനാവും. വസ്തുവിൽപ്പനയി ലൂടെ ലാഭമുണ്ടാക്കും. വസ്തു ആധാരം സംബന്ധിച്ച് തർക്കങ്ങൾക്ക് സാധ്യത കാണുന്നു. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് മാർഗനിർദ്ദേശം ലഭിക്കുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ ഉദാസീനത അരുത്. അലട്ടുന്ന രോഗങ്ങൾക്ക് തുടർചികിൽസ ആവശ്യമാണ്. അനുരാഗികൾക്കിടയിൽ തെറ്റിദ്ധാരണ വളരുന്നതായിരിക്കും.
ചോതി
മൂന്നിലും നാലിലും ആദിത്യസഞ്ചാരവും അഞ്ചിൽ രാഹുവും ഒമ്പതിൽ വ്യാഴവും ആറിൽ ശനിയും ഉള്ളതിനാൽ ഗുണപരമായ മെച്ചം അനുഭവപ്പെടുന്ന കാലമാണ്. മൂന്നിലും ഉച്ചസ്ഥനായി നാലിലും സഞ്ചരിക്കുന്ന ചൊവ്വ ശത്രുക്കളുടെ പ്രവർത്തനത്തെ പ്രതിരോധിക്കും. ഏൽപ്പിക്കപ്പെട്ട ദൗത്യങ്ങളിൽ വിജയം വരിക്കുന്നതാണ്. കൂട്ടുകച്ചവടം ലാഭകരമാവും. വസ്തുവിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. വിദ്യാഭ്യാസത്തിൽ പുത്തനുണർവ്വ് സംജാതമാകുന്നതാണ്. ഉദ്യോഗാർത്ഥികൾ അഭിമുഖങ്ങളിൽ ശോഭിക്കും. കരാർ പണികൾ ലാഭം നേടിത്തരും. നേതൃമത്സരത്തിൽ അനായാസേന വിജയിക്കാൻ കഴിയും. ജീവിതപങ്കാളിയുടെ അഭിപ്രായങ്ങളെ അംഗീകരിക്കും. ലഘുയാത്രകൾ ലാഭം നേടിത്തരും.
വിശാഖം
പുതിയ കാര്യങ്ങളോട് പുറം തിരിഞ്ഞുനിൽക്കുന്ന സമീപനം ഗുണം ചെയ്യില്ലെന്ന് തിരിച്ചറിയാനാവും. വ്യാഴത്തിൻ്റെ ഭാഗ്യസ്ഥിതിയാൽ ജീവിതം ഒരുവിധം മുന്നോട്ടുപോകും. സഹായഹസ്തം നീട്ടിപ്പെടുന്നതാണ്. രാഹുവിൻ്റെ സ്ഥിതിയാൽ അലസത ഉണ്ടാവാൻ സാധ്യത ഏറെയാണ്. ഊഹക്കച്ചവടത്തിൽ നിന്നും ആദായം കിട്ടാം. പൈതൃകസ്വത്തിൽ നിന്നും കുറച്ചുഭാഗം വിൽക്കാനാവും. ചെലവുകളിൽ നിയന്ത്രണം അനിവാര്യമാണ്. അധികാരികളോട് പൊരുത്തപ്പെടും. സർക്കാരിൽ നിന്നും കിട്ടേണ്ട അനുമതി വൈകില്ല. ബന്ധുക്കളെ സന്ദർശിക്കാനാവും. പുതുഗൃഹം നിർമ്മിക്കുന്നതിനുള്ള ചർച്ചകൾ നടക്കും. അനുരാഗികൾക്കിടയിൽ ഹൃദയബന്ധം ദൃഢമാവും. കിടപ്പുരോഗികൾക്ക് ചികിൽസാമാറ്റം ഗുണകരമാവും.
അനിഴം
രണ്ടിലും മൂന്നിലുമായിട്ടുള്ള ആദിത്യസഞ്ചാരം മാസത്തിൻ്റെ രണ്ടാം പകുതിയിൽ നേട്ടങ്ങളുണ്ടാക്കും. കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കും. യുക്തിപൂർവ്വം സംസാരിക്കും. നിലപാടുകളിൽ ചാഞ്ചാട്ടമുണ്ടാവില്ല. അനാവശ്യമായ പരാജയഭീതിയിൽ നിന്നും പുറത്തുകടക്കും. ബിസിനസ്സുകാരുടെ ലോണപേക്ഷ പരിഗണിക്കപ്പെടുന്നതായിരിക്കും. സഹോദരരുടെ പിണക്കം തീരാൻ മുൻകൈയെടുക്കും. വിദേശത്ത് തൊഴിൽ പ്രശ്നങ്ങളുള്ളവർക്ക് ആശ്വാസ സാഹചര്യം ഉടലെടുക്കുന്നതാണ്. ഗാർഹികാന്തരീക്ഷം മെച്ചപ്പെടാനായി സഹനത്തിന് മുതിരും. മകൾക്ക് പുതുവാഹനം വാങ്ങിക്കൊടുക്കും. ആഢംബരച്ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നതാണ്. കടബാധ്യത കുറയാൻ സാധ്യത കാണുന്നില്ല.
തൃക്കേട്ട
നക്ഷത്രാധിപനായ ബുധന് ജനുവരി മുഴുവൻ മൗഢ്യമാണ്. പ്രധാന തീയതികളിൽ മറവി വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. മത്സരാധിഷ്ഠിത കരാറുകളിൽ പങ്കെടുക്കുന്നതാണ്. പാരമ്പര്യത്തിൽ അഭിമാനിക്കത്തക്ക സാഹചര്യം ഉടലെടുക്കും. വ്യാപാരികൾ വിപണിയിൽ മുന്നേറാൻ കിടമത്സരങ്ങളാൽ ഏറെ ക്ലേശിക്കുന്നതാണ്. ഗവേഷണം പൂർത്തിയാക്കാൻ സാധിക്കും. കൂട്ടുകെട്ടുകളിൽ നിയന്ത്രണം ആവശ്യമാണ്. ജനുവരി 15 ന് ചൊവ്വ ഉച്ചത്തിൽ വരുന്നത് പലതരം സഹായം ലഭിക്കാൻ അവസരമൊരുക്കും. യാത്രകൾക്ക് ധാരാളം സമയം കണ്ടെത്താനാവും. കലാമത്സരങ്ങളിൽ അവതരണം ഭംഗിയാക്കുന്നതാണ്. വസ്തു വാങ്ങിക്കാനോ വിൽക്കാനോ സാധിച്ചേക്കും. ന്യായമായ ആവശ്യങ്ങൾക്ക് ധനം തടസ്സമാവില്ല.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
മൂലം
കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാവും. ആദിത്യൻ ജന്മത്തിലും രണ്ടിലുമായി സഞ്ചരിക്കുകയാൽ കാര്യസാധ്യത്തിനായി അലച്ചിലുണ്ടാവുന്നതാണ്. കർമ്മരംഗത്ത് സഹായിക്കാൻ പലരും മുന്നോട്ടുവരും. ബിസിനസ്സിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. പകരക്കാരെ മാറ്റി സ്വയം ചുമതലകൾ നിർവഹിക്കുക നന്നായിരിക്കും. സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയാനാവും. സാമ്പത്തിക ഇടപാടുകളിൽ കരുതൽ വേണം. നിക്ഷേപങ്ങളിൽ നിന്നും ആദായം വന്നെത്തുന്നതാണ്. ഭോഗസുഖമുണ്ടാവും. പ്രണയികൾ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പുലർത്തും. കലാകാരന്മാർക്ക് അവസരങ്ങൾ ലഭിക്കാം. ഭൂമി കാര്യങ്ങളിൽ നിയമ പ്രശ്നങ്ങൾ ഉടലെടുക്കാനിടയുണ്ട്.
പൂരാടം
ന്യായമായ കാര്യങ്ങൾ നേടാൻ അശ്രാന്തപരിശ്രമം ആവശ്യമാവും. ഔദ്യോഗിക കാര്യങ്ങളിൽ നിഷ്കർഷ കുറയരുത്. വൈകാരിക പ്രതികരണങ്ങൾ ഒഴിവാക്കുന്നത് ഉചിതം. കുടുംബാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിവർത്തിക്കാനാവും. മാതാപിതാക്കളെ ജോലിസ്ഥലത്ത് കൊണ്ടുപോയി താമസിപ്പിക്കാൻ സാധിച്ചേക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയുന്ന കാലമാണ്. മറവി പിടികൂടാം. നഷ്ടപ്പെട്ട രേഖകൾ മടക്കിക്കിട്ടുന്നതാണ്. ഭൗതിക നേട്ടങ്ങൾ ആഹ്ളാദിപ്പിക്കും. ക്ഷോഭം നിയന്ത്രിക്കണം. രോഗികൾക്ക് സമാശ്വാസം ലഭിക്കുന്നതാണ്. കലാമത്സരങ്ങളിൽ തിളങ്ങാൻ സാധിക്കും. ധാർമ്മികത ഉയർത്തുന്ന പ്രവൃത്തികളിലേർപ്പെടുന്നതാണ്. കുടുംബസുഖം പ്രതീക്ഷിക്കാം.
ഉത്രാടം
ജന്മത്തിൽ ആദിത്യനും ചൊവ്വയും സഞ്ചരിക്കുകയാൽ കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പമാവില്ല. ഉത്തരവാദിത്വങ്ങൾ ഒറ്റയ്ക്ക് നിർവഹിക്കേണ്ടി വന്നേക്കും. ധനപരമായ അലട്ടലുകൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും. ജോലി തേടുന്നവർക്ക് നിബന്ധനകളോടെ ചില അവസരങ്ങൾ വന്നെത്തുന്നതാണ്. ശുക്രൻ ഇഷ്ടസ്ഥാനത്ത് സഞ്ചരിക്കുകയാൽ കുടുംബത്തിനൊപ്പം ധാരാളം സമയം ചെലവഴിക്കാനാവും. പ്രണയം പൂവണിയും. ആഢംബര വസ്തുക്കൾ വാങ്ങുന്നതാണ്. ഇഷ്ടജനങ്ങളുമായി യാത്രകൾ നടത്തും. ചികിൽസക്കായി കുറച്ചു ധനം ചെലവായേക്കും. ഗൃഹത്തിൽ സമാധാനം വന്നുംപോയുമിരിക്കും. സേവനപ്രവർത്തനങ്ങൾ സ്വയം ഏറ്റെടുക്കും. ഗൃഹത്തിന് അറ്റകുറ്റപ്പണി വേണ്ടിവന്നേക്കാം.
തിരുവോണം
ചുമതലകൾ സഹപ്രവർത്തകരുമായി വീതിച്ചുകിട്ടുന്നത് ജോലിഭാരം കുറയ്ക്കും. ഉപജാപങ്ങളെ സമർത്ഥമായി പ്രതിരോധിക്കും. ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. ജോലി തേടുന്നവർക്ക് അല്പം കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്. ബിസിനസ്സിൽ ലാഭം കുറയില്ല. എന്നാൽ കൂടുതൽ മുതൽമുടക്ക് കരുതലോടെ വേണം. അനുഷ്ഠാനങ്ങൾ ഭംഗം വരാതെ നിർവഹിക്കുന്നതാണ്. പ്രോജക്ടുകൾ സമർപ്പിക്കും. ഗവേഷണത്തിനായി കൂടുതൽ നേരം മാറ്റി വെക്കേണ്ട സ്ഥിതിയുണ്ടാവും. പാരമ്പര്യ സ്വത്തിൽ നിന്നും ആദായം ഉയരുന്നതാണ്. ഊഹക്കച്ചവടത്തിൽ ഗുണമുണ്ടാവും. വിദ്യാർത്ഥികളെ ആലസ്യം ബാധിക്കാം. ഗാർഹിക സൗഖ്യം തടസ്സപ്പെടില്ല. യാത്രകളാൽ മാനസികോല്ലാസത്തിന് സാധ്യതയുണ്ട്.
അവിട്ടം
കരുതലോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഗ്രഹങ്ങൾ അനിഷ്ടഭാവങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ ലാഘവത്വം പാടില്ല. തൊഴിൽ തേടുന്നവർക്ക് ഇച്ഛാഭംഗം ഉണ്ടാവാനിടയുണ്ട്. പക്ഷേ അത് താത്കാലികം മാത്രമാണെന്ന് ഓർത്താൽ മതി. സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാൻ ശ്രമിക്കുമെങ്കിലും അതിന് സാധ്യത കുറവാണ്. ചെയ്തുപോരുന്ന തൊഴിൽ ഉപേക്ഷിക്കരുത്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ നേട്ടങ്ങൾ കരഗതമാവാം. വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടാവും. ലോൺ/ ചിട്ടി/ഇൻഷ്വറൻസ് ഇവയിൽ നിന്നും ആദായം വരും. ജീവിതശൈലീരോഗങ്ങളെ മരുന്നു കഴിച്ച് നിയന്ത്രിക്കാനായേക്കും.
ചതയം
ജന്മത്തിൽ രാഹു സഞ്ചരിക്കുന്നത് ആലസ്യത്തിന് കാരണമാവും. പുതിയ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുമെങ്കിലും അതിനായി പ്രയത്നിക്കില്ല. മാസത്തിൻ്റെ ആദ്യ പകുതിയിൽ ആദിത്യൻ പതിനൊന്നിൽ സഞ്ചരിക്കുന്നതു കൊണ്ട് മത്സരങ്ങളിൽ ജയിക്കും. പദവികൾ നിലനിർത്താനാവും. ഭൂമിയിൽ നിന്നുള്ള വരുമാനം തടസ്സപ്പെട്ടില്ല. ബിസിനസ്സിൽ വരവ് അധികരിക്കും. ബന്ധുക്കളുടെ തർക്കം പരിഹരിക്കാൻ മുൻകൈയെടുക്കുന്നതാണ്. മാസത്തിൻ്റെ പകുതിക്കുമേൽ യാത്രകൾ കൂടാം. ആഢംബര വസ്തുക്കൾ വാങ്ങും. ഗൃഹം മോടിപിടിപ്പിക്കും. സന്താനങ്ങളുടെ പഠനം, ജോലി ഇവകളിൽ ഉത്കണ്ഠ കുറയാം. ഉന്നത ചിന്താഗതിയുള്ളവരുമായുള്ള സത്സംഗത്തിന് അവസരം ലഭിക്കും.
പൂരൂരുട്ടാതി
ആദിത്യൻ, ചൊവ്വ, ശുക്രൻ, വ്യാഴം, ബുധൻ തുടങ്ങിയ ഗ്രഹങ്ങൾ ഹിതസ്ഥാനങ്ങളിലാകയാൽ ഉദ്യോഗസ്ഥർക്ക് ജോലിയിൽ ഉയർച്ചയും സമാധാനവും ഉണ്ടാവുന്നതാണ്. പലകാര്യങ്ങളിലും അനുഭവപ്പെട്ടിരുന്ന തടസ്സം നീങ്ങുന്നതായിരിക്കും. ഭൗതിക സാഹചര്യം പുഷ്ടിയാർജ്ജിക്കും. ശനി പൂരൂരുട്ടാതി നക്ഷത്രത്തിൽ നിന്നും മാറുന്നത് വലിയ ആശ്വാസമേകും. കുടുംബബന്ധങ്ങൾ കൂടുതൽ ഊഷ്മളമാവുന്നതാണ്. സ്വന്തം ധനം ഉപയോഗിച്ച് തൊഴിൽ ചെയ്ത് ജീവിക്കുന്നവർക്ക് അബദ്ധമായില്ല എന്ന ആശ്വാസം വന്നെത്തും. സന്താനതടസ്സം/വിളംബം അനുഭവിക്കുന്നവർക്ക് ശുഭവാർത്ത പ്രതീക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസത്തിൽ മികവ് തെളിയിക്കുന്നതാണ്.
ഉത്രട്ടാതി
ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന് മാറ്റം വരുന്നതാണ്. പഴമയും പുതുമയും സമന്വയിപ്പിക്കുന്നതിൽ വിജയിച്ചേക്കും. കർമ്മരംഗത്ത് ഉണർവ്വുണ്ടാവുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം സന്തോഷിപ്പിക്കും. ഉപജാപങ്ങളെ തിരസ്കരിക്കാൻ കഴിയും. വിട്ടുവീഴ്ചകൾക്ക് തയ്യാറാവുന്നതിനാൽ ദാമ്പത്യത്തിൽ സ്വസ്ഥത ഇടംപിടിക്കുന്നതാണ്. വസ്തുവാങ്ങാനോ വീടുപണി തുടങ്ങാനോ ഒക്കെ അവസരം സംജാതമായേക്കും. രാഷ്ട്രീയ പ്രവർത്തനത്തിൽ ചാരിതാർത്ഥ്യം അനുഭവപ്പെടും. പുതിയ പ്രോജക്ടുകൾക്ക് സർക്കാരിൽ നിന്നും കിട്ടേണ്ട രജിസ്ട്രേഷൻ ലഭിക്കുന്നതാണ്. വിദേശത്തുള്ളവർക്ക് തൊഴിൽ ക്ലേശങ്ങൾ കുറയാം. സ്നേഹബന്ധത്തിൽ ദാർഢ്യമുണ്ടാവും. ജന്മനാട്ടിലെ ഉത്സവാദികൾക്ക് സംബന്ധിക്കാൻ സാധിക്കുന്നതാണ്.
രേവതി
ജന്മശനിക്കാലമാണ്, പന്ത്രണ്ടിൽ രാഹു സഞ്ചരിക്കുന്നു തുടങ്ങിയ കാര്യങ്ങളാൽ ചെറിയ തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. എന്നാൽ ആദിത്യൻ പത്തിലും പതിനൊന്നിലും സഞ്ചരിക്കുകയാൽ ആത്മവിശ്വാസം ചോരില്ല. തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാനാവും. എല്ലാക്കാര്യങ്ങളിലും തിടുക്കം ഒഴിവാക്കേണ്ടതുണ്ട്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ചൊവ്വ ലാഭസ്ഥാനത്ത് ഉച്ചസ്ഥനാവുകയാൽ ധനാഗമവും ഭൂമിയിൽ നിന്നുമുള്ള നേട്ടവും വന്നേക്കും. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. യാത്രകൾ ഗുണമുണ്ടാക്കും. ഗാർഹസ്ഥ്യത്തിൽ ഐക്യം ദൃഢമാവും. കലാവാസന ആവിഷ്കരിക്കാൻ അരങ്ങൊരുങ്ങുന്നതാണ്. വ്യവഹാരങ്ങളിൽ അനുകൂലവിധി വരുന്നതായിരിക്കും.
Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us